Tuesday, November 24, 2026

നാലു മണി

ആ മുറിയില്‍ അമ്മയെ കിടത്തിയിട്ട് തിരിഞ്ഞുനടക്കുമ്പോള്‍, ഹൃദയം നിറയെ വലിയ ഭാരമായിരുന്നു. കുറ്റബോധത്താലാകണം തിരിഞ്ഞു നോക്കാന്‍ മനസ്സനുവദിച്ചില്ല.

അമ്മയെ ഇങ്ങനെ ഒരു സ്ഥലത്ത് കൊണ്ടുവന്നാക്കണമെന്ന് ഞങ്ങള്‍ മക്കളില്‍ ഒരാളും ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അമ്മയുടെ അവസാന നിമിഷങ്ങളില്‍ അമ്മയുടെ കൈപിടിച്ച്, അമ്മയുടെ കൂടെത്തന്നെ ഉണ്ടാകണമെന്നായിരുന്നു ആഗ്രഹം. ജീവിതകാലം മുഴുവന്‍ ഞങ്ങളെ ഇത്രയധികം സ്‌നേഹിച്ച അമ്മയെ, അവസാന കാലത്ത് ഒരു നഴ്സിങ് ഹോമിന്റെ ചുവരുകള്‍ക്കുള്ളില്‍ ഏല്‍പ്പിക്കേണ്ടി വരുമെന്ന്‌ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

പക്ഷേ, ജീവിതം ചിലപ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന വഴിയിലൂടെയല്ലല്ലോ സഞ്ചരിക്കുന്നത്.

ഒരുവര്‍ഷം മുമ്പായിരുന്നു അമ്മയ്ക്ക് ആദ്യമായി സ്‌ട്രോക്ക്‌ വന്നത്. അതുവരെ ‘വിശ്രമം’ എന്ന വാക്കുതന്നെ അമ്മയ്ക്ക് പരിചിതമായിരുന്നില്ല. മക്കളും കൊച്ചുമക്കളും ദൂരെയായിരുന്നിട്ടും യാതൊരു പരാതിയുമില്ലാതെ, ഉത്സാഹത്തോടെ ഓടിനടന്ന്, വീട്ടിലെ ഓരോ ജോലിയും ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന ആളായിരുന്നു അമ്മ. വീട്ടുജോലിക്ക്‌ സഹായിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കിലും, അമ്മ തന്നെയായിരുന്നു അധികം ജോലികളും ചെയ്തിരുന്നത്.

എന്നാല്‍, പെട്ടെന്നാണ് എല്ലാം മാറിയത്. ഒരു നിമിഷം കൊണ്ട് ജീവിതത്തിന്റെ താളം തെറ്റി. സ്‌ട്രോക്കിനുശേഷം അമ്മ തളര്‍ന്നു പോയി. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. അമ്മയുടെ അവസ്ഥ ഞങ്ങള്‍ മൂന്നുമക്കളെയും തകര്‍ത്തുകളഞ്ഞു. വിദേശത്തായിരുന്ന ഞങ്ങള്‍ മൂന്നുപേരും ഓടിയെത്തി. അമ്മയുടെ മൂത്ത മകളായ ഞാന്‍ അമ്മയുടെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചു. എന്റെ കുടുംബം ദുബായിലായിരുന്നു. മക്കള്‍ ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറിയിലുമായി പഠിക്കുന്നു. ഭര്‍ത്താവിനും മക്കള്‍ക്കും അവരുടെ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളുണ്ടായിരുന്നതിനാല്‍
എന്നോടൊപ്പം നില്‍ക്കാനാവില്ല. എങ്കിലും അമ്മയെ ഒറ്റയ്ക്കാക്കാന്‍ മനസ്സ് സമ്മതിച്ചില്ല. അങ്ങനെ ഞാന്‍ അമ്മയുടെ കൂടെ നിന്നു.

ഒന്നു രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് ചെറിയൊരു പുരോഗതി കാണാന്‍ തുടങ്ങി. വാക്കറിന്റെ സഹായത്തോടെയും മറ്റൊരാളുടെ കൈപിടിച്ചും അമ്മ ഒന്നോ രണ്ടോ ചുവടുകള്‍ വച്ചുതുടങ്ങി. ആ ചെറിയമാറ്റം പോലും ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു.

‘ഒരുപക്ഷേ, അമ്മ കുറച്ചുകൂടി സുഖപ്പെട്ടാല്‍ എനിക്ക് തിരികെ പോകാമല്ലോ…’ ഞാന്‍ മനസ്സില്‍ ചിന്തിച്ചു.

പക്ഷേ, ജീവിതം വീണ്ടും മറ്റൊരു പരീക്ഷണം മുന്നില്‍വച്ചു. അമ്മയ്ക്ക് വീണ്ടും സ്‌ട്രോക്ക് വന്നു. ഇത്തവണ അമ്മ പൂര്‍ണമായും കിടപ്പിലായി. അതിലും വലിയ വേദനയായിരുന്നു അമ്മയുടെ ഓര്‍മ പൂര്‍ണമായും നഷ്ടപ്പെട്ടു എന്നറിഞ്ഞത്. സ്വന്തം മക്കളെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.

ഞാന്‍ അമ്മയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അമ്മയുടെ കണ്ണുകളില്‍ പരിചയത്തിന്റെ ഒരു പ്രകാശം പോലും കാണാനില്ലായിരുന്നു.

അമ്മ പറയുന്ന വാക്കുകള്‍ വ്യക്തമായിരുന്നില്ല. ഞാന്‍ ആരാണെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. പക്ഷേ, അമ്മയ്‌ക്കെന്നെ ഓര്‍മയില്ലെങ്കിലും, എനിക്ക് അമ്മയെ എങ്ങനെ മറക്കാനാകും?

ഈ അവസ്ഥയില്‍ അമ്മയെ എനിക്ക് ഒറ്റയ്ക്ക് പരിചരിക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ ഒരു ഹോം നഴ്‌സിനെക്കൂടി ഏര്‍പ്പെടുത്തി.

മാസങ്ങള്‍ കടന്നുപോയപ്പോള്‍ ദുബായില്‍ നിന്ന് ഭര്‍ത്താവിന്റെയും മക്കളുടെയും വിളിവന്നു. ”അമ്മേ… ഇനി എപ്പോഴാണ് തിരിച്ചു വരുന്നത്?” ആ ചോദ്യം കേള്‍ക്കുമ്പോഴൊക്കെ എന്റെ മനസ്സില്‍ മറ്റൊരു ചോദ്യം ഉയര്‍ന്നു. ‘ആര്‍ക്കാണ് എന്റെ സാമീപ്യം ഇപ്പോള്‍ കൂടുതല്‍ ആവശ്യം? അമ്മയ്‌ക്കോ… എന്റെ കുടുംബത്തിനോ?’ ഉത്തരം കണ്ടെത്താന്‍ കഴിയാതെ ഞാന്‍ വിഷമിച്ചു.

എന്റെ വിഷമം മനസ്സിലാക്കിയ എന്റെ ഇളയ സഹോദരന്മാര്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു: ”ചേച്ചീ, അമ്മയ്ക്ക് ഇപ്പോള്‍ ഓര്‍മയില്ലല്ലോ. ചേച്ചി ഇവിടെ നിന്നാലും അമ്മയ്ക്ക് ചേച്ചിയെ തിരിച്ചറിയാന്‍ കഴിയില്ല. ഇങ്ങനെ എത്ര നാള്‍ ചേച്ചിക്ക് സ്വന്തം മക്കളെയും ചേട്ടനെയും വിട്ടുനില്‍ക്കാന്‍ കഴിയും? അമ്മയെ ഒരു നല്ല സ്ഥലത്ത് ഏല്പിച്ചിട്ട്‌ ചേച്ചി തിരികെ പോയിക്കോളൂ.” ആ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു നിമിഷത്തേക്ക് ആശ്വാസം തോന്നി.

പക്ഷേ, ജീവിതത്തിന്റെ അവസാന കാലത്ത് അമ്മയെ ഒറ്റയ്ക്ക്  വിട്ടുപോകുന്നതിന്റെ വേദന അതിനെക്കാള്‍ വലുതായിരുന്നു.

അപ്പോഴാണ് നല്ല രീതിയില്‍ വയോധികരെ പരിചരിക്കുന്ന സിസ്റ്റര്‍മാര്‍ നടത്തുന്ന ഒരു
നഴ്സിംഗ് ഹോമിനെക്കുറിച്ച് അറിയാന്‍ ഇടയായത്. അവിടെ പോയിക്കണ്ടു. വൃത്തിയുള്ള പരിസരം. നല്ല ഭക്ഷണം. ഡോക്ടറുടെ പരിചരണം. സ്‌നേഹത്തോടെ പരിചരിക്കുന്ന സിസ്റ്റര്‍മാര്‍. വയോധികരെ മാന്യമായി നോക്കുന്ന അന്തരീക്ഷം. ‘അമ്മയ്ക്ക് ഇവിടെ നല്ല പരിചരണം കിട്ടും’ എന്നൊരുറപ്പ് മനസ്സില്‍ തോന്നി.

ഭര്‍ത്താവും മക്കളും വിദേശത്തുനിന്ന് വന്നു. അങ്ങനെ, മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് അമ്മയെ ആ ഹോമില്‍ എത്തിച്ചു. അമ്മയെ അവിടെ ഏല്‍പ്പിച്ച ആ ദിവസം എന്റെ ഹൃദയം നിറയെ വലിയ വേദനയായിരുന്നു.

ആ നഴ്‌സിംഗ്‌ ഹോമില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ താമസിക്കുന്ന അമ്മയുടെ സഹോദരങ്ങളുടെ മക്കളോട് ഞാന്‍ ഒരു കാര്യം അപേക്ഷിച്ചു: ”എല്ലാ ദിവസവും വൈകുന്നേരം ആര്‍ക്കെങ്കിലുമൊക്കെ ഒന്നു മാറി മാറി ചെന്ന് അമ്മയെ കാണാന്‍ കഴിയുമോ?” അവരത് സമ്മതിച്ചു. അക്കാര്യം ഞങ്ങള്‍ അവിടത്തെ സിസ്റ്ററിനോട് ചോദിച്ചു. അപ്പോള്‍ അവിടെയുള്ള സിസ്റ്റര്‍ വളരെ സന്തോഷത്തോടെ പറഞ്ഞു:

”അതിനെന്താമോളേ, ഞങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഇവിടെ സന്ദര്‍ശനസമയം വൈകുന്നേരം നാലുമണിക്കാണ്. എല്ലാദിവസവും ആരെങ്കിലും അമ്മയെ കാണാന്‍ വന്നാല്‍ അതിലും നല്ല കാര്യം വേറെ എന്താണ്?” ആ വാക്കുകള്‍ എനിക്ക് ഏറെ ആശ്വാസം തന്നു.

അമ്മയുടെ സഹോദരന്റെ മകനായ ജോര്‍ജ് ചേട്ടന് അമ്മയോട് വലിയ സ്‌നേഹമായിരുന്നു. ഞങ്ങള്‍ മക്കളെല്ലാം വിദേശത്തായിരുന്നപ്പോഴും അമ്മ ആശുപത്രിയിലായിരുന്നപ്പോഴും, അമ്മയ്ക്ക് എന്തെങ്കിലും ആവശ്യമുണ്ടായിരുന്നപ്പോഴെല്ലാം ഓടിയെത്തിയിരുന്ന ഒരാള്‍. അദ്ദേഹം പറഞ്ഞു:
”ഞാന്‍ എല്ലാ ദിവസവും നാലുമണിക്ക് അമ്മായിയെ കാണാനായി പൊയ്‌ക്കൊള്ളാം.” അതൊരുവെറും വാക്കായിരുന്നില്ല. ഞങ്ങള്‍ തിരികെ പോയതിനു ശേഷം പിന്നീടങ്ങോട്ട് എല്ലാ ദിവസവും വൈകുന്നേരം നാലുമണിയാകുമ്പോള്‍ ജോര്‍ജേട്ടനും ഭാര്യയും ചിലപ്പോള്‍ ജോര്‍ജേട്ടന്‍ മാത്രമോ ആ ഹോമിന്റെ വാതില്‍ കടന്നെത്തും. എപ്പോഴും ആ മുഖത്ത് ഒരു നിറഞ്ഞ പുഞ്ചിരിയുണ്ടാകും. ആ വരാന്തയില്‍ കാണുന്ന എല്ലാ പ്രായമായവരോടും സിസ്റ്റേഴ്‌സിനോടും കുശലാന്വേഷണം നടത്തി അദ്ദേഹം അമ്മയുടെ മുറിയില്‍ എത്തും. അമ്മയ്ക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു. ‘അമ്മായീ…’ എന്നദ്ദേഹം വിളിക്കും. അമ്മ മറുപടി പറയില്ല. എങ്കിലും ജോര്‍ജേട്ടന്‍ അമ്മയോട് സംസാരിച്ചുകൊണ്ടേയിരിക്കും. അമ്മയുടെ
കൈയില്‍പിടിക്കും. ഒത്തിരിവിശേഷങ്ങള്‍ പറയും. ഒന്നും കേള്‍ക്കുന്നില്ലെന്നറിഞ്ഞിട്ടും സ്‌നേഹത്തോടെ സംസാരിക്കും. കാരണം ചില സ്‌നേഹങ്ങള്‍ക്ക് മറുപടി ആവശ്യമില്ലല്ലോ! അമ്മയുടെ ഓര്‍മ നഷ്ടപ്പെട്ടാലും, ജോര്‍ജേട്ടന്റെ സ്‌നേഹത്തിന് ഓര്‍മ നഷ്ടപ്പെട്ടിരുന്നില്ല.

ജോര്‍ജേട്ടന്റെ സ്നേഹം അമ്മയുടെ മുറിയില്‍ മാത്രം ഒതുങ്ങിയില്ല. തിരിച്ചുപോകുമ്പോള്‍ അവിടെയുള്ള ഓരോ അമ്മമാരുടെയും മുഖത്തേക്ക് നോക്കി പുഞ്ചിരിക്കും. ചിലരോട് വിശേഷങ്ങള്‍ ചോദിക്കും. അവരുടെ അരികില്‍ കുറച്ചുനേരം ഇരിക്കും. അവരുടെ സംസാരങ്ങള്‍ കേള്‍ക്കും. ജോര്‍ജേട്ടന്റെ ഭാര്യയും മക്കളും കൂടെയുണ്ടെങ്കില്‍ അവരും ആ അമ്മമാരോട് സംസാരിക്കും.

അങ്ങനെ പതിയെ പതിയെ ആ നഴ്‌സിംഗ് ഹോമിലെ വൈകുന്നേരങ്ങള്‍ മാറി. ജോര്‍ജേട്ടന്റെ വരവ് പലരുടെയും സന്തോഷമായി.

മൂന്നു മാസങ്ങള്‍ കടന്നുപോയി.

പിന്നെയും ഒരു ദിവസം… അമ്മയ്ക്ക് വീണ്ടും സ്‌ട്രോക്ക് വന്നു. പെട്ടെന്ന്, ഞങ്ങള്‍ക്ക് ഓടിയെത്താന്‍ പോലും സമയം നല്‍കാതെ അമ്മ ഈ ലോകത്തിലെ തന്റെ യാത്ര അവസാനിപ്പിച്ച് സ്വര്‍ഗത്തിലേക്ക് പോയി.

അടുത്ത ദിവസം തന്നെ ഞങ്ങള്‍ എത്തി. മക്കളും ബന്ധുക്കളും എല്ലാവരും. അമ്മയുടെ ശരീരം ഏറ്റുവാങ്ങാന്‍ ഹോമിലേക്ക് ചെന്നപ്പോള്‍ അവിടെ കണ്ട കാഴ്ച ഞങ്ങളെ അമ്പരപ്പിച്ചു.

അവിടെയുള്ള പല അമ്മമാരും ഏങ്ങലടിച്ച് കരയുകയായായിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് അന്ന് മനസ്സിലാകാത്ത ഒരു കാര്യമുണ്ടായിരുന്നു.

അമ്മ അവരില്‍ ഒരാളോടുപോലും സംസാരിച്ചിരുന്നില്ല. അമ്മയ്ക്ക് ആരെയും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല.

ആരോടും സ്‌നേഹം പ്രകടിപ്പിക്കാനും കഴിഞ്ഞിരുന്നില്ല. പിന്നെ…! എന്തുകൊണ്ടാണ് ഈ അമ്മമാര്‍ ഇത്രയധികം കരയുന്നത്?

അമ്മയുടെ ചടങ്ങുകളെല്ലാം കഴിഞ്ഞ് ഒന്നു രണ്ടു ദിവസങ്ങള്‍ക്കു ശേഷം, ഒരു വൈകുന്നേരം ഹോമില്‍ നിന്ന് ഒരു ഫോണ്‍ വന്നു.’ ‘ചേച്ചീ… നിങ്ങള്‍ക്ക് ഇവിടം വരെ ഒന്ന്‌ വരാമോ? ഞങ്ങള്‍ക്ക് ഒരു കാര്യം പറയാനുണ്ട്.” ഞങ്ങള്‍ ജോര്‍ജേട്ടന്റെ വാഹനത്തില്‍ അവിടെ ചെന്നു.

സിസ്റ്റര്‍ പറഞ്ഞു:

”നിങ്ങള്‍ക്കൊരു കാര്യം അറിയാമോ?

അമ്മ ഇവിടെ വന്നതിനുശേഷം ഈ ഹോമില്‍ വലിയ മാറ്റമുണ്ടായി.”

ഞങ്ങള്‍ നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു. സിസ്റ്റര്‍ തുടര്‍ന്നു: ”അമ്മയ്ക്ക് അത് മനസ്സിലായിരുന്നോ എന്നു ഞങ്ങള്‍ക്ക് അറിയില്ല. എല്ലാ ദിവസവും വൈകുന്നേരം നാലുമണിക്ക്‌ ജോര്‍ജ് ചേട്ടന്‍ ഇവിടെ വരുമായിരുന്നു. ജോര്‍ജ് ചേട്ടന്‍ വരുമെന്ന് അറിയാവുന്നതിനാല്‍ ഇവിടെ ഉള്ള അമ്മമാര്‍ മൂന്നുമണിയാകുമ്പോഴേക്കും കുളിച്ച്, നല്ല വസ്ത്രം ധരിച്ച്, മുടിയൊക്കെ ചീകി ഒരുങ്ങിയിരിക്കും.”

ഞങ്ങള്‍ പരസ്പരം നോക്കി.

സിസ്റ്ററുടെ ശബ്ദം പതിയെ ഇടറി.

”ഇവിടെയുള്ള പല അമ്മമാരെയും അവരുടെ മക്കള്‍ കാണാന്‍ വരുന്നത്തന്നെ വളരെ അപൂര്‍വമാണ്.

ചിലരെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കാണാന്‍ വരും. മറ്റുചിലരെ മാസത്തില്‍ ഒരിക്കല്‍. ചിലര്‍ക്കാകട്ടെ, വരാന്‍ ആരുമില്ല. അങ്ങനെയുള്ള അമ്മമാര്‍ക്ക് എല്ലാ ദിവസവും നാലുമണിക്ക് ഒരാള്‍ പുഞ്ചിരിച്ചുകൊണ്ട് വരുന്നത് വലിയൊരു സന്തോഷമായിരുന്നു. അദ്ദേഹം അമ്മയെ കാണാന്‍ വരുന്നതാണെങ്കിലും, ആ വരവ് ഇവിടെയുള്ള എല്ലാവരുടെയും സന്തോഷമായി മാറിയിരുന്നു.”

അവര്‍ ഒരു നിമിഷം നിശ്ശബ്ദയായി.

പിന്നെ പറഞ്ഞു: ”അമ്മ പോയപ്പോള്‍ ഇവര്‍ ഇത്രയും കരഞ്ഞത് അവരോടൊപ്പമുണ്ടായിരുന്ന ഒരാള്‍ കടന്നു പോയതിന്റെ ദുഃഖം കൊണ്ടുമാത്രമല്ല;

‘ഇനി ഞങ്ങളെ കാണാന്‍ ആരാണ് വരിക?’ എന്ന ചിന്ത കൊണ്ടു കൂടിയായിരുന്നു.”

ആ വാക്കുകള്‍ കേട്ടപ്പോള്‍ ജോര്‍ജേട്ടന്റെ കണ്ണുകളും നിറഞ്ഞു. അദ്ദേഹം കുറച്ചുനേരം ഒന്നും സംസാരിച്ചില്ല.

പിന്നെ കണ്ണുനീര്‍ തുടച്ച് സിസ്റ്ററോട് പറഞ്ഞു: ”ഇനി മുതല്‍ നാലുമണിക്ക് ഞാന്‍ വീണ്ടും വരും ഈ അമ്മമാരെ കാണാനായി.” അത്രയും പറഞ്ഞ് ജോര്‍ജേട്ടന്‍ അകത്തേക്ക് നടന്നു. ഓരോ അമ്മമാരുടെയും അരികിലേക്ക് ചെന്നു. ഓരോരുത്തരോടും സംസാരിച്ചു. ഓരോ മുഖത്തും നോക്കി പുഞ്ചിരിച്ചു. അവരെ ആശ്വസിപ്പിച്ചു. ഞങ്ങള്‍ അതെല്ലാം നോക്കിനിന്നു. ഞങ്ങളുടെ കണ്ണുകളും നിറഞ്ഞിരുന്നു.

ഞാന്‍ ചിന്തിക്കുകയായിരുന്നു.

അമ്മയ്ക്ക് ജോര്‍ജേട്ടനെ തിരിച്ചറിയാനാകില്ലായിരുന്നു. അദ്ദേഹം ദിവസവും വന്നിരുന്നുവെന്നതും അമ്മയ്ക്ക് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഒന്നും അമ്മയുടെ ഓര്‍മയില്‍ പതിഞ്ഞിരിക്കില്ല. എങ്കിലും…

അമ്മയുടെ ജീവിതത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍, അമ്മ അറിയാതെ തന്നെ, അമ്മ ഒരുപാട് അമ്മമാരുടെ ജീവിതത്തിലേക്ക് ഒരു മനുഷ്യനെ അല്ല മാലാഖയെ കൊണ്ടുവന്നു. ആ മാലാഖ ഓരോ വൈകുന്നേരവും നാലുമണിക്ക്അ വര്‍ക്കിടയിലേക്ക് പുഞ്ചിരിയുമായി എത്തി. അവരുടെ മക്കള്‍ വരാത്തിടത്ത് ഒരു മകന്‍ വന്നു. അവരുടെ വീട്ടുകാര്‍ മറന്നിടത്ത് ഒരാള്‍ ഓര്‍ത്തു. അവരുടെ ഏകാന്തതയിലേക്ക് ഒരാള്‍ കൂട്ടു വന്നു.

ഒരു കാലത്ത് ഈ അമ്മമാരുടെ ചുറ്റും മക്കളും കൊച്ചുമക്കളും ബന്ധുക്കളും സുഹൃത്തുക്കളും നിറഞ്ഞിരുന്നു. വീടുകളില്‍ അവരുടെ ശബ്ദം മുഴങ്ങിയിരുന്നു. അവരുടെ കൈപിടിക്കാന്‍ ആളുകളുണ്ടായിരുന്നു. അവരോട് വിശേഷം ചോദിക്കാന്‍ ഏറെപ്പേര്‍ ഉണ്ടായിരുന്നു.

അവരുടെ പുഞ്ചിരിക്ക് മറുപടിയായി മറ്റൊരു പുഞ്ചിരിയുണ്ടായിരുന്നു.

പക്ഷേ, കാലം കടന്നുപോകുമ്പോള്‍…

പ്രായം ശരീരത്തെ പതുക്കെ കീഴടക്കിയപ്പോള്‍… ഒരാള്‍ക്കു പിന്നാലെ ഒരാള്‍ കടന്നുപോയപ്പോള്‍… അവരുടെ ചുറ്റുമുള്ള ലോകം പതിയെ ശൂന്യമായിത്തുടങ്ങി ….

അവസാന കാലത്ത് അവര്‍ക്കുവേണ്ടത് വലിയ സമ്മാനങ്ങളോ പണമോ വിലകൂടിയ
വസ്തുക്കളോ അല്ല. ”അമ്മേ, സുഖമാണോ?” എന്ന് ഒന്നു ചോദിച്ചാല്‍ മതി. ഒരു പുഞ്ചിരി മതി. കുറച്ചുനേരം അരികില്‍ ഇരുന്നാല്‍ മതി. കൈയില്‍ ഒന്നു പിടിച്ചാല്‍ മതി. അത്രയേ വേണ്ടൂ എന്ന് ഞങ്ങള്‍ അന്ന് മനസ്സിലാക്കി.

ഒരു വ്യക്തിയോടൊപ്പം നമ്മള്‍ ചെലവഴിക്കുന്ന ഏതാനും മിനിറ്റുകള്‍ ഒരുപക്ഷേ അയാളുടെ മുഴുവന്‍ ദിവസത്തിന്റെയും സന്തോഷമായേക്കാം. ജോര്‍ജേട്ടന്റെ നാലുമണിക്കുള്ള വരവ് അതിനു തെളിവായിരുന്നു. അമ്മയെ കാണാന്‍ തീരുമാനിച്ച ആ നാലുമണി അമ്മയുടെ മരണത്തിനുശേഷവും അവസാനിച്ചില്ല.

കാരണം അന്നു മുതല്‍ അവിടെയുള്ള അമ്മമാര്‍ ജോര്‍ജേട്ടന്റെ സ്വന്തം അമ്മമാരായി.

ജോര്‍ജേട്ടന്‍ അവരുടെ കാത്തിരിപ്പായി, അവരുടെ വൈകുന്നേരത്തെ പുഞ്ചിരിയായി, പ്രതീക്ഷയായി..

അമ്മ പോയി. പക്ഷേ, അമ്മ കൊണ്ടുവന്ന സ്‌നേഹം അവിടെ ബാക്കിയായി.

ഇന്നും എന്റെ മനസ്സില്‍ വൈകുന്നേരം നാലുമണി എന്നത് വെറും ഒരു സമയമല്ല.

അതൊരു ഓര്‍മയാണ്, കാത്തിരിപ്പാണ്, സ്‌നേഹമാണ്. ഒരമ്മയുടെ അവസാന സമ്മാനമാണ്.

നാലുമണിക്ക് ആരെങ്കിലും വരുമെന്ന പ്രതീക്ഷ… അത് ഒരിക്കലും നിസ്സാരമായി കാണരുത്. കാരണം ചിലര്‍ക്കത് ഒരു സന്ദര്‍ശനം മാത്രമല്ല. ‘ഇനിയും ഒരാളുടെ ഹൃദയത്തില്‍ അവര്‍ ജീവിച്ചിരിക്കുന്നു’ എന്നൊരുറപ്പാണ്.

മംഗള ഫ്രാന്‍സിസ്

Related Articles