Tuesday, June 23, 2026

ഒരു ഗ്ലാസ് നാരങ്ങാവെള്ളവും താമരശ്ശേരി ചുരവും

ഗേറ്റില്‍ ഉറക്കെ തട്ടുന്ന ശബ്ദം കേട്ടാണ് വാതില്‍ തുറന്നത്… എന്തൊക്കെയോ കുത്തിനിറച്ച ഒരു പഴയ ചാക്കുമായി മുഷിഞ്ഞ വസ്ത്രധാരിയായ ഒരു അപ്പൂപ്പന്‍. അങ്ങോട്ടെന്തെങ്കിലും ചോദിക്കുന്നതിനു മുമ്പുതന്നെ ഇങ്ങോട്ടു ചോദിച്ചു: ‘പഴയ
കുപ്പിയോ പേപ്പറോ എന്തെങ്കിലും ഉണ്ടോ?’ ഇങ്ങനെ ആരെങ്കിലും ഒന്നു വരാന്‍ കാത്തിരിക്കുകയായിരുന്നു. വേഗം പുറകുവശത്തേക്ക് വരാന്‍ പറഞ്ഞു. അവിടെ ചാക്കുകളില്‍ സൂക്ഷിച്ചിരുന്നതൊക്കെ കുടഞ്ഞിട്ടു കൊടുത്തു. അപ്പൂപ്പന്‍ അതെല്ലാം തിരയുന്നതിനിടയില്‍ ഞാന്‍ അകത്തേക്കു പോന്നു.

തിരികെ വന്നപ്പോഴേക്കും അദ്ദേഹം ചാക്കൊക്കെ കെട്ടി പോകാന്‍ തുടങ്ങുകയായിരുന്നു. ഞാന്‍ കൈയ്യിലിരുന്ന ചില്ലുഗ്ലാസ് നീട്ടിക്കൊണ്ട് പറഞ്ഞു: ‘ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിച്ചിട്ടു പോകാം’. പ്രതീക്ഷിക്കാത്തതെന്തോ കേട്ടതുപോലെ അല്‍പസമയം ഒന്നു സംശയിച്ചു നിന്നു… എന്നിട്ടതു വാങ്ങി കുടിച്ചു. പിന്നെ എന്തൊക്കെയോ പറഞ്ഞു. ഒരു ഗ്ലാസ് നാരങ്ങ വെള്ളം പകര്‍ന്ന സ്‌നേഹാധിക്യത്താല്‍ ഇടറിപ്പോകുന്ന കുറെ വാക്കുകള്‍… രണ്ടു പെങ്ങന്മാര്‍ക്കു വേണ്ടി മാറ്റിവച്ച സ്വന്തം ജീവിതത്തെക്കുറിച്ച്… ഇന്ന് ഈ ജീവിത സായാഹ്നത്തില്‍ അവരോടൊപ്പം മാറി മാറി നില്‍ക്കുമ്പോളും
ആര്‍ക്കും ഒരു ഭാരമാകാതിരിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് …

ചാക്കിന്റെ കെട്ട് ഒന്നുകൂടി പരിശോധിക്കുന്നതിനിടയില്‍ ചോദിച്ചു: ‘മോളുടെ നാടെവിടെയാ?’. തൃശൂര്‍ എന്ന മറുപടി അപ്പൂപ്പനെ ഏറെ സന്തോഷിപ്പിച്ചതായി തോന്നി. ‘തൃശൂരാണോ! ഞാനവിടെയൊക്കെ വന്നിട്ടൊണ്ട്. ആരോഗ്യമുണ്ടായിരുന്ന കാലത്ത്. പറമ്പു പണിക്കാ. അവിടെ താമരശ്ശേരി ചുരത്തിനടുത്തായിരുന്നു പണി. മോളുടെ വീട് അവിടടുത്താണോ?’. ആ നിഷ്‌കളങ്കതയ്ക്കു മുമ്പില്‍ താമരശ്ശേരി ചുരം അങ്ങു വയനാട്ടിലാണെന്ന എന്റെ പൊതുവിജ്ഞാനം വിളമ്പാന്‍ എന്തോ മനസ്സനുവദിച്ചില്ല. ‘കുറച്ച് ഇപ്പുറത്താ’ എന്നു മാത്രം പറഞ്ഞു.

അതു കേട്ട് തലകുലുക്കിക്കൊണ്ട് തോളത്തിട്ടിരുന്ന മുഷിഞ്ഞ് കീറിത്തുടങ്ങിയ ഒരു തോര്‍ത്തെടുത്ത് തലയില്‍ ചുറ്റി കെട്ടി. എന്നിട്ട് ആ ചാക്കുകെട്ട് വലിച്ച് പുറത്ത് കയറ്റി നടക്കുന്നതിനിടയില്‍, ഗേറ്റു കടന്നപ്പോള്‍ ഒന്നു തിരിഞ്ഞു നിന്നു. മുറുക്കാന്‍ ചവച്ച് വൃത്തികേടായ ആകെയുള്ള മൂന്നു നാലു കുറ്റിപ്പല്ലുകള്‍ കാണിച്ച്, മനസ്സുനിറഞ്ഞ് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘മോളുടെ ഈ കൊല്ലത്തെ ഓണം നന്നായിരിക്കട്ടെ…’

ചിലപ്പോഴെല്ലാം ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളത്തിന് താമരശ്ശേരിചുരം ഒരു പ്രാവശ്യം നടന്നു കയറുന്നതിന്റെ നിര്‍വൃതി പകരാനാകുമെന്ന തിരിച്ചറിവോടെ ഞാനും ചിരിച്ചു…

‘പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം; എന്തെന്നാല്‍, സ്നേഹം ദൈവത്തില്‍ നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു’ (1 യോഹന്നാന്‍ 4 : 7).

മംഗള ഫ്രാൻസിസ് 

Related Articles