Wednesday, July 15, 2026

ദൈവങ്ങൾ വിൽക്കപ്പെടും

ഒരു ബസ് യാത്രയ്ക്കിടയില്‍ എവിടെയോ കാഴ്ചയില്‍ പതിഞ്ഞ ഒരു പരസ്യശകലമാണിത് ‘ദൈവങ്ങള്‍ വില്‍ക്കപ്പെടും’. കടയ്ക്കു മുന്‍പിലെ മനോഹരമായ ബോര്‍ഡില്‍ അറിയാവുന്നതും അറിയാത്തതുമായ കുറെയേറെ ദൈവങ്ങളുടെ ചിത്രങ്ങള്‍. അതിനു മനോഹരമായ ഒരു അടിക്കുറിപ്പും, ത്രീഡി, എച്ച്ഡി, ഫോട്ടോകള്‍ ഫ്രെയിം ചെയ്തു നല്‍കപ്പെടും, കൂടാതെ പ്ലാസ്റ്റിക്, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, വെള്ളി, പിച്ചള, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളില്‍ തീര്‍ത്ത പ്രതിമകളും, വിഗ്രഹങ്ങളും മിതമായ നിരക്കില്‍ വിശ്വസ്തതയോടെ വില്‍ക്കപ്പെടും. പുറത്തെല്ലാവരും ഇവര്‍ക്കായി വടി പിടിക്കുകയും, കൊടി കുത്തുകയും, വാളെടുക്കുകയും, കുടപിടിക്കുകയും ചെയ്യുമ്പോള്‍ അകത്ത് അവരെല്ലാവരും ഒരുമിച്ചിരുന്ന് പുറത്തുള്ളവരുടെ ക്രയവിക്രയങ്ങളും പരാക്രമങ്ങളും കണ്ട് പരസ്പരം നോക്കി ചിരിക്കുന്നു. ഒരു കുടക്കീഴില്‍ ഒരുമിച്ചിരിക്കുന്നവര്‍ക്കിടയില്‍ ഒരകല്‍ച്ചയില്ല, കുറ്റപ്പെടുത്തലുകളില്ല, പൊങ്ങച്ചം പറയലുകളില്ല, മാറ്റിനിര്‍ത്തലുകളോ, താഴ്ത്തിക്കെട്ടലുകളോ ഇല്ല. പക്ഷേ, നാളെ ഇവരില്‍ ആരെങ്കിലും വിറ്റഴിക്കപ്പെടുമ്പോള്‍ ഇവയെല്ലാം താനേ തലപൊക്കി തലയ്ക്കു മീതെ നില്‍ക്കുന്നു.

ആഘോഷങ്ങള്‍ക്കും, ആര്‍പ്പുവിളികള്‍ക്കും, ഒരുക്കങ്ങള്‍ക്കും എല്ലാം ഇടയില്‍ എന്തെങ്കിലുമൊക്കെ നാം മറന്നു പോകുന്നുണ്ടോ..?

ഓരോ ദിവസവും പുതുതായി തുടങ്ങണം, ജീവിതത്തില്‍ പുതിയ മാറ്റങ്ങള്‍ വേണം എന്നൊക്കെ മുന്‍കൂട്ടി നിശ്ചയിക്കുമ്പോഴും വാശിപിടിക്കുമ്പോഴും, പഴയ ജീവിതരീതികളെ ഒരു കണികപോലും മാറ്റാനോ തിരുത്തിക്കുറിക്കുവാനോ തയ്യാറാകുന്നില്ല എന്നതല്ലേ വാസ്തവം.

പുറംമോടികളില്‍ മനംമറന്നു നാം അഹം മറക്കുന്നു. തിരക്കുകളില്‍ തിക്കിഞെരുങ്ങപ്പെടുന്നു എന്ന സത്യം നാം ഇനിയെങ്കിലും മനസ്സിലാക്കണം. ദൈവത്തെ തേടിയിറങ്ങിയ ഒരു കുഞ്ഞിന്റെ കഥ എവിടെയോ വായിച്ചതായി ഓര്‍മ്മ വരുന്നു,

ആറു വയസ്സുള്ള ഒരു കുട്ടി കയ്യില്‍ 50 രൂപ നോട്ടുമായി ദൈവത്തെ വാങ്ങുവാന്‍ ഇറങ്ങി. അവന്‍ കടകളായ കടകള്‍ മുഴുവന്‍ കയറിയിറങ്ങി. ഓരോ കടയിലും ചെന്ന് അവന്‍ ചോദിച്ചു, ഇവിടെ ദൈവത്തെ വില്‍ക്കുമോ..? ആളെ കളിയാക്കുവാണോ എന്നു ചോദിച്ച് പലരും അവനെ ആട്ടിയോടിച്ചു… ഇതേ ചോദ്യവുമായി അവന്‍ വൈകുന്നേരംവരെ എല്ലാ കടകളിലും കയറിയിറങ്ങി. പക്ഷേ, അവനു ദൈവത്തെ മേടിക്കുവാനോ കണ്ടെത്തുവാനോ ആയില്ല. വൈകുന്നേരമായി അവന്‍ അവസാനത്തെ കടയില്‍ കയറി ചോദിച്ചു: ‘ചേട്ടാ എന്നെ ഒന്ന് സഹായിക്കണം. ഇവിടെ ദൈവത്തെ വില്‍ക്കുമോ..?’ മധ്യവയസ്‌കനായ ആ കടക്കാരന്‍ അവനോട് ചോദിച്ചു: ‘എന്തിനാണ് നിനക്ക് ദൈവത്തെ..?’ അവന്‍ ഉത്തരം പറഞ്ഞു: ‘എനിക്ക് എന്റെ അച്ഛന്‍ മാത്രമാണുള്ളത്. അദ്ദേഹം ഒരു അപകടം പറ്റി ആശുപത്രിയിലാണ്. ദൈവത്തിനു മാത്രമേ അച്ഛനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞു. അതനുസരിച്ച് ദൈവത്തെ വാങ്ങുവാന്‍ ഇറങ്ങിയതാണ് ഞാന്‍…’ കുട്ടി വിചാരിച്ചു ദൈവം എന്നത് ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്ന എന്തോ മരുന്നാണെന്ന്. അതനുസരിച്ച് അവന്‍ ദൈവത്തെ മേടിക്കുവാന്‍ ഇറങ്ങിത്തിരിച്ചതാണ്. കയ്യിലിരുന്ന 50 രൂപ വാങ്ങി കടക്കാരന്‍ ഒരു ചെറിയ കുപ്പി നിറയെ തേന്‍ കൊടുത്തിട്ട് പറഞ്ഞു: ‘ഇതാണ് ദൈവം ഇത് കൊണ്ടുപോയി കൊടുത്ത് അദ്ദേഹത്തെ രക്ഷിക്കുക.’ ദൈവത്തെ കിട്ടിയ സന്തോഷത്തില്‍ കുട്ടി ഹോസ്പിറ്റലിലേക്ക് ഓടി. ആ കുപ്പി ഡോക്ടറെ ഏല്‍പ്പിച്ചു. ഇതാണ് ദൈവം. ഇതുകൊണ്ട് എന്റെ അച്ഛനെ രക്ഷിക്കുക. അച്ഛനെ രക്ഷിക്കുവാന്‍ താന്‍ നടത്തിയ പരിശ്രമങ്ങള്‍ വെറുതെ ആയില്ലല്ലോ എന്ന സന്തോഷത്തിലിരിക്കുമ്പോള്‍ അവിടേക്ക് വലിയൊരു മെഡിക്കല്‍ ടീം വരികയും അവന്റെ അച്ഛന്റെ ചികിത്സ ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ അയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഡിസ്ചാര്‍ജ് ദിവസം മരുന്നുകളും ബില്ലുമായി ഹോസ്പിറ്റല്‍ അധികാരികള്‍ അദ്ദേഹത്തെ സമീപിക്കുമ്പോള്‍ അദ്ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. എങ്ങനെ ഹോസ്പിറ്റല്‍ ചെലവുകള്‍ അടച്ചുതീര്‍ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്കണ്ഠ. എന്നാല്‍, ഹോസ്പിറ്റല്‍ ബില്ലുകളില്‍ ക്യാഷ് പെയ്ഡ് എന്ന് കണ്ടപ്പോള്‍ അദ്ദേഹം അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചുപോയി. ഇതെങ്ങനെ സംഭവിച്ചു? ഇത് ആര് അടച്ചുതീര്‍ത്തു? അതിനു മറുപടിയായി കുട്ടി സംഭവിച്ച കാര്യങ്ങളെല്ലാം അച്ഛനോട് പറഞ്ഞു. ഹോസ്പിറ്റല്‍ വിട്ട ഉടനെ തന്റെ മകന് ദൈവത്തെ കൊടുത്തുവിട്ട അദ്ദേഹത്തെ കണ്ടു നന്ദി പറയുവാന്‍ അവര്‍ യാത്രയായി. ആ നാട്ടിലെതന്നെ ഏറ്റവും ധനവാനായ ഒരു മധ്യവയസ്‌കന്‍ ആയിരുന്നു അദ്ദേഹം. ചെയ്ത ഉപകാരങ്ങള്‍ക്കെല്ലാം അവര്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞു. എന്നാല്‍, അദ്ദേഹം മറുപടി പറഞ്ഞു. എനിക്കല്ല നിങ്ങള്‍ നന്ദി പറയേണ്ടത്, അത് ദൈവത്തിനാണ്. കയ്യില്‍ 50 രൂപ നോട്ടുമായി ദൈവത്തെ വാങ്ങുവാനായി ഇറങ്ങിത്തിരിച്ച നിങ്ങളുടെ മകന്റെ നല്ല മനസ്സിനെ സഹായിക്കുവാന്‍ ദൈവം എന്നെ ഒരു ഉപകരണമായി മാറ്റി എന്ന് മാത്രം. നല്ല ഹൃദയത്തിന് മാത്രമേ ദൈവത്തെ വാങ്ങുവാന്‍ കഴിയൂ.

ദൈവങ്ങളുടെ പ്രതിമകളെ വിലയ്ക്ക് വാങ്ങുവാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ, അവയ്ക്ക് ജീവന്‍ നല്‍കുന്നത് നാം മനുഷ്യരുടെ സത്പ്രവൃത്തികള്‍ വഴിയാണെന്ന് നാം മറന്നു പോകരുത്. ദൈവത്തെ പകര്‍ന്നു കൊടുക്കുന്ന, ദൈവത്തെ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്ന നല്ല മനസ്സുകള്‍ക്കും മനസ്സാക്ഷികള്‍ക്കും ഉടമയാകുവാന്‍ നമുക്ക് ശ്രമിക്കാം. അങ്ങനെ മറ്റുള്ളവരുടെ ജീവിതത്തില്‍ ചെറിയൊരു മാറ്റം എങ്കിലും വരുത്തുവാന്‍ നമുക്ക് സാധിക്കട്ടെ. അതിനായി ദൈവം അനുഗ്രഹിക്കട്ടെ.


ജിതിൻ ജോസഫ് 

 

 

Related Articles