ഇതൊരു മകന്റെ കഥയാണ് ഒപ്പം അവന് എല്ലാമായിത്തീരുന്ന അവന്റെ അമ്മയുടെയും. വിശപ്പോ ദാഹമോ പോലും തിരിച്ചറിയാനാവാതെ, ചലനമറ്റ ശരീരവുമായി കിടക്കുന്ന നിഖിലെന്ന ആ 33 കാരനിലെ ജീവന്റെ സ്പന്ദനങ്ങള്‍ ഇന്നും വിലമതിക്കുന്ന ഒരമ്മയുടെ കഥ. ‘കര്‍ത്താവിന്നും ജീവിക്കുന്നു’ എന്ന അടിയുറച്ച അനുഭവത്തിലും വിശ്വാസത്തിലും ജീവിതത്തിലെ സകല പ്രതിസന്ധികളെയും അതിജീവിക്കുന്ന മകന്റെയും കഥ.
‘എടാ, ഇത് പൊളിയാണല്ലോ! ആ താക്കോലിങ്ങ് താ, ഞാനൊന്ന് കറങ്ങിയിട്ട് ഇപ്പത്തന്നെ വരാം.’ കൂട്ടുകാരന്റെ പോക്കറ്റില്‍നിന്ന് താക്കോല്‍ തട്ടിയെടുത്ത് ആവേശത്തോടെയാണ് നിഖില്‍ അന്ന് യാത്ര തിരിച്ചത്. എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ വഴിയരികിലെ പോസ്റ്റിലിടിച്ച് നിഖിലിന്റെ ബൈക്ക് അപകടത്തില്‍പെട്ടു എന്ന വാര്‍ത്തയാണറിഞ്ഞത്. ഓടിയെത്തിയ സുഹൃത്തുക്കള്‍ കണ്ടത്, അനക്കമില്ലാതെ കിടക്കുന്ന നിഖിലിനെയാണ്. കാല്‍വിരലിലെ ചെറിയൊരു പോറലില്‍ നിന്ന് മാത്രം ചോര പൊടിഞ്ഞിരിക്കുന്നു. ഒന്നും സംഭവിച്ചിട്ടുണ്ടാവില്ലെന്ന പ്രതീക്ഷയോടെയാണ് അവനെ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും, ഡോക്ടര്‍മാരുടെ പരിശോധനാഫലം ആ പ്രതീക്ഷകളെ തകര്‍ക്കുന്നതായിരുന്നു. നട്ടെല്ലിലെ സി 3 (ഇ3), സി 4 (ഇ4) കശേരുക്കള്‍ക്ക് ഗുരുതരമായ ക്ഷതം സംഭവിച്ചിരിക്കുന്നു.
പത്തൊമ്പതാം വയസ്സില്‍ ആരവങ്ങളുടെ ലോകത്തുനിന്ന് പിന്‍വാങ്ങാന്‍ ദൈവം അവനായി നീട്ടിയ ടോക്കണായിരുന്നു; ആ യാത്ര. ദിവ്യമായൊരു നിയോഗത്തിന്റെ തുടക്കം. ഇതൊരവസാനമല്ല, മറിച്ച് പുതിയൊരു ദൈവാനുഭവത്തിലേക്കുള്ള വാതിലാണെന്ന് നിഖില്‍ തിരിച്ചറിഞ്ഞു തുടങ്ങിയ പുതിയ നിയോഗത്തിന്റെ തുടക്കം.
മരണം കൊതിച്ച ദിനങ്ങള്‍
ആശുപത്രിച്ചുവരുകള്‍ക്കുള്ളില്‍ നിഖിലിന്റെ ലോകം അതോടെ ചുരുങ്ങി. കഴുത്തിനു താഴേക്ക് പൂര്‍ണ്ണമായും തളര്‍ന്ന അവന്, വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. സ്വന്തം കണ്ണീരുപോലും തുടയ്ക്കാന്‍ പരസഹായം തേടേണ്ടി വന്ന നിസ്സഹായത.
13 മാസക്കാലം നീണ്ട ആ വെന്റിലേറ്റര്‍ ജീവിതത്തെക്കുറിച്ച് നിഖില്‍ ഇങ്ങനെ ഓര്‍ക്കുന്നു: ‘പ്രതീക്ഷിക്കാന്‍ ഒന്നുമില്ലായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോലും പരസഹായം വേണ്ടിയിരുന്ന എന്റെ ഏക പ്രാര്‍ഥന ‘ദൈവമേ, എന്നെ ജീവിക്കാന്‍ അനുവദിക്കല്ലേ’ എന്നു മാത്രമായിരുന്നു.’
തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ നിഖിലിന് ഈ അപകടം നല്‍കിയ വേദന ചെറുതല്ലായിരുന്നു. നിഖിലിന് അപകടം സംഭവിക്കുന്നതിന് ഒരു മാസം മുന്‍പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് പിതാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായതേ ഉണ്ടായിരുന്നുള്ളൂ. തന്റെ ചികിത്സാച്ചെലവുകളും പരിചരണവും കുടുംബത്തെ സാമ്പത്തികമായി തകര്‍ക്കുമെന്ന ചിന്ത അവനെ മരണത്തിനായ് ആഗ്രഹിക്കാന്‍ നിര്‍ബന്ധിച്ചു.
ചുവരില്‍ കണ്ട ചിത്രം
തീവ്രപരിചരണവിഭാഗത്തിലെ യന്ത്രങ്ങള്‍ക്കും മരുന്നുകള്‍ക്കും ഇടയില്‍, ശരീരത്തെക്കാള്‍ ഉപരി മനസ്സു തളര്‍ന്നുപോയ നാളുകളായിരുന്നു നിഖിലിന്റേത്. മരണത്തിനുവേണ്ടി ദൈവത്തോടു കേണപേക്ഷിച്ച ആ ഇരുള്‍ നിറഞ്ഞ നാളുകളിലൊന്നില്‍, അവന്റെ ഹൃദയത്തെ ബലപ്പെടുത്തിയ ഒരത്ഭുതമുണ്ടായി.
‘ഞാന്‍ കിടന്നിരുന്ന ഐസിയുവിന്റെ ഭിത്തിയില്‍ ക്രിസ്തുവിന്റെ മുഖം ഞാന്‍ കണ്ടു. പതിവായി കണ്ടിട്ടുള്ള ക്രിസ്തുവിന്റെ ചിത്രങ്ങളിലെ മുഖമായിരുന്നില്ല അത്. ആ തിരുമുഖം കണ്ടതും എന്റെ ഉള്ളിലെ സങ്കടം തീര്‍ന്നുപോകുന്ന അനുഭവമായിരുന്നു. ‘എന്റെ കൂടെ കര്‍ത്താവുണ്ട്’ എന്ന ഉറപ്പില്‍ ഞാന്‍ എന്റെ സങ്കടങ്ങളില്‍നിന്നും മരണചിന്തകളില്‍ നിന്നും വിമുക്തനായി.’ പ്രതിസന്ധികളുടെ ആ ഇരുണ്ട ദിനങ്ങളെക്കുറിച്ച് നിഖില്‍ പങ്കുവച്ചു.
എന്റെ മാലാഖ
വരാനിരിക്കുന്ന ശസ്ത്രക്രിയയെക്കുറിച്ച് ഡോക്ടര്‍മാര്‍ നല്‍കിയ മുന്നറിയിപ്പുകള്‍ ഇപ്രകാരമായിരുന്നു: അനസ്‌തേഷ്യ നല്‍കിയാല്‍ മരണം സംഭവിക്കാം, അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കോമയിലായേക്കാം. ”ഞാന്‍ മരിച്ചോട്ടെ. കാരണം കര്‍ത്താവ് ഉണ്ടല്ലോ! പക്ഷേ, ഞാന്‍ കോമയിലായാല്‍, പാവം എന്റെ അമ്മ, അമ്മയെ കഷ്ടപ്പെടുത്തുന്നതിനെക്കാള്‍ മരണം മതിയെന്ന് ഞാന്‍ കര്‍ത്താവിനോട് പറഞ്ഞിട്ടുണ്ട്” എന്ന് നിഖില്‍ പറഞ്ഞു തീര്‍ക്കുമ്പോള്‍ 14 വര്‍ഷത്തോളമായി അവനരികില്‍ നിന്നും മാറാതെ സ്‌നേഹത്തോടെ ശുശ്രൂഷിക്കുന്ന അമ്മയോടുള്ള സ്‌നേഹം ആ മുഖത്ത് നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
തുടരെത്തുടരെയുള്ള പ്രതിസന്ധികളില്‍ കര്‍ത്താവില്‍ ആശ്രയിച്ച് മുന്നേറുന്ന ദൈവത്തിന്റെ മാലാഖയാണ് ആ അമ്മ. നിഖിലിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ‘മരണത്തില്‍ നിന്നും എന്നെ ദൈവത്തോട് ചോദിച്ചുവാങ്ങിയവളാണ് എന്റെ അമ്മ.’
ഇടത്തരം കുടുംബസാഹചര്യത്തില്‍ വെന്റിലേറ്റര്‍ ചികിത്സാച്ചെലവ് താങ്ങാനാവില്ലെന്ന് കണ്ടപ്പോള്‍, അത് സാവധാനത്തില്‍ മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഒരിക്കല്‍ ഡോക്ടര്‍ നിഖിലിന്റെ മാതാപിതാക്കളെ വിളിപ്പിച്ചു. ”ദൈവം സമയമാകുമ്പോള്‍ വിളിക്കട്ടെ സാറേ… അതുവരെ ഞങ്ങള്‍ അവനെ നോക്കും” എന്നായിരുന്നു അമ്മയുടെ മറുപടി. ‘ദൈവമേ, അവനൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും എനിക്കവന്റെ ജീവനെ വേണം. അവനെ പരിചരിക്കാനുള്ള കൃപകൂടി നീ എനിക്ക് തരണേ. എന്നായിരുന്നു എന്റെ ഏകപ്രാര്‍ഥന’ എന്ന അമ്മയുടെ വാക്കുകളില്‍ നിസ്വാര്‍ഥ സ്‌നേഹത്തിന്റെ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു.
പിടിച്ചുവാങ്ങിയ ജീവന്‍
നിഖിലിന്റെ നില അതീവ ഗുരുതരമായ ഒരു ദിനം. അവന്‍ മരണത്തോട് അടുത്തുവെന്ന് ഉറപ്പിച്ച ആശുപത്രി അധികൃതര്‍, അവസാനമായി കാണാന്‍ മാതാപിതാക്കളെ അനുവദിച്ചു. വൈകാതെ ആ പ്രഖ്യാപനവുമെത്തി – നിഖില്‍ യാത്രയായിരിക്കുന്നു. തകര്‍ന്നുപോയ അമ്മ, ഐസിയുവിന് പുറത്തിറങ്ങി തന്റെ കയ്യിലിരുന്ന ജപമാല വലിച്ചെറിഞ്ഞു. ‘നീ എന്റെ മോനെ എനിക്ക് തിരിച്ചു തന്നില്ലല്ലോ’ എന്ന് ദൈവത്തോട് പരിഭവം പറഞ്ഞു വിതുമ്പി.
അതീവ ദുഃഖത്തോടെ കരഞ്ഞിരുന്ന ആ അമ്മയുടെ തോളില്‍ അപ്പോള്‍ ആരോ തട്ടിയതുപോലെ! തിരിഞ്ഞു നോക്കിയപ്പോള്‍ ചുറ്റിലും ആരുമില്ല. എന്നാല്‍, ഒരു സ്ത്രീശബ്ദം തന്റെ ചെവിയില്‍ മന്ത്രിക്കുന്നത് അവള്‍ അറിഞ്ഞു: ‘നീ പോയി ആ ജപമാല എടുക്കൂ… നിന്റെ മകനെ ഞാന്‍ തിരിച്ചുതരും.’
എല്ലാവരോടും മടങ്ങിപ്പോകാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും, ആ അമ്മ മാത്രം ഐ സി യുവിന് മുന്നിലിരുന്ന് ജപമാല ചൊല്ലാന്‍ തുടങ്ങി. മൂന്നാമത്തെ രഹസ്യം ചൊല്ലിത്തീരുമ്പോഴേക്കും, ഡ്യൂട്ടി കഴിഞ്ഞ് പോയ ഡോക്ടര്‍ അപ്രതീക്ഷിതമായി നിഖിലിന്റെ അരികിലേക്ക് ഓടിയെത്തുന്നത് അവര്‍ കണ്ടു. മൃതദേഹം വിട്ടുനല്‍കാനുള്ള നടപടികളാണെന്ന് കരുതി സങ്കടത്തോടെ പ്രാര്‍ഥന തുടര്‍ന്ന അമ്മയെ ഞെട്ടിച്ചുകൊണ്ട് ഡോക്ടര്‍ പുറത്തുവന്നു. മരുന്നുകളുടെ ഒരു ലിസ്റ്റ് ആ കയ്യില്‍ ഏല്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. വീട്ടിലെത്തിയ എനിക്ക് നിഖിലിനെ ഒന്നുകൂടി പരിശോധിക്കാന്‍ ഉള്ളില്‍ നിന്നൊരു പ്രേരണ തോന്നി വന്നതാണ് ഞാന്‍.’
മരണത്തിന്റെ തണുപ്പിലേക്ക് മാഞ്ഞുപോയ നിഖിലിന്റെ ജീവനെ ആ അമ്മയുടെ കണ്ണീരും പ്രാര്‍ഥനയും കണ്ട ദൈവം ആ കരങ്ങളില്‍ത്തന്നെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.
കൂടെയുള്ള ദൈവം
”കര്‍ത്താവ് ഇന്നും ജീവിക്കുന്നു എന്നതിന് എന്റെ ജീവിതത്തെക്കാള്‍ വലിയൊരു സാക്ഷ്യം നല്‍കാനില്ല” എന്നാണ് നിഖിലിന്റെ വാക്കുകള്‍. അവന്റെ ജീവിതം ഒരുപാട് അനുഭവങ്ങള്‍കൊണ്ട് അതിന് സാക്ഷ്യം നല്‍കുന്നു.
ഒരിക്കല്‍ ശരീരത്തിലെ അസ്വസ്ഥതകള്‍ കൃത്യമായി മനസ്സിലാക്കാനാകാത്ത നിഖിലിന്റെ കണ്ണുകള്‍ മറഞ്ഞു തുടങ്ങിയപ്പോഴാണ്, അവന്‍ വലിയൊരു അപകടഘട്ടത്തിലാണെന്ന് അമ്മ തിരിച്ചറിഞ്ഞത്. യൂറിന്‍ ട്യൂബിലുണ്ടായ അണുബാധ കിഡ്‌നിയെ ബാധിക്കുകയും അത് രക്തത്തില്‍ പടരുകയും (Infection) ചെയ്തതോടെ നിഖിലിന്റെ നില അതീവ ഗുരുതരമായി. രക്തസമ്മര്‍ദം (BP) അപകടകരമായ രീതിയില്‍ താഴ്ന്നുപോയി.
ബി പി ഉയര്‍ത്താനായി നല്‍കുന്ന തീവ്രതയേറിയ മരുന്നുകള്‍ കൈകളിലെ ഞരമ്പിലൂടെ നല്‍കുന്നത് ഫലിക്കാതെ വന്നപ്പോള്‍, ഡോക്ടര്‍മാര്‍ കഴുത്തിലെ പ്രധാന ഞരമ്പിലൂടെ മരുന്ന് നല്‍കാന്‍ നിര്‍ദേശിച്ചു. എന്നാല്‍, നിഖിലിന്റെ തൊണ്ടയില്‍ ട്യൂബ് (Tracheostomy) ഇട്ടിട്ടുള്ളതിനാല്‍ കഴുത്തിലൂടെ മരുന്ന് നല്‍കുന്നത് അണുബാധയ്ക്ക് കാരണമായേക്കാമെന്നും അത് അമ്മയെ കൂടുതല്‍ കഷ്ടപ്പെടുത്തുമെന്നും കരുതി നിഖില്‍ അത് നിരസിച്ചു. ‘കര്‍ത്താവുണ്ടല്ലോ, കഴുത്തിലൂടെ മരുന്ന് കയറ്റേണ്ട’ എന്ന അവന്റെ ഉറച്ച തീരുമാനത്തിന് മുന്നില്‍, ‘എങ്കില്‍ ദൈവം തന്നെ നോക്കട്ടെ’ എന്നു പറഞ്ഞ് അല്പം നീരസത്തോടെ ഡോക്ടര്‍മാര്‍ മടങ്ങി.
ആ നിമിഷം നിഖില്‍ തന്റെ സങ്കടം പറഞ്ഞ് റെജി എന്ന സഹോദരനെ വിളിച്ച് ഏതാനും നിമിഷങ്ങള്‍ പ്രാര്‍ഥിച്ചു. ‘കര്‍ത്താവേ, എന്റെ അമ്മയെ ഇനിയും ബുദ്ധിമുട്ടിക്കരുതേ…’ അത്ഭുതമെന്ന് പറയട്ടെ, മിനിറ്റുകള്‍ക്കുള്ളില്‍ മരുന്നുകളില്ലാതെ തന്നെ അവന്റെ രക്തസമ്മര്‍ദം സാധാരണ നിലയിലേക്കുയര്‍ന്നുകൊണ്ടിരുന്നു. ശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം, ദൈവം നിഖിലിനൊപ്പമുണ്ടെന്ന് സാക്ഷ്യം പകര്‍ന്ന അനുഭവങ്ങളിലൊന്നായിരുന്നു അത്.
അണ്‍ സങ് ഹീറോ
നിഖില്‍ എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ വാക്കുകള്‍ക്ക് ഇന്ന് ലോകം കാതോര്‍ക്കുമ്പോള്‍, ആ ശബ്ദത്തിന് കരുത്തുപകരുന്നതിനുപിന്നില്‍ അവന്റെ അമ്മയ്ക്ക് വലിയ സ്ഥാനമുണ്ട്. വിശപ്പോ ദാഹമോ പോലും തിരിച്ചറിയാനാവാത്ത മകനെ സമയാസമയങ്ങളില്‍ അന്നമൂട്ടി ആ അമ്മ അരികിലുണ്ട്. 14 വര്‍ഷമായി നിഖിലിന്റെ ചലനമറ്റശരീരത്തിന് കാവലിരിക്കുന്ന അവര്‍, ഒരു വിളിപ്പാട് ദൂരത്തിനപ്പുറം എങ്ങും പോയിട്ടില്ല.
കാന്‍സര്‍ രോഗത്തിന്റെ ഗുരുതരഘട്ടത്തില്‍ കിടപ്പിലായ ഭര്‍ത്താവിനെക്കൂടി നിഖിലിനൊപ്പം ഒരുപോലെ പരിചരിക്കേണ്ടി വന്ന രാപകലുകളില്‍ അവര്‍ക്ക് സ്വന്തം ഉറക്കം പോലും അന്യമായിരുന്നു. ഭര്‍ത്താവിന്റെ വേര്‍പാടിലും പതറാതെ, ദൈവത്തിലുള്ള വിശ്വാസം മുറുകെപ്പിടിച്ച് അവര്‍ മകന് വേണ്ടി നിലകൊണ്ടു. നിഖിലിന് എപ്പോള്‍ വേണമെങ്കിലും വരാവുന്ന ശാരീരിക അസ്വസ്ഥതകള്‍ പരിഗണിച്ച് ആശുപത്രിക്ക് തൊട്ടടുത്തുള്ള ഒരു വാടകവീട്ടിലേക്ക് അവര്‍ 14 വര്‍ഷം മുന്‍പ് തന്റെ ലോകം ചുരുക്കിയതാണ്. നിഖില്‍ ഇന്ന് സംസാരിക്കുന്ന ഓരോ വാക്കും ആ അമ്മയുടെ ത്യാഗത്തിന്റെ ഫലം കൂടിയാണ്.
തളര്‍ന്ന ശരീരവും തളരാത്ത മനസ്സും
തളര്‍ന്ന ശരീരവുമായി ജീവിതത്തിന്റെ പതിനാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും, നിഖിലിന്റെ വാക്കുകള്‍ക്ക് ഇപ്പോഴുംആത്മവീര്യത്തിന്റെ കരുത്തുണ്ട്. തളര്‍ന്നുപോയ അനേകരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ നിഖിലിന്റെ വാക്കുകള്‍ക്ക് ഇന്നുംകഴിയുന്നു. ഏതു പ്രതിസന്ധിയിലും കര്‍ത്താവ് കൂടെയുണ്ടെന്ന ഉറച്ച വിശ്വാസം അവന്‍ തന്റെ ജീവിതംകൊണ്ട് ലോകത്തോട് വിളിച്ചു പറയുകയാണ്. യുവത്വത്തിന്റെ അമിതവേഗതയില്‍ ജീവന്‍ പൊലിയാതിരിക്കാന്‍, ട്രാഫിക് പൊലീസുമായി കൈകോര്‍ത്ത് അവന്‍ നടത്തുന്ന ബോധവത്ക്കരണങ്ങള്‍ വെറുമൊരു ഉപദേശമല്ല; മറിച്ച്, തന്റെ ജീവിത സാക്ഷ്യമാണ്.
സി. നിമിഷ റോസ് CSN



