സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ രംഗത്തെക്കുറിച്ച് തിരയുന്നവര്‍ ഏറ്റവും കൂടുതല്‍ കാണുന്നത് കൊളസ്ട്രോളിനെക്കുറിച്ചുള്ള വീഡിയോകളാണ്. മരുന്ന് കഴിക്കാതെ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള പൊടിക്കൈകള്‍, പ്രത്യേക ഡയറ്റുകള്‍, ഡീറ്റോക്സ് ജ്യൂസുകള്‍ എന്നിവയെക്കുറിച്ചുള്ള ഉപദേശങ്ങള്‍ അവിടെ സുലഭമാണ്.
വ്യാജ വാദങ്ങള്‍
‘സോഷ്യല്‍ മീഡിയ ശാസ്ത്രജ്ഞര്‍’ അടുത്തിടെ ഉയര്‍ത്തുന്ന ചില പ്രധാന വാദങ്ങള്‍ ഇവയാണ്. മരുന്ന് കമ്പനികളുടെ തട്ടിപ്പാണ് ഇതെന്നാണ് ഒന്നാമത്തെ വാദം: വില്പന കൂട്ടാന്‍ വേണ്ടി കൊളസ്ട്രോളിന്റെ നോര്‍മല്‍ വാല്യൂ മനഃപൂര്‍വം കുറച്ചു കൊണ്ടുവരുന്നു എന്നാണ് അവര്‍ പറയുന്നത്. ശരീരത്തിന് കൊളസ്ട്രോള്‍ വേണം; തലച്ചോറിനും കരളിനും കൊളസ്ട്രോള്‍ അത്യാവശ്യമായതിനാല്‍ മരുന്ന് കഴിച്ച് അത് കുറയ്ക്കുന്നത് നിങ്ങളെ നിത്യരോഗിയാക്കും എന്നതാണ് അടുത്തവാദം. മൂന്നാമത്തെവാദം, ലിപിഡ് പ്രൊഫൈല്‍ സാമ്പത്തിക തട്ടിപ്പാണ് എന്നതാണ്. വെറും കൊളസ്ട്രോള്‍ മാത്രം നോക്കിയാല്‍ പോരേ, എന്തിനാണ് കൂടുതല്‍ പണം ചെലവാക്കി ‘ലിപിഡ് പ്രൊഫൈല്‍’ ചെയ്യുന്നത് എന്ന ചോദ്യമാണ് അവര്‍ ഉയര്‍ത്തുന്നത്.
ഈ തെറ്റിധാരണകളുടെ പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കാന്‍ അല്പം ബയോകെമിസ്ട്രി അറിഞ്ഞിരിക്കേണ്ടതുണ്ട്.
എന്താണ് ഈ ലിപിഡ് പ്രൊഫൈല്‍?
നമ്മുടെ ശരീരത്തില്‍ ജീവന് നിലനിര്‍ത്താനാവശ്യമായ, വെള്ളത്തില്‍ ലയിക്കാത്ത മൂന്ന് പദാര്‍ഥങ്ങളെ (കെമിക്കലുകളെ) ഒരുമിച്ചുവിളിക്കുന്ന പേരാണ് ലിപിഡ്. കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, ഫോസ്ഫോളിപിഡുകള് എന്നിവയാണ് ആ മൂന്ന് കെമിക്കലുകള്‍. ഇവയുടെ പ്രവര്‍ത്തനം രക്തത്തില്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ഒറ്റയ്ക്കല്ലാതെ ഒരു ‘പ്രൊഫൈല്‍’ ആയി ഇവ പരിശോധിക്കുന്നത്. ഇതിലെ ഓരോ ഘടകവും എന്താണ് ചെയ്യുന്നതെന്ന് നോക്കാം:
കൊളസ്ട്രോള്‍: കോശഭിത്തികള്‍, ഹോര്‍മോണുകള്‍, പിത്തരസം, തലച്ചോറിലെ കോശങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഇത് അത്യാവശ്യമാണ്. എന്നാല്‍, ഇത് പരിധിവിട്ടാല്‍ രക്തക്കുഴലുകളുടെ ഭിത്തിയില്‍ പ്ലാക് (Plaque) ആയി അടിഞ്ഞു കൂടുകയും ഹാര്‍ട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.
ട്രൈഗ്ലിസറൈഡുകള്‍: ഇതാണ് യഥാര്‍ഥ ‘ഫാറ്റ്’. ശരീരത്തില്‍ എനര്‍ജി ഉല്പാദിപ്പിക്കുകയാണ് ഇവയുടെ ജോലി. ഇവ നേരിട്ട് രക്തക്കുഴലില്‍ അടിഞ്ഞില്ലെങ്കിലും, കൊളസ്ട്രോള്‍ പ്ലാക് ഉണ്ടാകാന്‍ വളരെയധികം സഹായിക്കുന്നു.
മൂന്നാമത്തെ ലിപിഡ് ആയ ഫോസ്ഫോ ലിപിഡുകള്‍ ക്രമംവിട്ട് ഉയരുന്നില്ലാത്തതിനാല് അത് ഇവിടെ നാം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല. കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ ഒക്കെ നോര്‍മല്‍ അളവില്‍ നമുക്ക് ആവശ്യമാണ്. എന്നാല്‍, കൂടുതലായാല്‍ അത് ഹാനികരവുമാണ്.
നമുക്ക് ജീവന് നിലനിര്‍ത്താന്‍ രക്തത്തില്‍ ഗ്ലൂക്കോസ് ആവശ്യമാണ്. എന്നാല്‍, അതിന്റെ അളവ് കൂടുതലായാല്‍ അതിനെ പ്രമേഹം എന്നാണ് വിളിക്കുന്നത്. ശരീരത്തിലെ എല്ലാ അവയവങ്ങളും നശിച്ചു പോകുകയും ചെയ്യും. “അധികമായാല്‍ അമൃതും വിഷം” എന്ന പഴഞ്ചൊല്ല് ഓര്‍ക്കുക. ഇതില്‍നിന്നും, കൊളസ്ട്രോള്‍ കൂടുതലാണെങ്കില്‍പ്പോലും മരുന്ന് കഴിക്കരുത് എന്ന് പറയുന്നത് ഒന്നുകില്‍ അറിവില്ലായ്മ, അല്ലെങ്കില്‍ നിങ്ങള്‍ രോഗിയായി തീരാനുള്ള അവരുടെ ആഗ്രഹം എന്നേ കരുതാനാവൂ.
ലൈപ്പോ പ്രോട്ടീനുകള്‍: രക്തത്തിലെ ചരക്ക് ‘വാഹനങ്ങള്‍’
രക്തം എന്നത് പ്രധാനമായും വെള്ളമാണ്. ലിപിഡുകള്‍ വെള്ളത്തില്‍ ലയിക്കില്ല. അതിനാല്‍ ഇവയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ ഒരു ട്രാന്‍സ്പോര്‍ട്ട് സംവിധാനം ആവശ്യമാണ്. പ്രോട്ടീന്‍ തന്മാത്രകള് ചേര്‍ന്നുണ്ടാകുന്ന ഈ ‘വാഹനങ്ങളെ’ ലിപ്പോ പ്രോട്ടീന്‍ എന്ന് വിളിക്കുന്നു. ഇവയുടെ സാന്ദ്രത അനുസരിച്ച് മൂന്നായി തിരിക്കാം:
HDL (നല്ല കൊളസ്ട്രോള്‍): രക്തത്തിലെ അധികമുള്ള കൊളസ്ട്രോളിനെ തിരികെ കരളിലേക്ക് എത്തിച്ച് രക്തക്കുഴലുകളെ ക്ലീന്‍ ചെയ്യുന്നു. HDL കൂടുന്നതാണ് ആരോഗ്യത്തിന് നല്ലത്.
LDL (ചീത്ത കൊളസ്ട്രോള്‍): കരളില്‍ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊളസ്ട്രോള്‍ കൊണ്ടുപോകുന്നു. ഇത് കൂടിയാല്‍ രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിയാനുള്ള സാധ്യത കൂടും.
VLDL: പ്രധാനമായും ട്രൈഗ്ലിസറൈഡുകളെ വഹിക്കുന്നു. മധുരം, മദ്യം, പൊണ്ണത്തടി എന്നിവയുള്ളവരില്‍ ഇത് കൂടുതലായിരിക്കും.
അതുകൊണ്ട്,ആകെ കൊളസ്ട്രോൾ 200 ആണെങ്കിലും അതില്‍ HDL എത്രയുണ്ട്, LDL എത്രയുണ്ട് എന്ന് നോക്കിയാല്‍ മാത്രമേ ഒരാളുടെ കൃത്യമായ ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ കഴിയൂ.
നോര്‍മല്‍ വാല്യൂ കുറച്ചുകൊണ്ടുവരുന്നു എന്ന ആരോപണം
മരുന്നു കമ്പനികള്‍ക്ക് വേണ്ടിയാണ് നോര്‍മല്‍ വാല്യൂ മാറ്റുന്നത് എന്നത് വെറും ‘സോഷ്യല്‍ മീഡിയ ശാസ്ത്രജ്ഞരുടെ’ കണ്ടെത്തല്‍ മാത്രമാണ്.
ഇതിന്റെ ചരിത്രം ഇങ്ങനെയാണ്. 1970-80 കാലഘട്ടത്തില്‍ ആകെ കൊളസ്ട്രോൾ 240-ല്‍ താഴെയായാല്‍ മതി എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടന്ന ആഴത്തിലുള്ള പഠനങ്ങളാണ് HDL, LDL എന്നിവയുടെ പ്രാധാന്യം പുറത്തു കൊണ്ടുവന്നത്. പിന്നീട്, 1990-കളില്‍ ആകെ കൊളസ്ട്രോള്‍ 200-ല്‍ താഴെയാണ് സുരക്ഷിതമെന്ന് കണ്ടെത്തി. അതിനുശേഷം ഈ അളവില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍, ഉയര്‍ന്ന ഹൃദ്രോഗ സാധ്യത ഉള്ളവര്‍ (ഉദാഹരണത്തിന് അറ്റാക്ക് വന്നവര്‍) LDL അളവ് 70-ല്‍ താഴെ നിര്‍ത്തണമെന്നത് പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണ്.
ഇതൊന്നും ഡോക്ടര്‍മാര്‍ വ്യക്തിപരമായി തീരുമാനിക്കുന്നതല്ല. ലോകമെമ്പാടുമുള്ള സ്വതന്ത്ര ഗവേഷകര്‍ വര്‍ഷങ്ങളോളം പഠനം നടത്തി റെഗുലേറ്ററി അതോറിറ്റികള്‍ വഴി പുറത്തുവിടുന്ന മാര്‍ഗനിര്‍ദേശങ്ങളാണ്.
ഉപസംഹാരം
നിങ്ങളുടെ കൊളസ്ട്രോള്‍ നില കൃത്യമായി അറിയാന്‍ ലിപിഡ് പ്രൊഫൈല്‍ ടെസ്റ്റ് അനിവാര്യമാണ്. വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിച്ച് ചികിത്സ വൈകിപ്പിക്കുന്നത് വലിയ അപകടങ്ങള്‍ വരുത്തിവയ്ക്കും. ശാസ്ത്രീയമായ അറിവുകള്‍ നിങ്ങളെ ഭയത്തില്‍ നിന്ന് മോചിപ്പിക്കട്ടെ.
ഡോ. ജോജോ വി. ജോസഫ്
കാന്‍സര്‍ സര്ജന്




