ലോകം ഫുട്‌ബോള്‍ ലഹരിയിലാണ്. ആരായിരിക്കും ലോകകപ്പില്‍ മുത്തമിടുക എന്ന് ഉറ്റുനോക്കി എല്ലാവരും കാത്തിരിക്കുന്നു. നിങ്ങളിത് വായിക്കുമ്പോഴേക്ക് ആ മുഹൂര്‍ത്തം കഴിഞ്ഞിരിക്കും. കണ്ണീരിന്റെയും ആഹ്‌ളാദാരവങ്ങളുടെയും കാഴ്ചകള്‍. അതിനിടയില്‍ ഒന്നാംനമ്പര്‍ താരങ്ങളുടെ ഗണത്തില്‍പ്പെട്ട നെയ്മറും റോണാള്‍ഡോയും കളിക്കളത്തില്‍നിന്നു കണ്ണീരോടെ പുറത്തായത് അവരെ സ്‌നേഹിക്കുന്നവര്‍ക്ക് നൊമ്പരക്കാഴ്ചയായി. കളിയാണ്. എല്ലാക്കാലത്തും അജയ്യനായിരിക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. അതുകൊണ്ട് ജയവും തോല്‍വിയും അതിന്റെ പാട്ടിനുപോട്ടെ. എന്നാല്‍, തോല്‍വിക്കപ്പുറം ചിലര്‍ നമ്മുടെ ഹൃദയങ്ങളില്‍ കയറിക്കൂടിയിട്ടുണ്ടാവും. കളിക്കളത്തില്‍നിന്ന് ശിരസ്സുകുനിച്ച് പുറത്തുപോയെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസ് കളിക്കാരനെപ്പോലെ. അയാളുടെ തോല്‍വി അത്രകാര്യമാക്കാതെ മാധ്യമങ്ങള്‍ അയാളിലെ ചില അസാധാരണ നന്മകളെക്കുറിച്ച് ഇപ്പോഴും വാചാലമാവുന്നുണ്ട്.
വന്നവഴി മറക്കാത്ത ഒരാള്‍ എന്നാണ് അയാളെക്കുറിച്ച് എല്ലാവരും ആദരവോടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. കളിക്കളത്തിലിറങ്ങും മുന്‍പുതന്നെ മാധ്യമങ്ങളോട് അയാളത് വെളിപ്പെടുത്തി. കൊടിയ ദാരിദ്ര്യത്തിന്റെ ബാല്യദിനങ്ങളെക്കുറിച്ച് അയാളൊരു സങ്കോചവുമില്ലാതെ പറഞ്ഞു: ”ഞാന്‍ ക്ലാസ്സിലിരിക്കുമ്പോള്‍ എന്റെ അമ്മ സ്‌കൂളിലെ ടോയ്‌ലെറ്റ് കഴുകുന്നതോര്‍ത്ത് ഞാന്‍ കരഞ്ഞിട്ടുണ്ട്.” അമ്മ സ്‌കൂളിലെ പാചകക്കാരിയായിരുന്നു. തനിക്ക് കളിക്കാനുള്ള ഷൂസ് വാങ്ങിത്തരാന്‍ അവധിയെടുക്കാതെപോലും അമ്മ രാപകല്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചിരുന്ന കാര്യവും റൊണാള്‍ഡോ ഏറ്റുപറഞ്ഞു. ലോകത്തിലെ ഒന്നാംനിര കളിക്കാരനും കോടിക്കണക്കിനു പ്രതിഫലവും (മിനിറ്റില്‍ 59 യൂറോ പ്രതിഫലം (ഏകദേശം 5000 രൂപ!) വാങ്ങുന്നയാളാണത്രേ!) ഉള്ളയാളാണെന്ന നിലയില്‍ അയാള്‍ക്കിപ്പോള്‍ അതു പറയേണ്ട ബാധ്യതയൊന്നുമില്ല. 37 കാരനായ അയാളുടെ ബാല്യകാലം ആരോര്‍ക്കുന്നു. അയാളല്ലാതെ? എന്നിട്ടും തനിക്കുവേണ്ടി അമ്മ താണ്ടിയ ദുരിതവഴികളെ, ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നില്ക്കുമ്പോഴും മറക്കുന്നില്ല എന്നതാണ് എല്ലാവരും അയാളെ ഇഷ്ടപ്പെടാന്‍ കാരണം. മാത്രമല്ല, പാശ്ചാത്യരുടെയിടയില്‍ സാധാരണമല്ലാത്ത ഒരുകാര്യവും റൊണാള്‍ഡോ ചെയ്യുന്നുണ്ട്. അമ്മയെ തന്റെ കൂടെത്തന്നെ താമസിപ്പിക്കുന്നുണ്ട്.
ദാരിദ്ര്യം പോയിട്ട് കുലീനമല്ലെന്നു തോന്നുന്ന തൊഴില്‍ ചെയ്ത കഥകള്‍പോലും ഓര്‍മിക്കാനോ ഏറ്റുപറയാനോ ഇഷ്ടപ്പെടാത്തവരാണേറെയും. പ്രാഞ്ചിയേട്ടനിലെ പ്രാഞ്ചിയെപ്പോലെ. അരിപ്രാഞ്ചി എന്ന പേരൊന്നു മാറ്റിക്കിട്ടാന്‍ അയാള്‍ പെടുന്ന പാട്. അവിടെ പക്ഷേ, മറന്നുപോകുന്നത് ആ കാലത്തെയല്ല, നമുക്കു രക്ഷപെടാന്‍ ചുമലുതന്നവരെയാണ്. അത് അമ്മയാകാം, അപ്പനാകാം, ഉടപ്പിറന്നവരാകാം. അതുമല്ലെങ്കില്‍ സഹൃദയരായ മറ്റാരെങ്കിലും. അവരാണ് നമുക്കുവേണ്ടി വെയിലുകൊണ്ടതും കരിഞ്ഞുപോയതും. അവരുടെ കൈ വിടുവിച്ചു കൊണ്ടുള്ള നമ്മുടെ സഞ്ചാരം അവരെങ്ങനെയാകും കണ്ടുകൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, അവരിപ്പോഴും പഴയ ദുരിതപര്‍വത്തില്‍ത്തന്നെയാകാം. വിക്ടറി സ്റ്റാന്റില്‍ നില്ക്കുമ്പോള്‍ നമുക്കുവേണ്ടി കുനിഞ്ഞു ജീവിക്കേണ്ടിവന്ന അവരെക്കൂടി ഓര്‍മിക്കുമെങ്കില്‍, ഇപ്പോഴെന്റെ ഉള്ളം നിറഞ്ഞു എന്നായിരിക്കും അവരുടെ വിതുമ്പല്‍. സ്‌കൂള്‍ ടോപ്പറായ ഒരു ചെറിയ ബാലന്‍ തനിക്കു ലഭിച്ച ട്രോഫി വേദിയിലിരുന്ന കൂലിപ്പണിക്കാരിയായ അമ്മയ്ക്കു സമര്‍പ്പിച്ചത് അമ്മയുടെ മാത്രമല്ല, സദസ്സിലിരുന്ന മുഴുവന്‍ മനുഷ്യരുടെയും കണ്ണുകളെ ഈറനണിയിച്ചതും മറക്കാന്‍ കാലമായിട്ടില്ല.
കടമ്മനിട്ടയുടെ ‘കുറത്തി’ എന്ന കവിതയില്‍ ചങ്കില്‍ കൊള്ളുന്ന ഒരു ചോദ്യമുണ്ട്: നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്. തങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമനുഭവിച്ച് സുഖമായിക്കഴിയുന്ന ജന്മികള്‍ക്കു നേരെയാണ് കുറത്തിയുടെ ചോദ്യം. അത് നമ്മള്‍ ഓരോരുത്തരുടേയും നെഞ്ചില്‍വന്ന് തട്ടി നില്‌ക്കേണ്ട ചോദ്യമായനുഭവപ്പെടുന്നു. വല്ലപ്പോഴുമൊക്കെ ആ ചോദ്യം നമ്മോടുതന്നെ
ചോദിച്ചുകൊണ്ടിരിക്കുന്നത് നമ്മെ കാമ്പുള്ള മനുഷ്യരാക്കും.
പുതുവര്‍ഷത്തിന്റെ ദിനങ്ങളിലേക്കു പ്രവേശിക്കുകയാണ്. വന്ന വഴികളിലേക്ക് തിരിഞ്ഞൊന്നു നോക്കാതെയുള്ള സഞ്ചാരം എന്തൊരു യാത്രയാണ്. ദാ, ഇപ്പോള്‍ നമ്മള്‍ ഇങ്ങനെ ആയിരിക്കുന്നതിനു പിന്നില്‍ എത്രയോ പേരുടെ ശ്രദ്ധയും കരുതലും ഉണ്ടായിരുന്നു. തനിക്കുവേണ്ടിത്തന്നെ ജീവിക്കാന്‍ മറന്നുപോയ അവര്‍ ഇല്ലായിരുന്നെങ്കിലോ. പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കള്‍. അവരോട് കൃതജ്ഞത പുലര്‍ത്തുന്നവരാകുക. അവരെ നമ്മുടെ ജീവിതത്തോട് ചേര്‍ത്തുവച്ച ആ അദൃശ്യ കരങ്ങളോടും വേണം നന്ദി. യേശുപറഞ്ഞ വളരെ കുറച്ച് പരിഭവങ്ങളില്‍ ഒന്ന്, കിട്ടിയ കൃപകള്‍ക്ക് നന്ദി പ്രകാശിപ്പിക്കാതെ പോയ മനുഷ്യരെക്കുറിച്ചായിരുന്നു. ഈ വിജാതിയനല്ലാതെ മറ്റാര്‍ക്കും തിരിച്ചുവന്നു ദൈവത്തെ മഹത്വപ്പെടുത്തണം എന്നു തോന്നിയില്ലേ? (ലൂക്ക. 17:17-18).
വെറും സാധാരണ കാര്യമെന്നപോലെ എല്ലാം നമ്മള്‍ നിസ്സാരമായെണ്ണുകയാണ് (taken for granted). ഒന്നാലോചിച്ചാല്‍ മനസ്സിലാകും പിന്നിട്ട വഴികളില്‍ നമുക്കു ലഭിച്ചതൊക്കെ വലിയ കൃപകളായിരുന്നുവെന്ന്. വീടിന്റെ തണല്‍ തുടങ്ങി എന്റെ ഈ ശരീരംവരെ എല്ലാം… ഓരോന്നിനെക്കുറിച്ചും പല പരാതികള്‍ ഉന്നയിക്കാനുണ്ടാകും. എങ്കിലും അതിലൊളിപ്പിച്ചിരുന്ന കൃപകള്‍ കണ്ടെത്തുമ്പോള്‍ മിഴി നിറയാതെങ്ങനെ? കാലില്ലാത്ത ഒരാളെ കണുമ്പോള്‍ ചെരുപ്പിനെക്കുറിച്ചുള്ള പരാതി അവസാനിക്കുന്നതുപോലെ. രാപകല്‍ കണ്ണിമയ്ക്കാതെ നോക്കിയിരുന്ന് ഭാര്യ അയാളെ ശുശ്രൂഷിച്ച് മടുത്തു. എങ്ങനെയെങ്കിലും മരിച്ചുകിട്ടിയാല്‍ മതിയായിരുന്നു എന്നായിരുന്നു ചിന്ത. അയാള്‍ മരിച്ചു. ഇപ്പോള്‍ ഏകാന്തത സഹിക്കാനാവുന്നില്ലെന്നാണ് അവളുടെ സങ്കടം.
നിര്‍ഭാഗ്യവശാല്‍,ചവിട്ടിവന്നവഴികളെയും ചവിട്ടിക്കയറിയ ചുമലുകളെയും മറക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇക്കഴിഞ്ഞ ദിനങ്ങളില്‍ സങ്കടപ്പെടുത്തുന്ന ചില വാര്‍ത്തകള്‍ ശ്രദ്ധിച്ചുകാണും. ഗവണ്‍മെന്റ് ആശുപത്രികളില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട രോഗികളെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. അവരില്‍ മുന്‍ സര്‍ക്കാരുദ്യോഗസ്ഥരും വക്കീലുമാരും കൂലിപ്പണിക്കാരും എല്ലാം ഉണ്ട്. കീറപ്പായയിലും ഹാര്‍ഡ് ബോര്‍ഡിലും വെറും തുണിയിലും ആവശ്യത്തിനു വസ്ത്രം പോലുമില്ലാതെ നിസ്സാഹയരായി കിടക്കുകയാണവര്‍. അവര്‍ അനാഥരല്ല. പലരെയും മക്കള്‍തന്നെയാണ് അവിടെയെത്തിച്ചതും. ഇവരുടെ നെഞ്ചിന്റെ ചൂടുപറ്റി ഉറങ്ങുകയും കൈപിടിച്ച് പിച്ചവയ്ക്കുകയും വാരിക്കൊടുത്ത ചോറുണ്ണുകയും ഇവരുടെ വിയര്‍പ്പിന്റെ വിലകൊണ്ട് പഠിക്കുകയും ചെയ്ത മക്കള്‍. പക്ഷേ, വാര്‍ധക്യത്തില്‍ ഇവര്‍ ബാധ്യതയായി മാറിയിരിക്കുന്നു. ഈ ഉപേക്ഷ അവരുടെ ഏറ്റവും വലിയ നൊമ്പരമായിരിക്കുമ്പോഴും അതാരോടും പങ്കുവയ്ക്കാന്‍പോലും അവരിഷ്ടപ്പെടുന്നില്ല. മാത്രമല്ല, മക്കളെ നീതീകരിക്കുന്നിടത്തോളം സ്‌നേഹം ഉള്ളില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. എങ്കിലും അവരുടെ നിശ്ശബ്ദനിലവിളികള്‍ക്ക് കണക്കുകൊടുക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ട് എന്നു മക്കള്‍ മറക്കാന്‍ പാടില്ല. അവരുടെ കരുതലും കാവലും ഒരു കടമാണ്. നമ്മള്‍ വീട്ടിത്തീര്‍ക്കേണ്ട കടം. ‘കൃതജ്ഞതയായിരിക്കട്ടെ നീ ദൈവത്തിനര്‍പ്പിക്കുന്ന ബലി’ എന്ന് ബൈബിള്‍. ദൈവത്തിനു മാത്രമല്ല മനുഷ്യനു നല്കാവുന്ന ഏറ്റവും നല്ല സമ്മാനവും അതുതന്നെയാണ്.
താങ്ങായവരെ, തണലായവരെ എത്രമേല്‍ കൃതജ്ഞതയോടെ ഓര്‍ക്കുകയും ചേര്‍ത്തു പിടിക്കുകയും ചെയ്യുന്നുണ്ടെന്നു സ്വയം പരിശോധിക്കാനുള്ള അവസരംകൂടിയാണു പുതുവര്‍ഷം. നിങ്ങളത് ഓര്‍ക്കുകയോ പരിഗണിക്കുകയോ ചെയ്തില്ലെങ്കിലും നിങ്ങളൊരു കുറ്റവാളിയൊന്നും ആകുന്നില്ല. എന്നാല്‍, അങ്ങനെയൊരോര്‍മ നിങ്ങള്‍ കൂടെകൊണ്ടുനടക്കുന്നുവെങ്കില്‍ അതു നിങ്ങളുടെ ജീവിതത്തിനു നല്കുന്ന ഒരഴകുണ്ട്. അതാര്‍ക്കും നല്കാനാവില്ല!
2023 ജനുവരി

സി. ശോഭ സി.എസ്.എന്‍.




