അമ്മയുടെ ഉദരത്തിലെ ഇരട്ടക്കുട്ടികളുടെ സംഭാഷണത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ടുള്ള ‘സ്വ.കാര്യം’ എന്ന യൂട്യൂബ് ഓഡിയോ കേള്‍ക്കാനിടയായി. വളരെ രസകരമായിരുന്നു അവരുടെ സംഭാഷണം. അമ്മയുടെ ഉദരത്തിനു പുറത്തുള്ള ഒരു ലോകത്തെക്കുറിച്ച് വിശ്വാസമില്ലാതിരുന്ന ഒന്നാമന്റെ ചോദ്യത്തില്‍ നിന്നായിരുന്നു സംഭാഷണങ്ങളുടെ ആരംഭം.
‘എടാ നീ ലൈഫ് ആഫ്റ്റര്‍ ഡെലിവറി (Life after delivery) യില്‍ വിശ്വസിക്കുന്നുണ്ടോ?’ ‘തീര്‍ച്ചയായും’ എന്ന രണ്ടാമന്റെ മറുപടിയില്‍ തെല്ലൊരു പുച്ഛത്തോടെ ഒന്നാമന്‍ തുടര്‍ന്നു: വിഡ്ഢീ, ആ ലോകം എങ്ങനെയിരിക്കും! നമുക്ക് പോഷകങ്ങള്‍ ലഭ്യമാകുന്നത് പൊക്കിള്‍ക്കൊടിയിലൂടെയാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. പിന്നെ, ഇവിടെനിന്നുപോയ ആരെങ്കിലും ഇവിടേക്ക് തിരിച്ചു വന്നതായി നീ കേട്ടിട്ടുണ്ടോ? രണ്ടാമന്‍ വിടാന്‍ ഭാവമില്ലാതെ പറഞ്ഞു:
‘ആ ലോകം എങ്ങനെയിരിക്കും എന്നെനിക്കറിയില്ല. എങ്കിലും, ഇവിടത്തെക്കാള്‍ പ്രകാശമുണ്ടായിരിക്കുമെന്നാണ് കരുതുന്നത്. ഒരുപക്ഷേ, അവിടെ നാം കാലുകള്‍കൊണ്ട് നടക്കുമായിരിക്കും; വാ കൊണ്ട് കഴിക്കുമായിരിക്കും. അവിടെ ഈ ഫിസിക്കല്‍ കോഡിന്റെ ആവശ്യമില്ലെങ്കിലോ! അവിടെ നമ്മെ ഒരമ്മ കാത്തിരിപ്പുണ്ടെങ്കിലോ!’ അമ്മയെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്തിട്ടില്ലാത്ത ഒന്നാമന്‍: ‘അതാരാ അമ്മ. ഞാനിതുവരെയും അവരെ കണ്ടിട്ടില്ല’. ‘എടാ, ഒരുപക്ഷേ, നാം ആ അമ്മയുടെ ഉള്ളിലായിരിക്കും. അല്ലെങ്കില്‍, നമുക്കു ചുറ്റും അമ്മയുണ്ടാകും. ആ ലോകം നമുക്കുവേണ്ടി രൂപപ്പെടുത്തിയിട്ടുള്ളത് അമ്മയായിരിക്കും.’ എന്നു പറഞ്ഞ് രണ്ടാമന്‍ സംഭാഷണം അവസാനിപ്പിക്കുമ്പോള്‍ മരണത്തിനപ്പറമുള്ള ഒരു ലോകത്തെക്കുറിച്ചുകൂടി അതില്‍ പറയാതെ പറഞ്ഞുവയ്ക്കുകയാണ്.
നമ്മെ അമ്മയെപ്പോലെ കാത്തിരിക്കുന്ന ദൈവത്തിന്റെ അരികിലേക്കുള്ള യാത്രയാണ് മരണമെന്ന അറിവും അനുഭവവും നമ്മെ തീര്‍ച്ചയായും സ്വതന്ത്രരാക്കും. എങ്കിലും, ഈ ഭൂമിയിലെ നിറമുള്ള ബന്ധങ്ങളെ നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ വേണ്ടെന്നുവച്ച് യാത്രയാകുക എന്നത് വളരെ വേദനാജനകംതന്നെ. നിര്‍മമതയോടെ ജീവിക്കണമെന്നും സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും ഉപേക്ഷിക്കാതെ എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കില്ല എന്നും പറഞ്ഞുപഠിപ്പിച്ച ക്രിസ്തുപോലും ചില ബന്ധങ്ങളെ ചേര്‍ത്തുപിടിക്കുന്നുണ്ട്. കുരിശുമരണത്തിനു മുമ്പുള്ള നിമിഷങ്ങളില്‍ ക്രിസ്തു തന്റെ അമ്മയെ വിശ്വസ്തമായ കരങ്ങളില്‍ കൈയാളിക്കുകയാണ്. ആ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന് അത്രമേല്‍ ആഴമുണ്ടായിരുന്നു.
മരണദിനത്തോടേറെ അടുത്തുകൊണ്ടിരിക്കുന്ന 92 വയസ്സുള്ള ഒരമ്മയോടൊപ്പം കുറെയധികം സമയം ചെലവഴിക്കാന്‍ കഴിഞ്ഞു. ഏതാനും വര്‍ഷങ്ങളായി അവര്‍ ഒരു കുഞ്ഞിനെപ്പോലെയാണ്. ഓര്‍മ്മകള്‍ തെല്ലൊരു കളിതമാശയോടെ അവരുടെ ബന്ധങ്ങളെ തിരുത്തിയെഴുതിക്കൊണ്ടേയിരിക്കുകയാണ്. മകനെ കൂടപ്പിറപ്പായും മരുമകളെ അമ്മയായും സുഹൃത്തായുമൊക്കെ കരുതി സംസാരിക്കുമെങ്കിലും തന്റെ പാതിയായി ദൈവം കൂട്ടിനു കൊടുത്ത സഖിയെ തിരുത്തിയെഴുതാന്‍ അവരുടെ ഓര്‍മ്മകള്‍ക്കിതുവരെയും കഴിഞ്ഞിട്ടില്ല. ഏഴുപതിറ്റാണ്ടോളം ഒന്നിച്ചു ജീവിച്ചതിന്റെ ആഴം കൊണ്ടാകാം എന്നും ബഹുമാനപൂര്‍വം അദ്ദേഹത്തെ വിളിച്ചിരുന്ന ‘അപ്പാ’ എന്ന അഭിസംബോധന ഇന്നും ആ മനസ്സില്‍നിന്നും അധരങ്ങളില്‍നിന്നും മാഞ്ഞിട്ടില്ല. ദൈവനാമം ഉച്ചരിച്ചുകൊടുക്കുന്നതിനിടയിലും സഖിയെക്കുറിച്ചുള്ള ഓര്‍മ്മ ‘അപ്പാ’ എന്ന വിളിയില്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ആത്മാവിലും ശരീരത്തിലും ഇഷ്ടാനിഷ്ടങ്ങളിലും ഇഴചേര്‍ക്കപ്പെട്ട അവരുടെ ബന്ധത്തിന് വേര്‍പെടുത്താനാവാത്ത ആഴമുണ്ടായിരുന്നുവെന്ന് അവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.
ലോകജീവിതം നശ്വരമാണെന്നും നൈമിഷികമാണെന്നും പറയുമ്പോഴും ദൈവം എത്ര മനോഹരമായാണ് അതിലെ ബന്ധങ്ങളോരോന്നും രൂപപ്പെടുത്തിയിരിക്കുന്നത്. മുപ്പിരിച്ചരടുപോലെ ഇഴചേര്‍ക്കപ്പെട്ട ബന്ധങ്ങളോടു വിടപറഞ്ഞ് ഒറ്റയ്ക്കു കടന്നുപോകേണ്ട മരണനിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ ഒരുതരത്തില്‍ ഭയാനകംതന്നെ. അത് ലോകത്തില്‍ സമ്മാനിക്കുന്ന ശൂന്യതയും പകരം വയ്ക്കാവുന്നതല്ല. എങ്കിലും, കുറേക്കൂടി പ്രകാശമുള്ള, മനോഹരമായ ഒരു ലോകം അമ്മയായ ദൈവം നമുക്ക് കരുതി വച്ചിട്ടുണ്ട്. വീണ്ടുമൊരു വേര്‍പാടില്ലാത്ത; ദുഃഖമോ മുറവിളിയോ വേദനയോ ഇല്ലാത്ത ഒരുലോകം (വെളി. 21:4).
ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തുന്ന മരണത്തെ ഏറ്റവും ശാന്തമായി നേരിടാന്‍ കഴിയുന്നിടത്താണ് വിജയം. ‘അടുത്ത നിമിഷം നീ മരിക്കുമെന്നറിയുകയാണെങ്കില്‍ എന്തുചെയ്യും?’ എന്ന ചോദ്യത്തിന് ‘ഞാന്‍ കളിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍ അതു തുടരുകതന്നെചെയ്യും’ എന്നാണ് വിശുദ്ധ ഡൊമിനിക് സാവിയോയുടെ വാക്കുകള്‍. ഒരുപാട് നല്ല ബന്ധങ്ങള്‍ കൊണ്ട് ഈ ലോകം നമുക്കായി ഒരുക്കിയ നല്ല ദൈവത്തോട് ഒരാത്മബന്ധം മനസ്സില്‍ സൂക്ഷിക്കാനായാല്‍ നാം കുറേക്കൂടി നന്ദിയുള്ളവരാകും. എത്തിച്ചേരേണ്ട പ്രകാശത്തിന്റെ ലോകത്തിനനുരൂപരാകാന്‍ നമ്മള്‍ കൂടുതല്‍ സുതാര്യരാകും. ഒരുപക്ഷേ, അത്തരം മനുഷ്യരുടെ മരണങ്ങള്‍ക്ക് ഒരുപാട് ഹൃദയങ്ങളെ സ്വാധീനിക്കാനുള്ള കാലാതീതമായ ശക്തിയുണ്ട്. ലോകത്തില്‍ ദൈവം അനുവദിക്കുന്ന നന്മകളെ ആസ്വദിക്കുന്നതോടൊപ്പം ദൈവത്തോടൊപ്പമുള്ള പ്രകാശത്തിന്റെ ലോകത്തെ സ്വപ്നം കണ്ടു തുടങ്ങുന്നിടത്താണ് മരണം ഒരു പ്രകാശമുള്ള ഓര്‍മ്മയായിത്തീരുക.
സി. നിമിഷ റോസ് CSN




