Wednesday, July 1, 2026

ദിശ മാറുന്ന സ്വപ്‌നങ്ങൾ

ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നീമ ബി എസ് സി നഴ്‌സിംഗിനു പോകാന്‍ ആഗ്രഹിച്ചെങ്കിലും പല കാരണങ്ങളാല്‍ ജനറല്‍ നഴ്‌സിംഗ്‌ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാലും കാണാനും കാര്യത്തിനും കൊള്ളാവുന്ന നീമയ്ക്ക് ജോലിക്കും കല്യാണത്തിനും വേണ്ടി അധികനാള്‍ കാത്തിരിക്കേണ്ടിവന്നില്ല. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ നവീന്‍ എന്ന ചെറുപ്പക്കാരനുമായി വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ത്തന്നെ അവള്‍ ഒരാഗ്രഹം പ്രകടിപ്പിച്ചു. കുട്ടികളൊക്കെ ആകുന്നതിനു മുമ്പ് പോസ്റ്റ് ബി എസ് സി പഠിക്കണം. കുറച്ചുകൂടി മെച്ചപ്പെട്ട ജോലിയില്‍ പ്രവേശിക്കണം. നവീന്‍ എല്ലാം സമ്മതിക്കുക മാത്രമല്ല, പഠനത്തിനു വേണ്ട എല്ലാ പിന്തുണയും നല്‍കി. അങ്ങനെ കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ഹൃദയഭാഗത്തു തന്നെയുള്ള ഒരു വലിയ നഴ്‌സിംഗ് കോളേജില്‍ അഡ്മിഷന്‍ റെഡിയായി. നവീന്‍തന്നെയാണ് ആവശ്യമുള്ളതെല്ലാം വാങ്ങി അവളെ അവിടെ കൊണ്ടുചെന്നാക്കിയത്.

നീമയുടെ പഠനം തരക്കേടില്ലാതെ മുന്നോട്ടുപോയി. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളില്‍ ചിലരൊക്കെ തന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും നവീന്‍ അവളുടെ ആഗ്രഹത്തെ അത്രയ്ക്ക് വിലമതിച്ചു. ഒരു സാധാരണ കൃഷിക്കാരനെന്ന നിലയ്ക്ക് ലീവോ ആരുടെയും അനുവാദമോ ഒന്നും ആവശ്യമില്ലാത്തതിനാല്‍ സാധിക്കുന്നിടത്തോളം എല്ലാ ആഴ്ചയും നീമയെ കാണാന്‍ നവീന്‍ കര്‍ണ്ണാടകയിലെ ഹോസ്റ്റലില്‍ എത്തും. കുറച്ചു നേരം വീട്ടുകാര്യങ്ങളൊക്കെ പറഞ്ഞിരുന്നിട്ട് തിരികെ വണ്ടി കേറും.

വിവാഹിതരായ മറ്റ് കൂട്ടുകാരുടെ ഭര്‍ത്താക്കന്മാരും അവിടെ വരാറുണ്ട്. അവര്‍ വന്നുകഴിഞ്ഞാല്‍ ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരികളെയൊക്കെ കൂട്ടി പുറത്തുപോയി ഫുഡ് അടിച്ച് പാര്‍ക്കിലൊക്കെ കറങ്ങി തിരികെ വരുന്ന രീതിയാണ്. തന്റെ ഭര്‍ത്താവിന് തീരെ പരിഷ്‌കാരമില്ല; നാട്ടിലെ കപ്പയും ചക്കയുമല്ലാതെ ഒന്നും പരിചയമില്ല; കൂട്ടുകാരികളുടെ കൂടെക്കൂടി സംസാരിക്കാനറിയില്ല… സാവധാനം നീമയുടെ മനസ്സില്‍ നവീന്‍ തീര്‍ത്തും പോരാത്തവനായി. പഠനകാലം പകുതി എത്തിയപ്പോഴേക്കും സമയാസമയം പണമയച്ചുകൊടുക്കുന്നതു മാത്രമായി നവീന്റെ ജോലി. കാര്യങ്ങള്‍ ഗ്രഹിക്കുന്നതനുസരിച്ച് അവളെ കാണാനുള്ള പോക്കുതന്നെ കുറഞ്ഞു. പഠനം കഴിഞ്ഞു വന്നപ്പോള്‍ മുതല്‍ അടുത്ത തന്റെ പദ്ധതികളെക്കുറിച്ചായിരുന്നു അവളുടെ ചിന്തയും സംസാരവും. വിദേശത്ത് പോകണം, സമ്പാദിക്കണം, കൃഷിയൊക്കെ നിര്‍ത്തി ഇനിയാണെങ്കിലും നവീനും എന്തെങ്കിലും പഠിച്ച് ജോലി വാങ്ങണം… അങ്ങനെ അവളുടെ മനോരാജ്യം ആകെ മാറി. ഇതിനോടൊന്നും യോജിക്കാനാവാതെ ഒരു കുപ്പിയിലെ എണ്ണയും വെള്ളവും പോലെ നവീന്റെ മനസ്സ് വേറിട്ടു നിന്നു. കുടുംബത്തിന്റെ സന്തോഷം, കുട്ടികള്‍, മാതാപിതാക്കളുടെ പരിചരണം തുടങ്ങിയവയൊന്നും അവളുടെ ചിന്താലോകത്ത് കടന്നുവരുന്നില്ലെന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമില്ലായിരുന്നു. അവളെ ആകുന്നത്ര മുറിപ്പെടുത്താതെതന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അധികം മുന്നോട്ടു പോകും മുമ്പേ ശാശ്വതമായ ഒരു പരിഹാരത്തിലേക്കെത്താന്‍ നവീന്‍തന്നെ മുന്‍കൈയെടുത്തു. വിവാഹമോചനം!

ഒരു കുടുംബം രൂപപ്പെടുന്നത് ദൈവത്തിന്റെ മനോമുകുരത്തിലാണ്. അവിടുത്തെ പദ്ധതികളോട് വെറുതെ സഹകരിക്കുക മാത്രമാണ് ദമ്പതികളുടെ കടമ. വി. ഗ്രന്ഥത്തില്‍ പറയുന്നതുപോലെ എല്ലാത്തിനും ഒരു സമയമുണ്ട്. ഓരോ കാലഘട്ടത്തിനും അതതിന്റെ രീതികള്‍ ഉണ്ട്. വിവാഹശേഷം പഠനം തുടരുന്നത് തെറ്റല്ല; പലപ്പോഴും ആവശ്യവുമാണ്. എന്നാല്‍, ഒരു വിവാഹിതയുടെ പക്വതയും ഉത്തരവാദിത്വവും ഇടപെടുന്ന എല്ലായിടത്തും മറ്റുള്ളവര്‍ പ്രതീക്ഷിക്കും എന്നത് ഓര്‍മ്മയില്‍ ഉണ്ടാകണം. ഒരു കുടുംബം ആരംഭിച്ചാല്‍ അതാണ് പരമപ്രധാനം. ദൈവം ചേര്‍ത്തുതന്ന വ്യക്തിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാനും ഈ സമ്മാനത്തിന് തനിക്കുള്ള അയോഗ്യതകള്‍ തിരിച്ചറിഞ്ഞ് അംഗീകരിക്കുവാനും ഇരുവര്‍ക്കും കഴിയുമ്പോഴാണ് ഭൂമിയില്‍ ഒരു കുടുംബം സ്വര്‍ഗമായി തീരുന്നത്. തന്റേതായ ഇഷ്ടങ്ങളും പദ്ധതികളും മാറ്റിവയ്ക്കണമെന്നില്ല. എന്നാല്‍, പരമപ്രധാനം അതല്ല എന്ന് മനസ്സിലാക്കണം. ശാരീരിക സാന്നിധ്യമില്ലാത്തപ്പോഴും തന്റെ പങ്കാളിയെ ഹൃദയത്തിലും മനസ്സിലും സദാ വഹിക്കുവാന്‍ കഴിയാതെപോയതാണ്‌ നീമയുടെ ജീവിതത്തിന്റെ പരാജയം.

ഇരുവരുടെയും കാഴ്ചപ്പാടുകളും സ്വപ്നങ്ങളും പങ്കുവയ്ക്കാനും പരസ്പരം ആലോചിച്ച് കാര്യങ്ങള്‍ ക്രമീകരിക്കാനുമൊക്കെ വിവാഹത്തിനു മുമ്പേതന്നെ അവസരങ്ങള്‍ ലഭ്യമാണിന്ന്. ഇരുവരുടേയും സ്വപ്നങ്ങള്‍ ഒരേ ചരടില്‍ കോര്‍ത്തിണക്കാന്‍കൂടി പഠിക്കേണ്ടിയിരിക്കുന്നു.

ആനി ജോസ്
സി. ആനി ജോസ് CSN 

 

Related Articles