Tuesday, June 23, 2026

നന്മ തിന്മകളുടെ വൃക്ഷം

ഉല്പത്തി പുസ്തകം പരിചയപ്പെടുത്തുന്ന ആദ്യപാപത്തിന്റെ വൃക്ഷംപോലെ നന്മതിന്മകളുടെ കനി ചൂടി നില്‍ക്കുന്ന ഈ കാലഘട്ടത്തിലെ വന്‍മരമാണ് സൈബര്‍ ലോകം. എല്ലാം വിരല്‍ത്തുമ്പില്‍ എത്തിക്കുന്ന അനന്തസാധ്യതകളുടെ ഈ ലോകത്തില്‍ കുടുങ്ങിപ്പോകുന്ന അനേകരുണ്ട്. നിത്യനായവനില്‍ ദൃഷ്ടി ഉറപ്പിക്കാന്‍ കഴിയാതെ പോകുന്നതാണ് പലപ്പോഴും നമ്മെ ഇത്തരം കുരുക്കുകളില്‍ അകപ്പെടുത്തുന്നത്. എന്നാല്‍, സൈബര്‍ ലോകത്തിന്റെ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട്  പ്രകാശഗോപുരങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നവരും നമ്മുടെ ഇടയിലുണ്ട്.

ഇവിടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ പ്രചോദനമാവുന്നത് ‘ആശയവിനിമയ മാര്‍ഗങ്ങളിലും സാങ്കേതികവിദ്യയുടെ വളര്‍ച്ചയിലും നടക്കുന്ന വിപ്ലവങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളോട് ക്രിയാത്മകമായും നവോന്മേഷത്തോടെയും പ്രത്യുത്തരിക്കേണ്ടത് സാങ്കേതിക വിദ്യകളുപയോഗിച്ച് ദൈവത്തെ പങ്കുവയ്ക്കുന്നതിലൂടെയാണ്.’

ആധുനിക ലോകത്തിന്റെ സര്‍വസാധ്യതകള്‍ക്കും മധ്യേ ജീവിച്ചുകൊണ്ട് നന്മയുടെ ശേഷിപ്പുകള്‍ ബാക്കിയാക്കി നമ്മോടൊപ്പം ജീവിച്ചു കടന്നുപോയ ജീവിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് നിത്യനായവനില്‍ ദൃഷ്ടി ഉറപ്പിക്കാനാണ്.

‘ഒരു ച്യൂയിംഗം സമ്മാനിച്ചായിരുന്നു അവന്‍ എന്നോട്  കൂട്ടുകൂടിയത്. സ്‌കൂളിലും ദേവാലയത്തിലും അവനെ കൊണ്ടുപോകുന്നത് എന്റെ ജോലിയായിരുന്നു. ഏഴാമത്തെ വയസ്സിലാണ് അവന്‍ ആദ്യ കുര്‍ബാന സ്വീകരണം നടത്തുന്നത്. അതെന്തായിരുന്നുവെന്ന്  അന്നെനിക്ക് അറിയില്ലായിരുന്നു. പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വലിയ ബഹുമാനത്തോടെയാണ് അവന്‍ വ്യാപരിക്കുക. ദൈവം വസിക്കുന്ന ആ സ്ഥലത്ത് എന്തോ പ്രത്യേകതയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്  അവന്റെ പെരുമാറ്റം കണ്ടപ്പോഴാണ്. അതെന്റെ ഹൃദയത്തെ സ്പര്‍ശിച്ചു.’

കാര്‍ലോയെ കുട്ടിക്കാലത്ത് പരിചരിച്ചിരുന്ന മോഹൂര്‍ എന്ന ഹൈന്ദവ യുവാവിന്റെ വാക്കുകളാണിത്. കാര്‍ലോ എന്ന ബാലനോടൊപ്പം ചെലവഴിച്ച അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മുപ്പതുകാരനായ യുവാവ് ക്രിസ്തുമതം സ്വീകരിച്ചു.

കോട്ടും സ്യൂട്ടും കൂളിംഗ്ഗ്ലാസും ജീന്‍സും ധരിച്ച വാഴ്ത്തപ്പെട്ട കാര്‍ലോ ചെലവഴിച്ച സമയങ്ങള്‍ അധികവും ദിവ്യകാരുണ്യത്തിന്റെയും സോഷ്യല്‍ മീഡിയയുടെയും മുന്നിലായിരുന്നു. കാര്‍ട്ടൂണുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും കാര്‍ലോയുടെ പ്രധാനപ്പെട്ട വിനോദങ്ങളായിരുന്നു. വളര്‍ത്തുമൃഗങ്ങളും അലങ്കാര മത്സ്യങ്ങളും പ്രിയപ്പെട്ടതായി കരുതിയ കാര്‍ലോ കമ്പ്യൂട്ടറിലും ഇന്റര്‍നെറ്റിലും അഗാധമായ പരിജ്ഞാനമുള്ളവനായിരുന്നു. ‘കമ്പ്യൂട്ടര്‍ ബുജി’ എന്ന വിളിപ്പേരുപോലും കൂട്ടുകാരുടെ ഇടയില്‍ കാര്‍ലോയ്ക്കുണ്ടായിരുന്നു. എന്നാല്‍, നവമാധ്യമങ്ങളെ ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാനായിരുന്നു കാര്‍ലോ ഉപയോഗിച്ചത്. ‘മനുഷ്യനിലൂടെ മഹത്വപ്പെടേണ്ടതിന് അവന്‌ സിദ്ധികള്‍ നല്‍കിയ ദൈവം’ (പ്രഭാ 38 : 6) കാര്‍ലോയുടെ സാങ്കേതിക സിദ്ധിയിലൂടെ അനേകം ഹൃദയങ്ങളെ സ്വാധീനിച്ചു. സമ്പത്തിന്റെയും സൗഹൃദത്തിന്റെയും സംരക്ഷണവലയത്തില്‍ ജീവിച്ചപ്പോഴും പാവങ്ങളെ സഹായിക്കാന്‍ കാര്‍ലോ മറന്നിരുന്നില്ല. ഏഴു വയസ്സുകാരനായ കാര്‍ലോ ക്രിസ്തുമസിന് തനിക്കു കിട്ടിയ സമ്മാനങ്ങള്‍ വിറ്റുകിട്ടിയ പൈസ പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിച്ചതിനെക്കുറിച്ച്‌ മോഹൂര്‍ പങ്കുവയ്ക്കുന്നുണ്ട്. ഒടുവില്‍ തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ വിരുന്നിനെത്തിയ രക്താര്‍ബുദത്തെയും കാര്‍ലോ സമചിത്തതയോടെ സ്വീകരിച്ചു. ‘എന്റെ സഹനങ്ങള്‍ കത്തോലിക്കാ തിരുസഭയ്ക്കു വേണ്ടിയും മാര്‍പാപ്പയ്ക്കുവേണ്ടിയും കാഴ്ചവയ്ക്കുന്നു’ എന്നാണ് കാര്‍ലോ പറഞ്ഞിരുന്നത്.

ഒരു ചിത്രശലഭത്തെപ്പോലെ കാമ്പസ് മുഴുവനും കര്‍ത്താവിന് വേണ്ടി യുവ ഹൃദയങ്ങളെ ഒന്നിച്ചുച്ചേര്‍ത്ത അജ്‌ന സൈബര്‍ യുഗത്തിലെ കര്‍ത്താവിന്റെ മറ്റൊരു പോരാളിയായിരുന്നു. മ്യൂസിക്മിനിസ്ട്രിയില്‍ ആടിയും പാടിയും ശുശ്രൂഷ ചെയ്തിരുന്ന കാലത്താണ്‌ ദൈവം ജോബിനെ പരീക്ഷിച്ചതുപോലെ കാന്‍സറിന്റെ സഹനങ്ങളിലൂടെ അജ്‌നയെയും മാറ്റുരച്ചു നോക്കിയത്.

‘ഈശോയേ, എന്നെ മുഴുവനും ഞാന്‍ തരുന്നു എന്ന് ആത്മാര്‍ഥമായാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. പക്ഷേ, ദൈവം കാര്യമായി അത് എടുത്തു എന്നുള്ളത് ഞാന്‍ പിന്നീടാണ് മനസ്സിലാക്കുന്നത്. ഓരോ ഓരോ പാര്‍ട്‌സ് ആയിട്ടായിരുന്നു എന്റെ ദൈവം എന്നെ സ്വീകരിച്ചുകൊണ്ടിരുന്നത്. മ്യൂസിക് മിനിസ്ട്രി എന്റെ ഇഷ്ടപ്പെട്ട ശുശ്രൂഷയായിരുന്നു. ഈശോ ആദ്യം എന്റെ പാട്ട് എടുത്തു. ടീച്ചിംഗ് ആയിരുന്നു എനിക്കിഷ്ടപ്പെട്ട ജോലി.മേഖലഅതുംദൈവംഎടുത്തു’ എന്നാണ് കാന്‍സര്‍ സമ്മാനിച്ച ദൈവികപദ്ധതിയെ അജ്‌ന കൂട്ടിവായിച്ചത്. സഹനങ്ങളുടെ നടുവിലും വിശുദ്ധ കുര്‍ബാനയായിരുന്നു അജ്‌നയുടെശക്തി. വേദനകളുടെ പാരമ്യത്തിലും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ ദേവാലയത്തില്‍ എത്തിയിരുന്ന അജ്‌നയോട് ‘ദേവാലയത്തിലേക്ക് വരാന്‍ ഞാന്‍ ഒരു വണ്ടി ഏര്‍പ്പാടു ചെയ്യട്ടെ’ എന്ന ഇടവക വികാരിയുടെ ചോദ്യത്തെ ‘അച്ചന്‍ എന്റെ സഹനം ഒഴിവാക്കാന്‍ എന്നെ പ്രലോഭിപ്പിക്കുകയാണല്ലേ’ എന്ന നര്‍മ്മം കലര്‍ത്തിയ മറുപടിയോടെയായിരുന്നു അജ്‌നനിരസിച്ചത്. ‘ഈശോ എന്നെ സ്‌നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍
എനിക്ക്  ഈശോയെ സ്‌നേഹിക്കണം’ എന്ന നിര്‍ബന്ധമായിരുന്നു അജ്‌നയ്ക്ക്.

കണ്ണും കാതും താടിയെല്ലുകളും അധരവുമെല്ലാം കാന്‍സര്‍ കോശങ്ങള്‍ കാര്‍ന്നുതിന്ന
പ്പോഴും അജ്‌ന കണ്ടുമുട്ടുന്നവര്‍ക്കും തന്നെ കാണാന്‍ എത്തുന്നവര്‍ക്കും പ്രത്യാശയുടെ സാന്നിധ്യമായിരുന്നു. ‘എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍ നിന്നു ഞാന്‍ ദൈവത്തെ കാണും’ (ജോബ് 19 : 26) എന്നുപറഞ്ഞ ജോബിനെപ്പോലെ മുഖം അഴുകി വികൃതമായി തുടങ്ങിയ വേദനയുടെ പാരമ്യത്തിലും അജ്‌ന ദൈവത്തെ സ്‌നേഹിച്ചുകൊണ്ടിരുന്നു. ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അജ്‌ന നന്മയുടെ ശേഷിപ്പുകള്‍ ബാക്കിയാക്കുന്ന ഈ കാലഘട്ടത്തിലെ ദൈവത്തിന്റെ സാന്നിധ്യമായിരുന്നു. സാഹചര്യങ്ങള്‍
എന്തുതന്നെയായാലും നിത്യനന്മയിലൂന്നിയ നിലപാടുകളാണ് ഒരുവനില്‍ നന്മയുടെ ഉറവകള്‍ രൂപപ്പെടുത്തുന്നത്.അതാര്‍ക്കും മറച്ചുപിടിക്കാനോ ഒളിച്ചുവയ്ക്കാനോ സാധിക്കില്ല.

സി. നിമിഷ റോസ് CSN

 

Related Articles