Tuesday, June 30, 2026

പോപ്‌കോൺ ബ്രെയിൻ സിൻഡ്രോം

ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, മനുഷ്യരുടെ ജീവിതം, മൊബൈല്‍ഫോണുകള്‍, സോഷ്യല്‍ ആപ്പുകള്‍, ഗെയിമുകള്‍, റീലുകള്‍, ഷോര്‍ട്ട് വീഡിയോകള്‍ എന്നിവയുമായി ചേര്‍ന്നു പോയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മന:ശാസ്ത്രവിദഗ്ധര്‍ തിരിച്ചറിഞ്ഞിരിക്കുന്ന ഒരു പുതിയ അവസ്ഥയാണ് ‘പോപ്‌കോണ്‍ ബ്രെയ്ന്‍ സിന്‍ഡ്രോം’ (Popcorn brain syndrome). അതായത് വേഗത്തിലുള്ള ഉത്തേജനങ്ങള്‍ക്ക് തലച്ചോര്‍ അടിമയാകുന്ന അവസ്ഥ.

എന്താണ് പോപ്‌കോണ്‍ ബ്രെയ്ന്‍ സിന്‍ഡ്രോം

ഇതൊരു ഔദ്യോഗിക മെഡിക്കല്‍ രോഗനിര്‍ണ്ണയം അല്ല. പക്ഷേ, അമിതമായ ഡിജിറ്റല്‍ ഉപയോഗംവഴി ഉത്തേജിതമാകുന്ന (digital overstimulation) തലച്ചോറിന്റെ പ്രവര്‍ത്തനരീതി മാറ്റിയേക്കാവുന്നതും പെരുമാറ്റവൈകല്യത്തിന് കാരണമായേക്കാവുന്നതുമായ ഒരു മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന പദമാണ്. അതായത് ചിന്തകള്‍ക്ക് ഏകോപനമില്ലാതെ ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് മാറിമാറി സഞ്ചരിക്കുന്ന അവസ്ഥ.

നമ്മള്‍ മൊബൈല്‍ ഫോണുകളിലെ വീഡിയോകള്‍, റീലുകള്‍, ഗെയിമുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ തലച്ചോര്‍ വേഗതയോടെ ഉയര്‍ന്ന ഉത്തേജനങ്ങളുള്ള വിവരങ്ങള്‍ ശേഖരിക്കുന്നു. ഇവയുടെ സ്ഥിരമായ ഉപയോഗം വഴി തലച്ചോര്‍ അതിന് പതുക്കെ അടിമപ്പെട്ടുതുടങ്ങുന്നു. അതോടെ യഥാര്‍ഥജീവിതത്തിലെ സ്ഥിരതയും മന്ദഗതിയും തലച്ചോറിന്‌ബോറിങ് ആയിത്തോന്നുന്നു. ഈ അവസ്ഥയെയാണ്‌ പോപ്കോണ്‍ ബ്രെയ്ന്‍ സിന്‍ഡ്രോം എന്നു പറയുന്നത്.

എന്തുകൊണ്ടാണ് പോപ്‌കോണ്‍ എന്ന പേര്?

2011 ല്‍ വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകനായ ഡേവിഡ് ലെവിയാണ് ‘പോപ്കോണ്‍ ബ്രെയ്ന്‍’ എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ഒരുകാര്യത്തിലും ശ്രദ്ധിക്കാനാവാത്ത അവസ്ഥ എന്നാണ് അദ്ദേഹം ഇതുകൊണ്ട് ഉദ്ദേശിച്ചത്. പോപ്‌കോണ്‍ ചട്ടിയില്‍ ചൂടാകുമ്പോള്‍ പൊട്ടിത്തെറിക്കുന്നതുപോലെ ഇത്തരമൊരവസ്ഥയില്‍ എത്തുന്ന ഒരാളുടെ ചിന്തകള്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്കു ചാടിക്കളിക്കുന്നു. വേഗത്തില്‍ വരുന്ന വീഡിയോകള്‍, തുടര്‍ച്ചയായി എത്തുന്ന നോട്ടിഫിക്കേഷനുകള്‍, തുടര്‍ച്ചയായി സ്‌ക്രോള്‍ ചെയ്യുമ്പോള്‍ മാറിമാറി വരുന്ന ദൃശ്യങ്ങള്‍ മുതലായവ തലച്ചോറിനെ ഒരേ സമയം വലിയ തോതില്‍ ഉത്തേജിപ്പിക്കുന്നു.

പ്രധാനകാരണങ്ങള്‍

1. സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം. ടിക്‌ടോക്, ഇന്‍സ്റ്റഗ്രാം, റീല്‍സ്, യൂട്യൂബ് തുടങ്ങിയവയുടെ തുടര്‍ച്ചയായ ഉപയോഗം.

2. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം. 2019 ല്‍ നടത്തിയ ഒരു പഠനത്തില്‍ ദിവസവും രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം സ്‌ക്രീനില്‍ ചെലവഴിക്കുന്ന കുട്ടികള്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

3. മൊബൈല്‍ ഗെയിമുകള്‍, നോട്ടിഫിക്കേഷനുകള്‍ എപ്പോഴും ശ്രദ്ധിക്കുക, ഫോണ്‍ നിരന്തരമായി സ്‌ക്രോള്‍ ചെയ്തു നോക്കിക്കൊണ്ടിരിക്കുക.

4. വേഗതയുള്ള വിനോദങ്ങളില്‍ എപ്പോഴും ഏര്‍പ്പെടുകയും എന്നാല്‍, സമയമെടുത്തു ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെ തലച്ചോര്‍ നിരാകരിക്കുകയും ചെയ്യുന്നു.

ആരെയാണ് കൂടുതല്‍ ബാധിക്കുന്നത്

ഒരു ദിവസം നാല് -അഞ്ച് മണിക്കൂറില്‍ കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുന്നവരെയാണ് ഈ  അവസ്ഥ എളുപ്പത്തില്‍ ബാധിക്കുന്നത്. കൗമാരക്കാരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നതെങ്കിലും 30 നും 45 നും ഇടയില്‍ പ്രായമുള്ളവരിലും ഈ അവസ്ഥ കാണപ്പെടുന്നുണ്ടെന്നാണ് മനഃശാസ്ത്രവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ലക്ഷണങ്ങള്‍

ശാരീരിക ലക്ഷണങ്ങള്‍
* ഉറക്കക്കുറവ്, തലവേദന, അസ്വസ്ഥത

മാനസിക ലക്ഷണങ്ങള്‍
* ശ്രദ്ധക്കുറവ് – ഒരു പ്രവൃത്തിയില്‍ത്തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ,
* ക്ഷമയില്ലായ്മ – ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്കു പെട്ടെന്ന്       മാറിക്കൊണ്ടിരിക്കുക
* മുന്‍പ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളില്‍ താല്പര്യമില്ലായ്മ
* ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവാത്ത അവസ്ഥ, ആകുലത, ഉത്കണ്ഠ.

പെരുമാറ്റ ലക്ഷണങ്ങള്‍ (behavioral changes)

എപ്പോഴും ഓണ്‍ലൈനില്‍ തുടരാനുള്ള താത്പര്യം. ഫോണ്‍ കൂടെക്കൂടെ പരിശോധിക്കല്‍, വിദ്യാലയത്തിലും, ജോലിസ്ഥലത്തും വൈകിയെത്തല്‍, ക്ഷീണം, മടുപ്പ്, പെട്ടെന്നു വിനോദം ലഭിക്കാത്തപ്പോഴുള്ള അസ്വസ്ഥത.

പ്രത്യാഘാതങ്ങള്‍

പഠനക്ഷമത കുറയുന്നു, ആഴമേറിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കഴിവു കുറയുന്നു. സമയമെടുത്തു ചെയ്യേണ്ട കാര്യങ്ങളില്‍ താല്പര്യം ഇല്ലാതാകുന്നു. വിശ്രമംപോലും ബോറിംഗ് ആയിതോന്നുന്നു.

പ്രതിസന്ധികളും കാരണങ്ങളും

വൈദ്യുതിയും വിദ്യാഭ്യാസവുമൊക്കെ തുടങ്ങിയ 60 കളിലെ ചെറുപ്പക്കാരുടെ ജീവിതം നിരീക്ഷിച്ചാല്‍ – വൈദ്യുതി വന്നതോടെ ഇരുട്ടുവീണതിനുശേഷം ഇരുന്നു പഠിക്കാനും ആശയവിനിമയം നടത്താനുമുള്ള സാഹചര്യം ഉണ്ടായി. എങ്കിലും പത്തു മണിക്കു മുമ്പുതന്നെ എല്ലാവരും ഉറങ്ങുമായിരുന്നു. എന്നാല്‍, ഡിജിറ്റല്‍ വിപ്ലവം സാര്‍വത്രികമാവുകയും സ്മാര്‍ട്ട്‌ഫോണ്‍ മിക്കവാറും എല്ലാവരുടെയും കൈകളില്‍ വരുകയും ചെയ്തതോടെ ഉറങ്ങാന്‍ കിടക്കുന്ന സമയം വീണ്ടും വൈകി. ലൈറ്റ് അണച്ചശേഷവും സ്മാര്‍ട്ട്‌ഫോണുകളുമായി മണിക്കൂറുകളോളം വീഡിയോകള്‍ കാണാനും ഗെയിം കളിക്കാനുംചാറ്റു ചെയ്യാനുമുള്ള സാഹചര്യങ്ങള്‍ കൂടി വന്നതോടെ 12 മണിക്കു മുമ്പ് ഉറങ്ങുന്ന കൗമാരക്കാര്‍ വിരളമായി. പലരും രാത്രി വളരെ വൈകി പലപ്പോഴും പുലര്‍ച്ചെ മൂന്നുമണിക്കും നാലുമണിക്കും മറ്റുമൊക്കെ ഉറങ്ങാന്‍ കിടക്കുന്നു. എന്നാല്‍, ആറു മണിക്കൂറെങ്കിലും തുടര്‍ച്ചയായ സുഖനിദ്ര ഉണ്ടെങ്കില്‍ മാത്രമേ പകല്‍ സമയത്ത് വായിക്കുകയും പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തകാര്യങ്ങള്‍ നമ്മുടെ തലച്ചോറില്‍ ശേഖരിക്കപ്പെടുകയുള്ളൂ. അതായത് ഓര്‍മ്മകളുടെ സ്ഥാപനം(consolidation of memory) നടക്കണമെങ്കില്‍ രാത്രി ആറു മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്.

പകല്‍ സമയത്ത് തലച്ചോറില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശരീരത്തില്‍ നിന്നു പിന്തള്ളപ്പെടുന്നതും രാത്രി ഉറക്കത്തിന്റെ സമയത്താണ്  ആവശ്യത്തിന് ഉറക്കം കിട്ടാത്തതുകൊണ്ട് പകല്‍ സമയത്ത് ക്ഷീണം, ഉറക്കം, ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.

അതുപോലെതന്നെ റീല്‍സ്, ഷോര്‍ട്‌സ് തുടങ്ങിയ ഹ്രസ്വനേരം നീണ്ടുനില്‍ക്കുന്ന കാര്യങ്ങള്‍ വളരെ സ്പീഡില്‍ ആണ് പല കുട്ടികളും കാണുന്നത്. ദിവസേന രണ്ടു മണിക്കൂറില്‍ കൂടുതല്‍ ദൃശ്യമാധ്യമങ്ങള്‍ ഇങ്ങനെ ഉപയോഗിക്കുന്ന കുട്ടികളുടെ തലച്ചോറിന്റെ രണ്ട് അര്‍ദ്ധഗോളങ്ങള്‍ (Two hemispheres) തമ്മിലുള്ള ഏകോപനം കുറയുകയും അതേ തുടര്‍ന്ന് അവര്‍ക്ക് ശ്രദ്ധക്കുറവ്, അമിതവികൃതി, എടുത്തുചാട്ടം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. കറന്റ് ഇല്ലാത്തതു മൂലമോ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്തതുമൂലമോ ഡിജിറ്റല്‍ ഉപകരണം ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ പൊടുന്നനെ പൊട്ടിത്തെറിക്കുന്ന അവസ്ഥയിലേക്ക് ഇവര്‍ പോകുന്നു. അങ്ങനെ വന്നാല്‍ ഉറക്കമില്ലായ്മ, അമിതദേഷ്യം, ഉത്കണ്ഠ, അക്രമസ്വഭാവം തുടങ്ങിയ പെരുമാറ്റ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും.

എങ്ങനെ നിയന്ത്രിക്കാം

ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ ഉപയോഗസമയത്തിന് പരിധി നിശ്ചയിക്കുക. നിലവില്‍ ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്തി പരമാവധി രണ്ടു മണിക്കൂര്‍ ആയി ചുരുക്കുക. ഫോണ്‍ സൈലന്റ് മോഡ് ആക്കുക, റീല്‍സ് / ഷോര്‍ട്‌സ് ഒഴിവാക്കുക, നോട്ടിഫിക്കേഷന്‍ ഓഫ് ആക്കുക. പതുക്കെ ചെയ്യേണ്ട കാര്യങ്ങള്‍ കൂടുതലായി ചെയ്യാന്‍ ശ്രമിക്കുക ധ്യാനം, യോഗ മുതലായ കാര്യങ്ങളില്‍ ഏര്‍പ്പെടുക, പ്രകൃതിസൗന്ദര്യം ആസ്വദിക്കുക. ശ്രദ്ധ ആവശ്യമുള്ള ജോലികള്‍ ദിവസേന 25 – 30 മിനിറ്റെങ്കിലും ചെയ്യുക. ആ സമയങ്ങളില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. രാത്രിയില്‍ ആറുമണിക്കൂറെങ്കിലും ഉറങ്ങുക. കിടപ്പുമുറിയിലും ഊട്ടുമുറിയിലും ഫോണ്‍ കൊണ്ടുപോകാതിരിക്കുക.

മെഡിക്കല്‍ സഹായം ആവശ്യമാണോ?

ഗുരുതരമായ ഏകാഗ്രതക്കുറവ്, അമിതമായഉത്കണ്ഠ, സോഷ്യല്‍മീഡിയ അടിമത്തം തുടങ്ങിയ ലക്ഷണങ്ങള്‍ ഒന്നു രണ്ടു മാസത്തിനുള്ളില്‍ മെച്ചപ്പെടാതിരുന്നാല്‍ മനഃശാസ്ത്ര വിദഗ്ധരുടെ (Psychiatrist / Psychologist) സഹായം തേടേണ്ടതാണ്. പോപ്‌കോണ്‍ ബ്രെയ്ന്‍ സിന്‍ഡ്രോം ആധുനിക ഡിജിറ്റല്‍ സംസ്‌കാരത്തിന്റെ ഒരു അദൃശ്യ ശത്രുവാണ്. ഇത് ശരിയായ രീതിയില്‍ തിരിച്ചറിയുകയും ഡിജിറ്റല്‍ മാധ്യമങ്ങള്‍ ശരിയായും മിതമായും ഉപയോഗിക്കുകയും ചെയ്താല്‍ പൂര്‍ണമായും നിയന്ത്രിക്കാവുന്ന ഒരു അവസ്ഥയാണിത്. യാഥാര്‍ഥ ജീവിതത്തിന്റെ മന്ദഗതിയുടെ സൗന്ദര്യം തിരിച്ചുപിടിക്കാന്‍ ഡിജിറ്റല്‍ നിയന്ത്രണവും മനസ്സിന്റെ പരിശീലനവും അനിവാര്യമാണ്.

Shaleena

ഡോ. സി. ശാലീന CSN

Related Articles