Sunday, June 28, 2026

കൊതിച്ചതും വിധിച്ചതും

പത്താം ക്ലാസില്‍ പഠിക്കുന്ന ചേട്ടനുവേണ്ടി എട്ടാംക്ലാസില്‍ പഠിക്കുന്ന ചേച്ചിക്ക് പ്രണയപുഷ്പം സമ്മാനിക്കാന്‍ നിയോഗിക്കപ്പെട്ട അഞ്ചാംക്ലാസില്‍ പഠിക്കുന്ന അനിയത്തിക്കുട്ടി. ചേട്ടന്‍ ഒരു പനിനീര്‍പ്പൂവ് അനിയത്തിയെ ഏല്പിച്ചപ്പോള്‍, ചേട്ടന്റെ കൂട്ടുകാരനായ മറ്റൊരു പത്താം ക്ലാസുകാരനും അത്തരമൊരു ദൗത്യം അവളെ ഏല്പിച്ചു. താന്‍ ഇഷ്ടപ്പെടുന്ന ഒരു എട്ടാംക്ലാസുകാരിക്ക് പൂവുകൊടുക്കുക. കുട്ടിത്തം വിടാത്ത അനിയത്തിക്കുട്ടി ഏറ്റപണികള്‍ കൃത്യമായി ചെയ്തു.

ചേട്ടനുവേണ്ടി നീട്ടിയ പനിനീര്‍പുഷ്പം പിടിച്ചുവാങ്ങി മുഖത്തേക്ക് വലിച്ചെറിഞ്ഞ് എട്ടാം ക്ലാസുകാരി വിളിച്ചുപറഞ്ഞു: ”നീ ഇത് നിന്റെ ചേട്ടന് കൊണ്ടുപോയി കൊടുക്ക്.” കോപത്തോടെ വലിച്ചെറിഞ്ഞ പൂവ് വന്നുപതിച്ചത് അനിയത്തിയുടെ കവിളത്ത്. പൂവിന്റെ തണ്ടില്‍ ഉണ്ടായിരുന്ന മുള്ളുകൊണ്ട് കവിള്‍ മുറിഞ്ഞു. ചോരത്തുള്ളികള്‍ കിനിഞ്ഞു. രക്താങ്കിതമായ പ്രണയാഭ്യര്‍ഥന നിഷ്ഫലമാവില്ലെന്ന് ആ പിഞ്ചുബാലികയുടെ മനസ്സുപറഞ്ഞു. അന്ന് പൂവ് വലിച്ചെറിഞ്ഞവള്‍ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് വലതുകാല്‍വച്ച് വന്നുകയറിയത് താന്‍ മുറിവേല്പിച്ചവളുടെ നാത്തൂനായിട്ടാണ്; പിന്നീട് ഒത്തിരി സന്തോഷത്തിന്റെ അടയാളങ്ങള്‍ സമ്മാനിക്കാന്‍.

ചേട്ടന്റെ കൂട്ടുകാരനുവേണ്ടി നല്‍കിയ പൂവാകട്ടെ സസന്തോഷം സ്വീകരിക്കപ്പെട്ടു. അനിയത്തിക്കുട്ടിക്ക് ഒരു തലോടലും നെറ്റിയില്‍ ഒരുമ്മയും കിട്ടി. പക്ഷേ പൂ വാങ്ങിയവള്‍ കൊതിച്ചവനൊപ്പം ഇറങ്ങിത്തിരിച്ചില്ല. പൂവിന്റെ പേരില്‍ പ്രണയം കൊടുത്തെങ്കിലും ജീവിതം കൊടുക്കാന്‍ തയ്യാറായില്ല.

അന്നത്തെ അനിയത്തിക്കുട്ടി നുണക്കുഴികള്‍ കാട്ടി ഇപ്പോഴും പറയും: ആ മുള്ള് എന്റെ കവിളത്ത് കൊണ്ടുമുറിഞ്ഞപ്പോഴും എനിക്ക് സങ്കടം തോന്നിയില്ല. എനിക്കന്നേ തോന്നിയിരുന്നു, ഈ ചേച്ചി എന്റെ നാത്തൂന്‍ തന്നെയാകുമെന്ന്.

****     ****    ****

പഴയ പ്രീഡിഗ്രിക്കാലം. മൂന്നു കൂട്ടുകാരികള്‍ ഒരേ കോളേജില്‍ ഒരേ ക്ലാസില്‍. സിസ്‌റ്റേഴ്‌സ് നടത്തുന്ന കോളേജിലെ മൂവര്‍സംഘം. അവരില്‍ രണ്ടുപേര്‍ക്കും ഒരേയൊരു ആഗ്രഹം മഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രീയാവണം. അവര്‍ ആഗ്രഹം മറച്ചുവച്ചില്ല. വീട്ടിലും നാട്ടിലും കോളേജിലുമൊക്കെ എല്ലാവര്‍ക്കും അറിയാം. സിസ്‌റ്റേഴ്സിനാകട്ടെ ഇതറിഞ്ഞപ്പോള്‍ വലിയ സന്തോഷം. അവരോട് വലിയ സ്‌നേഹം.

മൂവര്‍സംഘത്തിലെ മറ്റൊരാള്‍ മഠത്തില്‍ ചേരാനില്ല. എന്നുമാത്രമല്ല കന്യാസ്ത്രീകളുടെ കുറ്റവും കുറവും കാണുന്നതിലും കണ്ടതിനെപ്പറ്റി കൂട്ടുകാരികളോട് പറയുന്നതിലും മടികാണിച്ചില്ല. ”ഞാനില്ല മഠത്തിലേക്ക്”- അവള്‍ ഉറപ്പിച്ചുപറയും. കടുപ്പക്കാരിയുടെ മാനസാന്തരത്തിനായി മറ്റു രണ്ടുപേരും പ്രാര്‍ഥിക്കും.

വര്‍ഷങ്ങള്‍ കഴിയവേ, മഠത്തില്‍ ചേരാനിരുന്ന രണ്ടുപേരും ഉപരിപഠനം കഴിഞ്ഞ്, ജോലിയും നേടി വിവാഹിതരായി! മഠത്തില്‍ ചേരാനില്ല എന്ന് പറഞ്ഞവള്‍ മഠത്തില്‍ ചേര്‍ന്ന് സന്യാസനിയായി, മിഷന്‍പ്രദേശത്തേക്ക് യാത്രയായി.

*****    *****    *****

അളിയന്മാരാണ് ബലമെന്ന്കരുതിയൊരു യുവാവ്. പെണ്ണുകാണാന്‍ ചെന്നത് ആണ്‍മക്കളില്ലാത്ത വീട്ടില്‍. ‘ഏയ്! അതുവേണ്ടാ. അളിയന്മാരില്ലെങ്കില്‍ ശരിയാവില്ല.’ ആ പെണ്ണിനെ വേണ്ടെന്ന് വച്ചു. കുറച്ചുനാളുകള്‍ക്കുശേഷം മറ്റൊരു ദല്ലാള്‍, യുവാവിനെ കൂട്ടിക്കൊണ്ടുപോയത് പഴയ വീട്ടിലേക്ക്. രണ്ടാംവരവില്‍ ‘വിധിവിഹിതമേവനും ലംഘിച്ചുകൂടുമോ’ എന്ന ന്യായമോര്‍ത്ത് വിവാഹത്തിന് തയ്യാറായി. കല്യാണം കഴിഞ്ഞിട്ടും അളിയന്മാരുടെ അഭാവം ഉള്ളില്‍ ഒരു നീറ്റലായി കിടന്നു.

കാലം കടന്നുപോകേ സ്ത്രീധനമായി കിട്ടിയ, ഒരുപകാരവുമില്ലെന്ന് തോന്നിച്ച കുറച്ചധികം സ്ഥലത്തിന് പെട്ടെന്ന് വിലയുയര്‍ന്നു. കാരണം, സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ അയല്‍പക്കത്ത് ഉയര്‍ന്നുവന്നു. അളിയന്മാര്‍ ആരുമില്ലാത്തതാണ് ബലമെന്ന് അപ്പോള്‍ അയാള്‍ക്ക് മനസ്സിലായി!

കൊതിച്ചതും നിനച്ചതുമാകില്ല, പറഞ്ഞതും പ്രവര്‍ത്തിച്ചതും. ഒരാളുടെ നാളയെപ്പറ്റി ആര്‍ക്കുമൊന്നും പറയാനുമാകില്ല. അല്ലേ?

ഷാജി
ഷാജി മാലിപ്പാറ 

 

Related Articles