Friday, June 19, 2026

വിവാഹേതരബന്ധങ്ങൾ എങ്ങനെ ഒഴിവാക്കാം?

വലിയ വിശ്വാസത്തിലും സ്‌നേഹത്തിലുമായിരുന്നു ആ ദമ്പതികള്‍ വിവാഹജീവിതത്തി
ലേക്ക് പ്രവേശിച്ചതും ആദ്യനാളുകള്‍ ആസ്വദിച്ചതും. വിവാഹജീവിതത്തിന്റെ രജതജൂബിലി അടുക്കാറായപ്പോഴേക്കും ഭര്‍ത്താവിന് ലൈംഗികകാര്യങ്ങളില്‍ വിരക്തിതോന്നി. മാത്രവുമല്ല ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു അയാളുടെ പൂര്‍ണ്ണ ശ്രദ്ധ. പ്രായമിത്രയുമായി, മക്കള്‍ വളര്‍ന്നു എന്ന രീതിയില്‍ അയാള്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. ഭാര്യയ്ക്കും തന്നെപ്പോലെയായിരിക്കും വികാരവിചാരങ്ങളെന്നും അയാള്‍ കരുതി. പക്ഷേ, പ്രായത്തില്‍ നല്ല വ്യത്യാസമുണ്ടായിരുന്ന അവള്‍ക്ക് യൗവനം അവശേഷിക്കുന്നുണ്ടായിരുന്നു. മോഹ
ങ്ങളും. തനിക്ക് പ്രായമേറുകയും സൗന്ദര്യം മങ്ങുകയും ചെയ്തതുകൊണ്ടായിരിക്കാം ഭര്‍ത്താവിന് തന്നോടു താല്പര്യം കുറഞ്ഞതെന്നായിരുന്നു അവള്‍ കരുതിയത്. അതുകൊണ്ട് ഭര്‍ത്താവിനെക്കാള്‍ മിടുക്കനും തന്നെക്കാള്‍ പ്രായക്കുറവുമുള്ള ഒരുവനെ അവള്‍ കാമുകനാക്കി. പക്ഷേ, കാമുകന് അവളില്‍ നിന്നാവശ്യമുണ്ടായിരുന്നത് ഉപാധികളില്ലാത്ത രതിയും കൈനിറയെ കാശുമായിരുന്നുവെന്ന് അവള്‍ വൈകിയാണ് മനസ്സിലാക്കിയത്. അപ്പോഴേക്കും മക്കളുടെയും ഭര്‍ത്താവിന്റെയും മുമ്പില്‍ കുറ്റക്കാരിയായി അവള്‍ മാറുകയും ചെയ്തിരുന്നു.

ദാമ്പത്യബന്ധം ഓരോ ദിവസവും നവീകരിക്കപ്പെടേണ്ടതുണ്ട്. ഇതു ചെയ്യാതെവരുമ്പോഴാണ് ദാമ്പത്യം വിരസവും വരണ്ടതുമായിത്തീരുന്നത്. തുടക്കത്തിലുണ്ടായിരുന്ന ദാമ്പത്യസ്‌നേഹം അവസാനംവരെ കാത്തുസൂക്ഷിക്കാന്‍ കഴിയുന്നവരാണ് മികച്ച ദമ്പതികള്‍. വിശ്വസ്തമായ ദാമ്പത്യബന്ധം കെട്ടിപ്പടുക്കുന്നതിന് പങ്കാളികള്‍ ദിവസവും തുറന്നുസംസാരിക്കുന്നതിനായി സമയം കണ്ടെത്തുക. അനുദിനകാര്യങ്ങള്‍ മുതല്‍ ലൈംഗികതവരെയുള്ള വിഷയങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറയുക. വിയോജിപ്പുകളും സമ്മതങ്ങളും പങ്കുവയ്ക്കുക. അമ്പതുവയ
സ്സാകുന്നതോടെ പുരുഷന്മാരില്‍ സംഭവിക്കുന്ന ടെസ്റ്റോസ്റ്റെറോണിന്റെ കുറവ് അവരെ ലൈംഗികകാര്യങ്ങളില്‍നിന്ന്‌ വിമുഖതയുള്ളവരാക്കിമാറ്റുമെന്ന് സ്ത്രീകള്‍ മനസ്സിലാക്കണം. ഭര്‍ത്താവ് പഴയതുപോലെ ലൈംഗികകാര്യങ്ങളില്‍ താല്പര്യം കാണിക്കാത്തത് തന്നോടുള്ള ഇഷ്ടക്കുറവല്ലെന്നും തിരിച്ചറിയുക. ഭാര്യയ്ക്ക് ഒരു നല്ല സുഹൃത്തായി മാറുകയും അവളെ കേള്‍ക്കാനും പരിഗണിക്കാനും സന്നദ്ധനാവുകയും ചെയ്യുക. മുമ്പു പറഞ്ഞത് ആവര്‍ത്തിക്കട്ടെ, പുരുഷന് കാമമാണ് കൂടുതല്‍. അതായത് സ്വാഭാവികമായ ലൈംഗികചോദന. അതില്‍ പലപ്പോഴും സ്‌നേഹമുണ്ടായിരിക്കില്ല. പക്ഷേ, സ്ത്രീക്ക് സ്‌നേഹമാണുവേണ്ടത്.

ഭാര്യയ്ക്ക്‌ സ്‌നേഹം കൊടുക്കൂ. അവള്‍ നിങ്ങളെവിട്ടുപിരിയുകയില്ല. ഭാര്യമാരാകട്ടെ ഭര്‍ത്താവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക, അയാള്‍ നിങ്ങളെ വിട്ടുപോവുകയില്ല.

നടുക്കുന്ന യാഥാര്‍ഥ്യം

കേരളത്തില്‍ വിവാഹേതരബന്ധങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്നത്‌ നടുക്കമുളവാക്കുന്ന യാഥാര്‍ഥ്യമാണ്. മുന്‍കാലത്തെന്നതിനെക്കാള്‍ എന്റെ അടുത്തുമാത്രം വരുന്ന കേസുകളില്‍ 63 ശതമാനം വര്‍ധനവാണുള്ളത്. മാത്രവുമല്ല അറിയപ്പെടാതെയും കൗണ്‍സലിംഗിന് വരാതെയും എത്രയോ പേര്‍ വിവാഹേതര ബന്ധങ്ങള്‍ രഹസ്യമായി കൊണ്ടുനടക്കുന്നുമുണ്ടാവും. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്കും അവഗണിക്കാവുന്നതല്ല. ഇന്ന് പ്രണയത്തിലാകാന്‍ നൂറുവഴികളാണുള്ളത്. ഒരിക്കല്‍പ്പോലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ പോലും എത്രയോ ആഴമായ സ്‌നേഹബന്ധത്തിലേക്കാണ് വളരുന്നത്. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമെല്ലാം പ്രണയത്തിനുള്ള വേദികളായി മാറിയിരിക്കുന്നു. ഇവയൊക്കെ നല്ല
താകുമ്പോഴും കുടുംബം തകര്‍ത്തുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിച്ചേ മതിയാവൂ. ദമ്പതികള്‍ മുമ്പെന്നത്തെക്കാളും കൂടുതല്‍ ജാഗരൂകതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

വിവേകം വേണേ..

ലൈംഗികാകര്‍ഷണം തെറ്റല്ല. വിവാഹിതയായ ഒരു സ്ത്രീക്ക് മറ്റൊരു പുരുഷനോടോ വിവാഹിതനായ ഒരു പുരുഷന് മറ്റൊരു സ്ത്രീയോടോ ലൈംഗികാകര്‍ഷണം തോന്നിയേക്കാം. പൊതുവായ ഇടം പങ്കിടുന്നവരെന്ന നിലയില്‍ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടിവരുന്ന പല സാഹചര്യങ്ങളില്‍ ഇതിനുള്ള സാധ്യത കൂടുതലുമാണ്. എന്നാല്‍, ആ ബന്ധങ്ങള്‍ക്ക് ആരോഗ്യപരമായ അതിരു നിശ്ച
യിക്കുകയും ആ അതിരിനുള്ളില്‍നിന്നുകൊണ്ട് ഇടപെടുകയും ചെയ്യുക.

അത്തരംബന്ധങ്ങളെ പ്രണയത്തിലേക്കും ലൈംഗികബന്ധത്തിലേക്കും ഒരിക്കലും വളര്‍ത്താതിരിക്കുക. ദാമ്പത്യത്തില്‍ അനുഭവിക്കാന്‍ കഴിയുന്ന സന്തോഷത്തിനും സ്വാതന്ത്ര്യത്തിനും പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്ന സത്യം മനസ്സിലാക്കുക. വിലക്കപ്പെട്ട കനി ഭക്ഷിച്ചാല്‍ പിന്നെ അതിനുകൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും.

ദമ്പതികള്‍ വഴുവഴുപ്പുള്ള ഒരു ഒറ്റവരിപ്പാതയിലൂടെ കൈകോര്‍ത്തു നടന്നുനീങ്ങുന്നവരാണ്. നോട്ടം തെറ്റിയാല്‍, ശ്രദ്ധ പാളിയാല്‍ ചുവടുകള്‍ പിഴയ്ക്കും. കരം കോര്‍ത്തു പിടിച്ചിരിക്കുന്ന ആളെക്കൂടി ചെളിക്കുണ്ടിലേക്ക് അതു വീഴിച്ചുകളയും.
ഇരുവര്‍ക്കും ഇവിടെ പരിക്കുകളേല്ക്കുന്നു. ഇരുവരുടെയും ദേഹത്താണ് ചെളിപറ്റുന്നത്. അതുകൊണ്ട് നോട്ടം തെറ്റാതിരിക്കട്ടെ. ചുവടുകള്‍ പിഴയ്ക്കാതിരിക്കട്ടെ. പരസ്പരം മലിനപ്പെടുത്താതിരിക്കട്ടെ. വിവാഹനിമിഷത്തില്‍ പരസ്പരം കോര്‍ത്തുപിടിച്ച കരങ്ങള്‍ ജീവിതാവസാനംവരെ നിലനില്ക്കട്ടെ. കിടപ്പറയുടെ വിശുദ്ധി മരണത്തിനപ്പുറവും സുഗന്ധം പരത്തട്ടെ.

Sr. Arphitha
സി. അർപ്പിത CSN
സെന്റ് ജൂഡ് കൗൺസലിംഗ് സെന്റർ,
അങ്കമാലി

Related Articles