Friday, June 19, 2026

നിലപാടുകൾ

വരാനിരിക്കുന്ന മിശിഹായ്ക്ക് ദാസ്യവേല ചെയ്യണമെന്ന വലിയ ആഗ്രഹത്തിലായിരുന്നു തന്റെ ജീവിതവും സ്വപ്നങ്ങളും പ്രാര്‍ഥനകളും ആഗ്രഹങ്ങളും മറിയം രൂപപ്പെടുത്തിയത്. ദാസിയായിരിക്കാനുറച്ച മറിയത്തെ സ്വര്‍ഗം ഭരമേല്‍പ്പിച്ചത് രക്ഷകന്റെ അമ്മയാകാനുള്ള അതിശ്രേഷ്ഠമായ ഒരു ഉത്തരവാദിത്തമായിരുന്നു. അപ്പോഴും അവള്‍ സ്വന്തം നില മറന്നിരുന്നില്ല. ഒരിക്കല്‍മാത്രം പ്രത്യക്ഷപ്പെട്ട് സുവിശേഷം അറിയിച്ച ദൈവദൂതനെ പിന്നീടൊരിക്കലും അവള്‍ കണ്ടിട്ടില്ലെങ്കിലും തുടരെത്തുടരെയുണ്ടായ ഹൃദയഭേദകമായ അനുഭവങ്ങളിലും ദൈവം ഉണ്ടോ എന്നുപോലും സംശയിച്ച അവസരങ്ങളിലും അവള്‍ ദാസിയായിത്തന്നെ നിലകൊണ്ടു. ആനന്ദത്തിന്റെ പുതുവീഞ്ഞ് രുചിച്ച കാനായിലും ദുഃഖത്തിന്റെ കയ്പുനീര്‍ മട്ടോളം കുടിച്ച കാല്‍വരിയിലും അവള്‍ നിശ്ശബ്ദ ദാസിയായിരുന്നു. ‘ഞാന്‍ ഇതാ കര്‍ത്താവിന്റെ ദാസി’ എന്ന നിലപാടിന്റെ കരുത്തിലായിരുന്നു മരണത്തോളം ശക്തമായ സംശയത്തിന്റെ ദിനരാത്രങ്ങളെയും അനിശ്ചിതത്വത്തിന്റെ പലായനങ്ങളെയും അപ്രതീക്ഷിത വേര്‍പാടുകളെയും ദൈവംപോലും കൈവിട്ടു എന്നു കരുതിയ സ്വപുത്രന്റെ മരണത്തെയും അതിജീവിച്ച് അവള്‍ മാനവകുലത്തിന്റെ സഹരക്ഷകയായിത്തീര്‍ന്നത്.

നീതിയുടെയും സ്‌നേഹത്തിന്റെയും നിലപാടുകളെ മുറുകെപ്പിടിച്ച് ഒരു രാഷ്ട്രത്തിന്റെ വീണ്ടെടുപ്പിനായി ശക്തമായി നിലകൊണ്ട മഹാവ്യക്തിയായിരുന്നു ഗാന്ധിജി. അപരനെ ഹനിക്കാത്ത അഹിംസയുടെ വഴിയില്‍ അനേകം ഹൃദയങ്ങളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയത്. ഉടുതുണിക്കു മറുതുണിയില്ലാത്തവിധം ദാരിദ്ര്യത്തിന്റെ ക്ലേശം അനുഭവിച്ചിരുന്ന സഹോദരങ്ങളുടെ വേദന ഏറ്റെടുത്താണ് തന്റെ വസ്ത്രധാരണ ശൈലി പോലും അദ്ദേഹം മാറ്റിയത്. ‘ഇവിടെ ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരുന്നുവോ എന്ന് വരുംതലമുറ അത്ഭുതപ്പെടുമെന്ന്’ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞുവച്ചത് നിലപാടുകളിലൂന്നിയ ആ വ്യക്തിത്വത്തിന്റെ ആഴങ്ങളെ കണ്ടുകൊണ്ടായിരിക്കണം.

സമ്പന്നതയുടെ നടുവില്‍ ദാരിദ്ര്യവും കഷ്ടപ്പാടും അറിയാതെ വളര്‍ന്ന ഒരു പ്രഭുകുമാരനായിരുന്നു ഫ്രാന്‍സിസ്. ദൈവത്തെ അറിഞ്ഞ ആ നിമിഷം മുതല്‍ തന്റെ നിലപാടുകളെ അദ്ദേഹം തിരുത്തിയെഴുതി. ഉടുതുണിപോലും ഉരിഞ്ഞെറിഞ്ഞ് സ്വര്‍ഗീയ പിതാവിനെ അപ്പാ എന്നു വിളിക്കാന്‍കാണിച്ച അദ്ദേഹത്തിന്റെ ധീരതയും ദാരിദ്ര്യത്തെ സഹോദരിയായി വരിച്ച ആ പുണ്യ ജീവിതത്തിന്റെ ലാളിത്യവും ഇന്നും അനേകരെ ആകര്‍ഷിക്കുന്നുണ്ട്.

സത്യത്തെ കണ്ടെത്തിയ മാത്രയില്‍ ജീവിത നിലപാടുകളെയും മുന്‍ഗണനകളെയും നവീകരിച്ച വിശുദ്ധ അഗസ്റ്റിനും വിശുദ്ധ പൗലോസും മറിയം മഗ്ദലേനയും സുവിശേഷത്തിലെ സക്കേവൂസും നമുക്കു സുപരിചിതരാണ്. അന്നുവരെയും അവര്‍ സഞ്ചരിച്ച വഴികളിലൂടെയല്ല പിന്നീട് അവര്‍ യാത്ര ചെയ്തത്. അവരുടെ തിരഞ്ഞെടുപ്പുകള്‍ക്കും ജീവിത ശൈലിക്കുതന്നെയും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു.

നിലപാടുകളിലെ അപചയങ്ങളാണ്‌ നമ്മെ തിന്മയിലേക്കും പരാജയങ്ങളിലേക്കും നയിക്കുന്നത്. ദൈവമാകാന്‍ ആഗ്രഹിച്ച ആദ്യ മാതാപിതാക്കളുടെ കഥ ഓര്‍മ്മയില്ലേ? ദൈവത്തിന്റെ സൃഷ്ടിയായിരുന്നിട്ടും ദൈവമാകാന്‍ ഇച്ഛിച്ച, സ്വന്തം നില മറന്നുള്ള അവരുടെ നിലപാടുകളിലെ അപചയമാണ് ആയുഷ്‌കാലം മുഴുവന്‍ കഠിനാധ്വാനം കൊണ്ട് കാലയാപനം ചെയ്യാന്‍ അവരെ ഇടയാക്കിയത്. ഉഷസ്സിന്റെ പുത്രനായ പ്രഭാതനക്ഷത്രം എന്ന് ഏശയ്യാ പ്രവാചകന്‍ തന്റെ പതിനാലാം അധ്യായത്തില്‍ പരാമര്‍ശിക്കുന്ന സ്വര്‍ഗത്തിലെ മാലാഖയില്ലേ. അത്യുന്നതനെപ്പോലെയാകാന്‍ ആഗ്രഹിച്ചതായിരുന്നു പാതാളത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് വീഴ്ത്തപ്പെടാന്‍ ആ മാലാഖയ്ക്ക് ഇടയായത്.

വെള്ളപ്പൊക്കവും വയനാടും വിലങ്ങാടും നമ്മിലെ കൂട്ടായ്മയുടെ കരുത്ത് പുറത്തെടുത്തെങ്കിലും നീതിക്കു നിരക്കാത്ത അല്ലെങ്കില്‍ സത്യോന്മുഖമായ നിലപാടുകള്‍ക്ക് വിലകല്പിക്കാത്ത ഒരുപാടു മനുഷ്യരുടെ ഇടയിലാണ് നാം ജീവിക്കുന്നതെന്ന് തോന്നിപ്പോകാറുണ്ട്. ഒരുപക്ഷേ, അപരനെ മാനിക്കുന്ന നിലപാടുകള്‍ പടിയിറങ്ങുന്ന ഒരു ലോകത്തിന്റെ ഭാഗമായി ഞാനും മാറുന്നുണ്ട് എന്നു പറയാം. നമ്മുടെ ഇടയില്‍ എത്രയോ സ്ത്രീകളും കുട്ടികളുമാണ് അതിക്രൂരമായി അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പൊതുനിരത്തുകളിലും തൊഴിലിടങ്ങളിലും ചൂഷണങ്ങള്‍ക്കും മരണത്തിനും ഇരയാകുന്നവര്‍ ഏറെയാണ്. നിയമപാലകര്‍പോലും സ്വന്തം നിലമറന്ന് പ്രവര്‍ത്തിക്കുന്ന വാര്‍ത്തകള്‍ നമുക്ക് അന്യമല്ല. ഇനി വരുന്ന ഒരു തലമുറയ്ക്ക് ഇവിടെ വസിക്കാനാകാത്തവിധം മണ്ണും മരങ്ങളും അന്തരീക്ഷവും സ്വാര്‍ഥ ലാഭങ്ങളുടെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്നുണ്ട്. ഭൂമിയെന്ന അമ്മയെ ഊട്ടിയും നൈവേദ്യമര്‍പ്പിച്ചും ബഹുമാനിച്ചിരുന്ന നമ്മുടെ പൈതൃകം പടിയിറങ്ങിയതിന്റെ അവശേഷിപ്പുകളാണ് നദികളിലും വഴിയോരങ്ങളിലും കുമിഞ്ഞു കൂടുന്ന മാലിന്യശേഖരങ്ങള്‍. ഈ ഭൂമിയില്‍ ജീവിക്കാന്‍ ഓരോ മനുഷ്യനും അവകാശമുണ്ടെന്ന മനുഷ്യത്വപരമായ നിലപാടുകളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് മാനവികതയ്ക്കപ്പുറമുള്ള വംശീയതയുടെയും താന്‍പോരിമയുടെയും പേരില്‍ ഇന്നും കലാപങ്ങളും യുദ്ധങ്ങളും തുടരുന്നത്. അപരനെ ഉപയോഗവസ്തുവായി മാത്രം കരുതുന്ന നിലവാരമില്ലാത്ത നിലപാടുകളിലൂന്നിയ ലോകം എത്ര ഭയാനകമായിരിക്കും? വ്യക്തികളെയും തൊഴിലിടങ്ങളെയും മനുഷ്യജീവനെയും രാജ്യങ്ങളെയും ബഹുമാനിക്കുന്ന നീതിയുടെയും സ്‌നേഹത്തിന്റെയും നിലപാടുകളുള്ള യഥാര്‍ഥ മനുഷ്യരാകാന്‍ നമുക്കുസാധിക്കട്ടെ.

സി. നിമിഷ റോസ് CSN

Related Articles