പ്രശസ്തനായൊരാളുടെ ആത്മഹത്യാവാര്‍ത്ത വായിച്ച് ഒരിക്കല്‍ അമ്മ പറഞ്ഞു: ‘ഈ മനുഷ്യര്‍ക്കിതെന്തുപറ്റി? നോക്ക്, ഏതെങ്കിലും ഒരു ഭിക്ഷക്കാരന്‍ ആത്മഹത്യ ചെയ്തതായി നീ കേട്ടിട്ടുണ്ടോ?’ എത്ര ശരിയാണെന്നോര്‍ത്തു. ഒരിക്കലും പരിഹാരമില്ലാത്ത ദുരിതങ്ങളോട് ഈ പാവം മനുഷ്യര്‍ എന്തുമാത്രം പൊരുത്തപ്പെട്ടാണ് ജീവിക്കുന്നത്.
എന്നിട്ടും നിസ്സാരകാരണങ്ങളാല്‍ ജീവിതത്തില്‍നിന്ന് പടിയിറങ്ങുന്നവരുടെ എണ്ണം കൂടുകയാണ്. ഓരോരുത്തര്‍ക്കും പറയാന്‍ ഓരോ കാരണങ്ങള്‍. ചിലത് ഒരു പരിഹാരവും ഇല്ലെന്നു തോന്നുംവിധം അത്ര സങ്കീര്‍ണ്ണമാണ്. എന്നാല്‍, കൂടുതലും തീരെ നിസ്സാരകാരണങ്ങളാണ്. രോഗം, തോല്‍വി, ഉറ്റവരുടെ മരണം, ദാമ്പത്യ കലഹം… അങ്ങനെയങ്ങനെ.. ഒന്നു കാത്തിരുന്നാല്‍, ആരെങ്കിലും ഒ ന്നിടടപെട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍. ഓരോ മരണത്തിനു ശേഷവും അവരുടെ ഉറ്റവര്‍ അമ്പരക്കുകയാണ്. ദൈവമേ, മരിക്കാന്‍ മാത്രം എന്തു പ്രശ്‌നമായിരുന്നു അവന്!
ഇത്ര ചെറിയ കാരണങ്ങളാല്‍ അവസാനിപ്പിച്ചു കളയാന്‍ മാത്രം അത്ര നിസ്സാരമാണോ മനുഷ്യജന്മം? ആത്മീയ പരിസരങ്ങളില്‍ കഴിയുന്നവര്‍ പോലും ഇങ്ങനെ ജീവിതം അവസാനിപ്പിക്കുന്നത് വല്ലാതെ വേദനിപ്പിക്കുന്നു. എവിടെയാണു നമുക്കു പിഴയ്ക്കുന്നത്?
മനുഷ്യന്‍ കടന്നുപോകേണ്ടിവരുന്ന പ്രതിസന്ധികള്‍ പലപ്പോഴും അത്ര നിസ്സാരമല്ല എന്നറിയാം. എങ്കിലും, കൃത്യമായി പള്ളിയില്‍ പോകുന്നവരും പ്രാര്‍ഥിക്കുന്നവരുമൊക്കെ ഒരു പ്രതിസന്ധിയില്‍ ആത്മഹത്യ ഒരു ശാശ്വത പരിഹാരമായി കരുതുന്നതിനോട് പൊരുത്തപ്പെടാനാകുന്നില്ല. ദൈവമുണ്ടെന്ന് വിശ്വസിച്ചതുകൊണ്ടായില്ല. പിശാചുക്കള്‍ പോലും അതു വിശ്വസിക്കുന്നു. വിശ്വാസത്തെ ജീവിതവുമായി ബന്ധിക്കാന്‍ കഴിയാതെ പോകുന്നതാണ് പ്രശ്‌നം.
‘ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും.’ എന്ന് ക്രിസ്തുതന്നെ പറയുന്നുണ്ട്. അതായത് പ്രതിസന്ധികളില്ലാതെ ജീവിതമില്ല. അപ്പോള്‍ പിന്നെ ഈ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ബൈബിള്‍തന്നെ കൃത്യമായ ചില വഴികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബൈബിളിലെ ഒത്ത നടുക്കുള്ള തിരുവചനം ഏതാണെന്നറിയാമോ? ‘മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ ദൈവത്തില്‍ അഭയം തേടുന്നതാണ് നല്ലത്’ (സങ്കീ. 118:8 – It is better to take refuge in the Lord than to trust in man). ഏതൊരു പ്രതിസന്ധിക്കുമുള്ള ശാശ്വത പരിഹാരമാണിത്. കാരണം മനുഷ്യര്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ദൈവത്തിനു സാധ്യമാണ് (മത്തായി 19: 26). കഴിയുമെങ്കില്‍ 121-മത്തെ സങ്കീര്‍ത്തനംകൂടി ഒന്നു വായിക്കണം. ‘പര്‍വതങ്ങളിലേക്ക് ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു. എനിക്കു സഹായം എവിടെ നിന്നുവരും? എനിക്കു സഹായം കര്‍ത്താവില്‍ നിന്നു വരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്…’ അങ്ങനെയാണ് തുടക്കം. എട്ടു വാക്യങ്ങളേ ഉള്ളൂ. പക്ഷേ, അത് നമുക്കു നല്‍കുന്ന ധൈര്യവും ഉറപ്പും ചെറുതല്ല. പര്‍വതം എന്നത് നമുക്കു തനിയെ മറികടക്കാന്‍ പറ്റാത്ത പ്രതിസന്ധികള്‍തന്നെ.
എല്ലാ പ്രതിസന്ധികളും അവിടുന്ന് നീക്കിത്തരും എന്നല്ല കുറേക്കൂടി പ്രകാശത്തോടെ കാര്യങ്ങള്‍ സ്വീകരിക്കാന്‍ ഈ പ്രത്യാശ നമ്മെ സഹായിക്കുന്നമെന്നര്‍ഥം. ജീവിതത്തില്‍ കടന്നുവരുന്ന ഓരോ പ്രതിസന്ധിക്കും പിന്നില്‍ ദൈവത്തിനു മാത്രമറിയാവുന്ന ചില നിഗൂഢ രഹസ്യങ്ങള്‍ ഉണ്ട്. അതിനെ ചോദ്യങ്ങളില്ലാതെ സ്വീകരിക്കാന്‍ മാത്രം
നമ്മുടെ വിശ്വാസം ആഴപ്പെടണം. പ്രിയപ്പെട്ട മകന്റെ പെട്ടെന്നുള്ള മരണത്തില്‍ ഉള്ളുനീറിക്കഴിഞ്ഞ ഒരു അമ്മയെ ഓര്‍ക്കുന്നു. ദൈവം എന്തുകൊണ്ടാണ് ഇത്ര ക്രൂരമായി എന്നോട് പെരുമാറിയത് എന്നാണ് അവള്‍ ചോദിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ ദൈവം തന്നെ ആ രഹസ്യം അവള്‍ക്കു വെളിപ്പെടുത്തി. ”കൃത്യസമയത്താണ് നിന്റെ കുഞ്ഞിനെ ഞാന്‍ തിരികെ വിളിച്ചത്. ഇതുവരെ കളങ്കമില്ലാതെ ജീവിച്ച അവന്റെ തുടര്‍ന്നുള്ള ജീവിതം അങ്ങനെ ആവില്ല.” പിന്നീട് അവള്‍ കരഞ്ഞിട്ടില്ല.
പഴയനിയമത്തിലെ ഹെസക്കിയ രാജാവിനെ ഓര്‍മ്മിക്കുന്നു. ദൈവത്തോട് ഒട്ടിനിന്ന മനുഷ്യന്‍ എന്നാണ് ബൈബിള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുക. 39-ാം വയസ്സില്‍ രോഗബാധിതനായി. ഉടന്‍തന്നെ മരിക്കുമെന്ന് ദൈവം ഹെസക്കിയയെ അറിയിച്ചു. നിരാശനായ അദ്ദേഹം, താന്‍ ദൈവത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് കരയുകയാണ്. അങ്ങനെ ആയുസ്സ് നീട്ടിക്കൊടുത്തു. 15 വര്‍ഷം. പിന്നീട് അയാള്‍ക്കൊരു കുഞ്ഞു ജനിച്ചു – മനാസെ. ഹെസക്കിയയ്ക്കു ശേഷം അവന്‍ രാജാവായി. എന്നാല്‍, ആ കുട്ടിയാണ് ഇസ്രായേല്‍ ജനതയെ ബാബിലോണ്‍ അടിമത്തത്തിലേക്കു നയിക്കുന്നതിന് പ്രധാന കാരണമായത്!
ഇനി, പരാജയമാണോ നിങ്ങളുടെ പ്രശ്‌നം. ഒരു പരാജയത്തിനുശേഷം വിജയമില്ലെന്ന് ആരാണു നിങ്ങളെ തെറ്റിദ്ധരിപ്പിച്ചത്. നോക്കൂ, ലോകത്തില്‍ പരാജയപ്പെട്ടവരുടെ പട്ടികയില്‍ നിങ്ങള്‍ മാത്രമല്ല ഉള്ളത്… അവര്‍ക്ക് എണ്ണമില്ല. പിന്നെയും ശ്രമിച്ച് ഒടുവില്‍ വിജയികളായവര്‍ എത്രയോ പേര്‍. എല്ലാം വിട്. വെറുതെ അബ്രഹാം ലിങ്കണ്‍ എന്ന അമേരിക്കയുടെ എക്കാലത്തെയും മികച്ച പ്രസിഡണ്ടിനെ ഓര്‍ക്കുക. പ്രസിഡന്റ് ആകുന്നതിനുമുമ്പ് നീണ്ട 28 വര്‍ഷത്തെ പരാജയങ്ങളുടെ കഥകള്‍ അദ്ദേഹത്തിനു പറയാനുണ്ട്. 1832-ല്‍ 23-ാം വയസ്സില്‍ ജോലി നഷ്ടമായി. ആ വര്‍ഷംതന്നെ തിരഞ്ഞെടുപ്പില്‍ തോറ്റു. പിറ്റേ വര്‍ഷം ബിസിനസ് തകര്‍ന്നു. അടുത്തവര്‍ഷവും തിരഞ്ഞെടുപ്പില്‍ തോറ്റു. അതിനടുത്ത വര്‍ഷം ഭാര്യ മരിക്കുന്നു. വൈകാതെ രോഗബാധിതനായി. പിന്നീട് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പുറംതള്ളപ്പെട്ടു. പിന്നീടും ഏഴു തവണ തിരഞ്ഞെടുപ്പില്‍ തോറ്റു. 1856 വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള നോമിനേഷന്‍ പോലും ലഭിച്ചില്ല. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം പക്ഷേ, പ്രസിഡ
ണ്ടായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അങ്ങനെ ഏതൊരു പരാജിതനും നോക്കി പഠിക്കാവുന്ന ഉപമയായി അബ്രഹാം ലിങ്കന്‍. ”അങ്ങയുടെ വിശുദ്ധര്‍ ഭാഗ്യാഭാഗ്യങ്ങളെ ഒന്നുപോലെ സ്വീകരിച്ചു” (ജ്ഞാനം18:9) എന്ന ജ്ഞാനവചനം നമ്മള്‍ കുറേക്കൂടി ധ്യാനിക്കേണ്ടതുണ്ട്.
ദൈവത്തെ നമ്മുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ക്ഷണിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗം. പഴയനിയമത്തിലെ തോബിത്തിന്റെ പുസ്തകം ഉറപ്പായും വായിക്കണം. ആത്മഹത്യ ചെയ്യണമെന്നു തോന്നിയ രണ്ടു കഥാപാത്രങ്ങള്‍ അവിടെ ഉണ്ട്. തോബിത്തും സാറായുമാണ്. രണ്ടു പേരും ഹൃദയം നുറുങ്ങി ദൈവത്തോടു പ്രാര്‍ഥിക്കുകയും. ദൈവം ഇടപെടുകയും ചെയ്യുന്നു. മനോഹരമായ ഒരു സംഭവമാണത്.
ചില പ്രതിസന്ധികള്‍ ആത്മീയ വിചാരങ്ങള്‍ കൊണ്ടുമാത്രം നമുക്ക് മറികടക്കാനായെന്നു വരില്ല. ഒരു പ്രശ്‌നം നമ്മള്‍ നേരിടുമ്പോള്‍ നമ്മള്‍ പലപ്പോഴും അതില്‍ത്തന്നെ കിടന്ന് കറങ്ങിക്കൊണ്ടിരിക്കും പുറത്തു കടക്കാന്‍ വഴി കാണാതെ. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മെ സഹായിക്കാന്‍ കഴിയുന്ന, വിശ്വസ്തനായ ഒരാളുടെ സഹായം തേടാന്‍ മടിക്കുന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കുന്നത്. അല്പം വിനയവും തുറവിയും മാത്രം മതി. തീര്‍ച്ചയായും ഒരു നല്ല സ്‌നേഹിതന് അല്ലെങ്കില്‍ ഒരു മനശ്ശാസ്ത്ര വിദഗ്ധന് നമ്മെ അതില്‍നിന്ന് പുറത്തു കടത്താനും ജീവിതത്തില്‍ പ്രത്യാശയുണര്‍ത്താനും കഴിയും.
ആത്മാവിന്റെ സുസ്ഥിരമായ നങ്കൂരം എന്നാണ് പ്രത്യാശയെ വിശുദ്ധ പൗലോസ് വിശേഷിപ്പിക്കുന്നത്. നങ്കൂരം കപ്പലിനെ സുരക്ഷിതമായി ഒരിടത്ത് ഉറപ്പിച്ചു നിര്‍ത്തുന്നതുപോലെ കാറ്റിലും ചുഴിയിലും പെട്ട് നമ്മുടെ ജീവിതയാനം തകര്‍ന്നുപോകാതെ നിര്‍ത്തുന്നത് പ്രത്യാശയാണ്. ഇനി ഈ പ്രതിസന്ധികള്‍ മാറിപ്പോയില്ലെങ്കില്‍ത്തന്നെ എന്ത്? എല്ലാ പ്രതിസന്ധിയും നീങ്ങിപ്പോകാനുള്ളതല്ല. പ്രതിസന്ധികള്‍ നമ്മെ കൂടുതല്‍ കരുത്തുള്ളവരാക്കുന്നു. അല്ലെങ്കിലും ഇവിടെത്തന്നെ തീര്‍ന്നു പോകുന്നതല്ലല്ലോ നമ്മുടെ ജീവിതം. അല്പകാലത്തേക്കേ ഉള്ളൂ ഈ കാറ്റും കോളും. പിന്നെ നമ്മള്‍ അക്കരെയെത്തും. ഇവിടെ നാം വെറും പരദേശികള്‍… മറ്റൊരു ലോകത്തിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തീര്‍ഥാടകര്‍.ഒടുവില്‍ നമ്മള്‍ അവിടേക്കു പ്രവേശിക്കും. അപ്പോള്‍ അവിടുന്ന് നമ്മുടെ മിഴികളില്‍നിന്ന് കണ്ണുനീര്‍ തുടച്ചുനീക്കും. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല (വെളിപാട് 21:4). ഇതൊരു ഉറപ്പുള്ള വാഗ്ദാനമാണ്. അതുതന്നെയാണ് ആത്മാവിന് ഏറ്റവും സുസ്ഥിരമായ നങ്കൂരവും.

സിസ്റ്റര്‍ ശോഭ CSN




