Tuesday, November 24, 2026

മരുഭൂമികാലം

ലോകം അന്ധകാര ആഴങ്ങളിലേക്ക് നിപതിക്കുമ്പോള്‍, സ്വാര്‍ഥതകൊണ്ട് അധഃപതിച്ച മനുഷ്യര്‍ പെരുകുമ്പോള്‍, ഒറ്റപ്പെടലിന്റെ നീരൊഴുക്കിലേക്ക് ഒരാള്‍ പെട്ടുപോകുമ്പോള്‍, ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ ആത്മബലത്തിനുവേണ്ടി നമ്മള്‍ എന്തു ചെയ്യും? പ്രാര്‍ഥന ഒരു അതിജീവനമാര്‍ഗം തന്നെയാണ്.

ഉത്ഥിതനായ ക്രിസ്തു 33 വര്‍ഷത്തിലെ ഇഹ ലോക ജീവിതത്തിനുശേഷം സ്വര്‍ഗത്തിലേക്ക് മടങ്ങിയപ്പോള്‍ മൂന്നുവര്‍ഷം അവന്റെ നിഴല്‍പോലെ നടന്ന ശിഷ്യന്മാര്‍ ഭൂമിയില്‍ തനിച്ചാകുന്നുണ്ട്. ഒറ്റയ്ക്കിനി എല്ലാ പ്രതിസന്ധികളെയും പരീക്ഷകളെയും പ്രലോഭനങ്ങളെയും നേരിടാന്‍ ആത്മബലത്തിനും അതിജീവനത്തിനും വേണ്ടി അവര്‍ ഒറ്റക്കാര്യമേ ചെയ്തുള്ളൂ. ‘..ദൈവത്തെ സ്തുതിച്ചു കൊണ്ട്‌ സദാസമയവും ദേവാലയത്തില്‍ കഴിഞ്ഞുകൂടി’ (ലൂക്കാ 24:53). ലൂക്കായുടെ സുവിശേഷത്തിലെ അവസാന അധ്യായത്തിലെ ഒടുവിലത്തെ വചനമാണിത്. മാനവരാശിയോട് പങ്കുവയ്ക്കാനുള്ള ഏറ്റവും ഉത്കൃഷ്ടവും അന്തിമവുമായ സുവിശേഷ കല്പന – ‘നിരന്തരം ദൈവസന്നിധിയില്‍ പ്രാര്‍ഥിക്കുന്നവരാവുക’ എന്നുതന്നെയാണ്. മുന്നോട്ടുള്ള യാത്ര ദുര്‍ഘടം പിടിച്ചതും വ്യക്തതയില്ലാത്തതുമാകുമ്പോള്‍ പ്രാര്‍ഥനയുടെ നുറുങ്ങു വഴിവെട്ടങ്ങള്‍ അനിവാര്യം തന്നെയാണ്.

അപ്പസ്‌തോലപ്രവര്‍ത്തനം പന്ത്രണ്ടാം അധ്യായം എടുത്തു വായിക്കുക. അത്ഭുതത്തെക്കാള്‍ അഭികാമ്യമായൊന്ന്‌ നാമവിടെ ദര്‍ശിക്കുന്നു. സഭ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുമ്പോള്‍ എന്തു സംഭവിക്കും എന്നതിന്റെ ഉത്തമ തെളിവാണത്. സഭയ്‌ക്കെതിരെ പീഡനം ഉയര്‍ന്നുവന്നിരുന്ന കാലമായിരുന്നു. ഹേറോദേസ് അഗ്രിപ്പാ രാജാവ് വിശ്വാസികളെ നിഷ്‌കരുണം പീഡിപ്പിക്കുവാന്‍ ആരംഭിച്ചു. യോഹന്നാന്റെ സഹോദരനായ യാക്കോബിനെ അവന്‍ വാളിനിരയാക്കി. അപ്പസ്‌തോലന്മാരില്‍ ഒരാള്‍ വീണുപോയപ്പോള്‍ സഭയ്ക്ക് നഷ്ടത്തിന്റെ വേദനയുണ്ടായി. ഇത് യഹൂദര്‍ക്ക് പ്രസാദമായി തോന്നിയതിനാല്‍ ഹേറോദേസ് പത്രോസിനെയും പിടികൂടി തടവിലാക്കി.

ആദ്യകാല വിശ്വാസികള്‍ക്ക് രാഷ്ട്രീയ സ്വാധീനമോ, സമ്പത്തോ, സംഘബലമോ, ഭൗതിക പരിരക്ഷയോ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അവര്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചത് മറ്റൊരു മാര്‍ഗത്തിലൂടെയാണ് – പ്രാര്‍ഥനയുടെ കരുത്തുകൊണ്ട്. അന്നുമവര്‍ പത്രോസിനു വേണ്ടി ഒന്നുചേര്‍ന്ന് ദൈവസന്നിധിയില്‍ പ്രാര്‍ഥിക്കുക മാത്രമേ ചെയ്തുളളൂ. എവിടെയോ തനിക്കുവേണ്ടി പ്രാര്‍ഥനയില്‍ കൂട്ടിരിക്കുന്ന വരുണ്ടെന്ന തിരിച്ചറിവിന്റെ കരുത്തില്‍ അയാള്‍ തടവറയെ ഉറക്കറയാക്കുന്നുണ്ട്.

ഭാരമുള്ള ചങ്ങലകളാല്‍ ബന്ധനസ്ഥനായി കിടക്കുമ്പോഴും, നാലു ഭടന്‍മാര്‍ വീതമുള്ള നാലു സംഘങ്ങള്‍ ചുറ്റും കാവലിരിക്കുമ്പോഴും, കനത്ത കമ്പിയഴികളുള്ള തടവറയുടെ ഉളളില്‍ രണ്ടു ഭടന്മാരുടെ നടുവില്‍ അയാള്‍ ശാന്തമായി ഉറങ്ങിയെന്ന ആ വിശദാംശം എന്നെ അത്ഭുതപ്പെടുത്തുന്നു. മരണസാധ്യതയുള്ള ഒരു മനുഷ്യന്‍ സമാധാനത്തോടെ ഉറങ്ങിയെന്ന്. ആരൊക്കെയോ ദൂരെ തനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ഉണ്ടെന്നുളള സാന്ത്വനത്തിലും, തന്റെ ജീവിതം ദൈവകരങ്ങളില്‍ ഭദ്രമാണെന്ന് വിശ്വാസത്തിന്റെ കരുത്തിലുമാണവന്‍ സ്വസ്ഥമായി മയങ്ങിയത്.

ഓര്‍ക്കണം, ഹേറോദേസ് അവനെ വധിക്കുവാന്‍ വേണ്ടി മാത്രമാണ് തടവറയില്‍ പാര്‍പ്പിച്ചത്. മാനുഷികമായി പറഞ്ഞാല്‍, അവന്റെ മരണം മുദ്രവച്ച് ഉറപ്പിച്ചതായിരുന്നു. എന്നിട്ടും ആദിമസഭ അവനെ മോചിപ്പിക്കുവാനൊരു പ്രതിഷേധം സംഘടിപ്പിച്ചില്ല. ആയുധം കയ്യിലെടുത്തില്ല. അധികാരവുമായി വില പേശിയില്ല… പ്രാര്‍ഥിക്കുക മാത്രം ചെയ്തു. മരണശിക്ഷയുടെ പരസ്യ വിചാരണയ്ക്കുശേഷം ഏല്പിക്കപ്പെടേണ്ടതിന്റെ തലേ രാത്രിയില്‍ പത്രോസിനെ മോചിപ്പിക്കാന്‍ അത് മതിയായിരുന്നു. പെട്ടെന്ന് ഒരു വെളിച്ചം തടവറയില്‍ നിറഞ്ഞു. കര്‍ത്താവിന്റെ ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു. പത്രോസിന്റെ കൈകളില്‍ നിന്ന് ചങ്ങലകള്‍ താഴെ വീണു. ദൂതന്‍ അവനെ എല്ലാ തടസ്സങ്ങളും കടന്ന് പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ കാവല്‍ക്കാര്‍ അറിഞ്ഞില്ല. പിന്നെ, വിശ്വാസികള്‍ പ്രാര്‍ഥനയില്‍ ഒത്തുകൂടിയ വീട്ടിലേക്കാണ് അവന്‍ പോയത്.

ചുരുക്കത്തില്‍, ലോകം ക്രിസ്തു സന്ദേശത്തെ കടന്നാക്രമിച്ചിട്ടും, വിശ്വാസ സാക്ഷ്യത്തെ പീഡനങ്ങളാല്‍ ഞെരിക്കുവാന്‍ ശ്രമിച്ചിട്ടും പ്രാര്‍ഥനകൊണ്ട്‌ വിജയം വരിച്ചകഥയാണ്‌ സഭയുടെ ചരിത്രം. അത്തരമൊരു ദുര്‍ഘടമായ സാഹചര്യമാണ് ഇപ്പോള്‍ വീണ്ടും വന്നുചേരുന്നത്. പത്രോസിന്റെ ജീവിതത്തില്‍ സംഭവിച്ചതുപോലൊരു രാത്രി എല്ലാവര്‍ക്കും വന്നുചേരാന്‍ ഇടയുള്ള ദുര്‍വിധിയാണ്. നവയുഗ സഭ കഠിനമായ പരീക്ഷണങ്ങളിലൂടെ കടന്നുപോവുകയാണ്. നിരാശയും, വിശ്വാസക്കുറവും, കല്പന ലംഘനങ്ങളും, വിഭാഗീയതയും, അരങ്ങു വാഴുകയാണ്. അനീതിയും അക്രമങ്ങളും കുറ്റപ്പെടുത്തലുകളും ലോകത്തുനിന്നും വന്നുകൊണ്ടിരിക്കുകയാണ്. സുവിശേഷത്തെ ഇല്ലായ്മ ചെയ്യുവാന്‍ ഉതകുന്ന തടവറകള്‍ എല്ലായിടത്തും ഉണ്ട്.

എങ്കിലും ഭഗ്‌നാശരാകേണ്ടതില്ല… ചങ്ങലകള്‍ തകര്‍ക്കപ്പെടണമോ… വാതിലുകള്‍ തുറക്കണമോ.. എവിടെയോ ആരോ നമുക്കുവേണ്ടി പ്രാര്‍ഥിക്കേണ്ടിയിരിക്കുന്നു എന്നുമാത്രം. വിശ്വാസികളുടെ ശക്തി ഒരിക്കലും കഴിവിലും അവരുടെ സാമര്‍ഥ്യത്തിലും അല്ലനയിക്കപ്പെടേണ്ടത്… മറിച്ച്, ദൈവത്തിലുള്ള ആശ്രയബോധത്തിലും പ്രാര്‍ഥനയുടെ നിറവിലുമാണ്.ചിലരുടെ പ്രാര്‍ഥന തീക്ഷ്ണമായതുകൊണ്ടാണ് ഇന്നും സഭയുടെ കുതന്ത്രങ്ങളെ അതിജീവിച്ച് വളര്‍ന്നു പന്തലിക്കുന്നത്.

ഒരുപക്ഷേ, പ്രാര്‍ഥിക്കുന്ന സഭ ലോകത്തിന്റെ ദൃഷ്ടിയില്‍ദുര്‍ബലമായിതോന്നിയേക്കാം. എന്നാല്‍, വാസ്തവത്തിലത് ദൈവത്തിന്റെ ഇടപെടലുകളാല്‍ കരുത്താര്‍ജിക്കുകയാണ്. ആകയാല്‍, പ്രാര്‍ഥനയുടെ കരുത്ത് തിരിച്ചറിയുക എന്നതുതന്നെയാണ് നമ്മുടെയും അതിജീവന മാര്‍ഗം.

Fr. Jonadh

ജോനാഥ് കപ്പുച്ചിന്‍

Related Articles