Friday, June 19, 2026

സ്നേഹം വറ്റിയ കുടുംബങ്ങൾ

ആലീസ് ചേച്ചിയും ഏക മകന്‍ ജോബിനും കൊച്ചുമകള്‍ മൂന്നു വയസ്സുകാരി ഇവാനയും അടങ്ങുന്ന കൊച്ചു കുടുംബത്തില്‍ ഇവാനയുടെ കളിചിരികള്‍ ഇല്ലായിരുന്നെങ്കില്‍ ശ്മശാന മൂകതയായേനെ. പ്രസവിച്ച് മൂന്നാം മാസം അമ്മായിയമ്മയെ നോക്കാന്‍ ഏല്പിച്ചിട്ട് സൗദിയില്‍ ജോലിക്കുപോയ സ്‌നേഹ മൂന്നുവര്‍ഷമായി നാട്ടില്‍ വന്നിട്ട്. ജോബിനെയും കുഞ്ഞിനെയും കൊണ്ടുപോകാമെന്നുപറഞ്ഞാണ്‌ പോയതെങ്കിലും ഓരോരോ തടസ്സങ്ങള്‍ പറഞ്ഞുപറഞ്ഞ് അതങ്ങനെ നീണ്ടുപോകുകയാണ്. ജോബിന് സഹോദരങ്ങള്‍ ആരുമില്ല. ഒരു ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീടും സ്ഥലവും എല്ലാം നഷ്ടപ്പെട്ടപ്പോള്‍ കടുത്തമാനസിക സംഘര്‍ഷത്തില്‍ ചാച്ചന്‍ പെട്ടെന്ന് രോഗിയായി മരണമടഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ വേണ്ടവിധം ഉള്‍ക്കൊള്ളാനാകാതെ അമ്മ ആലീസ് മാനസികരോഗിയായി. അധികമായി കഴിച്ച മരുന്നുകളുടെ പാര്‍ശ്വഫലമായി ത്വക്ക് രോഗവും പിടിപെട്ടു.

ജോബിനെ സംബന്ധിച്ച് സ്വകുടുംബം വിട്ടാല്‍ അധികം ബന്ധങ്ങളൊന്നുമില്ല. സ്‌നേഹയുടെ വീട്ടില്‍ ആദ്യകുടിയിലെ മകളാണ് അവള്‍. അമ്മയുടെ മരണം ഒരു നേരിയ ഓര്‍മ്മ മാത്രം. രണ്ടാനമ്മ അത്ര കരുണയും കരുതലുമുള്ള ആളായിരുന്നില്ല. അതിനാല്‍തന്നെ നന്നെ ചെറുപ്പം മുതല്‍ അവള്‍ ഹോസ്റ്റലില്‍ ആയിരുന്നു. ഡിഗ്രിയും
പിജിയും കഴിഞ്ഞ് ഒരു കമ്പനിയിലാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. ഭര്‍തൃഗൃഹത്തില്‍ സ്‌നേഹത്തിന്റെ ഒരു കണികപോലും ആസ്വദിക്കാന്‍ കഴിയുന്നില്ല എന്നതാണ് അവളുടെ പരാതി. പൊതുവേ സംസാരത്തില്‍ തീരെ താല്പര്യമില്ലാത്ത ഭര്‍ത്താവും മാനസികരോഗിയായ അമ്മായിയമ്മയും. കുഞ്ഞിനോട് അതിയായ വാത്സല്യമൊന്നും അവള്‍ക്ക് അനുഭവപ്പെടുന്നില്ല. പ്രത്യേകിച്ച് പരാതികളോ സംഭവങ്ങളോ ഒന്നും വിശദീകരിക്കാനില്ലാതെ, തനിക്ക് സന്തോഷമായി മുന്നോട്ടു പോകാന്‍ പറ്റുന്നില്ല എന്ന കാരണത്താല്‍ വളരെ സിമ്പിളായിട്ടാണ് അവള്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.

വിവാഹമോചനംവരെ എത്താന്‍ സീരിയസ് പ്രശ്‌നങ്ങളൊന്നും ഒരുപക്ഷേ, നമ്മുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. എന്നാല്‍ ,ഒരു കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുന്ന, വ്യക്തികളെ പരസ്പരം ഗാഢമായി ബന്ധിപ്പിക്കുന്ന സ്‌നേഹം എന്ന വന്‍ശക്തി ഇവിടെ തീര്‍ത്തും ഇല്ല എന്നുതന്നെ കരുതേണ്ടിവരും. ഒറ്റയാനായി വളര്‍ന്ന ജോബിന്‍ മാതാപിതാക്കളുടെ വാത്സല്യഭാജനമായിരുന്നിരിക്കാം. എന്നാല്‍, അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രം
മനസ്സിലാകുന്ന സഹോദരസ്‌നേഹം എന്ന അസാധാരണ സ്‌നേഹ ചൈതന്യം അവന് അന്യമായിരുന്നു. സ്‌നേഹയുടെ കാര്യത്തിലും സ്‌നേഹം എന്നത് അവളുടെ പേരില്‍ മാത്രമായി കുടുങ്ങിപ്പോയി. പപ്പയുടെ രണ്ടാം വിവാഹത്തിലെ രണ്ടു മക്കളുമായി ഒമ്പതു വയസ്സിന്റെ അകലമുണ്ട്. അതിനാല്‍ത്തന്നെ അവരുമായുള്ള ബന്ധം അത്ര ഊഷ്മളമായിരുന്നില്ല. എല്ലാം പങ്കുവയ്ക്കാന്‍ മാത്രം സ്വാതന്ത്ര്യം ആ വീട്ടില്‍ അവള്‍ക്കു കിട്ടിയിരുന്നില്ല.

സ്‌നേഹത്തിന്റെ മറുപുറമാണ് സ്വാതന്ത്ര്യം. വിശുദ്ധ പൗലോസ്ശ്ലീഹാ പറയുന്നുണ്ടല്ലോ, സ്‌നേഹത്തില്‍ ഭയത്തിന് ഇടമില്ല എന്ന്. ഭയത്തില്‍നിന്ന് മനസ്സിനെ സ്വതന്ത്രമാക്കുന്നതാണ് സ്‌നേഹം. നമുക്ക് ഉള്ളതേ കൊടുക്കാനാവൂ. സ്‌നേഹം നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ വളരുന്ന മക്കള്‍ക്കേ ഒരു സ്‌നേഹ കുടുംബം പടുത്തുയര്‍ത്താനാവൂ. കുറേ മക്കളുള്ള കുടുംബങ്ങളില്‍
ശരിയായ സ്വഭാവ രൂപീകരണത്തിനുള്ള വഴികളെല്ലാം ഉണ്ട്. പത്തു സഹോദരങ്ങള്‍ ഉണ്ടെങ്കില്‍ മിക്കവാറും അവരില്‍ ഒരു രോഗിയുണ്ടാകാം മടിയനുണ്ടാകാം കഠിനാധ്വാനിയുണ്ടാകാം പേടിത്തൊണ്ടനും പരാതിക്കാരനുമുണ്ടാകാം. എന്നാല്‍,
ഇതൊക്കെയുണ്ടെങ്കിലും അവിടെ കളിയാടുന്ന ഒരു അദൃശ്യ ചൈതന്യത്തെ നമുക്ക് അനുഭവിക്കാന്‍ കഴിയും. എല്ലാവരെയും ഉള്‍ക്കൊള്ളാനും പരസ്പരം കുറവുകള്‍ നികത്താനും വിമര്‍ശനങ്ങളും പരിഭവങ്ങളും ആരോഗ്യകരമാക്കാനും എല്ലാം അറിയാതെ പരിശീലിക്കുന്ന ഇടമാണ് വലിയ കുടുംബങ്ങള്‍. കുടുംബത്തിന്റെ വലിപ്പം ചുരുങ്ങുംതോറും മനസ്സിന്റെയും മാനവികതയുടെയും വലിപ്പം കുറയുകയാണ്. സ്വാര്‍ഥമനസ്സും ഇടുങ്ങിയ ചിന്താഗതികളും വളരും. എല്ലാ നന്മകളുടെയും ഈറ്റില്ലമായ കുടുംബങ്ങളെ മക്കളുടെ സമൃദ്ധിയാല്‍ അനുഗൃഹീതമാക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തിലെ ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക്പരിഹാരമായേനെ.


സി. ആനി ജോസ് CSN

Related Articles