ഈ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന റീലുകള്‍, ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചെറുചിത്രം കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും എത്ര മാത്രം തരംഗമായി മാറിയിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ്. അത്തരം റീലുകളില്‍ ഹൃദ്യമായി തോന്നിയത് തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു സമ്മേളനത്തില്‍ ഒരാള്‍ നടത്തിയ പ്രസംഗമാണ്. സൗഹൃദത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉദാത്തമായ മാതൃകയായാണ് അദ്ദേഹം ആ ചിത്രത്തെ പ്രസംഗത്തില്‍ അവതരിപ്പിച്ചത്. വളരെ ലളിതമായ ഒരു ചിത്രം അത്രമാത്രം മനുഷ്യഹൃദയങ്ങളെ കീഴടക്കിയത് അത് അഗാധമായ മനുഷ്യസ്നേഹത്തിന്റെ കൂടി കഥയായതുകൊണ്ടാണ്. ചിത്രത്തിന്റെ പ്രതിപാദന ഗാനത്തില്‍ സൂചിപ്പിക്കുന്നതുപോലെ ‘മനുഷ്യന് മനസ്സിലാകാന്‍ അത് മനുഷ്യസ്നേഹത്തിന്റെ അതല്ല അതിനെയും അതിജീവിക്കുന്ന ദൈവിക സ്നേഹത്തിന്റെ കഥയാണ്.
ചില സ്നേഹങ്ങള്‍ മനുഷ്യയുക്തി കൊണ്ട് മനസ്സിലാക്കാനാവുന്നതല്ല; മനുഷ്യബുദ്ധിയെ അതിശയിപ്പിക്കുന്നതാണത്. അത്തരം സ്നേഹം കാലത്തെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ഒരു വിസ്മയമായി എന്നും നിലനില്ക്കുക തന്നെ ചെയ്യും. രണ്ട് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഒരാളെ ഇന്നും ലോകം ഓര്‍ത്തു കൊണ്ടിരിക്കുന്നത് മനുഷ്യനെ അതിശയിപ്പിക്കുന്ന സ്നേഹത്തിന്റെ ഒരു ഉപമയായി അവന് മാറിയതുകൊണ്ടാണ്. അയാള്‍ ലോകത്തോട് പറഞ്ഞത് ‘സ്നേഹിതനു വേണ്ടി സ്വന്തം ജീവന് ബലി കഴിക്കുന്നതിനേക്കാള്‍ വലിയൊരു സ്നേഹമില്ല’ എന്നാണ്. സ്വന്തം ജീവിതം സുരക്ഷിതമാണെന്ന് ഉറപ്പിച്ച് മറ്റൊരാളെ രക്ഷിക്കുന്നതില്‍ യുക്തിയുണ്ട്; പക്ഷേ, സ്വന്തം ജീവിതം നഷ്ടപ്പെടുത്തി ഒരാളെ രക്ഷിക്കുകയെന്നാല്‍ അത് അങ്ങേയറ്റത്തെ യുക്തിരാഹിത്യമാണ്. മനുഷ്യര്‍ക്ക് മനസ്സിലാകാത്ത അത്തരം സ്നേഹങ്ങളാണ് കാലാതിവര്‍ത്തിയാകുന്നത്; എക്കാലവും വാഴ്ത്തപ്പെട്ടതാവുന്നത്.
1941 ല്‍ നാസി തടവറയില്‍ നിന്ന് ഒരാള്‍ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്ക് ഒരു താക്കീതെന്നോണം പകരം പത്തു പേരെ വധിക്കാനുള്ള തീരുമാനമുണ്ടായി. ആ 10 പേരില്‍ ഒരാള്‍ ‘ഗയോണിഷെക്’ എന്ന ജൂതനായിരുന്നു. തന്റെ കുടുംബത്തേയും മക്കളേയും ഓര്‍ത്ത് പൊട്ടിക്കരയുന്ന, മരണത്തില്‍ നിന്നും, തന്നെ രക്ഷിക്കണമെന്ന് അലമുറയിടുന്ന അയാളുടെ അടുത്ത് ഒരു സഹതടവുകാരന് വന്നു. അവന്റെ ചുമലില്‍ പിടിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: നിങ്ങള്‍ക്ക് പകരം മരിക്കാന്‍ അവര്‍ എന്നെ അനുവദിക്കുമെങ്കില്‍ ഞാന്‍ അതിന് തയ്യാറാണ്. പിന്നെ അയാള്‍ തന്നെ അധികാരികളോട് തന്നെ 10 പേരുടെ ലിസ്റ്റില്‍ ചേര്‍ത്ത് ഗയോണിഷെക്കിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ആ സഹതടവവുകാരനു വേണ്ടി അയാള്‍ മരണമേറ്റുവാങ്ങി. ചരിത്രത്തില്‍ സുവര്ണ്ണലിപികളില് എഴുതപ്പെട്ട ആ മനുഷ്യന്റെ പേര് ‘മാക്സ്മില്യന്‍ കോള്‍ബെ’ എന്നായിരുന്നു. മനുഷ്യന് മനസ്സിലാകുവാന്‍ അത് ഒരു മനുഷ്യസ്നേഹമല്ല, അതിനെയും അതിശയിപ്പിക്കുന്ന ദൈവികസ്നേഹമായിരുന്നു.
1936 ലെ ആ ഒളിമ്പിക്സ് മത്സരം അക്ഷരാര്‍ഥത്തില്‍ അമേരിക്കയും നാസി ജര്‍മ്മനിയും തമ്മിലുള്ള യുദ്ധമായിരുന്നു. ഹിറ്റ്ലര്‍ ലോകത്തിനു മുമ്പില്‍ ആര്യന്മാരുടെ അപ്രമാദിത്വം തെളിയിക്കാനുള്ള വേദിയായിയാണ് ഒളിമ്പിക്സിനെ കണക്കാക്കിയിരുന്നത്. അമേരിക്കയുടെ ലൂസ് ലോങും, ജര്‍മ്മനിയുടെ ജെ. സി. ഓവന്‍സും തമ്മിലാണ് ലോങ്ങ് ജംപിലെ മത്സരം. ലോകത്തിന്റെ മുമ്പില്‍ രാജ്യത്തിന്റെ അഭിമാനം കാക്കേണ്ട ബാധ്യത രണ്ട് താരങ്ങള്‍ക്കും ഉള്ളപ്പോള്‍ത്തന്നെ ലൂയിസ് ലോങ്ങിന് അത് ജീവന്റെ കൂടി പ്രശ്നമായിരുന്നു. ഒളിമ്പിക്സില്‍ ഉണ്ടാകുന്ന പരാജയം ഹിറ്റ്ലറിന്റെ മുമ്പില്‍ ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല.സ്വര്‍ണ്ണം നഷ്ടപ്പെട്ടാല്‍ ഒരു പക്ഷേ, തിരിച്ചു പോകുന്നത് കല്‍ത്തുറങ്കിലേക്കോ, ഗ്യാസ്ചേമ്പറിലേക്കോ ആയിരിക്കാം.
ലോങ് ജംപ് ഫൈനല്‍ സെലക്ഷനുള്ള ശക്തമായ മത്സരം ആരംഭിച്ചിരിക്കുകയാണ്. ജര്‍മ്മനിയുടെ ലൂസ് ലോങ് ഫൈനലിലേക്കുള്ള യോഗ്യതാദൂരം വിജയപൂര്‍വം ചാടികടന്നു. പക്ഷേ, ജെ. സി. ഓവന്‍സ് കാണികളെ നിരാശപ്പെടുത്തിക്കൊണ്ട് രണ്ട് ഫൗളുകള്‍ വരുത്തി യോഗ്യത റൗണ്ടില്‍ പുറത്താകും എന്ന നിലയില്‍ നില്‍ക്കുകയാണ്. യോഗ്യത റൗണ്ടില്‍ കടക്കേണ്ട ദൂരം 23 അടിയാണ്. ജെ.സി.ഓവന്‍സ് അതിലധികം ചാടുന്നുണ്ട്. പക്ഷേ, ജംപിങ് ലൈനില്‍ കാലുകുത്തി രണ്ടു ചാട്ടത്തിലും അദ്ദേഹം ഫൗളായിരിക്കുകയാണ്. രണ്ട് ചാട്ടവും പിഴച്ചത് അദ്ദേഹത്തെ അതീവ സമ്മര്‍ദത്തിലാഴ്ത്തി. അയാളുടെ മനസ്സ് വല്ലാതെ പതറി, കാലുകളില്‍ തളര്‍ച്ച അനുഭവപ്പെട്ടു. പരിഭ്രമിച്ചു നില്ക്കുന്ന ഓവന്‍സിന്റെ അടുത്തേക്ക് ലൂസ് ലോങ്ങ് നടന്നടുത്തു. ഓവന്‍സ് ചാട്ടത്തില്‍ എവിടെയാണ് പിഴവുവരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു കൊടുത്തു. അവസാനത്തെ അവസരത്തില്‍ ലൂസ് ലോങ്ങ് നല്കിയ ഉപദേശം മനസ്സില്‍ വച്ച് ജെ.സി.ഓവന്‍സ് ചാടി 25 അടി! ഒരു ഫൗളുമില്ലാതെ പിന്നീട് നടന്ന യഥാര്‍ഥ മത്സരത്തില്‍ ഓവന്‍സ് ഒന്നാമനായി സ്വര്‍ണ്ണം നേടി; ലൂസ് ലോങ്ങ് രണ്ടാമനും. ലോകം ആ സൗഹൃദത്തെ നോക്കി അത്ഭുതപ്പെട്ടു. ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടിയിരുന്ന ഒരു നേട്ടം ലൂസ് ലോങ്ങ് ഓവന്‍സിന് ദാനമായി നല്കിയിരിക്കുന്നു. ഹിറ്റ്ലര്‍ അയാള്‍ക്ക് കരുതിവച്ചിരുക്കുന്ന ശിക്ഷ പോലും മറന്ന്! എന്തുതരം സ്നേഹമാണത്? മനുഷ്യന് മനസ്സിലാവാത്ത ദൈവിക സ്നേഹമാണത്.
‘ഉദാത്തമായ സ്നേഹം എന്നൊന്നില്ല അത് വെറും മിഥ്യയാണ് എന്ന് എഴുതിയത് ബര്‍ണാഡ് ഷാ യാണ്. പക്ഷേ, സ്നേഹത്തിന്റെ കാര്യത്തില്‍ നാം അത്രയൊന്നും സന്ദേഹികളാകേണ്ട എന്ന് ചരിത്രം വിസ്മയത്തോടെ നോക്കുന്ന ഈ സ്നേഹത്തിന്റെ കഥകള്‍ നമ്മോട് പറയുന്നു ഉദാത്തമായ സ്നേഹം മനുഷ്യന് സാധ്യമാണ്. അത് അവന്റെ ഉള്ളിലുണ്ട്. പ്രപഞ്ചത്തില്‍ നിറയുന്ന ആദി സ്നേഹത്തിന്റെ ആത്മാംശം തന്നെയാണത്. ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആ സ്നേഹത്തെ ഒന്ന് ധ്യാനിച്ചാല്‍, ഉജ്ജ്വലിപ്പിച്ചാല് മനുഷ്യരെ അതിശയിപ്പിക്കുന്ന സ്നേഹത്തിലേക്ക് നമ്മളും വളരും. കാലം അത്ഭുതത്തോടെ അത് വാഴ്ത്തുകയും ചെയ്യും.

പീറ്റർ തോമസ്




