Tuesday, November 24, 2026

ആരാണ് അമ്മ

അമൃതൂട്ടി വളര്‍ത്തേണ്ടും അമ്മ തന്‍ കരങ്ങള്‍,
ഇനിയും പാപക്കനി പറിക്കാന്‍ മുതിരുന്നോ?
വിറയ്ക്കാത്ത നിന്‍ കരങ്ങളില്‍ പാപക്കറ,
കഴുകിക്കളയാതെ ഇപ്പോഴും പതയുന്നു.

ഇരുളിന്‍ പടര്‍പ്പിലെ ചപല മോഹങ്ങളാല്‍,
ഒരുതുള്ളി മുലപ്പാല്‍ ഇറ്റിക്കാന്‍ മടിക്കവേ…
ദളങ്ങള്‍ വിടര്‍ത്താന്‍ കൊതിക്കുമിളം പൂക്കള്‍,
അടര്‍ന്നു വീണു ഭൂവില്‍, പിടഞ്ഞു ജീവനായ്.

ഭൂവിലെ കിരാതമാം ചെയ്തിയാല്‍ മനം നൊന്ത്,
നാളെയാ മേഘക്കൂട്ടം മഴയായ് പിറക്കില്ല,
ഉള്‍വെളിച്ചം തീണ്ടാത്ത നരനാരീ ജന്മങ്ങള്‍,
വിതറുന്നീ മണ്ണിലോ… മൃതിയായ് ചോരപ്പൂക്കള്‍.

നിത്യവും കൊലപാതകത്തോറ്റങ്ങളേറിടുമ്പോള്‍,
സ്വന്തങ്ങള്‍ അന്യമായി, വഴികള്‍ വിജനമായ്,
വിഷം ചീറ്റുന്ന കാളസര്‍പ്പം പോല്‍ മാതൃത്വങ്ങള്‍…
അകലെയകലെ… മരീചികയാണോ അമ്മ…?

അരികേയരികിലായ് ഇരുകൈകളും നീട്ടി,
അണയുന്നതാണമ്മ, കരുണ വറ്റാത്തമ്മ…
അഴിമുഖത്തൊരു ദീപസ്തംഭമായവള്‍ നില്‍ക്കും,
തുഴ പോയാലും തോണി മുങ്ങാതെ, അവള്‍ കാക്കും.

ഫിലോമിന അഗസ്റ്റിന്‍

Related Articles