Friday, June 5, 2026

വൈകല്യങ്ങൾ വഴിമാറിയ പെൺ കരുത്ത്

ജന്മനാ കൈകള്‍ക്ക് നീളം കുറവായിരുന്നെങ്കിലും തന്റെ വൈകല്യങ്ങളില്‍ ഇച്ഛാശക്തി കൊണ്ടും ആത്മവിശ്വാസം കൊണ്ടും വിസ്മയം തീര്‍ക്കുന്ന ഡെറ്റി എന്ന പെണ്‍ കരുത്തിന്റെ കഥയാണിത്. എറണാകുളം ജില്ലയിലെ കറുകുറ്റി സ്വദേശിനിയായ ഡെറ്റി തന്റെ നീളം കുറഞ്ഞ കൈകള്‍കൊണ്ട് ബി കോമും ബാച്ചിലര്‍ ലൈബ്രറി സയന്‍സും പൂര്‍ത്തിയാക്കി ഇന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. മാതൃകാപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തെ ഏറ്റവും മികച്ച ബി. എല്‍. ഒ. ആയി തിരഞ്ഞെടുക്കപ്പെട്ട ഡെറ്റി ഇന്നും
പോരാട്ടവീര്യത്തിന്റെ കഥയെഴുതുകയാണ്.

വിധി തന്ന നിധി

റെയില്‍വേ ജീവനക്കാരനായ പാറേക്കാട്ടില്‍ വര്‍ഗീസിന്റെയും മേരിയുടെയും നാലു
മക്കളില്‍ മൂന്നാമതായിട്ടായിരുന്നു ഡെറ്റിയുടെ ജനനം. എന്നാല്‍, ദൈവം തന്ന നിധിയെക്കണ്ട ആദ്യനിമിഷം മാതാപിതാക്കളുടെയും കൂടെപ്പിറപ്പുകളുടെയും കണ്ണുകള്‍ നിറഞ്ഞു. ഓമനത്വമുള്ള ആ കുഞ്ഞിന്റെ കൈകള്‍ക്ക് തീര്‍ത്തും നീളം കുറവായിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നു പറഞ്ഞ് ദൈവത്തിന്റെ പദ്ധതികള്‍ക്ക് വൈദ്യശാസ്ത്രം ആമ്മേന്‍ പറഞ്ഞ നിമിഷം മുതല്‍ വിധി തന്ന ഈ നോവിനെ ദൈവം തന്ന നിധിയായി അവര്‍ സ്വീകരിച്ചു. അഞ്ചു വയസ്സുവരെയും അവള്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായി വളര്‍ന്നു. ‘അവള്‍ സ്വന്തം കാര്യം നോക്കി മിടുക്കിയായി വളരണം’ എന്നു മനസ്സില്‍ കരുതിയ മാതാപിതാക്കള്‍ വേദനയോടെയെങ്കിലും ചാലക്കുടിയില്‍ എഫ്. സി. സി. സിസ്റ്റേഴ്‌സ് നടത്തുന്ന ‘ശാന്തിഭവന്‍’ എന്ന ഭിന്നശേഷിക്കാരുടെ സ്ഥാപനത്തില്‍ അവളെ കുറച്ചുനാള്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചു.

വേരറ്റതല്ല; വേരുറപ്പിച്ച ബാല്യം

കരുതലിന്റെ പുതിയ തീരത്തേക്ക് കണ്ണീരോടെയാണെങ്കിലും അവള്‍ യാത്രതിരിച്ചപ്പോള്‍ അവളെ കാത്തിരിക്കാന്‍ അവിടെ സി. ഹെലന്‍ എന്ന ഒരമ്മയുണ്ടായിരുന്നു. ‘സി. ഹെലന്‍ എനിക്കെന്നും ഒരമ്മയായിരുന്നു. എനിക്കു തനിയെ ചെയ്യാവുന്ന കാര്യങ്ങളെല്ലാം എന്നാലാവുംവിധം തനിയെ ചെയ്യാന്‍ സമയവും സാവകാശവും അവസരങ്ങളും തന്ന അമ്മ.’ ശാന്തി ഭവന്റെ മേല്‍നോട്ടം വഹിച്ചിരുന്ന ഹെലനാമ്മയെ നന്ദിയോടെ അനുസ്മരിച്ച് ഡെറ്റി പറഞ്ഞുതുടങ്ങി: എന്നോടൊരു പ്രത്യേക കരുതല്‍ ഹെലനാമ്മയ്ക്കുള്ളതായി എനിക്കനുഭവപ്പെട്ടിട്ടുണ്ട്. പഠിക്കാന്‍ മിടുക്കിയായിരുന്ന എന്റെ വിജയങ്ങളെ മറ്റുള്ളവരുടെ മുമ്പില്‍ പറയാനും അഭിനന്ദിക്കാനും ഹെലനാമ്മ ശ്രദ്ധിച്ചിരുന്നു. വീട്ടില്‍നിന്നു മാറിനില്‍ക്കേണ്ടി വന്ന ഡെറ്റി ആദ്യ ദിനങ്ങളിലൊക്കെ പുതിയ സാഹചര്യങ്ങളോടിണങ്ങാന്‍ ക്ലേശിച്ചെങ്കിലും ഡെറ്റിയെസഹായിക്കാന്‍ഹെലനാമ്മയും എപ്പോഴും കൂടെയുണ്ടായിരുന്ന റോസിലി ചേച്ചിയും ആത്മവിശ്വാസത്തിന്റെ കരുത്തു പകര്‍ന്നവരായിരുന്നു.

കൂടണഞ്ഞ കുഞ്ഞു പറവ

അഞ്ചാം ക്ലാസ് പൂര്‍ത്തിയായപ്പോഴേക്കും ഡെറ്റി തന്റെ പരിമിതികളെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ പഠിച്ചിരുന്നു. അങ്ങനെ അവള്‍ ശാന്തിഭവനില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് പത്താം ക്ലാസുവരെ കറുകുറ്റിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ മറ്റു കുട്ടികളോടൊപ്പം പഠിച്ചു. ‘പരിമിതിയുള്ളയാള്‍ എന്ന അമിതപരിഗണനയിലല്ല ചേച്ചിയും ചേട്ടനും അനിയനുമെല്ലാം എന്നെ സമീപിച്ചിരുന്നത്. അവരെപ്പോഴുമെന്നെ അവരില്‍ ഒരാളായി കൂടെക്കൂട്ടി’ കൂടെപ്പിറപ്പുകളുടെ സ്‌നേഹത്തെക്കുറിച്ച് ഡെറ്റി പങ്കുവച്ചു.

കൗതുകക്കണ്ണുകളില്‍ തളരാതെ

അഞ്ചാം ക്ലാസുവരെയുള്ള കാലയളവില്‍ ഭിന്നശേഷിക്കാരായ തന്റെ കൂട്ടുകാരോടൊപ്പമായിരുന്നതിനാല്‍ അവള്‍ക്ക് മറ്റുള്ളവരുടെ കൗതുകം നിറഞ്ഞ നോട്ടങ്ങള്‍ നേരിടേണ്ടി വന്നിരുന്നില്ല. പുതിയ സ്‌കൂളും കൂട്ടുകാരും അധ്യാപകരും ആദ്യമായി ഡെറ്റിയെ കണ്ടപ്പോള്‍ കൗതുകത്തോടെയായിരുന്നു നോക്കിയിരുന്നത്. ‘ഉച്ചയ്ക്ക് കുഞ്ഞു കൈകള്‍ ഉപയോഗിച്ച് ഞാന്‍ ഭക്ഷണം കഴിക്കുന്നതു കാണാന്‍ പലരും ക്ലാസില്‍ എത്തിനോക്കാറുണ്ട്. ആദ്യം അതെനിക്ക് വലിയ സങ്കടമായിരുന്നു. അതിനെ അതിജീവിക്കാനാകാതെ പല ദിവസങ്ങളും ഉച്ചഭക്ഷണം വേണ്ടെന്നു വച്ചിട്ടുണ്ട്.’ സ്‌കൂള്‍ അനുഭവങ്ങളെ ഓര്‍ത്തെടുത്ത് ഡെറ്റി കൂട്ടിച്ചേര്‍ത്തു. പിന്നീട് കൗതുകക്കാഴ്ചകളൊന്നും ഡെറ്റിയെ തളര്‍ത്തിയിട്ടില്ല. ചോറ്റുപാത്രം തുറക്കാനും അടയ്ക്കാനും ചേച്ചി എത്താറുണ്ടെങ്കിലും ഭക്ഷണം വേഗം കഴിച്ച് ആ കുഞ്ഞുകൈകള്‍ കൊണ്ടുതന്നെ പാത്രം അടച്ച് വിജയശ്രീലാളിതയായി ചേച്ചിയെ കാത്തിരിക്കുന്ന പതിവായി പിന്നീട്. തുടര്‍ന്നുള്ള പഠനകാലയളവുകളിലെ ബസ് യാത്രകളിലെയും ട്രെയിന്‍ യാത്രകളിലെയും കൗതുകക്കണ്ണുകള്‍ അവളുടെ പോരാട്ടയാത്രയ്ക്ക് വീര്യം പകരുന്ന ഇന്ധനമായിരുന്നു.

വെല്ലുവിളികളെ വരുമാനമാക്കിയവള്‍

2001 ല്‍ തന്റെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി പല ജോലികള്‍ക്കുമായി അപേക്ഷിച്ച് ഒന്നും തരപ്പെടാതെവന്നപ്പോഴും ഡെറ്റി പതറിയില്ല. കാത്തിരിപ്പിന്റെ കാലത്ത് അവള്‍ അനേകം കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് തന്റെ വെല്ലുവിളികളില്‍ നിന്നും അതിജീവനത്തിനുള്ള വക കണ്ടെത്തി. ഒരു ജോലിക്കുവേണ്ടി പത്തുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനും അന്വേഷണത്തിനും ഒടുവിലാണ് ബാച്ചിലര്‍ ലൈബ്രറി സയന്‍സ് കോഴ്‌സ് പഠിച്ചാല്‍ ജോലി ലഭിക്കുമെന്ന് പറഞ്ഞറിയുന്നത്. പിന്നെ ഡെറ്റി ഒട്ടും വൈകിയില്ല. 2011 ല്‍ കളമശ്ശേരിയിലെ രാജഗിരി കോളേജില്‍ ലൈബ്രറി സയന്‍സ് കോഴ്‌സിനായി ചേര്‍ന്നു. എല്ലാവരെയും പോലെ ബസ്സിലും ട്രെയിനിലുമൊക്കെയായിരുന്നു ഡെറ്റിയുടെ യാത്ര എന്നത് അവളുടെ ആത്മവീര്യം വെളിപ്പെടുത്തുന്നതായിരുന്നു.

അതിജീവനത്തിന്റെ സംഘാടക

ജോലിക്കായുള്ള കാത്തിരിപ്പിന്റെ വര്‍ഷങ്ങള്‍ ട്യൂഷന്‍ പഠിപ്പിച്ചു മാത്രം സംതൃപ്തി കണ്ടെത്താന്‍ ഡെറ്റി തീരുമാനിച്ചില്ല. തന്നെപ്പോലെ ഭിന്നശേഷിക്കാരായ ഒരുപാട് ഹൃദയങ്ങളെ ബലപ്പെടുത്തി സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കാന്‍ അവള്‍
അതിജീവനത്തിന്റെ സംഘാടകയായി വേഷമണിഞ്ഞു. തങ്ങളുടെ പരിമിതികളെ
മാത്രം ചിന്തിച്ച് മുന്നോട്ടു വരാന്‍ മടിച്ചു നിന്ന ആ സഹോദരങ്ങള്‍ക്കു വേണ്ടി അവള്‍ രൂപീകരിച്ച പല സംഘടനകളുടെയും നേതൃത്വം അവള്‍ ഏറ്റെടുത്തു. ജാസ്മിന്‍ സ്വയം സഹായസംഘം, മിത്രം വികലാംഗ ഫെഡറേഷന്‍ എന്നീ പേരുകളില്‍ രൂപീകരിച്ച സംഘടനകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും അംഗീകാരവും ലഭ്യമാക്കാന്‍ തിരുവനന്തപുരത്തെ വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ പോയി രജിസ്റ്റര്‍ ചെയ്യാനും മറന്നില്ല. അങ്ങനെ നിയമപരമായ സുരക്ഷ, നികുതി ഇളവുകള്‍, സബ്‌സിഡികള്‍ എന്നിവ തന്റെ സംഘാംഗങ്ങള്‍ക്ക് ലഭ്യമാക്കാനും ഡെറ്റിക്കു കഴിഞ്ഞു.

സഹൃദയയ്‌ക്കൊപ്പം പുതിയ തുടക്കം

ലൈബ്രേറിയന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും ജോലി തരപ്പെടാന്‍ ഡെറ്റിക്ക് പിന്നെയും കാത്തിരിക്കേണ്ടിവന്നു. ജോലിക്കു വേണ്ടിയുള്ള പല അന്വേഷണങ്ങളും നടത്തുന്നതിനിടയില്‍ അന്നത്തെ സഹൃദയയുടെ (പൊന്നുരുന്നി) ഡയറക്ടറായിരുന്ന ഫാ. പോള്‍ ചെറുപിള്ളി ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ജോലി ഒഴിവിനെക്കുറിച്ചറിയിച്ചു. ‘സാധാരണ ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂവിനായി ഓഫീസുകളിലേക്ക് പോകുമ്പോള്‍ സഹൃദയയുടെ അധികൃതര്‍ എന്നെത്തേടിയെത്തിയ അനുഭവമായിരുന്നു’ ഡെറ്റിക്ക് വലിയ ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്ത് എത്താവുന്ന അങ്കമാലിയിലെ പാസ്റ്ററല്‍ സെന്ററില്‍ ഇന്റര്‍വ്യൂ ക്രമീകരിച്ച ദൈവത്തിന്റെ കരുതലിനെ ഡെറ്റി പങ്കുവച്ചു. വസ്ത്രം ധരിക്കാനും മറ്റും മറ്റൊരാളുടെ സഹായം ആവശ്യമായിരുന്ന ഡെറ്റിക്ക് അതിനൊരാളെ തരപ്പെടുത്താനും സഹൃദയ മറന്നില്ല.

ലൈബ്രേറിയന്‍ എന്ന സ്വപ്നസാഫല്യം

ലൈബ്രറി സയന്‍സ് പൂര്‍ത്തിയാക്കിയ നിമിഷംമുതല്‍ ഒരു ഗവണ്‍മെന്റ് ലൈബ്രറിയില്‍ ജോലി ചെയ്യണം എന്നത് ഡെറ്റിയുടെ വലിയ ആഗ്രഹമായിരുന്നു. ശാരീരിക പരിമിതികള്‍ മുന്നിലുണ്ടെങ്കിലും അവളുടെ ആത്മവിശ്വാസം അവളെ സ്വപ്നം കാണാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം നിയമസഭാ ലൈബ്രറിയില്‍ ആറുമാസത്തെ ജോലിക്കായി ഡെറ്റിക്ക് നിയമനം ലഭിച്ചു. വീടുവിട്ട് ഹോസ്റ്റലില്‍ നില്‍ക്കുക എന്നതും തനിയെ കാര്യങ്ങള്‍ ചെയ്യേണ്ടി വരിക എന്നതും പല വെല്ലുവിളികളും മനസ്സില്‍ നിറച്ചെങ്കിലും അമ്മയെ
കൂടെക്കൂട്ടാം എന്ന തീരുമാനത്തോടെ തിരുവനന്തപുരത്തേക്ക് അവള്‍ യാത്രയായി. അവിടെയും ഡെറ്റിയെ കരുതാന്‍ ദൈവം പലരെയും ഒരുക്കിയിരുന്നു. മലങ്കരസഭയുടെ സ്ഥാപനമായ ‘യൂണിറ്റി ഹൗസി’ല്‍ താമസം ലഭിച്ച ഡെറ്റിയെ സഹായിക്കാന്‍ അവിടെയും ഒരാളുടെ സഹായം ദൈവം ലഭ്യമാക്കിയതിനാല്‍ അമ്മ ഉടനെതന്നെ നാട്ടിലേക്ക് തിരിച്ചു. അങ്ങനെ അക്ഷരലോകത്ത് തന്റെ സ്വപ്നനിയോഗം അവള്‍ സംതൃപ്തിയോടെ പൂര്‍ത്തിയാക്കി.

ലക്ഷ്യദൂരം പിന്നിട്ട്

‘2018 ജൂണ്‍ 6 എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമായിരുന്നു. പുളിയനം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ലഭിച്ച ദിവസമായിരുന്നു അന്ന്.’ നിരവധി അന്വേഷണങ്ങള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും ഒടുവില്‍ ലഭിച്ച സ്ഥിരജോലിയുടെ നിയമനപത്രിക ലഭിച്ച ദിവസത്തെ അനുഭവ
ത്തെക്കുറിച്ച് ഡെറ്റി പറഞ്ഞു. ഏഴു വര്‍ഷത്തോളമായി ഡെറ്റി അവിടെ ജോലി ചെയ്യുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ ഔദ്യോഗിക ജോലിക്ക് പുറമേ പൂര്‍ത്തീകരിക്കേണ്ടിവരുന്ന BLO (Booth level officer) ജോലിയും ഡെറ്റിയെ തേടിയെത്തി. അവളെ അറിയുന്ന സഹപ്രവര്‍ത്തകര്‍ ഈ ഉത്തരവാദിത്വം വേണ്ടെന്നുവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവള്‍ പിന്മാറിയില്ല.

പരിമിതികള്‍ തോറ്റ ‘സ്റ്റേറ്റ് ലെവല്‍’ വിജയം

ഒരു ബി എല്‍ ഒ എന്ന നിലയില്‍ തനിക്കേല്‍പ്പിക്കപ്പെട്ട കറുകുറ്റി വില്ലേജിലെ പത്തൊമ്പതാം വാര്‍ഡിലുള്ള 9-ാം ബൂത്തിലെ വീടുകള്‍ കയറിയിറങ്ങി എത്രയും വേഗം വോട്ടര്‍പട്ടിക പുതുക്കാന്‍ ഡെറ്റിക്ക് കഴിഞ്ഞു. അങ്ങനെ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ടകഞ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ബി. എല്‍. ഒ. ആയി ഡെറ്റി തിരഞ്ഞെടുക്കപ്പെട്ടു. അതിനവള്‍ പല പ്രതിസന്ധികളും നേരിടേണ്ടിയിരുന്നു. ‘വീടുകളില്‍ പലതവണ കയറിയിറങ്ങേണ്ടിവന്നിട്ടുണ്ട് എങ്കിലും മടുപ്പ് തോന്നിയിട്ടില്ല. മറ്റുള്ളവരെക്കാള്‍ ഉയരക്കുറവും കൈകള്‍ക്ക് നീളക്കുറവുമുള്ളതിനാല്‍ അടച്ചിട്ട ഗേറ്റുകള്‍ക്ക് മുന്‍പില്‍ പലതവണ തുറക്കാനാകാതെ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും അധികസമയം കാത്തുനില്‍ക്കാതിരിക്കാന്‍ ദൈവം തക്ക സമയത്ത് ആളുകളെ നല്‍കിയ അനുഭവങ്ങളും ഡെറ്റി പങ്കുവച്ചു.

അദൃശ്യമായ സംരക്ഷണക്കരുതല്‍

തന്റെ നേട്ടങ്ങളും പോരാട്ടങ്ങളും തന്റെ മാത്രമായി ഡെറ്റി കരുതുന്നില്ല. തനിക്ക് എപ്പോഴും സംരക്ഷണത്തിനായെത്തുന്ന ദൈവത്തിന്റെ അദൃശ്യമായ കരുതലിനെക്കുറിച്ച് ഡെറ്റിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. ഒരു ദിവസം ട്രെയിന്‍ കയറാന്‍ വേണ്ടി ഓടിയെത്തിയതായിരുന്നു. പ്ലാറ്റ്‌ഫോമില്‍നിന്നും അകലെയായി നിര്‍ത്തിയിരിക്കുന്ന ബോഗിയിലേക്ക് കയറാന്‍ അവള്‍ തന്റെ കൈകള്‍ പിടിക്കാന്‍ ട്രെയിനിലുള്ള ഒരു യാത്രക്കാരനോട് ആവശ്യപ്പെട്ടു. ആ കുഞ്ഞു കൈകളിലേക്ക്
പിടിമുറുക്കുന്നതിനു മുന്‍പേ ട്രെയിന്‍ അനങ്ങിത്തുടങ്ങിയതിനാല്‍ നിയന്ത്രണംവിട്ട ഡെറ്റി ട്രാക്കിലേക്ക് കമിഴ്ന്നു വീണു. ‘അനങ്ങാതെ കമിഴ്ന്നു കിടക്കാന്‍ ഉള്ളില്‍ കിട്ടിയ പ്രചോദനം അനുസരിച്ച് ശ്വാസം പിടിച്ച് ട്രാക്കില്‍ കിടന്നു. പേടിച്ചെങ്കിലും ഒരു പോറല്‍ പോലുമേല്‍ക്കാതെ ദൈവം എന്നെ സംരക്ഷിച്ചു.’ ഇങ്ങനെ ദൈവം
കരുതലായി നിന്ന ഒരുപാടനുഭവങ്ങള്‍ ഡെറ്റിക്കുണ്ട്. പ്രത്യാശ കൈവിടാതെ ജോലിക്കുവേണ്ടി കാത്തിരിക്കാന്‍ കഴിഞ്ഞതും മറ്റുള്ളവരുടെ സഹായം തേടേണ്ടിവന്ന അവസരങ്ങളില്‍ ‘ഞാനൊരു ഭാരമാണല്ലോ’ എന്നു ചിന്തിച്ച് പിന്‍വലിയാതെ മുന്നേറാന്‍ സഹായിച്ചതും ആ അദൃശ്യ കരുതലാണെന്ന് ഡെറ്റി കൂട്ടിച്ചേര്‍ത്തു.

പരിമിതികള്‍ ശരീരത്തിനുണ്ടാകാം. പക്ഷേ, സ്വപ്നങ്ങള്‍ക്കില്ലെന്ന് ഡെറ്റി തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു. പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ച ഈ പോരാട്ട വീര്യം നമുക്ക് പ്രചോദനമാകട്ടെ.

സി. നിമിഷ റോസ് CSN 

Related Articles