Friday, June 19, 2026

തകരുന്ന ബന്ധങ്ങൾ

മാതാപിതാക്കളുടെ ആഗ്രഹം ഡോക്ടറാക്കണമെന്നായിരുന്നെങ്കിലും ഡയാന പഠനത്തില്‍ അത്ര മികവുപുലര്‍ത്തിയില്ല. കഷ്ടിച്ച് പി.ജി. പാസായി. സാമ്പത്തികമായി വളരെ ഉയര്‍ന്ന കുടുംബം. വിദ്യാഭ്യാസം നേടി ഉപജീവനത്തിനു വഴിതേടേണ്ട ആവശ്യമില്ലാത്തതു കൊണ്ടുതന്നെ ജോലിയൊന്നും അന്വേഷിച്ചില്ല. ഡോ. ഡാര്‍വിനുമായുള്ള വിവാഹം നിശ്ചയിച്ചപ്പോള്‍ മാതാപിതാക്കള്‍ നിറഞ്ഞ സന്തോഷത്തോടെ ദൈവത്തിനു നന്ദിപറഞ്ഞു. രണ്ടുമക്കളില്‍ ഒരാളെ ദൈവം നേരത്തെ വിളിച്ചു. പിന്നെ ജീവിതത്തില്‍ എല്ലാമെല്ലാം ഡയാന ആയിരുന്നു. ഡാര്‍വിനാകട്ടെ രണ്ട് ആണ്‍ മക്കളില്‍ ഇളയവന്‍ – സുമുഖനും പഠനത്തില്‍ അതിസമര്‍ഥനും. നിറമാര്‍ന്ന സ്വപ്നങ്ങള്‍ നെഞ്ചില്‍ നിറച്ചാണ് ഇരുവരും വിവാഹവേദിയിലേക്കു വന്നത്. ആഘോഷങ്ങളും ആചാരങ്ങളുമായി വിശ്രമമില്ലാത്ത ദിനങ്ങള്‍ കഴിഞ്ഞു. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി വന്ന ബന്ധുക്കളെല്ലാം പിരിഞ്ഞു.

നാലു ദിവസം വധുവിന്റെ വീട്ടില്‍ താമസിക്കുന്ന പഴയ പാരമ്പര്യമനുസരിച്ച് അവര്‍ ഡയാനയുടെ വീട്ടില്‍ തങ്ങി. ആളും ബഹളവുമൊഴിഞ്ഞ മൂന്നാം ദിവസം ഡയാനയും ഡാര്‍വിനും വൈകിട്ട് അല്പം നേരത്തെ ആഹാരമൊക്കെ കഴിച്ച് അവരുടെ സ്വകാര്യനിമിഷങ്ങളിലേക്കു മടങ്ങി, പാതിരാത്രികഴിഞ്ഞപ്പോള്‍ ഒരു ഏങ്ങലടിയുടെ ശബ്ദം കേട്ടാണ് ഡയാനയുടെ മാതാപിതാക്കള്‍, ജോണും സിസിലിയും വാതില്‍ തുറന്ന് പുറത്തിറങ്ങിയത്. ഭയവും ആശങ്കയും അതിരുകടന്നിട്ട് മാനസിക, വിഭ്രാന്തി പിടിച്ചവളെപ്പോലെ സെറ്റിയില്‍ മുഖം അമര്‍ത്തി കരയുന്ന മകളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവളെ വാരിപ്പുണര്‍ന്നു. കരയുന്നതിന്റെ കാരണം തിരക്കിയ അവരെ അവള്‍ തന്റെ മുഖവും കയ്യും വയറുമെല്ലാം കാണിച്ചുകൊടുത്തു. കത്തികൊണ്ടു വരഞ്ഞു കീറിയാലെന്നപോലെ ചോര പൊടിയുന്ന മുറിവുകള്‍. അനുനയിപ്പിക്കുന്ന വാക്കുകളുമായി ഡാര്‍വിന്‍ ഇറങ്ങി വന്നെങ്കിലും അവളുടെ അടുത്തേക്കു വരാന്‍ അവര്‍ സമ്മതിച്ചില്ല. നെഞ്ചു തകരുന്ന വേദനയില്‍ അവര്‍ക്കു വാക്കുകള്‍ പുറത്തേക്കുവന്നില്ല. എട്ടുവയസ്സുവരെ അവളെ കിടത്തിയുറക്കിയ കട്ടിലില്‍ തങ്ങളോടൊപ്പം മകളെ കിടത്തി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും കാര്യങ്ങള്‍ വ്യക്തമാകാതെ അവരുടെ മനസ്സ് ഉത്കണ്ഠാകുലമായി. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന അനുജനും ഭാര്യയും വക്കീലന്മാരാണ്. അവരെ രാത്രിയില്‍ത്തന്നെ വിളിച്ചുവരുത്തി. അവര്‍ ക്ഷമയോടെ വന്നിരുന്ന് ഡാര്‍വിനുമായി സംസാരിച്ചു. ആദ്യം മൗനം പാലിച്ച അയാള്‍ പിന്നിട് പശ്ചാത്താപവും നിസ്സഹായതയും വെളിപ്പെടുത്തി.

പഠനകാലത്ത്പലവിധ ദുശ്ശീലങ്ങള്‍ക്കും അടിമയായിപ്പോയ ഡാര്‍വിന്റെ നിസ്സഹായതയില്‍ നമുക്ക് ഖേദിക്കാനേ പറ്റൂ. ഉന്നതവിദ്യാഭ്യാസത്തിനായി നമ്മുടെ മക്കള്‍ കടന്നു ചെല്ലുന്നത് കടന്നല്‍കൂട്ടിലേക്കാണ്. ഡാര്‍വിന്‍ ആദ്യം ബ്ലൂ ഫിലിമിനും പിന്നീട് മയക്കുമരുന്നിനും ലൈംഗിക വൈകൃതങ്ങള്‍ക്കും അടിമയായിത്തീര്‍ന്നു. പഠനത്തില്‍ അതിസമര്‍ഥനായിരുന്നതിനാല്‍ വിദഗ്ധനായ ഒരു ഡോക്ടറായി പുറത്തുവരാന്‍ കഴിഞ്ഞെങ്കിലും, അവനിലെ ദൈവാംശം മാത്രമല്ല മനുഷ്യാംശംപോലും മോര്‍ച്ചറിയിലായിക്കഴിഞ്ഞിരുന്നു.

മക്കള്‍ പഠിക്കണ്ടേ? വേണം. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടാന്‍ വിദൂര സ്ഥലങ്ങളില്‍ വിട്ട് പഠിപ്പിക്കണ്ടേ? വേണം. ജോലി സമ്പാദിക്കണ്ടേ? വിവാഹം കഴിക്കണ്ടേ? ഇതൊക്കെ തീര്‍ച്ചയായും വേണം. പക്ഷേ, ഇതൊക്കെ മിനിമം പതിനേഴുവയസ്സു കഴിഞ്ഞുള്ള കാര്യങ്ങളാണല്ലോ.

പ്രിയ മാതാപിതാക്കളേ, വേരുറച്ചു നിന്നാല്‍ കാറ്റത്തുലഞ്ഞാലും മരം വീണു പോകില്ല. കുഞ്ഞുന്നാളില്‍ നെറ്റിയില്‍ കോറുന്ന കുരിശടയാളം മുതല്‍ പ്രായത്തിനൊത്ത് കുഞ്ഞ് സ്വീകരിക്കുന്ന കൂദാശകള്‍ ഉള്‍പ്പെടെ ഒരാത്മാവിനെ ഉലയാത്ത വിധം പിടിച്ചുനിര്‍ത്തുന്ന എത്രയെത്ര കാര്യങ്ങള്‍ നമുക്കു ലഭ്യമായിട്ടുണ്ട്! ആറ്റുതീരത്തു നടപ്പെട്ട സരളമരം പോലെ സഭയില്‍ നമ്മെ തഴച്ചുവളര്‍ത്തുന്ന ദൈവത്തിന്റെ കരവലയത്തിലാണ് മക്കള്‍ എന്ന് ദിവസേന ഉറപ്പുവരുത്തുക. വിശുദ്ധകൂദാശകളുടേയും അനുദിന ബലിയര്‍പ്പണത്തിന്റെയും ഇടവിടാത്ത പ്രാര്‍ത്ഥനയുടെയും തികഞ്ഞ ദൈവാശ്രയബോധത്തിന്റെയും കളരിയായിരിക്കട്ടെ കത്തോലിക്കാ കുടുംബങ്ങള്‍. വിടുവിച്ചെടുക്കാനാവാത്തവിധം നമ്മുടെ മക്കള്‍ക്കു കൂച്ചുവിലങ്ങിടുന്ന ദുഷ്ടശക്തികളെ നിശ്ശേഷം തകര്‍ക്കുവാന്‍ തക്കവിധം അത്യുന്നത ശക്തിയല്ലേ ദൈവാത്മാവ്. യേശുവിന്റെ തിരുരക്തക്കോട്ട ഭേദിക്കാന്‍ ഏതു നാരകീയ ശക്തിക്കാണ് കഴിയുക. നരകവാതിലുകള്‍ സഭയ്‌ക്കെതിരെ പ്രബലപ്പെടുകയില്ല എന്നല്ലേ തിരുവചനം. പതിനേഴുവയസ്സുവരെയെങ്കിലും നിങ്ങള്‍ അവരെ കര്‍ത്താവിന്റെ കരവലയത്തില്‍ ചേര്‍ത്തു നിര്‍ത്തുക. അവിടെ വേരു
പിടിച്ചു തഴച്ചുവളര്‍ന്നാല്‍ ഒരിടത്തും അവര്‍ വീണു പോകില്ല.


സി. ആനി ജോസ് CSN 

Related Articles