Wednesday, July 15, 2026

ജീവനും മരണവും

ഉത്തര്‍പ്രദേശിലെ ഹരീഷ് റാണ എന്ന 31 കാരന്‍ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാകുന്നത് രാജ്യത്ത് ആദ്യമായി നിയമാനുസൃതമായി നിഷ്ക്രിയ ദയാവധത്തിനു വിധേയനായ വ്യക്തി എന്ന നിലയിലാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 13 നായിരുന്നു ആ മരണം. അപകടകരമായ ഒരു വീഴ്ചയെ തുടര്‍ന്ന് 13 വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന (വെജിറ്റേറ്റീവ് അവസ്ഥ) റാണയെഅന്തസ്സായി മരിക്കാന്‍ അനുവദിക്കണമെന്ന അവന്റെ മാതാപിതാക്കളുടെ അപേക്ഷയനുസരിച്ചാണ് സുപ്രീംകോടതി അതിന് അനുമതി നല്കിയത്. മാത്രമല്ല, മകനെ ചികിത്സിച്ച് തങ്ങളുടെ സമ്പാദ്യം മുഴുവന്‍ തീര്‍ന്നെന്നും തങ്ങളുടെ കാലശേഷം അവന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരാണെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. ദയാവധം അധാര്‍മികമാണെന്നു നിരീക്ഷിച്ച് ഹൈക്കോടതി തള്ളിയ അപേക്ഷയാണ് പിന്നീട് സുപ്രീംകോടതി അനുവദിച്ചത്. അതനുസരിച്ച്, അതുവരെ റാണയുടെ ജീവന്‍ നിലനിര്‍ത്താന്‍ ട്യൂബിലൂടെ നല്കിയിരുന്ന പോഷണവും ജലവും നിര്‍ത്തലാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ അവന്‍ മരണപ്പെടുകയും ചെയ്തു.

കോടതിയുടെ തീരുമാനത്തെയും റാണയുടെ മാതാപിതാക്കളുടെ നിസ്സഹായതയെയും ഒരുപോലെ മാനിച്ചുകൊണ്ട് മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന ചില ആശങ്കകള്‍ കുറിക്കണമെന്നു തോന്നി. മരണത്തോടടുത്തിരിക്കുന്ന ഒരു രോഗിയുടെ മരണം മനുഷ്യന്‍ ഇടപെട്ട് വേഗത്തിലാക്കുന്ന രീതിയാണ് ദയാവധം (Euthanasia). രണ്ടു വിധത്തിലാണ് ദയാവധം നടപ്പിലാക്കുന്നത്. സജീവ ദയാവധവും (Active euthanasia) നിഷ്ക്രിയ ദയാവധവും (Passive euthanasia). മരുന്നിന്റെ സഹായത്തോടെ രോഗിയുടെ മരണം വേഗത്തിലാക്കുന്നതാണ് സജീവ ദയാവധം. ഒരു രോഗി ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാനിടയില്ലെന്ന് വൈദ്യശാസ്ത്രം വിലയിരുത്തിയാല്‍ അയാളുടെ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടി മാത്രം നല്കിയിരുന്ന മരുന്നുകള്‍ പിന്‍വലിച്ച് അയാളെ സ്വാഭാവികമായി മരിക്കാന്‍ അനുവദിക്കുന്നതാണ് നിഷ്ക്രിയ ദയാവധം.

ഓരോ മനുഷ്യനിലും ദൈവം നിക്ഷേപിച്ചിട്ടുള്ള ജീവശ്വാസം മനുഷ്യന്‍ ഇടപെട്ട് തിരിച്ചെടുക്കുന്ന ദയാവധത്തെ ഗൗരവമേറിയ തിന്മയായിട്ടാണ് കത്തോലിക്കാസഭ പരിഗണിക്കുന്നത്. ജീവന്റെമേല്‍ ജീവന്‍ നല്കിയ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നു വെളിപ്പെടുത്തുന്ന ദൈവവചനത്തിന്മേല്‍ അധിഷ്ഠിതമാണ് സഭയുടെ പഠനം. ഉദാ: കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു (1 സാമു. 2,6), എല്ലാവരുടെയും ജീവന്‍ എന്റേതാണ് (എസക്കി. 18,4). അതിനാല്‍ ഗര്‍ഭധാരണ നിമിഷംമുതല്‍ മരണംവരെ ഒരു മനുഷ്യന്‍ വ്യക്തിയെന്ന നിലയില്‍ ആദരിക്കപ്പെടുകയും കൈകാര്യം ചെയ്യപ്പെടുകയും വേണം. ഇതാണ് ജീവനെ സംബന്ധിച്ച് സഭയുടെ എക്കാലത്തെയും പഠനം.

1995 ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എഴുതിയ ‘ജീവന്റെ സുവിശേഷം’ എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ ഇങ്ങനെ പഠിപ്പിക്കുന്നു: ഒരു വിധത്തിലും ആവശ്യപ്പെടുകയോ ഒരിക്കലും സമ്മതിക്കുകയോ ചെയ്യാത്ത വ്യക്തിയെ മറ്റുള്ളവര്‍ ദയാവധത്തിന് വിധേയമാക്കാന്‍ തീരുമാനിക്കുമ്പോള്‍ അതു കൊലപാതകത്തിന്റെ രൂപം സ്വീകരിക്കുകയും കൂടുതല്‍ ഗൗരവമുള്ളതായിത്തീരുകയും ചെയ്യുന്നു.

എങ്കിലും 2020 ല്‍ വത്തിക്കാനിലെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച samaritanus bonus (നല്ല സമരിയാക്കാരന്‍) എന്ന രേഖയില്‍ നിഷ്‌ക്രിയ ദയാവധം ചില പ്രത്യേക സാഹചര്യങ്ങളില്‍ അനുവദനീയമാണെന്നു പ്രസ്താവിക്കുന്നുണ്ട്. അതില്‍ കാരുണ്യവധം അതിന്റെ സ്വഭാവത്താല്‍ത്തന്നെ തെറ്റാണെന്ന് എടുത്തു പറയുന്നുണ്ടെങ്കിലും ജീവന്‍ തത്ക്കാലത്തേക്ക് അല്പംകൂടി നീട്ടുക എന്ന ലക്ഷ്യത്തോടെ മാത്രം കൂടുതല്‍ വേദനയും ബുദ്ധിമുട്ടും ഉളവാക്കുന്ന ചികിത്സകള്‍ ഒഴിവാക്കുന്നത് ശാസ്ത്രീയമായും മനസ്സാക്ഷിപരമായും നിയമാനുസൃതമാണെന്ന് പഠിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നത് മരണത്തിലേക്കുള്ള, രോഗത്തിന്റെ സ്വാഭാവിക ഗതിയെ മാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടുന്നു.റാണയുടെ കാര്യത്തില്‍ ഇതാണല്ലോ ചെയ്തത്. പിന്നെ എന്താണ് പ്രശ്‌നം എന്നാവും ചിന്തിക്കുന്നത്. ഈ കത്തില്‍ തുടര്‍ന്നു പറയുന്ന കാര്യങ്ങള്‍കൂടി ശ്രദ്ധിക്കുക. ‘ഈ ഘട്ടത്തില്‍ രോഗിക്ക് പോഷണവും ജലവിതരണവും ലഭിക്കാനുള്ള അവകാശമുണ്ട്. അതു കൃത്രിമമായി കൊടുക്കേണ്ടി വന്നാല്‍പോലും അങ്ങനെ കൊടുക്കുകയും വേണം’ എന്നു രേഖയില്‍ ആവശ്യപ്പെടുന്നു. കാരണം അതു ചികിത്സയല്ല, നിര്‍ബന്ധമായ പരിചരണമാണ്. എന്നാല്‍, അങ്ങനെ ചെയ്യുമ്പോള്‍ രോഗിക്കു കൂടുതല്‍ ക്ലേശങ്ങളുണ്ടാകുന്നില്ല. എന്നുറപ്പുവരുത്തണം.

ഇവിടെ രണ്ടു കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. രോഗി ഇനി ജീവിതത്തിലേക്ക് തിരച്ചുവരില്ലെന്ന് മെഡിക്കല്‍ സംഘം സാക്ഷ്യപ്പെടുത്തണം. രോഗിക്ക് കൂടുതല്‍ ബുദ്ധിമുട്ടുളവാക്കുന്നില്ലെങ്കില്‍ പോഷണവും ജലവിതരണവും നിഷേധിക്കാന്‍ പാടില്ല. റാണയുടെ കാര്യത്തില്‍ ഡോക്ടര്‍മാരുടെ സാക്ഷ്യം ലഭിച്ചിരുന്നു. (അതില്‍ തെറ്റു വരാനിടയുണ്ടോ എന്ന് പിന്നീട് കാണാം). 13 വര്‍ഷമായി ട്യൂബിലൂടെയാണെങ്കിലും പോഷണവും ജലവും സ്വീകരിച്ചിരുന്ന റാണയുടെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ഒരു താളത്തില്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് ആ ഒടുവിലത്തെ വീഡിയോയില്‍നിന്നു മനസ്സിലാക്കുന്നത്. അതങ്ങനെയായിരുന്നു എങ്കില്‍ പോഷണവും ജലവിതരണവും നിര്‍ത്തലാക്കിയത് നീതിയായിരുന്നോ എന്നൊരു ചോദ്യം അവശേഷിക്കുന്നു. മറ്റൊന്ന്, റാണ ഇനി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ല എന്ന ഡോക്ടര്‍മാരുടെ തീരുമാനത്തെ തുടര്‍ന്നാണ് കാര്യങ്ങള്‍ മുന്നോട്ടു പോയത്. ഈ തീരുമാനം നൂറുശതമാനവും ശരിയായിരുന്നോ എന്നതാണ് മറ്റൊരു പ്രശ്‌നം. കോമയെന്നു പൊതുവെ വിശേഷിപ്പിക്കുന്ന അവസ്ഥയ്ക്ക് മൂന്നുതലങ്ങളുണ്ട് എന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു. ആദ്യത്തേത് അര്‍ധകോമ. ഇവിടെ രോഗി വേദനയോട് ചെറിയരീതിയില്‍ പ്രതികരിക്കും. രണ്ടാമത്തേത് കോമയാണ്. അതായത് പൂര്‍ണമായ അബോധാവസ്ഥ. കണ്ണുകള്‍ പൂര്‍ണമായും അടഞ്ഞിരിക്കും. മൂന്നാമത്തേത് സസ്യാവസ്ഥ (vegetative state). ഇവിടെ രോഗിയുടെ കണ്ണുകള്‍ തുറന്നിരിക്കുമെങ്കിലും ചുറ്റുപാടുകളെക്കുറിച്ച് ബോധമില്ലാത്ത അവസ്ഥയായിരിക്കും. റാണ ഈ മൂന്നാമത്തെ സ്റ്റേജിലായിരുന്നു.

കോമയില്‍ കഴിയുന്ന രോഗികള്‍ ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയുന്നില്ലെന്നാണ്‌ പൊതുവെയുള്ള ഒരു നിഗമനം. എന്നാല്‍, ഇങ്ങനെ അബോധാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ പത്തില്‍ ഒരാള്‍ക്ക് എങ്കിലും ചുറ്റുംനടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് എന്ന് അടുത്തകാലത്ത് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് വെയില്‍ കോര്‍ണര്‍ മെഡിക്കല്‍ കോളേജിലെ ഗവേഷകനും പ്രശസ്ത ന്യൂറോ വിദഗ്ധനുമായ ഡോ. നിക്കോളാസ് ഷിഫ് ആണിത് കണ്ടെത്തിയിരിക്കുന്നത്. ‘ഡിസോര്‍ഡര്‍ ഓഫ് കോണ്‍ഷ്യസ്’ എന്ന വിഷയത്തിലാണ് അദ്ദേഹത്തിന്റെ ഗവേഷണം. കോമയിലോ (പൂര്‍ണമായ അബോധാവസ്ഥ) വെജിറ്റേറ്റീവ് അവസ്ഥയിലോ (ഉണര്‍ന്നിരിക്കാമെങ്കിലും ചുറ്റുപാടുകളെക്കുറിച്ച് ബോധമില്ലാത്ത അവസ്ഥ) കഴിയുന്ന 241 രോഗികളില്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണത്തില്‍ നിന്നാണ് അദ്ദേഹം ഇത് തെളിയിച്ചത്. അതായത് രോഗി ഒന്നും അറിയുന്നില്ലെന്ന് ചുറ്റുമുള്ളവര്‍ക്ക് തോന്നിയാലും പലരും
ഉപബോധമനസ്സില്‍ എല്ലാം തിരിച്ചറിയുന്നുണ്ട്.

കോമയില്‍നിന്ന് ഒരു രോഗി ഒരിക്കലും തിരിച്ചുവരില്ലെന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല എന്നതാണ് മറ്റൊരു സത്യം. വര്‍ഷങ്ങള്‍ കോമയില്‍ കഴിഞ്ഞതിനുശേഷം തിരികെ ജീവിതത്തിലേക്കുവന്ന പലരുമുണ്ട്. അക്കൂട്ടത്തില്‍ 30 വര്‍ഷംവരെയൊക്കെ കോമയില്‍ കഴിഞ്ഞവര്‍ ഉണ്ട്. അമേരിക്കക്കാരനായ ലെയനാര്‍ഡ് ലോവെ (Leonard Lowe) എന്നയാളാണത്. ഇങ്ങനെ തിരിച്ചുവന്നവരില്‍ 12 വര്‍ഷം കോമയില്‍ കഴിഞ്ഞ് (മൂന്നു വര്‍ഷം പൂര്‍ണമായ അബോധാവസ്ഥയിലും നാലുവര്‍ഷം വെജിറ്റേറ്റീവ് അവസ്ഥയിലും അഞ്ചു വര്‍ഷം കണ്ണുകള്‍ മാത്രം ചലിക്കാനാവുന്ന അവസ്ഥയിലും) ജീവിതത്തിലേക്കു തിരികെ വന്ന മാര്‍ട്ടിന്‍ പിസ്തോറിയസ് (Martin Pistorius) എന്ന തെക്കേ ആഫ്രിക്കക്കാരന്റെ കഥ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. 1975 ല്‍ ജനിച്ച അദ്ദേഹം 12-ാം വയസ്സില്‍ ലോക്ക് – ഇന്‍ സിന്‍ഡ്രോം ബാധിച്ചാണ് കിടപ്പിലായത്. നീണ്ട 12 വര്‍ഷങ്ങള്‍ക്കുശേഷം പതിയെപ്പതിയെ സുബോധത്തിലേക്ക് തിരിച്ചുവന്ന അദ്ദേഹം ഇപ്പോള്‍ വിഹാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. കംപ്യൂട്ടര്‍ സഹായത്തോടെ സംസാരിക്കുന്ന മാര്‍ട്ടിന്‍ ഒരു ഫ്രീലാന്‍ഡ് വെബ് ഡിസൈനറായി ജോലി ചെയ്ത് യു.കെ.യില്‍ താമസിക്കുന്നു. കോമയില്‍ കഴിഞ്ഞിരുന്ന കാലത്തെ തന്റെ അനുഭവങ്ങള്‍ ചേര്‍ത്തുവച്ച് ‘ഗോസ്റ്റ് ബോയ്’ (പ്രേതബാലന്‍) എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാലത്ത് തനിക്ക് ഒന്നിനോടും പ്രതികരിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ചുറ്റിനും നടക്കുന്ന കാര്യങ്ങളെല്ലാം തനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു എന്നദ്ദേഹം വെളിപ്പെടുത്തുന്നു. താന്‍ മരിച്ചുപോവുകയേയുള്ളൂ എന്ന് തന്റെ അമ്മ പറഞ്ഞിരുന്നതുപോലും താന്‍ കേള്‍ക്കുന്നുണ്ടായിരുന്നു എന്നാണ് മാര്‍ട്ടിന്‍ സാക്ഷ്യപ്പെടുത്തുന്നത്. എത്ര പെട്ടെന്നാണ് ഇങ്ങനെയുള്ള നിസ്സഹായര്‍ അവഗണിക്കപ്പെടുന്നതെന്ന് അദ്ദേഹം സങ്കടപ്പെടുന്നു. ‘അസാധ്യമെന്നു നമുക്കു തോന്നിയാലും കാര്യങ്ങള്‍ക്കു മാറ്റം വരാം. അതുകൊണ്ട്‌ സ്‌നേഹത്തോടും ആദരവോടും കരുണയോടും മാന്യതയോടും കൂടി ഇങ്ങനെയുള്ള രോഗികളെ പരിചരിക്കുക – രോഗി അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും. ഒരിക്കലും മനസ്സിന്റെ ശക്തിയെ വിലകുറച്ചു കാണരുത് എന്നാണ് അദ്ദേഹത്തിന് ലോകത്തോടു പറയാനുള്ള സന്ദേശം.

അതെ, ചില നേരങ്ങളില്‍ മനുഷ്യന്റെ എല്ലാ കണക്കുകളും തെറ്റിക്കുന്ന കണക്കാണ് ദൈവത്തിന്റേത്!
Sobha
     സി. ശോഭ CSN 

Related Articles