Sunday, June 7, 2026

ഉത്തമഗീതത്തിലെ പ്രണയവും വാലന്റൈൻ ചിന്തകളും

”പുരുഷനും ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്ക്‌ ലജ്ജതോന്നിയിരുന്നില്ല” (ഉല്പത്തി 2:25).

ഉല്പത്തിപുസ്തകത്തില്‍ സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത്  അങ്ങനെയാണ്.  നിഷ്‌കളങ്കതയുടെയും, ആര്‍ജവത്വത്തിന്റെയും അകൃത്രിമമായ സഹജവാസനകളുടെയും, ഉദാത്തവും വിമലീകരിക്കപ്പെട്ടതുമായ അനുഭവങ്ങളുടെ സൂചനയായി നഗ്നതയെക്കുറിച്ച് വല്ലായ്മകള്‍ ഒന്നും തോന്നാത്ത ആദത്തിന്റെയും ഹവ്വായുടെയും ശുദ്ധതയെ പരാമര്‍ശിച്ചുകൊണ്ടാണ് സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത്.

എന്നാല്‍, പിന്നീട് വരുന്ന ഭാഗം മനുഷ്യന്റെ പതനത്തെക്കുറിച്ചുള്ള വിവരണമാണ്. അതിന്റെ പ്രത്യാഘാതത്തെ സൂചിപ്പിക്കുന്നതാകട്ടെ,”തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകള്‍ കൂട്ടിത്തുന്നി അവര്‍ അരക്കച്ച ഉണ്ടാക്കി” (ഉല്പത്തി3:7). ദൈവം സന്ദര്‍ശിക്കാനെത്തുമ്പോള്‍ പിന്നീട് ആദാമിനും, ഹവ്വയ്ക്കും നഗ്നത ഒരുപ്രശ്‌നമായിമാറുന്നു.അവര്‍ക്ക്’ലജ്ജ’ തോന്നുന്നു. ഭയം തോന്നുന്നു. ആദം ഭയപ്പെട്ടത് എന്താണ്; എന്തിനെയാണ്? തന്നെത്തന്നെയോ അതോ നഗ്നതയെയോ, അതോ ദൈവത്തേയോ? അന്നു മുതല്‍ ഇങ്ങോട്ട് മനുഷ്യന്റെ ധാര്‍മികതയിലും ചിന്താധാരകളിലും, സാമൂഹിക ജീവിതത്തിലും നഗ്നത ഒരു ‘പ്രശ്‌നമായി’ മാറുകയാണ്. നോഹിന്റെ മകനായ ഹാം ശപിക്കപ്പെട്ടവനാകുന്നത്  അപ്പന്റെ നഗ്നത കാണാന്‍ ഇടയായതുകൊണ്ടാണ് (ഉല്പത്തി 9:21-24).

പാപത്തിലേക്ക് വീണുപോകുന്ന മനുഷ്യന്റെ ബലഹീനതയും അപക്വതയും ചാപല്യവും ഒക്കെയായി നഗ്നതയുടെ നേര്‍ക്കുള്ള അവന്റെ സമീപനം മാറുന്നു. അതുകൊണ്ട്, പിന്നീട് നാം കാണുന്നത് ധാര്‍മിക നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുന്നതായിട്ടാണ്. നഗ്നത പിന്നീട് ലൈംഗികതയുമായി അഭേദ്യമായി ബന്ധപ്പെടുകയും, നഗ്നതയുടെ ദര്‍ശനത്തിന് കൃത്യമായ അതിര്‍വരമ്പുകള്‍ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു. ഉദാഹരണമായി ലേവ്യര്‍ 18:6-20, ലേവ്യര്‍ 20:10-21. പുറപ്പാട് 28:42 തുടങ്ങിയ ഭാഗങ്ങള്‍ കാണുക.

നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിച്ച വേലിക്കെട്ടിനുള്ളില്‍ ആയിരിക്കുമ്പോഴും, നഗ്നതയെയും ലൈംഗികതയെയും ചുറ്റിപ്പറ്റി വളര്‍ന്ന വികലമായ ധാരണകളില്‍ നിന്നും മനസ്സാക്ഷിയെ മോചിപ്പിക്കാനുള്ള ശ്രമം തുടരുന്നതായും ബൈബിളില്‍ കാണാം. തന്റെ വിവാഹരാത്രിയില്‍ മണിയറയിലേക്ക് പ്രവേശിക്കുന്ന തോബിയാസിന്റെ പ്രാര്‍ഥന കാണുക, ”കര്‍ത്താവേ ഞാന്‍ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല നിഷ്‌കളങ്കമായ പ്രേമത്താലാണ്” (തോബിയാസ് 8:7).

ദൈവവും, ഇസ്രായേല്‍ ജനവുമായുള്ളബന്ധത്തെ കാല്പനികതയുടെ ഭാവാവിഷ്‌കാരത്തില്‍ വര്‍ണിച്ച ഉത്തമഗീതം എന്നും കവിഹൃദയങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്. പ്രേമബദ്ധരായ സ്ത്രീയും പുരുഷനും തമ്മിലുള്ള സ്‌നേഹോക്തികളിലൂടെ ഈ ആത്മബന്ധം ആവിഷ്‌കരിക്കപ്പെടുന്നു. ആദിമക്രൈസ്തവരാകട്ടെക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായിട്ടാണ് ഉത്തമഗീതത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്.

സോളമന്റേത് എന്ന് ഒരു കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നതും, എന്നാലിന്ന് ബാബിലോണ്‍ പ്രവാസകാലത്തിനുശേഷം എഴുതപ്പെട്ടതെന്നും കരുതുന്ന ഉത്തമഗീതം യുവത്തിടമ്പുകളുടെ കേവല പ്രേമബന്ധങ്ങള്‍ക്കുമപ്പുറം സ്‌നേഹത്തിന്റെയും ലൈംഗികതയുടെയും ഉദാത്തമേഖലകളിലേക്കാണ്‌ നമ്മെ കൂട്ടിക്കൊണ്ട്‌പോവുന്നത്. മണവാട്ടിയുടെ സൗഭാഗ്യത്തെ മണവാളന്‍ വര്‍ണിക്കാനുപയോഗിക്കുന്ന മോഹന പദങ്ങളും, ഉപമാനങ്ങളും ഒരു കാല്പനിക വര്‍ണക്കൂട്ട് ഒരുക്കുന്നു എങ്കിലും 1-ാം ഗീതത്തില്‍ മണവാട്ടി തന്നെക്കുറിച്ച് തന്നെ പറയുന്നത് കേള്‍ക്കുക:”ജറുസലേം പുത്രിമാരെ ഞാന്‍ കറുത്തവളാണെങ്കിലും, കേദാറിലെ കൂടാരങ്ങള്‍ പോലെയും, സോളമന്റെ തിരശ്ശീലകള്‍ പോലെയും, അഴകുള്ളവളാണ്. ഞാന്‍ മങ്ങിയ നിറമുള്ളവളായതുകൊണ്ട് വെയിലേറ്റ്ഞാന്‍ ഇരുണ്ടുപോയതുകൊണ്ട് എന്നെ തുറിച്ചു നോക്കരുതേ” (ഉത്തമഗീതം 1:5). മാത്രമല്ല അവള്‍ പ്രേമാതുരയെന്നതുപോലെ വിരഹാര്‍ത്തയുമാണ്. (ഉത്തമ 3,1-2).

മാത്രമല്ല ഈ മണവാട്ടി അപമാനിതയും, പീഡിതയും മര്‍ദിതയും മുറിവേല്പിക്കപ്പെട്ടവളുമാണ് (5:7). എങ്കിലും തന്റെ പ്രിയനോടുള്ള സ്‌നേഹത്തില്‍ ആമഗ്നയാകുന്ന മണവാട്ടി ദുഃഖങ്ങളെ മറക്കുകയാണ്. ”ഞാനറിയാതെ എന്റെ ഭാവന എന്നെ രഥത്തില്‍ എന്റെ നാഥന്റെ അരികില്‍ ഇരുത്തി” (6:12).

ഇങ്ങനെ കറുത്തവളും (1:5) മനുഷ്യര്‍ തുറിച്ചു നോക്കിപ്പോകയും ചെയ്യുന്നവളും (1:16) വൃണിതയും, അപമാനിതയും, (5:7) ആയ ഒരുവളെ അവളുടെ പ്രിയന്‍ വിളിക്കുന്നത് ”സര്‍വാംഗസുന്ദരീ, അവികല” (4:7, 6:9) എന്നൊക്കെയാണ്. കളങ്കിതമായ ഒരു മനുഷ്യജന്മത്തിന്റെ ദൈവതിരുമുമ്പാകെയുള്ള അവസ്ഥയെ ഇതില്‍പരം യാഥാര്‍ഥ്യബോധത്തോടെയും, കാല്പനികമായും എങ്ങനെ അവതരിപ്പിക്കാനാകും.

മണവാട്ടിയാകട്ടെ തന്റെ ഹീനവും, അപമാനപൂര്‍ണവുമായ ദുരവസ്ഥയില്‍ പോലും തന്റെ പ്രിയന്റെ തന്നോടുള്ള സ്‌നേഹത്തില്‍ പൂര്‍ണമായ വിശ്വാസമുള്ളവളും, ജീവിതത്തെക്കുറിച്ച് ശുഭപ്രതീക്ഷയുള്ളവളുമാണ്.

മണവാളന്റെയും മണവാട്ടിയുടെയും നിഷ്‌കളങ്കവും നിര്‍മലവും ഉദാത്തവുമായ ഈ പരസ്പര പ്രേമം എല്ലാ മാനുഷികസഹനങ്ങളുടെയും മധ്യത്തില്‍ സ്‌നേഹത്തിന്റെ പൂമെത്ത തീര്‍ക്കുകയാണ്. വാക്കുകളുടെ ലാവണ്യത്തേക്കാള്‍, അവരുടെ പ്രേമത്തിന്റെ പവിത്രതയാണ്  ഇവിടെ ശ്രദ്ധേയം. മണവാട്ടി തന്റെ മണവാളനെ കൂട്ടിക്കൊണ്ട് പോകുന്നത് മണവറയിലേക്കല്ല, മറിച്ച് സ്വന്തം പെറ്റമ്മയുടെ സവിധത്തിലേക്കാണ്. ”അതാ എന്റെ പ്രാണപ്രിയന്‍,ഞാന്‍ അവനെ പിടിച്ചു.എന്റെ അമ്മയുടെ ഭവനത്തിലേക്ക്, എന്നെ ഉദരത്തില്‍ വഹിച്ചവളുടെ മുറിയിലേക്ക് കൊണ്ടുവരാതെ അവനെ ഞാന്‍ വിട്ടില്ല” (3:4), (8:2). അവള്‍ പിന്നീട് അവനെ ക്ഷണിക്കുന്നത് പ്രകൃതിയുടെ മടിത്തട്ടിലേക്കാണ്: ”എന്റെ പ്രിയനേവരൂ, നമുക്ക്‌ വയലിലേക്ക്‌ പോകാം; ഗ്രാമത്തില്‍ ഉറങ്ങാം; രാവിലെ നമുക്ക് മുന്തിരി
ത്തോട്ടത്തിലേക്ക് പോകാം. മുന്തിരി മൊട്ടിട്ടോ എന്ന് നോക്കാം” (7:11-12).

സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രേമം ലൈംഗികബന്ധത്തിന്റെ ഉന്മാദനിമിഷങ്ങളിലേക്ക് അല്ല പുരോഗമിക്കുന്നത്, മറിച് ഒരമ്മയുടെ സവിധത്തില്‍ വച്ചുപോലും ലജ്ജിക്കേണ്ട കാര്യമില്ല എന്നറിയുന്ന വിശുദ്ധമായ പ്രേമത്തിന്റെയും പറുദീസായില്‍ വച്ച് ആദാമും, ഹവ്വയും അനുഭവിച്ച പ്രകൃതിയോട് സമരസപ്പെട്ടിരുന്ന സംശുദ്ധമായ സ്ത്രീപുരുഷ ബന്ധത്തിന്റെയും, പവിത്രമായ തലങ്ങളിലേക്കാണ്. അതുകൊണ്ട് മണവാട്ടി ആഗ്രഹിച്ചുപോവുന്നത് ”നീ സഹോദരനായിരുന്നെങ്കില്‍ എന്റെ അമ്മയുടെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നവനെങ്കില്‍, പുറത്തുവച്ചും എനിക്ക് നിന്നെ ചുംബിക്കാമായിരുന്നു” (ഉത്തമഗീതം 8:1). ഈ സ്‌നേഹോക്തിയിലൂടെ  ഉത്തമഗീതത്തിലെ കമിതാക്കളില്‍ പലരും ആരോപിക്കുന്ന മാംസ നിബദ്ധമായ അനുരാഗത്തിന്റെ അവസാനകണികയും അപ്രത്യക്ഷമാകുന്നു.

എങ്കിലും ഏറ്റവും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന ബൈബിളിലെ ഗ്രന്ഥവുംഇതുതന്നെ. നമ്മുടെ മലയാള സിനിമകളില്‍ പലപ്പോഴും ഇക്കിളിപ്പെടുത്തുന്ന ഡയലോഗുകളായി ഉത്തമഗീതത്തിലെ വചനങ്ങള്‍ ഉപയോഗിക്കപ്പെടുകയും, തിരക്കഥാകൃത്തിന്റെ ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള അജ്ഞത പ്രകടമാകുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. മലയാളസാഹിത്യത്തിലെ നിരൂപകവ്യാഘ്രം എന്ന്‌ സ്വയം വിശേഷിപ്പിച്ചിരുന്ന, എം. കൃഷ്ണന്‍നായര്‍ സാര്‍ തന്നെ ഒരിക്കല്‍ കലാകൗമുദി ആഴ്ചപ്പതിപ്പിലെ തന്റെ ‘സാഹിത്യ വാരഫലം’ എന്ന പംക്തിയില്‍ സോളമന്റെ ഔചിത്യമില്ലായ്മയെ സരസമായി ഭര്‍ത്സിച്ചതും വായിക്കാനിടയായിട്ടുണ്ട്. ഉത്തമഗീതം8:9-ല്‍ മണവാട്ടിയുടെ സഹോദരന്മാര്‍ നടത്തുന്ന പരാമര്‍ശത്തിലെ ‘സ്തന’ പ്രയോഗമാണ് കൃഷ്ണന്‍നായര്‍ സാറിനെ പ്രകോപിപ്പിച്ചത്. ഉത്തമഗീതത്തിന്റെ ആത്മീയ ഭാവത്തെ ഉള്‍ക്കൊള്ളാനാകാത്തവര്‍ ക്കെല്ലാം ഇത്‌ വെറും തരംതാണ റൊമാന്റിക് സാഹിത്യമായിട്ടു മാത്രമേ കാണാനാവൂ.

ബൈബിള്‍ പതിവായി പാരായണം ചെയ്യുന്ന ‘ഭക്തരായ’ പല ക്രിസ്ത്യാനികളും ഉത്തമഗീതം ‘ഔചിത്യപൂര്‍വം’ ഒഴിവാക്കയോ, പരസ്യമായി വായിക്കാതിരിക്കയോ ചെയ്യുന്നു. പരസ്യമായി വായിക്കാന്‍ കൊള്ളാത്തത് പിന്നെന്തിന് രഹസ്യമായി വായിക്കുന്നു എന്ന ചോദ്യവും ബാക്കി നില്‍ക്കുന്നു.

ഒരിക്കല്‍ ഒരു പെണ്‍കുട്ടി എന്നെ സമീപിച്ച് ഒരു വലിയ തീരുമാനം അറിയിച്ചു.

”ഞാന്‍ ആത്മഹത്യ ചെയ്യുവാന്‍ പോകയാണ്.”

”കാരണം?” ”എന്നെകാണാന്‍കൊള്ളില്ല”എന്നതായിരുന്നു മറുപടി. നമ്മുടെ ഇന്നത്തെ യുവജനങ്ങളുടെ സൗന്ദര്യ സങ്കല്പം എന്താണ്. ആത്മാവ് നഷ്ടപ്പെട്ട സൗന്ദര്യത്തെ ഉപാസിക്കുന്ന യുവജനങ്ങള്‍ക്ക്  ആത്മഹത്യയെക്കുറിച്ചുള്ള ചിന്തയും, നിരാശാബോധവും കൂട്ടാകുന്നതില്‍ അത്ഭുതമുണ്ടോ? ഉത്തമഗീതം, ‘ഔചിത്യപൂര്‍വം’
മാറ്റി വയ്ക്കപ്പെടേണ്ടതല്ല. ഇന്നത്തെ യുവജനങ്ങള്‍ക്ക് ഉള്ള പ്രേമഗീതമാണ്; ആത്മീയമായ ഉണര്‍ത്തുപാട്ടാണ്; പാകതയുള്ള പ്രേമത്തിന്റെ കാല്പനിക സൗന്ദര്യമാണ്. അവരുടെ ജീവിതത്തിന്റെ വേദപാഠത്തറയിലിരുന്ന് അവര്‍ വായിച്ച് ധ്യാനിക്കേണ്ട വേദഭാഗമാണ്.

എന്നാല്‍, ഉത്തമഗീതം 7-ാം അധ്യായത്തില്‍ കാണുന്ന മണവാട്ടിയുടെ അംഗപ്രത്യംഗവര്‍ണന സഭ്യതയ്ക്കു  എതിരായി പലരും കാണുന്നു. എന്നാല്‍, മണവാളന്‍ ഉപാസിക്കുന്ന തന്റെ പ്രേമഭാജനത്തിന്റെ സൗന്ദര്യം വാച്യാര്‍ഥത്തിലുള്ളതല്ല എന്ന് വ്യക്തമാണ്. മാനുഷിക മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിത്യക്തയായ തന്റെ പ്രേമഭാജനത്തിന്റെ ആന്തരിക സൗന്ദര്യത്തെ ഉപാസിക്കുന്ന മണവാളന്റെ കാല്പനികതയുള്ള സ്‌നേഹോക്തികളാണവ.

മനുഷ്യന്റെ യഥാര്‍ഥ സൗന്ദര്യം ശരീരാധിഷ്ഠിതമെന്നുള്ള വാദം അവന്റെ മാനുഷികതയെയും, ആത്മീയതയെയും മറന്നുകൊണ്ടുള്ളതാണ്. സൗന്ദര്യം മാത്രം ഉള്ളതുകൊണ്ട് ഒരു സ്ത്രീയോ, പുരുഷനോ ഉത്തമ ദമ്പതികളാവുമോ? സൗന്ദര്യം സ്വഭാവവൈശിഷ്ട്യത്തിന്റെ അളവുകോലാകുമോ? നല്ല അപ്പനും അമ്മയും ആകുന്നത് ശരീരസൗന്ദര്യത്തിന്റെ മെച്ചംകൊണ്ടാണോ, അതോ നല്ലഹൃദയത്തിന്റെ ഉടമകള്‍ ആവുന്നതുകൊണ്ടാണോ? ഈ അടിസ്ഥാനസത്യം മറന്ന് പ്രേമവും സൗന്ദര്യവും കേവല ശാരീരിക സൗന്ദര്യത്തിന്റെ തട്ടകത്തില്‍ മാത്രം ഒതുക്കിക്കളയുന്ന ഇന്നിന്റെ കമിതാക്കള്‍ക്കും കലയ്ക്കും സിനിമകള്‍ക്കും എല്ലാം എതിരെയുള്ള ഒരു ആക്ഷേപഹാസ്യമായിട്ടുപോലും ഉത്തമഗീതം മനസ്സിരുത്തി വായിച്ചാല്‍ കണ്ടുപോകും. ഇന്നിന്റെ എല്ലാ സൗന്ദര്യസങ്കല്പങ്ങളെയും തൂത്തെറിഞ്ഞു
കൊണ്ട് കറുത്തവളും, മനുഷ്യരുടെ തുറിച്ചുനോട്ടത്തിന് ഇടയായവളും, അപമാനിതയും, മുറിവേറ്റവളുമായ ഉത്തമഗീതത്തിലെ മണവാട്ടി ഹൃദയാവര്‍ജകമായി പൊഴിക്കുന്ന പ്രേമഭാഷണം, ജീവിതത്തെക്കുറിച്ചുള്ള ശുഭോദര്‍ക്കമായ പങ്കുവയ്ക്കല്‍ എത്രഹൃദയഹാരിയാണ്. ഇത്തരത്തിലുള്ള യുവതിയെ അവികലയായും, സൗന്ദര്യധാമമായും കാണുന്ന മണവാളന്റെ പാകതവന്ന സൗന്ദര്യസങ്കല്പം നമ്മെ ഇരുത്തി ചിന്തിപ്പിക്കും. അവരുടെ സൗന്ദര്യസങ്കല്പത്തിന്റെ ആത്മാവ്, അവരുടെ ആത്മീയതയാണ്. കേവലമനുഷ്യന് ഈ ഉദാത്തമായ സൗന്ദര്യസങ്കല്പം സ്വന്തമാക്കാന്‍ കഴിയുമോ? അതുകൊണ്ടാവാം, ഇത് ദൈവത്തിന് ഇസ്രായേല്‍ ജനതയോടുള്ള പ്രണയമായും, ക്രിസ്തുവിന് തന്റെ മണവാട്ടിയായ സഭയോടുള്ള പ്രണയമായും സഭാപിതാക്കന്മാര്‍ കണ്ടത്.

അല്ലെങ്കില്‍ത്തന്നെ പാപത്തിന്റെ കറപുരളാതെ നഗ്നതയെയും, ലൈംഗികതയെയും പ്രേമത്തെയും കാണുവാന്‍ സാധിക്കുന്നത് തന്നെ ദൈവികതയാണ്. എല്ലാ യുവസുഹൃത്തുക്കള്‍ക്കും വാലന്റൈന്‍ ദിനാശംസകള്‍.


ഫാ. ജോസ് മരിയ ദാസ് OIC 

 

Related Articles