നമ്മോട് അകലം പാലിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു ദൈവത്തെ ഉല്പത്തി പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ ഉള്ളിലായിരുന്ന നമുക്കുവേണ്ടി ഈ പ്രപഞ്ചവും പ്രപഞ്ചവസ്തുക്കളും മനോഹരമായി അണിയിച്ചൊരുക്കി അവിടുന്ന് അവനു രൂപം നല്‍കി. മനുഷ്യനെ അത്രമേല്‍ സ്‌നേഹിച്ച ദൈവത്തിന്റെ നിശ്വാസത്തില്‍നിന്നും രൂപംകൊണ്ട അവന് അവിടുത്തെത്തന്നെ രൂപഭാവങ്ങളായിരുന്നു. യാത്രകളിലും സായാഹ്നസവാരികളിലും ആ ദൈവം എപ്പോഴും അവനോടു കൂടെയുണ്ടായിരുന്നു. പിന്നീട് എപ്പോഴോ അവന്‍തന്നെ രൂപപ്പെടുത്തിയ അകലത്തിന്റെ ഫലമായി ആ പറുദീസായില്‍ ന്യായീകരണത്തിന്റെ ആദ്യവാക്കുകള്‍ മുഴങ്ങി കേട്ടു: അങ്ങ് എനിക്കു കൂട്ടിനുതന്ന സ്ത്രീ ആ മരത്തിന്റെ പഴം എനിക്കു തന്നു; ഞാന്‍ അതു തിന്നു (ഉല്‍പ 3:12). ആദത്തിന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമായവള്‍ കൂട്ടിനു തന്നവളായി മാറി. ‘നിന്റെ സഹോദരന്‍ എവിടെ’ എന്ന ദൈവത്തിന്റെ ചോദ്യത്തിന് ‘എനിക്കറിഞ്ഞുകൂടാ, സഹോദരന്റെ കാവല്‍ക്കാരനാണോ ഞാന്‍?’ (ഉല്‍പ4:9) എന്ന കായേന്റെ മറുചോദ്യത്തിലും ഈ അകലം അനന്തമായി തുടരുന്നു. എങ്കിലും ആരും അവനെ കൊല്ലാതിരിക്കാന്‍ ആ ദൈവം അവന്റെ മേല്‍ മുദ്രചാര്‍ത്തി അവനോടൊപ്പംതന്നെയുണ്ട്.
തന്റെ ക്ലാസിലെ ഇരുപതോളം വരുന്ന അനാഥകുട്ടികള്‍ക്ക് മറ്റു കുട്ടികളോടൊപ്പം ടിഫിന്‍ നല്‍കാനായി ക്രീം ബിസ്‌ക്കറ്റുമായിട്ടായിരുന്നു അന്ന് ക്ലാസ് ടീച്ചര്‍ എത്തിയത്. ആദ്യ രണ്ടു പീരിയഡുകള്‍ കഴിഞ്ഞ് ബാഗ് തുറന്നു നോക്കുമ്പോള്‍ അതില്‍ ഒരു ബിസ്‌ക്കറ്റ് പോലും ശേഷിച്ചിരുന്നില്ല. വിദഗ്ധരായ കുഞ്ഞുകള്ളന്മാരെ പിടിച്ചിട്ടേയുള്ളൂ എന്ന വാശിയിലായിരുന്നു ആദ്യത്തെ പരിശോധനകളും വാഗ്വാദങ്ങളും. എല്ലാ തെളിവുകളും മൊഴികളും വിരലുകളും ക്ലാസിലെ ആദിയുടെ നേരെയായിരുന്നു. പക്ഷേ, താനല്ലെന്നഭാവത്തില്‍ പിടിച്ചുനില്‍ക്കാനുള്ള അവന്റെ ചങ്കുറപ്പിനെ ചെറുക്കാന്‍ ടീച്ചര്‍ വടിയുമെടുത്ത് അവനെ സ്റ്റാഫ് റൂമില്‍ എത്തിച്ചു. ആരുമില്ലാതിരുന്ന ആ സ്റ്റാഫ് റൂമില്‍ പ്രവേശിച്ച ടീച്ചര്‍ ഒരു നിമിഷം കയ്യിലുള്ള വടി താഴെയിട്ട് ആദിയുടെ ഉയരത്തോളം താണിരുന്ന് അവന്റെ നെറ്റിയില്‍ ചുംബിച്ചിട്ട് ചോദിച്ചു: എന്തേ കുഞ്ഞേ നീ അതെടുത്തേ? വിശക്കുന്നുണ്ടായിരുന്നോ? ഉം…. എന്നുമാത്രം മൂളിയിട്ട് നിറഞ്ഞൊഴുകിയ അവന്റെ കണ്ണുകളില്‍ നിന്ന് പരസ്പരം അകന്നു കഴിഞ്ഞിരുന്ന മാതാപിതാക്കളുടെ സ്‌നേഹത്തിനായി ദാഹിച്ചിരുന്ന ആദിയുടെ ഒടുങ്ങാത്ത വിശപ്പ് ആ ടീച്ചര്‍ വായിച്ചെടുത്തു. പിന്നെ അവന്റെ വിശപ്പ് എന്നേക്കുമായി അകറ്റാനായിരുന്നു ടീച്ചറിന്റെ ശ്രമം. ഒരുപക്ഷേ, ക്ലാസ് മുറിയിലെ വിചാരണയിലും ചൂരല്‍പ്രയോഗത്തിലും സത്യം തെളിയിച്ച്, പിടിച്ചുനില്‍ക്കാന്‍ പ്രാപ്തിയുള്ള ഒരു കൊച്ചു കള്ളനെ ടീച്ചറിനു സൃഷ്ടിക്കാമായിരുന്നു. എന്നാല്‍, മുറിവേറ്റ കുഞ്ഞിന്റെ ഹൃദയത്തോളം ചേര്‍ന്നിരുന്ന് അവനെ പുതിയ ജീവിതത്തിലേക്ക് നയിക്കാന്‍ ആ ടീച്ചറിനു കഴിഞ്ഞു.
അപരനോടും ദൈവത്തോടും പ്രപഞ്ചത്തോടു തന്നെയും അകലം പാലിച്ചു തുടങ്ങുന്നിടത്തല്ലേ നാം വലിയ തിന്മകളിലേക്ക് നയിക്കപ്പെടുന്നത്. എല്ലാം തന്റെ വിരല്‍ത്തുമ്പിലാണെന്ന് അഭിമാനിക്കുന്ന പുതിയ ലോകം ഉയരങ്ങളും ആഴങ്ങളും ദൂരങ്ങളും കീഴടക്കി നേട്ടങ്ങള്‍ക്കുമേല്‍ നേട്ടങ്ങള്‍ കൊയ്ത് മുന്നേറിക്കൊണ്ടി രിക്കുകയാണ്. എന്നാല്‍, ദൈവത്തിലേക്കും സഹോദരനിലേക്കുമുള്ള നമ്മുടെ ദൂരം എത്രയാണെന്ന് നമുക്ക് തിട്ടപ്പെടുത്താനാകുമോ? നിന്റെ ഉടപ്പിറപ്പും അമ്മയും സഖിയും അയല്‍ക്കാരനും എവിടെയെന്ന ചോദ്യത്തിനു മുമ്പില്‍ കായേനെപ്പോലെ ‘ഞാനാണോ അവന്റെ കാവല്‍ക്കാരന്‍’ എന്ന് മറുചോദ്യം ഉന്നയിക്കുന്ന മനുഷ്യര്‍ നമുക്കുചുറ്റും ഏറിവരുന്നുണ്ട്. രോഗശാന്തിക്കും ശത്രുദോഷമകറ്റി ഐശ്വര്യം പുനഃസ്ഥാപിക്കാനും കുടുംബസമാധാനം നഷ്ടപ്പെടുത്തിയവരെന്ന് ‘പ്രവാചകന്‍’ മുദ്രകുത്തിയവരെ പാഠം പഠിപ്പിക്കാനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതസഖിയെ സ്വന്തമാക്കാനുമായി ഇലന്തൂരിലും കമ്പകക്കാനത്തും പോത്തുണ്ടിയിലും നെയ്യാറ്റിന്‍കരയിലും അരങ്ങേറിയ സംഭവങ്ങള്‍ ഇതിന്റ അനുരണനങ്ങള്‍ മാത്രം.
ഓരോ വിത്തും മണ്ണില്‍വീണഴിഞ്ഞ് പുതിയ ജീവന്‍ നാമ്പെടുക്കാന്‍ സ്വയം നല്കുന്നതുപോലെ സൃഷ്ടപ്രപഞ്ചം മുഴുവനും ശൂന്യമാക്കപ്പെടുന്നതിലൂടെയും കൊടുത്തുതീര്‍ക്കുന്നതിലൂടെയും അഴിഞ്ഞില്ലാതാകുന്നതിലൂടെയും പുതുജീവന്‍ പകരുന്ന ക്രിസ്തുവിന്റെ വഴിയെ മുന്നേറുകയാണ്. എന്നാല്‍, അപരനുവേണ്ടി സ്വയം നല്‍കുന്നതാണ് നേട്ടമെന്നും നിലനില്‍ക്കുന്നതെന്നും പഠിപ്പിക്കുന്ന ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ കാല ദേശാതീതമായ സത്യത്തെ തിരിച്ചറിയാന്‍ മനുഷ്യന് ഇനിയും കഴിഞ്ഞിട്ടില്ല. അവന്‍ ഇന്നും തനിക്കുവേണ്ടി സ്വരുക്കൂട്ടുന്നതിനിടയില്‍ ദൈവത്തോടും സഹോദരങ്ങളോടും പ്രപഞ്ചത്തോടുതന്നെയും അകന്നു പോകുകയാണെന്ന സത്യം മനസ്സിലാക്കാന്‍ പോലും കഴിയാതെ മുന്നേറുകയാണ്.
ആത്മദാനത്തിലൂടെ സമൃദ്ധമായ ജീവന്റെ വഴി തുറന്നു നല്‍കുന്ന ക്രിസ്തുവിന്റെ അകലങ്ങളില്ലാത്ത സുവിശേഷം ഈ ലോകത്തിന്റെ സാമാന്യ കാഴ്ചപ്പാടുകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും അതീതമാണ്. ഒരുപക്ഷേ, ലോകം ഭോഷത്തം എന്ന് പേരിട്ടുവിളിക്കുന്ന ക്രിസ്തുവിന്റെ വഴിയിലാണ് ശാശ്വതമായ ആനന്ദവും സന്തോഷവും സൗഹൃദവും കണ്ടെത്താനാവുക. സഹോദരനെ ദ്വേഷിക്കുന്നവന്‍ എന്നെത്തന്നെയാണ് ദ്വേഷിക്കുന്നത് എന്ന ക്രിസ്തുവിന്റെ വാക്കുകളില്‍ സഹോദരനെക്കൂടാതെയുള്ള ഒരു സ്വര്‍ഗത്തെക്കുറിച്ച് ചിന്തിക്കാനാവില്ല. തീര്‍ച്ചയായും സ്വര്‍ഗത്തിലും ‘നിന്റെ സഹോദരന്‍/ സഖി/ സുഹൃത്ത് എവിടെ?’ എന്ന ചോദ്യം ആവര്‍ത്തിക്കപ്പെടാതിരിക്കയില്ല. സ്വന്തമാക്കാന്‍ പുറപ്പെടുന്നവന്‍ തനിക്കു തന്നെ നഷ്ടംവരുത്തുകയാണെന്നും അപരനുവേണ്ടി സ്വയം നല്‍കാന്‍ ആരംഭിക്കുന്നവന്‍ യഥാര്‍ഥത്തില്‍ എല്ലാം നേടുകയാണെന്നുമുള്ള തിരിച്ചറിവില്‍ നമുക്ക് ഈ നോമ്പുകാലം ആരംഭിക്കാം. അപരനോടും ദൈവത്തോടും നാം പുലര്‍ത്തുന്ന അകലം പലപ്പോഴും ക്ഷമിക്കാനും വിട്ടുകൊടുക്കാനും ദൈവഹിതങ്ങള്‍ക്ക് ആമ്മേന്‍ പറയാനും കഴിയാത്തതിന്റെ പേരിലായിരിക്കാം. അവസാനത്തുള്ളി രക്തംവരെയും നമുക്കായി ചിന്തിയിട്ടും മതിവരാതെ നമ്മോടു കൂടെയായിരിക്കാന്‍ കുര്‍ബാനയായി മാറിയ ക്രിസ്തു ഇന്നും പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന അകലങ്ങളില്ലാത്ത സുവിശേഷത്തിന്റെ വാഹകരായി മാറാന്‍ നമുക്കും കഴിയട്ടെ…
സി. നിമിഷ റോസ് CSN




