ഒരു ആര്‍മി പരിശീലന ക്യാമ്പാണ്. സൈനികര്‍ക്കു വേണ്ടി യുദ്ധസമാനമായൊരു മത്സരം നടക്കുകയാണ്. തെരുവിലെ പല കോണുകളില്‍ ഒളിച്ചിരിക്കുന്ന അക്രമിവേഷധാരികളെ വെടിവച്ചു വീഴ്ത്തി മുന്നേറണം എന്നതായിരുന്നു അവര്‍ക്ക് കിട്ടിയ നിര്‍ദേശം. എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ഒരു യോദ്ധാവ്
വളരെ ലാഘവത്തോടെ അക്രമികളെ ഇല്ലാതെയാക്കി മുന്നോട്ടു പോവുകയാണ്. പെട്ടെന്നാണയാള്‍ കണ്ടത്… ഒരു പെണ്‍കുട്ടിയെ പ്രതിരോധമാക്കി അവളുടെ ശിരസ്സില്‍ തോക്കു ചൂണ്ടി നില്ക്കുന്ന ഒരു അക്രമി. ‘അവളെ വിടൂ’.. എന്നുപറഞ്ഞുകൊണ്ട് പതുക്കെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് അടുത്തേക്ക് വന്നതും അക്രമി തോക്ക് തിരിച്ച് അയാളെ വെടിവച്ചു വീഴ്ത്തുന്നു…
അങ്ങനെ ഗെയിമില്‍ ആ സോള്‍ജിയര്‍ പരാജയപ്പെടുന്നു. എല്ലാം കണ്ടുനിന്ന കമാന്‍ഡര്‍ വല്ലാത്ത പരിഹാസത്തോടെ ചോദിക്കുന്നുണ്ട്… ‘അവളെ വെറുതെ വിടൂ… എന്നു പറഞ്ഞ് സഹാനുഭൂതി കാണിക്കാന്‍ അവള് നിനക്ക് ആരാണ്?… നീ ഒരു പട്ടാളക്കാരനാണെന്ന കാര്യം മറന്നു പോയോ?’… ‘അക്രമി അവളെ ബന്ദിയാക്കി നിര്‍ത്തിയതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാനായില്ല’ എന്നൊരു ന്യായം ആ പട്ടാളക്കാരന് പറയുന്നുണ്ട്. എന്നാല്‍, കമാന്‍ഡര്‍ ആ വാദത്തെ അംഗീകരിച്ചില്ല, ‘നമ്മള് ബന്ധികളെ മോചിപ്പിക്കുന്ന സംഘമൊന്നുമല്ല. കൊല്ലുന്ന യോദ്ധാക്കളാണ്. അക്രമികളെ ഇല്ലാതാക്കുക എന്നതു മാത്രമാണ് നമ്മുടെ മിഷന്. അതിനു തടസ്സംനില്ക്കുന്ന എല്ലാത്തിനെയും നീ തരണം ചെയ്യണമായിരുന്നു.’ അതുകേട്ട് അല്പം വിഷമത്തോടെ അയാള്‍ ആരായുന്നുണ്ട്.. ‘തോക്കു ചൂണ്ടപ്പെട്ട ആ 16 വയസ്സുള്ള പെണ്‍കുട്ടിയെ എങ്ങനെയാണ് ഒഴിവാക്കാനാവുക?’ ഭാവഭേദം തെല്ലുമില്ലാതെ കമാന്‍ഡര്‍ പറഞ്ഞു. ‘നീ ആദ്യം അവളെ വെടിവച്ചു വീഴ്ത്തണമായിരുന്നു. എന്നിട്ട് പിന്നിലുള്ള അക്രമിയെയും. ശേഷം വര്‍ധിതവീര്യത്തോടെ മറ്റുള്ളവരെ തിരഞ്ഞ് വീണ്ടും മുന്നോട്ടു പോകണമായിരുന്നു…’ ആ പട്ടാളക്കാരന് നിരാശയോടെ നിഷേധിച്ചു… ‘That’s murder….’ (അത് കൊലപാതകമാണ്) കമാന്‍ഡര്‍ ശാന്തനായി പ്രതികരിച്ചു… ‘No… It’s sur-vival….’ (അല്ല, അത് അതിജീവനമാണ്).
ഇത് ഈ ലോകത്തിന്റെ നിലപാടാണ്. അതിജീവനത്തിനുവേണ്ടി എന്തും ചെയ്യുന്ന സ്വാര്‍ഥമോഹികളുടെ നിലപാട്. റീല്‍സിന് റീച്ച് കിട്ടുവാന്‍ സഹയാത്രികനെ അപമാനിച്ച് ആത്മഹത്യയുടെ വക്കിലെത്തിക്കുന്നവരുടെ…. ജോലിയില്‍ പ്രമോഷന് കിട്ടുവാന്‍ സഹപ്രവര്‍ത്തകനെതിരെ ഏഷണിപറയുന്നവരുടെ… അധികാരത്തെ ചോദ്യം ചെയ്യുന്ന ജനവികാരത്തെ നിഷ്കരുണം ഇല്ലായ്മ ചെയ്യുന്നവരുടെ… സാമ്പത്തിക നേട്ടത്തിന് സുഹൃത്തിനെ കള്ളക്കേസില്‍ കുടുക്കുന്നവരുടെ… കാമുകനുവേണ്ടി കൈക്കുഞ്ഞിനെ ഉപേക്ഷിക്കുന്നവരുടെ… ഒരു തുണ്ടു സ്വര്‍ണം കവര്ന്നെടുക്കുവാന് വയോധികയുടെ കഴുത്ത് ഞെരിച്ചു കൊല്ലുന്നവരുടെയൊക്കെ മനോഭാവമാണത്… അതെ, സ്വന്തം നിലനില്‍പ്പിനപ്പുറം മറ്റൊന്നിനും വിലയില്ലാത്തതവരുടെ കാലമാണിത്. ഉളളില്‍ കരുണ വറ്റിയ, ഹൃദയത്തിന്റെ സ്ഥാനത്ത് കല്ലു മാത്രമുള്ള മനുഷ്യര്‍ പെരുകുന്ന കാലം.
അങ്ങനെ ഒരു മനുഷ്യനുണ്ട് പുറപ്പാട് പുസ്തകത്തില്‍. ഓരോ പ്രാവശ്യം ദൈവത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകുമ്പോഴും പ്രതിരോധിച്ച് കല്ലുപോലെ ഉറച്ചുനിന്നവന്‍. മറ്റാരുമല്ല, ഈജിപ്തിന്റെ അധിപനായ, ഇസ്രായേല്‍ ജനത്തിന്റെ അടിമത്തത്തിനു കാരണഭൂതനായ ഫറവോ. അവനെക്കുറിച്ച് 20 പ്രാവശ്യമെങ്കിലും ബൈബിള്‍ വിശേഷിപ്പിക്കുന്ന വര്‍ണനയാണിത്.. അവന് തന്റെ ഹൃദയം കഠിനമാക്കി. ഹൃദയകാഠിന്യം ഉള്ളവരുടെ ചെയ്തികളും, വിനാശവും എങ്ങനെയായിരിക്കുമെന്ന് മനസ്സിലാക്കുവാന്‍ ഫറവോയെ നിരീക്ഷിച്ചാല്‍ മാത്രം മതിയെന്നേ..
ഒന്നാമതായി ഹൃദയകാഠിന്യമുള്ളവര്‍ ദൈവനിഷേധികളായിരിക്കും, ഫറവോയെപ്പോലെ അവര്‍ ദൈവിക അധികാരത്തെ നിഷേധിക്കും. ഇസ്രായേല്‍ ജനത്തെ വിട്ടുതരണമെന്ന് ദൈവം കല്പിക്കുന്നു എന്ന് മോശ അറിയിച്ചപ്പോള്‍ ഫറവോയുടെ പ്രതികരണം ഇങ്ങനെയാണ്.. ‘ആരാണീ കര്‍ത്താവ്? അവന്റെ വാക്കുകേട്ടു ഞാന്‍ എന്തിന് ഇസ്രായേല്‍ക്കാരെ വിട്ടയയ്ക്കണം?….(പുറപ്പാട്5:2). കഠിനചിത്തരായ മനുഷ്യര്‍ ദൈവത്തെ അറിയാത്തവരും അനുസരിക്കാത്തവരുമാണ്. അഹന്തകൊണ്ട് സ്വയം ഇരുണ്ടുപോയവര്‍, ദൈവികശക്തിയെ വെല്ലുവിളിക്കുന്നവര്.
രണ്ടാമതായി അപരന്റെ വേദന കാണാനാകാത്ത വിധം ഹൃദയം മന്ദീഭവിച്ചവര്, അത്തരക്കാര്‍, ഫറവോയെപ്പോലെതന്നെ. തങ്ങളുടെ ജനത്തിന്റെ നോമ്പരങ്ങള്‍ മനസിലാകാത്ത മനുഷ്യര്‍.
അടിമത്തത്തിന്റെ നുകം വഹിച്ചുതളര്ന്ന ഇസ്രായേല്‍മക്കളുടെ ആകുലത ഫറവോ കണ്ടില്ല. സ്വന്തം ജനത്തെപ്പോലും അവന് അവഗണിച്ചു കളഞ്ഞു. ദൈവം അയച്ച മഹാമാരിയാല്‍ നദീജലം രക്തമായി മാറിയപ്പോള്‍ മത്സ്യങ്ങള്‍ ചത്തൊടുങ്ങുന്നു. നദി ദുര്ഗന്ധപൂര്ണമാകുന്നു. ഈജിപ്തുകാര്ക്കുപോലും ഏഴു ദിവസത്തോളം കുടിക്കുവാന്‍ ശുദ്ധജലം കിട്ടിയില്ല. അപ്പോഴും ഫറവോ കൂടുതല്‍ കഠിന ചിത്തനായി അതൊന്നും ഗൗനിക്കാതെ കൊട്ടാരത്തിലേക്ക് മടങ്ങിയെന്ന് തിരുവചനം. ഹൃദയകാഠിന്യം ഉള്ളവര്‍ എപ്പോഴും ഇങ്ങനെയാണ്. അവര്‍ അവരെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അപരന്റെ നൊമ്പരങ്ങള്‍ അവരെ അലോസരപ്പെടുത്തില്ല.
ശരിക്കും ഹൃദയം മാംസളമായ ഒന്നാണ്. സ്നേഹവും കരുണയും ദയയും കൊണ്ട് ജീവന് തുടിക്കേണ്ടയിടം.ജീവന്റെ തുടിപ്പുകളാണ് അതില്‍ സ്പന്ദിക്കേണ്ടത്. എന്നാലത് ജീവനറ്റ കല്ലുപോലെ കഠിനമായാല്‍ എന്ത് സംഭവിക്കും?
ഹൃദയ കാഠിന്യമുള്ളവര്‍ ദൈവസ്വരം കേള്‍ക്കില്ല, അവിടുത്തെ കല്പനകള് അനുസരിക്കില്ല, താക്കീതുകള്‍ ഗൗനിക്കില്ല. മനുഷ്യരുടെ വേദനകള്‍ കാണില്ല, ആരോടും കരുണകാണിക്കില്ല, അനേകരുടെ ക്ലേശങ്ങള്‍ക്ക് കാരണവുമാകും.
ഒടുവില്‍ അവര്‍ക്ക് എന്താണ് വരാനിരിക്കുന്നത്? ഫറവോയ്ക്ക് സംഭവിച്ചതുതന്നെ. സ്വയം ഹൃദയം കഠിനമാക്കി ദൈവത്തിന്റെ ശിക്ഷാവിധിയെ ചോദിച്ചു വാങ്ങിയവനാണ് ഫറവോ. കടിഞ്ഞൂല്‍ സന്തതിയുടെ മരണത്തിനും, സ്വജനത്തിന്റെ നാശത്തിനും കാരണക്കാരനായവന്. ദൈവത്തിന്റെ ക്രോധം നമ്മളിലേക്കും നമ്മളുടെ സന്തതികളിലേക്കും പ്രിയപ്പെട്ടവരിലേക്കും ചൊരിയപ്പെടാതിരിക്കാന് നമ്മുടെ കഠിനഹൃദയത്തെ മാംസളമാക്കണമെന്ന് പ്രാര്‍ഥിക്കാം. യേശുവിന്റെ തിരുഹൃദയത്തെ പ്രത്യേകം വണങ്ങുന്ന മാസമാണിത്. ഹൃദയം കയ്യിലെടുത്തുപിടച്ചുകൊണ്ട് അവിടുന്ന് ക്ഷണിക്കുകയാണ് – മനുഷ്യരെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ ഹൃദയം കണ്ടാലും! അത് നമുക്ക് വേണ്ടി മുറിവേറ്റ ഹൃദയമാണ്. യേശുവേ… അപരനുവേണ്ടി മുറിവേല്ക്കാന് മാത്രം സ്നേഹം ഞങ്ങളില്‍ നിറയ്ക്കണമേ. ആമേന്‍.

ജോനാഥ് കപ്പൂച്ചിൻ



