അത്രമേല്‍ പ്രിയപ്പെട്ട അമ്മയുടെ ശവമഞ്ചത്തിനരികില്‍ സജലമാകാത്ത മിഴികളോടെ പ്രാര്‍ഥന ഉരുവിട്ടുകൊണ്ടിരിക്കാന്‍ ആര്‍ക്കാണ് കഴിയുക? എന്നാല്‍, 2025 ഫെബ്രുവരി 5 ന് ആ കാഴ്ച അനേകരുടെ കണ്ണുകളെ ഈറനണിയിച്ചു. താന്‍ ഭൂമിയിലെ താത്കാലിക അമ്മ മാത്രമാണെന്ന് പറഞ്ഞു പഠിപ്പിച്ച് ദൈവത്തെയും സ്വര്‍ഗത്തെയും മാത്രം നോക്കി വളരാന്‍ മക്കളെ പരിശീലിപ്പിച്ച ഒരമ്മയുടെ ജീവിതഗാഥയാണിത്. ശരീരത്തിന്റെ പത്തോളം ഭാഗങ്ങളില്‍ ഒന്നൊന്നായി പിടിമുറുക്കിയ കാന്‍സറിനോ, തുടരെത്തുടരെയുള്ള 17 ഓളം വരുന്ന സര്‍ജറികള്‍ക്കോ, കീമോതെറാപ്പികള്ക്കോ, റേഡിയേഷനുകള്ക്കോ മുമ്പില്‍ തോറ്റുകൊടുക്കാതെ, കര്‍ത്താവിന്റെ വചനത്തില്‍ മാത്രം പ്രത്യാശയര്‍പ്പിച്ച് ജീവിച്ച, ജോയ്സി ജെയ്സണ്‍ എന്ന തൃശ്ശൂര്‍ വരാക്കര സ്വദേശിനിയായ, പരീക്ഷകളെ സാക്ഷ്യങ്ങളാക്കിയ ഒരു അമ്മയുടെ കഥ!
2020 ലെ ഒരു സായാഹ്നം
മൂന്നു വയസ്സുള്ള കുഞ്ഞു ജസീക്കയുടെ കുസൃതികളെ ആസ്വദിച്ചുകൊണ്ട് വീട്ടുജോലികളിലും പഠനത്തിലുമൊക്കെയായിരുന്നു പതിനൊന്നാം ക്ലാസുകാരിയായ ജൂലിയ റോസും പത്താം ക്ലാസുകാരി ജോവാന് മരിയയും എട്ടാം ക്ലാസുകാരന് ജോഷ്വയും ആറാം ക്ലാസുകാരി ജിയന്ന തെരേസും. അപ്പോഴാണ് ആശുപത്രിയില്‍ നിന്നും മാതാപിതാക്കളായ ജോയ്സിയും ജെയ്സണും എത്തുന്നത്. അമ്മയെ കണ്ട സന്തോഷത്തില്‍ ഓടിയെത്തിയ കുഞ്ഞു ജസീക്കയെ താലോലിച്ചുകൊണ്ട് ഡൈനിംഗ് ടേബിളില്‍ ഇരുന്ന അവരിരുവരും, മക്കളോട് ഒരു കാര്യം വെളിപ്പെടുത്തി. ‘അമ്മയ്ക്കു കാന്‍സര്‍ ആണ് കേട്ടോ’.
”അപ്രതീക്ഷിതമായ സഹനങ്ങള്‍ അനുവദി
ക്കുമ്പോള് അതിനു പുറകില്‍ ദൈവത്തിന് ഒരു പദ്ധതിയുണ്ട് എന്ന് പലപ്പോഴും പറയാറുള്ള അപ്പയുടെയും അമ്മയുടെയും വാക്കുകളാണ് കാന്‍സര്‍ എന്നു കേട്ടപ്പോള്‍ ഞങ്ങളുടെ മനസ്സിലൂടെ പോയത്. പിന്നെ അവരുടെ സന്തോഷമുള്ള മുഖം കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ഭയമോ സങ്കടമോ ഒന്നും തോന്നിയില്ല”. ജൂലിയ പങ്കുവച്ചു.
ആദ്യം വചനം, പിന്നെ മുലപ്പാല്‍
”ഓരോ കുഞ്ഞിനെയും ദൈവം ഉദരത്തില്‍ വച്ചുതന്നിട്ടുണ്ടെന്ന് അറിയുന്ന ദിവസം മുതല്‍, ജോയ്സി ഉല്പത്തി പുസ്തകം തുടങ്ങി വചനം വായിക്കാന്‍ ആരംഭിക്കും. 9 മാസം പൂര്‍ത്തിയാകുന്നതോടുകൂടി വെളിപാട് പുസ്തകവും പൂര്‍ത്തിയായിരിക്കും. ഞങ്ങളുടെ ഓരോ കുഞ്ഞും സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ചു കേട്ടതിനുശേഷമാണ് ഈ ഭൂമിയിലേക്ക് പിറന്നു വീണിട്ടുള്ളത്” ജെയ്സന് പങ്കുവച്ചു.
ഇരുപത്തിയഞ്ചു പ്രാവശ്യത്തോളം സമ്പൂര്‍ണ്ണ ബൈബിള്‍ വായിച്ചു കഴിഞ്ഞിട്ടുള്ള ജോയ്സിക്ക് മുലപ്പാലിനു മുമ്പുതന്നെ മക്കളെ വചനം ഊട്ടണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മക്കള്‍ ഓരോരുത്തര്‍ക്കും ഓരോ സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തമായി നല്കി. ഒപ്പം വചനം എഴുതി പഠിക്കാന്‍ ഒരു നോട്ട് പുസ്തകവും.
ജീവനെ വലിയ ആദരവോടെ കണ്ടിരുന്ന ജോയ്സി തന്റെ അഞ്ചു മക്കള്‍ക്കും ജന്മം നല്‍കിയത് സിസേറിയനിലൂടെയായിരുന്നു. ദൈവത്തെയും അവിടുത്തെ വചനത്തെയും, ജീവിതത്തിലും തീരുമാനങ്ങളിലും സഹനങ്ങളിലും മുറുകെപ്പിടിച്ച ആ അമ്മ അവര്‍ക്ക് ഉറപ്പുള്ള ഒരു വഴികാട്ടി കൂടിയായിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന മകന് ജോഷ്വായുടെ വാക്കുകള്‍: ”അമ്മ ഒരു കാര്യം ‘NO’ പറഞ്ഞാല്‍ പിന്നെ, അതിന് പുറകെ പോയി വെറുതെ സമയം കളയുന്നത് മിച്ചം”.
സഹന സ്നാനത്തില്‍ പതറാതെ നിന്നവള്‍
വചനത്തോട് എന്നും ആത്മബന്ധം പുലര്‍ത്തിയിരുന്ന ജോയ്സിയുടെ ജീവിതത്തില്‍ കാന്‍സര്‍ വിരുന്നിനെത്തും മുമ്പേ കര്‍ത്താവ് ‘വേദനകളുടെ ആരംഭ’ത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നല്‍കിയിരുന്നു. ജസീക്കമോള്ക്ക് ഏകദേശം മൂന്നുവയസ്സായിരിക്കുമ്പോഴാണ് ജോയ്സിയുടെ ബ്രസ്റ്റില് ഒരു മുഴ രൂപപ്പെട്ടിരിക്കുന്നത് ശ്രദ്ധിച്ചതും പരിശോധനകള്‍ക്ക് പോകുന്നതും. അതില്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ആദ്യം ഡോക്ടര്‍ തിരിച്ചയച്ചെങ്കിലും, ദൈവം നല്കിയ പ്രചോദനമനുസരിച്ച് ഡോക്ടറെ വീണ്ടും നിര്‍ബന്ധിച്ചു നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ്
മുഴ നീക്കം ചെയ്യുന്നതും തുടര്‍ന്ന് കാന്‍സര്‍ സ്ഥിരീകരിക്കുന്നതും. അപ്പോള്‍ ഗള്‍ഫിലായിരുന്ന ജെയ്സന് ജോലി അവസാനിപ്പിച്ച് നാട്ടിലെത്താനുള്ള കാര്യങ്ങളും കൊറോണയുടെ നാളുകളില്‍ ദൈവം ക്രമീകരിച്ചു.
ആദ്യത്തെ കാന്‍സറിന്റെ കീമോതെറാപ്പി കഴിഞ്ഞുകൊണ്ടിരിക്കവേയാണ് ജോയ്സിയുടെ തലയില്‍ ഒരു ട്യൂമര്‍ കണ്ടെത്തിയത്. അതിന്റെ സര്‍ജറിക്കും കീമോയ്ക്കുമിടയില് തലയുടെ മറ്റൊരു ഭാഗത്തും ട്യൂമര്‍ വന്നു. തുടര്‍ന്ന് ഓരോ സര്‍ജറിക്കും കീമോയ്ക്കുമൊടുവില്, ഇരുകാലുകളിലും ശ്വാസകോശത്തിലും മസിലിലും അസ്ഥിയിലുമൊക്കെയായി ശരീരത്തിന്റെ പത്തോളം ഭാഗങ്ങളില്‍ കാന്‍സര്‍ പിടിമുറുക്കിയപ്പോഴും ജോയ്സി പതറിയില്ല. 17 ഓളം വരുന്ന സര്‍ജറികളും 40 ല്‍ അധികം കീമോതെറാപ്പികളും റേഡിയേഷനുകളും അഭിമുഖീകരിച്ച ജോയ്സിക്ക് എപ്പോഴും പങ്കുവയ്ക്കാനുണ്ടായിരുന്നത് ദൈവാനുഭവങ്ങള്‍ മാത്രമായിരുന്നു.
”ദൈവം ജീവിതത്തില്‍ ഇടപെട്ടുതുടങ്ങിയാല് പിന്നെ ജീവിതത്തില്‍ ഒരു കുറവും ഉണ്ടാവില്ല. എന്റെ ട്യൂമറിനേക്കാള് വലുതാണ് എന്റെ തമ്പുരാന് എന്ന് എനിക്ക് മനസ്സിലായി. നമ്മുടെ ജീവിതത്തില്‍ എന്ത് battle ഉണ്ടായാലും അതിനെ Blessings ആക്കാനും നമ്മുടെ ഏതു test കളെയും testimony ആക്കാനും ദൈവത്തിനു കഴിയും എന്നും എന്റെ ജീവിതത്തിലൂടെ ദൈവം തെളിയിക്കുകയായിരുന്നു” എന്നായിരുന്നു സഹനങ്ങളുടെ നടുവിലും ജോയ്സിയുടെ വാക്കുകള്‍.
ഓരോതവണ സര്‍ജറിക്ക് വിധേയമാകുമ്പോഴും തമ്പുരാന് ഒരുക്കുന്ന പുതിയ ദൈവാനുഭവങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന ജോയ്സി, കടന്നുപോയ സഹനങ്ങള്‍ നിസ്സാരമായിരുന്നില്ല. ചില കീമോതെറാപ്പികളുടെ പാര്‍ശ്വഫലങ്ങളായി വായ മുതല്‍ മലദ്വാരം വരെയുള്ള ഭാഗങ്ങളിലെ ചര്‍മം നഷ്ടമായി വലിയ വേദനയിലൂടെ കടന്നു
പോകേണ്ടി വന്നിട്ടുണ്ട്. കാലിലെ കാന്‍സര്‍ മൂലം നടക്കാനാവാതെ വന്നതും ശ്വാസകോശകാന്‍സര്‍ സമ്മാനിച്ച വേദനയും വലുതായിരുന്നു. അപ്പോഴും പ്രത്യാശയുടെ പുഞ്ചിരിതൂകുന്ന മാലാഖയായിത്തന്നെ ജോയ്സി നിലകൊണ്ടു.
മരണംവരെ കര്‍ത്താവിനെ പ്രഘോഷിച്ചവള്‍
1977 ഏപ്രില്‍ 5 ന്, തൃശ്ശൂര്‍ വരന്തരപ്പിള്ളിക്കടുത്ത് പള്ളിക്കുന്ന് ഗ്രാമത്തില്‍, കുറിച്ചിപറമ്പില്‍ ജോസ്-മേരി ദമ്പതികളുടെ ഏകമകളായി, 13 വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ജോയ്സി ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നഴ്സിംഗ് പഠനം ആരംഭിച്ച കാലത്താണ് ജോയ്സി ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ ഭാഗമാകുന്നത്. നഴ്സുമാരുടെ പ്രാര്‍ഥനാ കൂട്ടായ്മകളിലും, തൃശ്ശൂര്‍ ജീസസ് യൂത്തിന്റെ നേതൃത്വത്തിലും മുന്നണിയില്‍ ഉണ്ടായിരുന്ന ജോയ്സി ആ നാളുകളിലാണ് ദൈവവചനത്തോടുള്ള അഗാധമായ പ്രണയത്തിലും, വചനം പങ്കുവയ്ക്കുന്നതിനുള്ള അതീവ താല്പര്യത്തിലും വളരുന്നത്.
വചനത്തോടുള്ള സ്നേഹവും താല്പര്യവും മരണംവരെയും മുറുകെ പിടിക്കാനും, ക്രിസ്തുവുമായി ചങ്ങാത്തത്തില്‍ ആകാനും, ആ പരിശീലനം ജോയ്സിയെ സഹായിച്ചു. 22 ഓളം ആശുപത്രികളില്‍ നഴ്സുമാര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനാ കൂട്ടായ്മകള്‍ക്ക് ആരംഭം കുറിക്കാന്‍ ജോയ്സിക്കും കൂട്ടുകാര്‍ക്കും കഴിഞ്ഞു. നഴ്സിങ് ഒരു ഉപജീവന മാര്‍ഗ്ഗം എന്നതിനപ്പുറം, ഒരു ദൈവവിളിയായി സ്വീകരിച്ച ജോയ്സി, ആജീവനാന്തം കണ്ടുമുട്ടുന്നവര്‍ക്കെല്ലാം ക്രിസ്തുവിനെ പകരാന്‍ ശ്രമിച്ചു.
മറയ്ക്കപ്പെടാത്ത ദീപം
ഇടപഴകിയവര്‍ക്കെല്ലാം എന്നുമൊരു പ്രചോദനവും മാതൃകയും വഴികാട്ടിയുമായിരുന്നു ജോയ്സി. വാഹനാപകടവുമായി ബന്ധപ്പെട്ട് ജോയ്സിയുടെ ഒരു സുഹൃത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആ സാഹചര്യത്തില്‍ അല്പം തുക കൈക്കൂലി കൊടുത്താല്‍ കേസില്‍നിന്ന് ഒഴിയാം എന്ന് പലരും ഉപദേശിച്ചപ്പോള്‍, ഒരു അന്തിമ തീരുമാനത്തിനായി ജോയ്സിയെ വിളിച്ചു. അപ്പോള്‍ ജോയ്സി പറഞ്ഞത്, ”ലിയോ, ജയിലില്‍ പോകേണ്ടിവന്നാലും നമ്മുടെ കര്‍ത്താവിനെ ഒറ്റിക്കൊടുത്തുകൊണ്ട് കൈക്കൂലി കൊടുക്കാന്‍ നമുക്ക് സാധിക്കില്ലല്ലോ” എന്നായിരുന്നു.
”എന്നില്‍ കുറച്ചെങ്കിലും നന്മയുണ്ടെങ്കില് അത് ജോയ്സി എന്ന എന്റെ കൂട്ടുകാരിയുടെ സൗഹൃദം മൂലമാണ്. അവളാണ് വചനം പഠിക്കാനും, പ്രാര്‍ഥിക്കാനും, സ്നേഹിക്കാനും, മറ്റുള്ളവരെ കേള്‍ക്കാനും എന്നെ പഠിപ്പിച്ചത്”, എന്നായിരുന്നു മറ്റൊരു സുഹൃത്തിന്റെ മൊഴി.
ഈശോയെ കണ്ണുംപൂട്ടി വിശ്വസിച്ചവള്‍
പെറ്റ്സ്കാന് എടുക്കുന്നതിനു മുമ്പുള്ള ഡൈ കുടിക്കുന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിയാമായിരുന്ന ജോയ്സി ഈശോയോട് ഇങ്ങനെ പരിഭവപ്പെട്ടു: ”ഈശോയെ, നിന്റെ കൂടെ സഹിക്കാന്‍ ഞാന്‍ തയ്യാറാണ്, പക്ഷേ നീ ഭൂമിയില്‍ ജീവിച്ചിരുന്ന കാലത്ത് ഈ പെറ്റ്സ്കാനൊന്നും കണ്ടുപിടിച്ചിട്ടില്ലല്ലോ, ഈ ലായനിയുടെ രുചി എന്തായാലും നിനക്കറിയാന്‍ സാധ്യതയില്ല”. ഇതിനു മറുപടിയായി മാര്‍ക്കോസ് 15:36 ഈശോ അനുസ്മരിപ്പിച്ചു ‘…നീര്‍പഞ്ഞി വിനാഗിരിയില്‍ മുക്കി ഒരു ഞാങ്ങണമേല്‍ ചുറ്റി അവന് കുടിക്കാന്‍ കൊടുത്തു’… ഈ ഓര്‍മ്മപ്പെടുത്തലോടെ, ഒരു പരാതിയും കൂടാതെയാണ് ജോയ്സി ആ ലായനി കുടിച്ചത്.
ലക്ഷക്കണക്കിന് രൂപയുടെ ചികിത്സ വേണ്ടിവന്ന ജോയ്സിയുടെ രോഗത്തിന് ദൈവം തന്നെയായിരുന്നു സാമ്പത്തികമായി എല്ലാം ക്രമീകരിച്ചത്. സമയാസമയങ്ങളില്‍ ഓപ്പറേഷനും മറ്റുമായി നാട്ടിലേക്ക് വരാന്‍ ജെയ്സന് കമ്പനിയില്‍ നിന്ന് അവധി കിട്ടിയതും, ഒടുവില്‍ കമ്പനി നല്കിയ വിസയില്‍ ജോയ്സിക്ക് ഗള്‍ഫില്‍ പോകാന്‍
കഴിഞ്ഞതും, അവിടെ ഹെല്‍ത്ത് കാര്‍ഡ് ശരിയായതും, എല്ലാം ദൈവപരിപാലനയാല്‍ തന്നെ. ഓരോ കീമോതെറാപ്പിക്കും വേണ്ട ഇന്‍ഷ്വറന്‍സ് പരിരക്ഷ അത്ഭുതകരമായ രീതിയിലാണ് ലഭിച്ചുകൊണ്ടിരുന്നത്. മരണത്തിന് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് ജോയ്സിക്ക് അനുവദനീയമായ ലിമിറ്റ് തീര്‍ന്നു എന്ന് ഇന്‍ഷ്വറന്‍സില്‍ നിന്നും അറിയിക്കുന്നതുപോലും.
പരിശുദ്ധ കുര്‍ബാനയെ സ്നേഹിച്ചവള്‍
”എത്രനാള്‍ ബോധപൂര്‍വം ഈശോയെ സ്വീകരിക്കാന്‍ എനിക്ക് സാധിക്കുമെന്ന് അറിയില്ല. കുറച്ചുനാളുകള്‍ക്ക് ശേഷം ട്യൂമര്‍ എന്റെ ബ്രെയിനിനെ ബാധിച്ചാല്‍ പൂര്‍ണ്ണ അറിവോടെ, ഈശോയെ സ്നേഹിച്ചുകൊണ്ട് അവിടുത്തെ സ്വീകരിക്കാന്‍ കഴിയാതെവരുമല്ലോ. അതുകൊണ്ട് എന്തു വേദന സഹിച്ചും ഞാന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും എന്നാണ് എന്റെ തീരുമാനം”. ഇതായിരുന്നു സര്‍ജറി കഴിഞ്ഞുവരുന്ന ദിവസങ്ങളില്‍പോലും പരി. കുര്‍ബാനയില്‍ സംബന്ധിച്ചിരുന്ന ജോയ്സിയുടെ വാക്കുകള്‍.
ഒരു ദിവസം വലിയ വേദനയോടെയായിരുന്നു പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത്. ഒട്ടും ശ്രദ്ധിക്കാനാവാതെ ക്രൂശിതരൂപത്തിലേക്ക് നോക്കിയ നിമിഷത്തെക്കുറിച്ച് അവള് പങ്കുവച്ചത് ഇപ്രകാരമായിരുന്നു: ”മോളേ, നീ എന്നെ ഒന്ന് നോക്ക്യേ, എന്റെ മുഖത്ത് വീണിരിക്കുന്ന മുടിയിഴകള്‍ മാറ്റുവാനോ രക്തത്തുള്ളികള്‍ തുടയ്ക്കുവാനോ സാധിക്കാത്ത വിധത്തില്‍ അവര്‍ എന്നെ ക്രൂശിച്ചിരിക്കുകയാണ്. എന്നാല്‍, നിന്റെ ഒരു കരം സ്വതന്ത്രമാണല്ലോ. അതുപയോഗിച്ച് വേദനയുള്ളിടത്ത് തൊടാനും, തലോടാനുമെല്ലാം സാധിക്കുമല്ലോ” എന്ന് ഈശോ സംസാരിച്ച നിമിഷം അവള്‍ക്കുണ്ടായിരുന്ന അസ്വസ്ഥതകള്‍ എല്ലാം മറന്നുകൊണ്ട് പരി.കുര്‍ബാനയില്‍ അതീവ സ്നേഹത്തോടെ പങ്കെടുക്കുവാന്‍ സാധിച്ചു.
ജീവിതത്തിലും ആശുപത്രികിടക്കയില്പോലും എപ്പോഴും ചേര്‍ത്തുപിടിച്ചിരുന്ന തിരുവചനം, ശവമഞ്ചത്തിലും ജോയ്സിയുടെ ഹൃദയത്തോട് ചേര്‍ത്തുവച്ചിരുന്നു. സഹനങ്ങളുടെ തീവ്രതയിലും അവസാന നിമിഷം വരെയും പതറിപ്പോകാതെ ക്രിസ്തുവിനെ മുറുകെപിടിച്ച ജോയ്സിയുടെ മരണം, ഇന്നും അനേകായിരങ്ങളില്‍ സ്വര്‍ഗത്തെക്കുറിച്ചുള്ള പ്രത്യാശ നല്കിക്കൊണ്ടിരിക്കുന്നു.
സി. നിമിഷ റോസ് CSN




