കൗണ്‍സലിങ്ങിനു വന്ന കുട്ടി സംസാരത്തിനിടയില്‍ ഒരു അഭിപ്രായം കൂടി പറഞ്ഞു: ”എന്റെ കൗണ്‍സലിങ്ങ് കഴിയുമ്പോള്‍ അപ്പനുകൂടി ഒരു കൗണ്‍സലിങ്ങ് കൊടുക്കണം കേട്ടോ.” ”അതെന്താ അങ്ങനെ?” അവന്റെ മറുപടി ഉടനെ ആയിരുന്നു. ”അപ്പന്റെ തീരുമാനത്തിനപ്പുറം ആരെങ്കിലും അഭിപ്രായം പറഞ്ഞാല്‍ പിന്നെ പണിപാളും. അപ്പന്‍ വിചാരിച്ചതേ വീട്ടില്‍ നടക്കൂ. അത് മാത്രമേ വീട്ടില്‍ നടത്തുകയുള്ളൂ. ഈ കാര്യത്തില്‍ വീട്ടില്‍ ഒരു മാറ്റം വരാന്‍ എന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ ഒന്ന് പ്രയോഗിച്ചുനോക്കൂ” എന്നതാണ് അഞ്ചാം ക്ലാസ്സുകാരന്റെ നര്‍മ്മം കലര്‍ത്തിയതും തൊണ്ട ഇടറിയതുമായ മറുപടി.
കുടുംബത്തില്‍ തീരുമാനമെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അപ്പന്റേതാണ് എന്നത് ഉചിതം. പക്ഷേ, ജീവിതപങ്കാളിയുടെയും, മക്കളുടെയും പങ്കാളിത്തവും, അഭിപ്രായങ്ങളും കൂടിച്ചേര്‍ന്നാല്‍ അത് ആരോഗ്യപ്രദമാകും. കുട്ടികളുടെ വളര്‍ച്ചയില്‍ കുടുംബത്തില്‍ നിന്ന് മാതാപിതാക്കളില്‍ നിന്ന് പഠിച്ചെടുക്കേണ്ട ഒരു കല തന്നെയാണ് പക്വമായ തീരുമാനങ്ങളും തിരുഞ്ഞെടുപ്പുകളും നടത്തുക എന്നത്.
കുടുംബാംഗങ്ങളുടെ വൈകാരിക തലത്തെ സ്വാധീനിക്കുന്നതാണ് ഒരുമിച്ചെടുക്കുന്ന തീരുമാനങ്ങള്‍. വീട്ടില്‍ ഓരോരുത്തര്‍ക്കും തങ്ങളുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും വെളിപ്പെടുത്താനും പ്രവര്‍ത്തിക്കുവാനുമുള്ള സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ അത് വൈകാരിക പക്വതയിലേക്ക് നയിക്കുന്നു. കുടുംബാംഗങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നു. കുട്ടിക്കാലം മുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ പഠിക്കുന്നു. അപ്പന്‍ അമ്മയുടെ അഭിപ്രായത്തെ മാനിക്കുന്നതും വിലമതിക്കുന്നതും കണ്ടു വളരുന്ന മക്കള്‍ അതു തങ്ങളുടെ കുടുംബത്തിലും അനുവര്‍ത്തിക്കുന്നു.
ഉദാഹരണത്തിന് കുട്ടികള്‍ അവരുടെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍മാതാപിതാക്കള്‍ക്കു അതിന്റെ ഗുണമേന്മകളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുവാനവസരം ലഭിക്കുന്നു. ഈ തീരുമാനപ്രക്രിയയിലൂടെയാണ് അഭിപ്രായ വ്യത്യാസങ്ങളും ആശയക്കുഴപ്പങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നും വീട്ടിലെ വരവിനനുസരിച്ച് ചെലവാക്കുവാനും പഠിക്കുന്നത്.
ഇന്നത്തെ അമ്മമാര്‍ കുടുംബം പോറ്റാന്‍ ഭര്‍ത്താവിനെപ്പോലെതന്നെ ജോലി ചെയ്യുന്നവളും സാമ്പത്തികമായി സമ്പാദിക്കുന്നവളുമാണ്. ഒരു സിനിമയ്ക്ക് പോകുവാന്‍, ബന്ധുവീട് സന്ദര്‍ശിക്കുവാന്‍, പാര്‍ക്കില്‍ പോകാന്‍, പുറത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയ ചെറിയ കാര്യങ്ങള്‍ മുതല്‍ സ്ഥലം വാങ്ങല്‍, ജോലിസാധ്യതകള്‍ തേടി പുറത്തുപോകല്‍, വീടുമാറല്‍ തുടങ്ങി വലിയ കാര്യങ്ങളിലും കുട്ടികള്‍ക്ക് പങ്കാളിത്തം നല്കുക. അവരുടെ തീരുമാനങ്ങള്‍ എപ്പോഴും ശരിയാവണമെന്നില്ല. സ്വീകരിക്കണമെന്നുമില്ല. എങ്കിലും ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ കുട്ടികളുടെ മനസ്സില്‍ അത് അവശേഷിപ്പിക്കും. ഒപ്പം തങ്ങള്‍ വീട്ടില്‍ പ്രധാനപ്പെട്ടവരാണ് എന്ന ബോധ്യം ലഭിക്കുന്നതിനും അതിടയാക്കും.
ഒറ്റയ്ക്ക് ചെയ്യുന്ന കുറേ കാര്യങ്ങളെക്കാള്‍ ഒരുമിച്ച് ചെയ്യുന്ന കുറച്ചു കാര്യങ്ങളാണ് കൂടുതല്‍ നല്ലത് എന്ന് കുട്ടികള്‍ പഠിക്കുന്നത് ഈ പങ്കാളിത്തത്തിലൂടെ ആണ്. കുടുംബാംഗങ്ങള്‍ പരസ്പരം അറിയുവാനും അതിലുപരി സ്‌നേഹത്തില്‍ വളരുവാനും ഇത് സഹായകമാണ്. അവിടെ ആണ്‍ കുട്ടിക്കോ പെണ്‍കുട്ടിക്കോ പ്രാധാന്യം എന്ന
പ്രശ്‌നം ഉദിക്കുന്നില്ല. എല്ലാവരും പരിഗണിക്കപ്പെടുന്ന, എല്ലാവര്‍ക്കും തുല്യ പ്രാധാന്യമുള്ള സമാധാനം നിറഞ്ഞ കുടുംബമായി അതു മാറുന്നു.
തീരുമാനങ്ങളില്‍ പങ്കുകാരാക്കുന്ന കുട്ടികളുടെ അഞ്ചു സവിശേഷതകള്‍
- താന്‍ അംഗീകരിക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുന്നത് വഴി കുടുംബത്തോടുള്ള സ്‌നേഹവും അവനവനില്‍ത്തന്നെയുള്ള ആത്മവിശ്വാസവും വര്‍ധിക്കുന്നു.
- നല്ല ഓര്‍മകള്‍ നിലനില്‍ക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയ്യാറാവുകയും ചെയ്യുന്നു.
- കാര്യങ്ങളെ വസ്തു നിഷ്ടമായി പഠിക്കുവാനും അനന്തരഫലങ്ങള്‍ മനസ്സിലാക്കി ശരിയായ തീരുമാനം എടുക്കുവാനും പ്രാപ്തരാക്കുന്നു.
- തീരുമാനങ്ങള്‍ എടുക്കുവാനും പ്രവര്‍ത്തികമാക്കുവാനും വിലയിരുത്തലുകള്‍ നടത്തി തെറ്റുകള്‍ തിരുത്തുവാനും പ്രാപ്തരാക്കുന്നു.
- അഭിപ്രായങ്ങളെ വിട്ടുകൊടുക്കുവാനും അപരനെ മാനിക്കുവാനും അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കുവാനും പഠിക്കുന്നു.

സി. ഡോ. പ്രീത CSN
സൈക്കോ തെറാപ്പിസ്റ്റ്,
ജീവന സൈക്കോ സ്പിരിച്വല്‍ സെന്റര്‍,
ചൊവ്വര.




