ഭര്‍ത്താവിനൊപ്പമാണ് ഹിതവന്നത്. ഹിതയ്ക്ക് തന്നെക്കുറിച്ച് തീരെ മതിപ്പില്ല. ഞാന്‍ അതു ചെയ്താല്‍ ശരിയാകില്ല, അതൊക്കെ കഴിവുള്ളവരാണ് ചെയ്യേണ്ടത് എന്ന മട്ടാണ് അവളുടേത്. മകന് പഠിക്കുന്ന സി.ബി.എസ്.ഇ സ്കൂളില്‍ പോലും ഒറ്റയ്ക്ക് പോകാന്‍ അവള്‍ക്ക് മടിയും പേടിയുമാണ്. താന്‍ അവിടെ ചെല്ലുമ്പോള്‍ തനിക്ക് അബദ്ധം പറ്റുമോ, ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയുമോ തുടങ്ങിയവയാണ് അവളുടെ ആശങ്കകള്‍. മറ്റുള്ളവരുമായി ഇടപെടുന്നതിനും സംസാരിക്കുന്നതിനുപോലും അവള്‍ക്കു ബുദ്ധിമുട്ടാണ്. തനിക്ക് കഴിവില്ല, സൗന്ദര്യമില്ല, വിദ്യാഭ്യാസമില്ല ഇതൊക്കെയാണ് ഹിതയുടെ ചിന്തകള്‍. ബന്ധുക്കളുടെ ചടങ്ങുകള്‍ക്ക് പോകില്ല, അയല്പക്കക്കാരുമായി സംസാരിക്കില്ല, സുഹൃത്തുക്കളില്ല ഭര്‍ത്താവ് ഹിതയെക്കുറിച്ച് പറഞ്ഞ ചില പ്രത്യേകതകള്‍ കൂടിയാണ് ഇവ.
ഒട്ടുംതന്നെ ആത്മാഭിമാനമില്ലാതെ ഇന്ഫീരിയോരിറ്റി കോംപ്ലക്സില്‍ ജീവിച്ചിരുന്ന ഹിതയ്ക്ക് സാമൂഹികജീവിതം അസാധ്യമായി വന്നപ്പോഴാണ് ഭര്‍ത്താവ് അവളെയും കൂട്ടി കാണാന്‍ വന്നത്. വിരോധാഭാസമെന്ന് പറയട്ടെ ഹിതയുടെ ഭര്‍ത്താവ് സുപ്പീരിയോരിറ്റി കോംപ്ലക്സ് ഉള്ള വ്യക്തിയായിരുന്നു. ഇക്കാരണംകൊണ്ടുതന്നെ അവരുടെ കുടുംബജീവിതത്തില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഹിതയുടെ ഭര്‍ത്താവ് പറഞ്ഞ മറ്റൊരു ആരോപണം തനിക്ക് ഭാര്യ വേണ്ടത്ര സപ്പോര്‍ട്ട് നല്‍കുന്നില്ല എന്നായിരുന്നു. ഒരുകാര്യം പറഞ്ഞാല്‍ അതിനോട് വേണ്ടവിധത്തിലുള്ള പ്രതികരണം നടത്തുകപോലുമില്ല. പോസിറ്റീവ് കാഴ്ചപ്പാടോ മനോഭാവമോ ഭാര്യയ്ക്കില്ല. ഇത് അയാളെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമാണ്. എന്നാല്‍, ഹിതയ്ക്ക് അതിനുള്ള കഴിവില്ലെന്നും അവള്‍ക്കത് സാധിക്കുന്നില്ലെന്നും മനസ്സിലാക്കാന്‍ അയാള്‍ക്ക് കഴിയാതെ പോയി. തന്നോടുള്ള ഇഷ്ടക്കുറവും ബഹുമാനമില്ലായ്മയുമായിട്ടാണ് അയാളതിനെ വിലയിരുത്തിയതും.
ബാല്യത്തിലെ മുറിവുകള്‍
ബാല്യകാലാനുഭവങ്ങള്ക്ക് വ്യക്തികളില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കാനുള്ള സ്വാധീനശക്തിയുണ്ട്. ഹിതയുമായി തുടര്‍ന്ന് സംസാരിച്ചപ്പോള്‍ മനസ്സിലാക്കിയ കാര്യം അതായിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ മതിയായ അംഗീകാരമോ പിന്തുണയോ പ്രോത്സാഹനമോ കിട്ടാതെയാണ് ഹിത വളര്‍ന്നുവന്നത്. ഹിതയുടെ അമ്മയ്ക്ക് താന്‍ തന്റെ അനിയത്തിമാരെക്കാള് സൗന്ദര്യം കുറവുള്ളവളാണെന്ന അപകര്‍ഷതയുണ്ടായിരുന്നു. സ്വതേ അപകര്‍ഷതയുള്ള ഈ അമ്മ മക്കളെ വളര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ തന്റെ അപകര്‍ഷത അവരിലേക്കുകൂടി കുത്തിവച്ചു കൊണ്ടിരുന്നു. കാണാന്‍ കൊള്ളില്ല, കഴിവില്ല തുടങ്ങിയ വാക്കുകള്‍ കേട്ടാണ് ഹിത വളര്‍ന്നുവന്നത്. വീട്ടില്‍നിന്നു കിട്ടാതെ പോയ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും ഹിതയുടെ ഭാവിജീവിതത്തിന്മേല്‍ കരിനിഴല്പരത്തുകയായിരുന്നു. നിരന്തരമായി കുറ്റപ്പെടുത്തല്കേട്ട് വളര്ന്നുവരുന്നവരിലെല്ലാം അപകര്ഷതാബോധമുണ്ടായിരിക്കും.
ഐഡന്റിറ്റി നഷ്ടമായവര്‍
അപകര്‍ഷതാബോധമുള്ളവര്‍ എപ്പോഴും മറ്റുള്ളവരെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. തനിക്കു കഴിവില്ലാത്തതുകൊണ്ട് മറ്റുള്ളവരെ ആവശ്യത്തിനും അനാവശ്യത്തിനും ആശ്രയിച്ചു മാത്രമേ അവര്‍ക്ക് ജീവിക്കാനാവൂ. തന്മൂലം ഇത്തരക്കാര്‍ക്ക് ഐഡന്റിറ്റി ഉണ്ടായിരിക്കുകയില്ല. ഒരുകാര്യം മുന്നിട്ടു നിന്ന് ചെയ്യാന്‍ ശ്രമിക്കില്ല എന്നു മാത്രമല്ല ആരെങ്കിലും കുറ്റമോ കുറവോ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ എന്നന്നേക്കുമായി മാളത്തില്‍ ഒതുങ്ങിക്കൂടുകയും ചെയ്യും. വളരെ പെട്ടെന്ന് മാനസികമായി തളര്ന്നുപോകുന്നവരായിരിക്കും ഇവര്‍. ഉള്‍വലിയുന്ന പ്രവണതകളുള്ളതുകൊണ്ട് അവര്‍ക്ക് സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ പോലും സാധിക്കാതെ വരുന്നു. ചിലപ്പോള്‍ അസാധാരണമായ കഴിവുകളുള്ള വ്യക്തികളായിരിക്കും ഇവര്‍. എന്നാല്‍, പുറമേക്ക് പ്രകടിപ്പിക്കാനുളള കഴിവില്ലാത്തതുകൊണ്ട് അത് സ്വയം കുഴിച്ചുമൂടേണ്ടിവരുന്ന അവസ്ഥ. എന്തൊരു കഷ്ടമാണ് ഇത്! സ്വന്തം വീട്ടിലും വ്യാപരിക്കുന്ന ഇടങ്ങളിലും വിവാഹംകഴിച്ചുചെല്ലുന്ന വീട്ടിലുമെല്ലാം അപകര്‍ഷതയുടെ ഭാണ്ഡവുമായി ഇത്തരക്കാര്‍ക്ക് ജീവിക്കേണ്ടിവരും. ഈ അപകര്‍ഷതയാണ് മറ്റുള്ളവരെയും സാഹചര്യങ്ങളെയുമെല്ലാം കുറ്റം പറയാനും ഇവരെ പ്രേരിപ്പിക്കുന്നത്.
അസൂയയും കാരണമാകാം
നല്ലതുപോലെ പഠിക്കുകയും നല്ലതുപോലെ പെരുമാറുകയും ചെയ്യുന്ന കുട്ടികള്‍പോലും വളര്‍ച്ചയുടെ ഒരുഘട്ടത്തില്‍ അപകര്‍ഷതാബോധത്തിന് അടിപ്പെട്ടുപോകുന്നതായും കണ്ടുവരാറുണ്ട്. ഇത് സ്വാഭാവികമായി സംഭവിക്കുന്നവയല്ല. ഇവരുടെ വളര്‍ച്ചയില്‍ അസൂയാലുക്കളായ മറ്റുള്ളവര്‍ ഇവരെ തകര്‍ക്കാനും തളര്‍ത്താനുമായി പറയുന്ന ചില അഭിപ്രായപ്രകടനങ്ങളും കളിയാക്കലുകളുമാണ് ഇവിടെ അപകടം വിതയ്ക്കുന്നത്. നല്ലതിനെപ്പോലും നല്ലതായി അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന, അസൂയാലുക്കളായവരുടെ വലയില്‍ അറിയാതെ വീണുപോയി എഴുന്നേല്ക്കാന് കഴിയാതെ പോയവരെയും ഇക്കാലയളവില്‍ കണ്ടുമുട്ടാനിടയായിട്ടുണ്ട്.
താന്‍ ചെയ്താല്‍ ശരിയാവില്ല എന്നൊരു തെറ്റായ ചിന്തയിലേക്ക് തുടര്‍ന്ന് അവര്‍ എത്തിച്ചേരുന്നു. നന്നായി പഠിച്ചുപോകുമ്പോഴും അതിനര്‍ഹിക്കുന്ന വിധത്തിലുള്ള പ്രോത്സാഹനം വീട്ടുകാരോ സുഹൃത്തുക്കളോ അധ്യാപകരോ നമുക്ക് നല്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ മനസ്സുമടുക്കാതെ ഉറച്ച ലക്ഷ്യത്തോടെ മുന്നോട്ടു
പോകുന്നവര്‍ക്ക് മാത്രമേ അപകര്‍ഷതാബോധത്തെ കീഴടക്കാന്‍ കഴിയൂ.
അതിജീവനമാര്‍ഗം
അപകര്‍ഷതാബോധത്തെ കീഴടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സന്തോഷപ്രകൃതവും നന്ദിയുടെ മനോഭാവവുമാണ്. എല്ലായ്പ്പോഴും എല്ലാവരോടും നന്ദിയുള്ളവരായിരിക്കുക. അപകര്ഷതാബോധമുള്ളവര്ക്ക് ഒരിക്കലും മറ്റുള്ളവരോട് നന്ദി പറയാനാവില്ല. തനിക്കു ലഭിച്ചിരിക്കുന്നവയെല്ലാം ഓര്‍ത്ത് നന്ദിയുള്ളവരായിരിക്കുക. നന്ദിയുടെ മനോഭാവം രൂപപ്പെടുമ്പോള്‍ നിഷേധാത്മ
കചിന്തകള് മനസ്സില്‍ നിന്നു പടിയിറങ്ങും. ഉള്ളതിനെയോര്ത്തു സന്തോഷിക്കുക, ഇല്ലാത്തതിനെയോര്‍ത്ത് ദുഃഖിക്കാതെയുമിരിക്കുക.
അനാവശ്യ താരതമ്യങ്ങള്‍ ഒഴിവാക്കുകയാണ് അടുത്തപടി. അവന്/ അവള് എന്നെക്കാള്‍ മിടുക്കരാണല്ലോ, അവര്‍ക്കത് ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ എന്നെല്ലാമുള്ള താരതമ്യങ്ങള്‍ അവസാനിപ്പിക്കുക. അവനവനില്‍ സന്തോഷിക്കുക. ആയിരിക്കുന്ന അവസ്ഥയെ അഭിമാനത്തോടെ ഉള്‍ക്കൊള്ളുക. സ്വന്തം കഴിവുകളെ ആശ്രയിക്കുക. തനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ തിരിച്ചറിയുകയും ആത്മവിശ്വാസത്തോടെ അവയില്‍ മുഴുകുകയും ചെയ്യുക.
ചില ഉത്തരവാദിത്വങ്ങള്‍ ഏല്പിക്കുമ്പോള് അതില്‍നിന്ന് ഒഴിഞ്ഞുമാറുന്നുണ്ട്. ഈ ഒഴിഞ്ഞു മാറ്റത്തിനു പിന്നിലുള്ളത് അപകര്‍ഷതയാണ്. ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുംപറ്റും. പക്ഷേ, അതിനെ വെല്ലുവിളിപോലെ ഏറ്റെടുക്കാന്‍ ചുരുക്കം ചിലര്‍ക്കേ സാധിക്കൂ. അതുകൊണ്ട് വെല്ലുവിളികള്‍ വളര്‍ച്ചയ്ക്കുളള സാഹചര്യമാണെന്ന് മനസ്സിലാക്കി അതിനെ ഏറ്റെടുക്കുക. വെല്ലുവിളികളില്‍നിന്നും ഒഴിഞ്ഞുമാറാതിരിക്കുക. എനിക്കിതു ചെയ്യാന്‍ കഴിയും എന്ന് മനസ്സിനെ ധൈര്യപ്പെടുത്തുക. മനസ്സുതളര്‍ന്നു പോകുന്നതുകൊണ്ടാണ് നമുക്ക് പല കാര്യങ്ങളും
നേരാംവണ്ണം ചെയ്യാന്‍ കഴിയാതെപോകുന്നത്.
അപകര്‍ഷതാബോധമുള്ളവരെ അതില്‍നിന്ന് മോചിപ്പിച്ചെടുക്കാന്‍ പ്രിയപ്പെട്ടവരുടെ സഹകരണവും പ്രോത്സാഹനവും അത്യാവശ്യമാണ്. ഹിതയുടെ കാര്യത്തില്‍ കൃത്യസമയത്ത് ലഭ്യമായ കൗണ്‍സലിംഗ് ഏറെ ഗുണം ചെയ്തു. അപകര്‍ഷതാബോധത്തില്‍ നിന്ന് പടിപടിയായി പുറത്തുവരാനും സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും കഴിയുന്നവിധത്തിലേക്ക് അവളുടെ ജീവിതം മാറിയെന്ന് തുടര്‍ന്നുള്ള അവളുടെ ജീവിതാനുഭവങ്ങള്‍ വ്യക്തവാക്കി.
ഇന്ഫീരിയോരിറ്റി കോംപ്ലെസ് ഒരു വ്യക്തിയുടെ ജീവിതത്തെ എന്നപോലെതന്നെ കുടുംബജീവിതത്തെയും സാമൂഹികബന്ധങ്ങളെയുമെല്ലാം സാരമായി ബാധിക്കും. തന്റെ ശക്തിയും ശക്തിഹീനതയും തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതിലൂടെ അപകര്‍ഷതാബോധത്തില്‍ നിന്ന് ഒരു പരിധിവരെ പുറത്തുകടക്കാന്‍ സാധിക്കും.

സി. ഡോ. അര്‍പ്പിത CSN
സെന്റ് ജൂഡ് കൗണ്‍സലിംഗ്
സെന്റര്‍, അങ്കമാലി




