ദീര്‍ഘായുസ്സ് ദൈവാനുഗ്രഹമാണെന്ന മട്ടിലുള്ള ചില വിചാരങ്ങളൊക്കെ വേദപുസ്തകം പങ്കുവയ്ക്കുന്നുണ്ട്. പ്രത്യേകിച്ച് പഴയ നിയമം. ദൈവഭക്തിക്ക് ദീര്‍ഘായുസ്സ് പ്രതിഫലമെന്നാണ് നിയമാവര്‍ത്തനം 30:20 പറയുന്നത്.
അതിനുള്ള ചില തെളിവുകള്‍ ഇതാണ്. നോഹയുടെ ജീവിതകാലം തൊള്ളായിരത്തിയമ്പതുകൊല്ലമായിരുന്നു. അബ്രാഹത്തിന്റെ ആയുഷ്കാലം നൂറ്റെഴുപത്തിയഞ്ചുവര്ഷം. ഇസഹാക്കിന്റേത് നൂറ്റെണ്പതു വര്‍ഷം. യാക്കോബിന്റേത് നൂറ്റിനാല്പത്തിയേഴ്.
ഒരുപക്ഷേ, ഇന്നത്തേതുപോലെയുള്ള കാലഗണനയൊന്നുമല്ല അന്നുണ്ടായിരുന്നത് എന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ തീര്‍ച്ചയായും ഇവരാരും യൗവനത്തിലോ കൗമാരത്തിലോ അല്ല മരണമടഞ്ഞതെന്ന് വ്യക്തമാണ്. സാധാരണ വിശ്വാസികളെ സംബന്ധിച്ച് ഈ ആയുസ്സിന്റെ പെരുപ്പം അതിശയകരവുമാണ്.
ഇങ്ങനെയുള്ള കണക്കുകള്‍ക്കിടയിലേക്കാണ് മരപ്പണിക്കാരനായ ജോസഫിന്റെ മകന് വന്ന് കാര്യങ്ങളെ തലമറിച്ചിട്ടത്. വെറും 33. കാല്‍വരിയിലെ കുരിശില്‍ അവന്റെ മരണം പൂര്‍ത്തിയാകുമ്പോള്‍ അതായിരുന്നു അവന്റെ വയസ്സ്.
ദീര്‍ഘായുസ്സ് ദൈവാനുഗ്രഹമാണെന്ന പാരമ്പര്യങ്ങളെയെല്ലാം അവന് തന്റെ സ്ഥിരം ശൈലിപോലെ തലകീഴായി മറിച്ചിട്ടത് അങ്ങനെയാണ്. ദീര്‍ഘകാലം ജീവിച്ചിരിക്കുന്നതല്ല ജീവിതത്തിന് അര്‍ഥം നല്‍കുന്നത്. വളരെ കുറച്ചുകാലം ജീവിച്ചിരുന്നാലും ജീവിതത്തിന് അര്‍ഥമുണ്ട്. ഡൊമിനിക് സാവിയോയും മരിയഗൊരേത്തിയും കാര്‍ലോ അക്കുത്തിസും പോലെ ഹ്രസ്വായുസ്സില്ത്തന്നെ ജീവിതദൗത്യം പൂര്‍ത്തിയാക്കിയ എത്രയോ പുണ്യജീവിതങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. പാപം ചെയ്യുന്നതിനെക്കാള്‍ മരിക്കുന്നതാണ് നല്ലത് എന്നായിരുന്നുവല്ലോ മരിയ ഗൊരേത്തിയുടെ മുദ്രാവാക്യം തന്നെ. അതായത് ജീവിച്ചിരിക്കാന്‍ വേണ്ടി പാപം ചെയ്യാന്‍ അവള് തയ്യാറല്ലായിരുന്നുവെന്ന്. പാപത്തെ അവള് അത്രമാത്രം വെറുത്തു. പാപം ചെയ്ത് ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് അത്രവിലയുള്ള കാര്യമായി അവള്‍ക്കു തോന്നിയില്ല.
ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് ദീര്‍ഘകാലം നന്മകള് ചെയ്യാനാണോ.. അതോ കൂടുതല്‍ പാപം ചെയ്യാനോ? സ്വസ്ഥമായിരുന്ന് ആലോചിച്ച് കണ്ടെത്തേണ്ട ഉത്തരം തന്നെയാണ് അതെന്നാണ് കരുതുന്നത്.
വ്യക്തിപരമായി എനിക്ക് പങ്കുവയ്ക്കാനുള്ള ഒരു സാക്ഷ്യം ഇതാണ്. പത്തുവയസ്സില്‍ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ പത്തുവയസ്സുകാരന്റെ സാധാരണ പാപങ്ങളെ ഞാന്‍ ചെയ്യുമായിരുന്നുള്ളൂ. ചേട്ടനോടും ചേച്ചിമാരോടും വഴക്ക് കൂടി, സന്ധ്യാപ്രാര്‍ഥനയില്‍ വേണ്ടതുപോലെ പ്രാര്ഥിച്ചില്ല. അമ്മ പറഞ്ഞത് അനുസരിച്ചില്ല ഇങ്ങനെ മാനുഷികവും ലഘുപാപങ്ങളുടെ പട്ടികയില്‍ പെടുത്താവുന്നതുമായ പാപങ്ങള്‍ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. ആദ്യകുര്‍ബാന സ്വീകരണത്തിനുശേഷം എത്രയോ വര്‍ഷങ്ങളാണ് ആ പാപംതന്നെ യാതൊരുവരിയും ടോണും തെറ്റാതെ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അന്ന് അതൊക്കെയേ പാപങ്ങളായുണ്ടായിരുന്നുള്ളൂ.
കൗമാരത്തിലെത്തിയപ്പോള്‍ പാപങ്ങളുടെ സ്വഭാവം കുറെക്കൂടി മാറി. അതനുസരിച്ച് കുമ്പസാരവും. ശരീരവുമായി ബന്ധപ്പെട്ടുള്ള ഒരു കൗമാരക്കാരന്റെ ആസക്തികളും ആഗ്രഹങ്ങളും പല കുമ്പസാരക്കൂടുകളിലും ആവര്‍ത്തിക്കപ്പെട്ട പാപങ്ങളിലൊന്നായി. പക്ഷേ, അന്ന് മരിക്കുകയാണെങ്കിലും അതില്‍ കൂടുതലൊന്നും പാപങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
എന്നാല്‍, ഓരോവര്‍ഷം കഴിയുംതോറും പാപങ്ങളുടെ സ്വഭാവത്തില്‍ വ്യത്യാസം വരികയായിരുന്നു, പാപങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇപ്പോള്‍ ചെയ്തുപോയ പാപങ്ങളെയോര്‍ത്ത് വല്ലാത്ത നടുക്കവും സങ്കടവും അപമാനവുമൊക്കെ തോന്നുന്നു. എത്രയധികം പാപങ്ങള്‍… പത്തുവയസ്സിലോ ഇരുപതു വയസ്സിലോ മരിച്ചിരുന്നുവെങ്കില്‍ ചെയ്യാതെ പോകുമായിരുന്ന പാപങ്ങള്‍.
ഓരോരുത്തരുടെയും പാപങ്ങളുടെ കണക്കുകളെടുക്കേണ്ടത് അയാളുടെ ജീവിതാവസ്ഥകള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം. അയാളുടെ ധാര്‍മികനിലവാരം, ജീവിച്ചിരിക്കുന്ന സാഹചര്യം, ആയിരിക്കുന്ന അവസ്ഥ, നന്നാകാനുള്ള അവസരങ്ങള്‍ ഇങ്ങനെ എത്രയെത്ര കാരണങ്ങള്‍കൊണ്ടാണ് ഓരോരുത്തരുടെയും പാപങ്ങള്‍ ഉരച്ചുനോക്കപ്പെടേണ്ടത്. അധികം കൊടുത്തവനില്നിന്ന് അധികം ചോദിക്കും എന്നു പറയുന്നതുപോലെ നന്മതിന്മകളെക്കുറിച്ച് വേണ്ടത്ര അറിവും വിവരവും ഉള്ള ആള് അതൊക്കെ വിസ്മരിച്ച് ബോധപൂര്‍വം പാപം ചെയ്യുമ്പോള്‍ അതെത്രയോ ഗൗരവമുള്ളതാണ്.
കുടുംബനാഥനെന്ന നിലയില്‍, ഭര്‍ത്താവെന്ന നിലയില്‍, അപ്പനെന്ന നിലയില്‍, മകനെന്ന നിലയില്‍, ആത്മീയ കാര്യങ്ങളുടെ പേരില്‍ ജീവിക്കുന്ന വ്യക്തിയെന്ന നിലയില്‍… അങ്ങനെ നോക്കുമ്പോള്‍ എന്റെ പാപങ്ങള്‍ വലിയ ഗൗരവത്തിലുള്ളതുതന്നെ. ഇനി എത്രവര്‍ഷം കൂടി ഞാന്‍ ജീവിച്ചിരിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ, ഇനിയുള്ള കാലം ജീവിച്ചിരിക്കുമ്പോഴും പാപങ്ങളില്‍
നിന്ന് അകന്നുള്ള ജീവിതമല്ല ഞാന്‍ നയിക്കുന്നതെങ്കില്‍ എന്റെ ആയുസ്സുകൊണ്ട് പ്രത്യേക പ്രയോജനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല.
കാരണം, ഞാന്‍ വീണ്ടും പാപം ചെയ്യും. പുള്ളിപ്പുലിക്ക് അതിന്റെ പുള്ളിയും എത്യോപ്യക്കാരന് അവന്റെ നിറവും മാറ്റാന്‍ കഴിയാത്തതുപോലെ സഹജമായ ചില പാപങ്ങളുടെ തടവറയില്‍ കഴിഞ്ഞുകൊണ്ട് ആത്മനിന്ദ പോലുമില്ലാതെ ഞാന്‍ പാപത്തില്‍ തുടരും. ഫലമോ എന്റെ പാപങ്ങളുടെ ഭാരം കൂടും. എണ്ണം കൂടും.
എണ്‍പതും തൊണ്ണൂറും വയസ്സ് ജീവിച്ചിരുന്നാലും പാപങ്ങളില്‍നിന്ന് അകന്നു ജീവിക്കുന്നില്ലെങ്കില്‍ ആ ആയുസ്സ് ദീര്ഘായുസ്സായതുകൊണ്ട് അഹങ്കരിക്കാനൊന്നുമില്ല. ദീര്‍ഘകാലം ജീവിച്ചിരിക്കുന്നത് ദീര്‍ഘകാലം പാപം ചെയ്യാനാണെങ്കില്‍ ആ ദീര്‍ഘായുസ്സുകൊണ്ട് എന്തുപ്രയോജനം?
വെട്ടിക്കളയാതെ ഫലമുണ്ടോയെന്ന് പ്രതീക്ഷിച്ച് നിര്‍ത്തിയിരിക്കുന്ന അത്തിവൃക്ഷം പോലെയാണ് നമ്മള് ഓരോരുത്തരും. ഇനിയും ഫലം പുറപ്പെടുവിച്ചില്ലെങ്കില്‍ മാത്രമല്ല ഇനിയും പഴയതും പുതിയതുമായ പാപങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ അവയെല്ലാം വെട്ടി തീയിലെറിയപ്പെടുക തന്നെ ചെയ്യും.
സത്യമായും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. ദീര്‍ഘകാലം ജീവിച്ചിരുന്നാല്‍ ഞാന്‍ ദീര്‍ഘകാലം പാപം ചെയ്യും എന്നതുകൊണ്ടുതന്നെ. ആരെങ്കിലും ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്ഥിക്കുന്നുണ്ടെങ്കില് അവര്‍ക്ക് ഇങ്ങനെയൊരു ചിന്തയുണ്ടായിരുന്നുവെങ്കില്‍.. പാപം ചെയ്യാനായി ദീര്‍ഘകാലം ജീവിച്ചിരിക്കാതെ പാപം ചെയ്യാതെ ഈ ഭൂമി വിട്ടുപിരിയുന്നത് എത്രയോ ഭാഗ്യം!

വിനായക് നിര്‍മല്‍




