ആ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് മൂന്നുവര്‍ഷമേ ആയിരുന്നുള്ളൂ. പക്ഷേ, മുപ്പതുവര്‍ഷത്തെ പ്രശ്നങ്ങളുമായിട്ടാണ് ഇരുവരും വന്നത്. ഭര്‍ത്താവായിരുന്നു പരാതികള്‍ മുഴുവന്‍ പറഞ്ഞത്. ചുരുക്കം ഇതായിരുന്നു:
ഭര്‍ത്താവിനോടും കുട്ടിയോടും മാത്രമേ ഭാര്യ അടുത്തിടപഴകുന്നുള്ളൂ. അയാളുടെ വീട്ടുകാരോട് ഭാര്യ വലിയ തോതില്‍ അകല്‍ച്ച പുലര്‍ത്തുന്നു. വീട്ടില്‍ വിരുന്നുകാര് വന്നാല്‍ ഭാര്യ അവരെ സല്ക്കരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല. വിരുന്നുകാരെ കാണുമ്പോള്‍ത്തന്നെ ഭാര്യയ്ക്ക് വറുവേദനയും തലവേദനയും ആരംഭിക്കും. പലതവണ അതിഥികള്‍ ഇതുമൂലം അപമാനിതരായി ഇറങ്ങിപ്പോയിട്ടുണ്ട്. അതെല്ലാം ഭര്‍ത്താവിന്റെ സഹോദരിമാരോ മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആയിരുന്നു. എന്നാല്‍, ഭാര്യയുടെ വീട്ടുകാര്‍ വരുമ്പോള്‍ അവള് ഇത്തരം പ്രശ്നങ്ങളൊന്നും കാണിക്കാറില്ല. തന്റെ വീട്ടുകാരോടുള്ള ഭാര്യയുടെ മനഃപൂര്‍വമായ അകല്‍ച്ചയായിട്ടാണ് ഇതിനെ ഭര്‍ത്താവ് കാണുന്നത്. കാരണം ഭാര്യയുടെ വയറുവേദനയ്ക്കും തലവേദനയ്ക്കും ഇതിനകം പല ഡോക്ടര്‍മാരുടെ മരുന്നു കഴിച്ചിട്ടും ഒരു ശമനവുമില്ല.
അയാള്‍ പറഞ്ഞ മറ്റൊരു കാര്യം തന്റെ ബന്ധുക്കളുടെ വിവാഹം, ഗൃഹപ്രവേശം, മരണം തുടങ്ങിയ ഒരു പരിപാടികളിലും ഭാര്യ സംബന്ധിക്കുകയില്ല എന്നതാണ്. പലതവണ ഇതൊക്കെ ആവര്‍ത്തിച്ചപ്പോള്‍ ഭാര്യയെ അടിച്ച് അനുസരണം പഠിപ്പിക്കാനുള്ള ശ്രമങ്ങളും ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുണ്ടായി. ഇത് പിന്നെയും പ്രശ്നങ്ങള്‍ക്കു വഴിതെളിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ട് തകര്‍ന്ന അവസ്ഥയിലായിരുന്നു ഭര്‍ത്താവ്. ഏതൊക്കെ രീതിയില്‍ നോക്കിയിട്ടും ഭാര്യയെ താന്‍ ആഗ്രഹിച്ച രീതിയിലേക്കു കൊണ്ടുവരാന്‍ കഴിയാത്തതിന്റെ സങ്കടവും നഷ്ടബോധവുമായിരുന്നു അയാള്‍ക്ക്.
രോഗിയാണോ അതോ മടിയാണോ പ്രശ്നമെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. മാനസികമായി ഇരുവരും അകലെയായിക്കഴിഞ്ഞു. ഇവരെ എങ്ങനെയും ഒരുമിപ്പിക്കാനും പ്രശ്നം രമ്യമായി പരിഹരിക്കാനുമായി അയാളുടെ സുഹൃത്തുക്കളാണ് മുന്‍കൈയെടുത്ത് ഇരുവരെയും എന്റെ അടുക്കലെത്തിച്ചത്.
സോഷ്യല്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍ (Social anxiety disorder)
ഈ പെണ്‍കുട്ടിയുടെ പ്രശ്നം സോഷ്യല്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍ അല്ലെങ്കില്‍ സോഷ്യല്‍ ഫോബിയ (social phobia) ആയിരുന്നുവെന്ന് അവളുമായുള്ള സംസാരത്തിലൂടെയും ഭര്‍ത്താവ് പറഞ്ഞ ലക്ഷണങ്ങളില്‍നിന്നും മനസ്സിലായി. മാത്രവുമല്ല അവളുടെ അമ്മയും ഇതേ സ്വഭാവമുള്ള വ്യക്തിയായിരുന്നു. താനും മക്കളും ഭര്‍ത്താവും എന്നമട്ടിലായിരുന്നു ആ സ്ത്രീ കുടുംബം നയിച്ചിരുന്നത്. അമ്മയുടെ സ്വാധീനം മകളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. മറ്റുള്ളവരുടെ, പ്രത്യേകിച്ച് അപരിചിതരുടെ ഇടയിലേക്ക് പോകാനും അവരുമായി സംസാരിക്കാനും കഴിയാതെവരുന്ന അത്യന്തം ശോചനീയമായ അവസ്ഥയാണിത്.
സോഷ്യല്‍ ഫോബിയയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് സഭാകമ്പം. ആളുകളെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലായ്മയാണിത്. ഒരു സദസ്സിനെ നോക്കി രണ്ടുവാക്കു സംസാരിക്കാന്‍ ഇവര്‍ക്കു കഴിയാറില്ല. എന്നാല്‍, ഇതുമൂലം സാമൂഹികജീവിതംകൂടി അസാധ്യമാകുമ്പോഴോ? ഇതാണ് ആ പെണ്‍കുട്ടിക്ക് സംഭവിച്ചത്.
എന്തുകൊണ്ട്?
എന്തുകൊണ്ടാണ് ഒരാള്‍ സോഷ്യല്‍ ഫോബിയയ്ക്ക് അടിമയാകുന്നത്? ജൈവപരവും
സാമൂഹികവുമായ അനേകം കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. അതുകൊണ്ട് ഏതെങ്കിലും ഒരുകാരണത്തിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ ഫോബിയയെ വിലയിരുത്താനാവില്ല. പാരമ്പര്യവും ഇതില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്. തലച്ചോറില്‍ ഭയത്തെ നിയന്ത്രിക്കുന്ന ഭാഗമാണ് അമിഗ്ഡാല. ഇതിന്റെ പ്രവര്‍ത്തനത്തില്‍ വരുന്ന വ്യതിയാനങ്ങള്‍ ഒരു വ്യക്തിയില്‍ ഉത്കണ്ഠയെ സൃഷ്ടിക്കുന്നുണ്ട്. മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഭയവും ഒരു വ്യക്തി സ്വയം ആര്‍ജിച്ചെടുക്കുന്ന ഒന്നായിട്ടാണ് കരുതപ്പെടുന്നത്. ആ വ്യക്തിയുടെ ഗാര്‍ഹികവും സാമൂഹികവുമായ ചുറ്റുപാടുകള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതായും ചില നിരീക്ഷണങ്ങളുണ്ട്. കുട്ടിക്കാലത്ത് നേരിടേണ്ടി വന്നിട്ടുള്ള തിക്താനുഭവങ്ങളും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. കുടുംബാന്തരീക്ഷത്തിലെ അപമാനം, അവഗണന തുടങ്ങിയവ മുതല്‍ ശാരീരിക-മാനസിക-ലൈംഗികപീഡനങ്ങള്‍ വരെ സോഷ്യല്‍ ഫോബിയയ്ക്ക് കാരണമാകാം.
എങ്ങനെ നേരിടാം?
സോഷ്യല്‍ ഫോബിയ മാറ്റിയെടുക്കാന്വ്യക്തികള് തന്നെയാണ് ആദ്യം ശ്രമിക്കേണ്ടത്.
അതിനായി വ്യക്തിപരമായ ശ്രമങ്ങള്‍ നടത്തുക. വലിയ ആള്‍ക്കൂട്ടത്തെ നേരിടുന്നതിന് മുമ്പായി ചെറിയ കൂട്ടായ്മകളില്‍ സംസാരിച്ചും പെരുമാറിയും സോഷ്യല്‍ ഫോബിയയില് നിന്നു മോചിതരാകാന്‍ ശ്രമിക്കുക. ഒരു ഗ്രൂപ്പിനോട് സംസാരിക്കുമ്പോള്‍ കേള്‍വിക്കാരിലേക്ക് ശ്രദ്ധതിരിക്കാതെ പറയുന്ന കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുക. മറ്റുള്ളവരെ ശ്രദ്ധിച്ചാല്‍ ഒരുപക്ഷേ, അവരുടെ മുഖഭാവങ്ങളും പ്രതികരണങ്ങളും കണ്ട്
സംസാരം തടസ്സപ്പെട്ടേക്കാം. സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്തു വിചാരിക്കുന്നുവെന്ന് ആലോചിച്ച് അധൈര്യപ്പെടാതിരിക്കുക. നിങ്ങളെ സ്നേഹിക്കുന്നവരുടെയും നിങ്ങളുടെ വളര്‍ച്ച ആഗ്രഹിക്കുന്നവരുടെയും പിന്തുണയോടെ ഭയകാരണമായ സാഹചര്യങ്ങളെ നേരിടാന്‍ ശ്രമിക്കുക. നിങ്ങള്‍ തന്നെയും ശ്രമിച്ചു നോക്കി പരാജയപ്പെടുന്നുണ്ടെങ്കില്വിദഗ്ധരുടെ സഹായം തേടുക.
ലക്ഷണങ്ങള്‍
ഒരാള്‍ക്ക് സോഷ്യല്‍ ഫോബിയ ഉണ്ടോ എന്നറിയാന്‍ പ്രകടമായ ചില ലക്ഷണങ്ങളുണ്ട്.
ശ്വാസംമുട്ടല്‍, തലകറക്കം, അമിതമായ വിയര്‍പ്പ്, വര്‍ധിച്ച ഹൃദമിടിപ്പ്, വിറയല്‍, ഓക്കാനം, യാഥാര്‍ഥ്യബോധം നഷ്ടപ്പെടല്‍, അമിതമായ ഉത്കണ്ഠ, അമിതമായ ഭയം, വീട്ടില്‍നിന്ന് പുറത്തുവരാന്‍ പോലും ഭയം, നാണം.
പ്രിയപ്പെട്ടവരുടെ പിന്തുണ
സോഷ്യല്‍ ഫോബിയ അല്ലെങ്കില്‍ സോഷ്യല്‍ ആങ്സൈറ്റി ഡിസോര്‍ഡറുള്ള ഒരു വ്യക്തിയെ അതില്‍ നിന്നു രക്ഷപ്പെടുത്താന്‍ പ്രിയപ്പെട്ടവരുടെ പിന്തുണ പ്രധാനപ്പെട്ടതാണ്. മുകളില്‍ പറഞ്ഞ കേസിലെ ഭര്‍ത്താവിന് ഭാര്യയുടെ രോഗാവസ്ഥയെക്കുറിച്ച് വിശദീകരിച്ചു കൊടുത്തപ്പോള്‍ അയാള്‍ ചികിത്സയ്ക്കൊപ്പം നില്ക്കാന് തയ്യാറായി. അതുവരെ അയാള്‍ കരുതിയിരുന്നത് ഭാര്യയുടെ തന്റേടമോ മടിയോ ആണ് ഇതെല്ലാമെന്നാണ്. എന്നാല്‍, മടിയല്ല രോഗമാണെന്ന് മനസ്സിലായപ്പോള്‍ അയാളുടെ മനോഭാവം മാറി. അതോടൊപ്പം കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന അവസരങ്ങളില്‍ ഭാര്യയെ സ്നേഹ പുരസരം പങ്കെടുപ്പിച്ചും മറ്റുള്ളവരുമായി സംസാരിക്കാന്‍ സാഹചര്യം സൃഷ്ടിച്ചെടുത്തും ഭാര്യയ്ക്ക് ആത്മവിശ്വാസം നല്കിയു മൊക്കെയാണ് അയാള്‍ അവളെ വീണ്ടെടുത്തത്.
കടപ്പാട്: ‘ഈ ലോകം നിന്റേതുകൂടി’
എന്ന പുസ്തകത്തില്‍ നിന്ന്




