Tuesday, June 23, 2026

മറവിരോഗം ശ്രദ്ധയുള്ളവരാകാം

പ്രായമാകുമ്പോള്‍ പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്‌നമാണ് ഓര്‍മ്മക്കുറവ്. അതവരുടെ സ്വഭാവത്തിലും ചില മാറ്റങ്ങള്‍ വരുത്തിയേക്കാം. മുന്‍പില്ലാതിരുന്ന പിടിവാശിയും ദേഷ്യവും മനസ്സിലാകാതെ പോകുന്ന ചില ലക്ഷണങ്ങളാണ്. മുമ്പു കാണിക്കാത്ത ചില സ്വഭാവ സവിശേഷതകളും ഇവര്‍ പ്രകടിപ്പിക്കും. അവരുടെ ഈ പെരുമാറ്റവൈകല്യങ്ങള്‍ മനഃപൂര്‍വമാണെന്ന മട്ടില്‍ വീട്ടിലുള്ളവര്‍ പലപ്പോഴും അവരോട് ഏറ്റുമുട്ടും. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

മറവിരോഗമുള്ള ഒരാള്‍ പൊതുവെ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളുണ്ട്.

1. ചെയ്ത കാര്യം ചെയ്തില്ലെന്നു പറയുക
ഉദാ: ഭക്ഷണം, കുളി… ഭക്ഷണം കഴിച്ച് അല്പം കഴിയുന്നതിനുമുമ്പ് വീണ്ടും ഭക്ഷണം ആവശ്യപ്പെടും. വീട്ടില്‍ വരുന്നവരോടുപോലും തനിക്കിവര്‍ ഭക്ഷണം തരുന്നില്ലെന്നൊക്കെ പറഞ്ഞെന്നുവരാം. തങ്ങളെ നാണംകെടുത്താന്‍ മനഃപൂര്‍വം പറയുന്നതാണെന്നു കരുതി മക്കള്‍ അവരെ കുറ്റപ്പെടുത്തുകയാണ്‌ പൊതുവേ കണ്ടുവരുന്നത്. അതു കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നു പറയേണ്ടതില്ലല്ലോ.

2. ചെയ്യേണ്ട കാര്യം മറക്കുന്നു
ഇവരെ ഒരു കാര്യം പറഞ്ഞേല്‍പ്പിച്ചാലോ ചെയ്യാന്‍ ഏല്‍പ്പിച്ചാലോ അത് ഏറ്റെടുക്കും.
പക്ഷേ, ചെയ്യാന്‍ മറന്നുപോകും.

3. ചെയ്യുന്ന കാര്യത്തില്‍ സന്ദേഹം
ഉദാ: കുളി കഴിഞ്ഞാല്‍ ചിലപ്പോള്‍ മുഷിഞ്ഞ വസ്ത്രം തന്നെ എടുത്തു ധരിക്കും. നല്ല വസ്ത്രം മാറ്റിവയ്ക്കും. ചെയ്തത് മറന്നുപോകുന്നതിനാല്‍ ഒരേ കാര്യം ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരിക്കും. ആളുകളെ തമ്മിലും ഇവര്‍ക്കു മാറിപ്പോകാം.

4. ഇല്ലാത്ത കാര്യങ്ങള്‍ മെനഞ്ഞുണ്ടാക്കി പറയുക
പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് തോന്നിപ്പിക്കും വിധമുള്ള കഥകള്‍ മെനഞ്ഞുണ്ടാക്കുന്ന പ്രവണതയും ഓര്‍മ്മക്കുറവുള്ളവര്‍ പ്രകടിപ്പിക്കുന്ന ഒരു ലക്ഷണമാണ്. പലപ്പോഴും കുടുംബകലഹത്തിനുവരെ കാരണമായേക്കാവുന്ന പ്രശ്‌നമാണിത്. എന്നാല്‍, തനിക്ക് ഓര്‍മ്മക്കുറവില്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള മനസ്സിന്റെ ഒരു തന്ത്രമാണിത് (confabulation).

ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത് മനഃപൂര്‍വമല്ലെന്നും മറവിരോഗംമൂലമാണെന്നും വീട്ടിലുള്ളവര്‍ വിവേചിച്ചറിഞ്ഞില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു.

കാരണങ്ങള്‍

മറവിരോഗത്തിനുപിന്നില്‍ പല ഘടകങ്ങളുണ്ട്. തലച്ചോറില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ അതില്‍ പ്രധാനമാണ്. കഠിന ദുഃഖവും മറവി എന്ന പ്രശ്‌നത്തിനു കാരണമാകും. ഒരിക്കല്‍ 72 വയസ്സുള്ള ഒരു പൊതുപ്രവര്‍ത്തകനെ സുഹൃത്ത് കൊണ്ടുവന്നു. മറവിരോഗം എന്ന നിലയിലാണ് അയാളെകൊണ്ടുവന്നത്. പക്ഷേ, വിശദമായ പഠനത്തിനിടയില്‍ അത് മറവിരോഗമല്ല, മറവി എന്ന ഒരു പ്രശ്‌നമാണെന്ന് മനസ്സിലായി. കുറച്ചുനാളുകള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ ഏക മകന്‍ അപകടത്തില്‍ മരിച്ചിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായി. പക്ഷേ, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മകനെക്കുറിച്ചുള്ള ചിന്തകള്‍ അലട്ടാന്‍ തുടങ്ങും. അങ്ങനെ ഉറക്കമില്ലാത്ത രാവുകളായിരുന്നു പിന്നീട്. ഭാര്യയുടെ ഭാഗത്തുനിന്നുള്ള ഒരുപിന്തുണയും ഇല്ലാതായതോടെ അയാള്‍ തീര്‍ത്തും ആന്തരികമായി ഏകാകിയായിപ്പോയി.

ഇത്തരം കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന മറവി നല്ലൊരളവോളം സുഖപ്പെടുത്താന്‍ കഴിയും. പെരുമാറ്റവൈകല്യമുള്ള ചിലര്‍ക്കെങ്കിലും മറവിരോഗം ബാധിക്കുവാന്‍ സാധ്യതയുണ്ടെന്നും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കണ്ടെത്തിയിട്ടുണ്ട്.

പ്രായത്തോടനുബന്ധിച്ചുണ്ടാകുന്ന മാനസിക വ്യതിയാനങ്ങള്‍ കുടുംബത്തിലുള്ളവര്‍
ഉള്‍ക്കൊണ്ടേമതിയാവൂ. കാരണം, പ്രായമേറുന്തോറും തന്റെ ജീവിതം അവസാനിക്കാന്‍ പോകുന്നു എന്നുള്ള ഒരു മരണഭയം വ്യക്തിയെ ഗ്രസിക്കാനിടയുണ്ട്. അതോടൊപ്പം വയോധികര്‍ വീട്ടില്‍ പലപ്പോഴും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ ഇന്നു കൂടിവരികയും ചെയ്യുന്നു. മക്കള്‍ ജോലിക്കു പോകുന്നതിനാല്‍ പ്രായമായ അമ്മയോ അച്ഛനോ പകല്‍ മുഴുവന്‍ തനിച്ചു വീട്ടിലായിരിക്കുന്ന അവസ്ഥയുണ്ട്. മക്കള്‍ വൈകീട്ട്‌ വീട്ടില്‍ വന്നാല്‍ത്തന്നെ അവര്‍ക്ക് അവരുടെ മക്കളുടെയും പങ്കാളിയുടെയും ഒക്കെ കാര്യങ്ങള്‍ അന്വേഷിക്കേണ്ടിവരുന്നു. പതിയെ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നു. ഭക്ഷണം, മരുന്ന് തുടങ്ങി അവര്‍ക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കുന്നുണ്ടാവും. എന്നാല്‍, മക്കളുടെ സ്‌നേഹമുള്ള സമ്പര്‍ക്കങ്ങളാണ് അവര്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നത്.

എന്റെ അടുത്തുവന്ന ഒരമ്മയെ ഓര്‍ക്കുന്നു. നല്ല സാമ്പത്തികമുള്ള കുടുംബമാണ്. അമ്മയുടെ പിടിവാശികളും അരിശവും മകന്റെ ഭാര്യയ്ക്ക്  സഹിക്കാവുന്നതിലപ്പുറമായി. ഒടുവില്‍ ഇങ്ങനെയൊരമ്മയ്ക്കുവേണ്ടി ജീവിതം പാഴാക്കാന്‍ തനിക്കാവില്ല എന്ന നിലപാടാണ് മകള്‍ക്ക്. അമ്മയെ തള്ളിക്കളയാന്‍ പറ്റാത്തതുകൊണ്ട് മകന്‍ മുന്‍കൈയെടുത്താണ് അമ്മയെകൊണ്ടുവന്നത്. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞപ്പോള്‍ മറ്റു ചില കാര്യങ്ങള്‍ വെളിച്ചത്തുവന്നു. ആ അമ്മയ്ക്ക് ചില സ്വഭാവ വൈകല്യങ്ങളുണ്ട് എന്നത് കുറച്ചു സത്യമാണ്. എന്നാല്‍, ആ പ്രത്യേകതകളെ കൂടുതല്‍ വഷളാക്കിയത് അവരനുഭവിച്ച ഏകാന്തതയായിരുന്നു. അമ്മയോട് സംസാരിക്കാനോ സ്‌നേഹപൂര്‍വം ഇടപെടാനോ അവിടെ ആരുമുണ്ടായിരുന്നില്ല. അത് ആ അമ്മയെ വിഷാദരോഗിയാക്കിയിരുന്നു. ചിരിക്കാനോ സംസാരിക്കാനോ പോലും മറന്നുപോയ അവസ്ഥയില്‍ അവരെത്തിയിരുന്നു!

പരിഹാരം എങ്ങനെ?
ലോകത്താകെ അഞ്ചരകോടിയിലേറെ ആളുകള്‍ മറവിരോഗബാധിതരായി ജീവിച്ചിരിപ്പുണ്ട് എന്നതാണ് കണക്ക്. പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദപ്പെടുത്താനാവാത്തതിനാല്‍ പ്രതിരോധിക്കുക എന്നതാണു പ്രധാനം. ആശയവിനിമയം കുറയുന്ന അവസ്ഥയാണ് മറവിരോഗത്തിലേക്ക് ഒരാളെ എത്തിക്കുന്നതിന് ഒരു പ്രധാനകാരണം. അതിനാല്‍ ആശയവിനിമയത്തിനുള്ള അവസരം കൂടുതല്‍ ഉണ്ടാക്കുക. കാരണം സംസാരിക്കുമ്പോള്‍ നമ്മളറിയാതെ നമ്മുടെ തലച്ചോറ് പ്രവര്‍ത്തനനിരതമാകുന്നു. സംസാരിക്കുന്നയാളെ ശ്രദ്ധിക്കുന്നു, അയാള്‍ക്ക് മറുപടി നല്‍കാന്‍ വാക്കുകള്‍ പരതുന്നു, പുതിയ വാക്കുകള്‍ കണ്ടെത്തുന്നു അങ്ങനെ… എന്നാല്‍, സംസാരം കുറയുമ്പോള്‍ തലച്ചോറ് പ്രവര്‍ത്തിക്കാതെ നിശ്ചലമായിരിക്കുന്ന അവസ്ഥ വരുന്നു. എന്തെങ്കിലും വായിച്ചോ ടിവി കണ്ടോ ഒക്കെ മാത്രം കഴിയുമ്പോള്‍ അവിടെ ഒരു ആശയ വിനിമയം (Communication) നടക്കുന്നില്ലല്ലോ. പുറം രാജ്യങ്ങളില്‍ പ്രായമായവര്‍ക്ക് ചിലപ്പോള്‍ ആശയവിനിമയങ്ങള്‍ കുറവാണെങ്കിലും അവര്‍ പല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. ഉദാഹരണത്തിന് പ്രായമായാലും അവര്‍ ഡ്രൈവ് ചെയ്യുന്നു. സ്വാഭാവികമായി ഡ്രൈവിംഗ് അവരുടെ തലച്ചോറിനെ ഏകാഗ്രവും പ്രവര്‍ത്തനനിരതവുമാക്കുന്നുണ്ട്. ഒരുപക്ഷേ, അല്പം ഓര്‍മ്മക്കുറവ്
ബാധിച്ചയാളാണെങ്കില്‍പോലും ഒരു പ്രശ്‌നവുമില്ലാതെ അവര്‍ വണ്ടിയോടിക്കും. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുന്നതിനാലാണ് പ്രശ്‌നമുണ്ടാകാത്തത്. ചുരുക്കത്തില്‍ ഒറ്റപ്പെട്ടു കഴിയുന്നവരിലും ഏകാന്തത അനുഭവിക്കുന്നവരിലുമാണ് മറവിരോഗം കൂടുതലായി, പ്രത്യേകിച്ച് വളരെ നേരത്തെ വരുന്ന മറവിരോഗം കണ്ടുവരുന്നത്.

അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഓര്‍മ്മക്കുറവ് വരുന്നതോടുകൂടി വയസ്സ് പുറകോട്ടുപോകുന്നു എന്നതാണ്. 70 വയസ്സുള്ള ആളാണെങ്കില്‍ ഏഴു വയസ്സുള്ള കുട്ടിയുടെ അവസ്ഥയിലേക്കു വരാം. പ്രായം മുന്നോട്ടു പോകുന്തോറും പ്രായത്തിന്റെ പക്വത കുറഞ്ഞു വരികയും ചെയ്യും.

ഏകാന്തത, മരണഭയം, ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ ഇതെല്ലാം മറവിരോഗത്തിലേക്കുനയിക്കും എന്നതിനാല്‍ വീട്ടിലുള്ളവര്‍ അവര്‍ക്ക് കമ്പനികൊടുക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വാട്‌സ്ആപ്പ് ഉള്ള ഫോണുകളുണ്ടെങ്കില്‍ അവര്‍ക്ക് ഉന്മേഷംനല്‍കുന്നപരിപാടികള്‍ കാണാനും കേള്‍ക്കാനും അവസരമുണ്ടാകും.

നാഡികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും സ്വഭാവ പ്രത്യേകതകളും ഓര്‍മ്മക്കുറവിനു കാരണമാകും. അതിനാല്‍ ഓര്‍മ്മക്കുറവിന് എപ്പോഴും സൈക്യാട്രിസ്റ്റിനെയല്ല കാണേണ്ടത്. ന്യൂറോളജി ഡോക്ടറെ കാണിക്കുന്നതാണുത്തമം. എന്നാല്‍, വിഷാദരോഗമോ അമിതമായ പെരുമാറ്റ വൈകല്യങ്ങളോ ഉണ്ടെങ്കില്‍ തീര്‍ച്ചയായും സൈക്യാട്രിസ്റ്റിനെ കാണിക്കാന്‍ മടിക്കരുത്. ഉദാഹരണത്തിന് രാത്രി ഇടയ്ക്ക് എഴുന്നേറ്റ് മക്കളുടെ മുറിയുടെ വാതില്‍ മുട്ടിവിളിക്കുക, എപ്പോഴും ഭക്ഷണം ആവശ്യപ്പെടുക. ഇത്തരം പെറുമാറ്റങ്ങളോട് സഹിഷ്ണുത കാണിക്കാന്‍ മനസ്സുള്ള മക്കളാണെങ്കില്‍ വലിയ അനുഗ്രഹമാണ്. എന്നാല്‍, നമ്മുടെ പരിധിയിലൊതുങ്ങാത്ത സ്ഥിതിയിലേക്കു വന്നാല്‍ ഡോക്ടറെ കാണിക്കുക. എന്തൊക്കെയായാലും മാതാപിതാക്കളെ അവരുടെ രോഗത്തോടും പ്രായത്തോടും കൂടി ഉള്‍ക്കൊണ്ട് സംരക്ഷിക്കുക എന്നത് മക്കളുടെ ഉത്തരവാദിത്വമാണെന്നു മറക്കാതിരിക്കുക.

പ്രായമാകുന്നവര്‍ ശ്രദ്ധിക്കുവാന്‍

ആശയവിനിമയം കുറയുന്നത് ഓര്‍മ്മ നശിക്കുന്നതിനിടയാക്കും എന്നതിനാല്‍ പ്രായമായി വരുന്നതോടെ നമ്മുടെ ബന്ധങ്ങള്‍ വിപുലമാക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അത് പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പോസിറ്റീവായി നിലകൊള്ളുന്നതിനും ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. Be active & positive - ഇതാണ് ഓര്‍മ്മയെ കുറെനാള്‍ കൂടി പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന പ്രധാന ഘടകം.

ആരോഗ്യകരമായ ഒരു ജീവിതശൈലി മറവിരോഗം അല്ലെങ്കില്‍ മേധാക്ഷയം ബാധിക്കാനുള്ള സാധ്യത കുറച്ചുകൊണ്ടുവരും. ദിവസേന ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശത്തില്‍ വ്യായാമംചെയ്യുക എന്നതാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങളിലൊന്ന്. രാത്രി എട്ടുമണിക്കൂര്‍ ഉറങ്ങുക. രക്തസമ്മര്‍ദം, പ്രമേഹം, രക്തത്തിലെ അമിതമായ കൊളസ്‌ട്രോള്‍ ഇവ ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്.

Dr. Sr. Mary Therese
സി. ഡോ. മേരി തെരേസ് CSN 
സൈക്യാട്രിസ്റ്റ്
സ്റ്റെല്ലാ മാരിസ് ആശുപത്രി, എടക്കുന്ന്

 

 

Related Articles