Tuesday, November 24, 2026

പ്രാര്‍ഥനയിലെ അപകടങ്ങള്‍

വിദേശത്തുള്ള മകനെയോര്‍ത്തുള്ള ദുഃഖം പങ്കുവയ്ക്കുകയാണ് അമ്മ. ഏക മകനാണ്. തന്റെ ദുരിതങ്ങള്‍ക്ക് ഒരന്ത്യമാകുമല്ലോ എന്നോര്‍ത്ത് കണ്ണീരോടെ, നോമ്പുനോറ്റ് പ്രാര്‍ഥിച്ചാണ് അവന്റെ വിസയുടെ തടസ്സങ്ങള്‍ മാറി കിട്ടിയത് ഇപ്പോള്‍ അവന്‍ അമ്മയെ മറന്ന മട്ടാണ്. തന്നെ മറന്നതിനെക്കാള്‍ ആത്മാവിനെ വിറ്റുകൊണ്ടുള്ള അവന്റെ ജീവിതമാണ് അമ്മയെ കൂടുതല്‍ ദുഃഖിപ്പിക്കുന്നത്. മകന് വിസ ശരിയാകാന്‍ കണ്ണീരോടെ പ്രാര്‍ഥിച്ചിരുന്ന ദിനങ്ങളോര്‍ത്താണ് ഇന്ന് അമ്മ സങ്കടപ്പെടുന്നത്.

നമ്മുടെ പ്രാര്‍ഥനകളെ ഒരു വീണ്ടുവിചാരത്തിന് വിധേയമാക്കേണ്ടതില്ലേ എന്നാണോര്‍മിച്ചത്. നമ്മള്‍ ആഗ്രഹിക്കുന്നത് എങ്ങനെയും ദൈവത്തില്‍നിന്നു പിടിച്ചു വാങ്ങുന്നത് ദൈവാനുഗ്രഹത്തിന്റെയും ആത്മീയതയുടെയും അടയാളമായി തെറ്റിദ്ധരിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍, പലപ്പോഴും നമ്മുടെ നിര്‍ബന്ധത്തിനും സങ്കടത്തിനും മുമ്പില്‍ ദൈവം നിസ്സഹായതയോടെ വഴങ്ങുകയാണ്. അങ്ങനെ ആ പ്രതിസന്ധിയിലൂടെ ദൈവം നമുക്ക് വേണ്ടി ചെയ്യാനിരുന്ന ഏതൊക്കെയോ വിസ്മയനീയ കാര്യങ്ങള്‍ നിറവേറാതെ പോകുന്നു.

കുട്ടികള്‍ക്കു വേണ്ടി ആരോ മെനഞ്ഞെടുത്ത കഥയാണെങ്കിലും അതില്‍ കുറെ കാര്യമുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന കാറ്റും മഴയും ഇടിയും മിന്നലും വരള്‍ച്ചയുമൊക്കെ കൃഷിക്ക് തടസ്സം വരുത്തുന്നതുകൊണ്ട് അസ്വസ്ഥനായ കര്‍ഷകനെ ദൈവം കാലാവസ്ഥയുടെ നിയന്ത്രണം ഏല്‍പ്പിച്ചു കൊടുത്ത കഥയാണ്. എല്ലാം അയാളുടെ പാകത്തിന് നിയന്ത്രിച്ചുകൊണ്ടായിരുന്നു അത്തവണത്തെ കൃഷി. പക്ഷേ, വിളവെടുപ്പിന് നേരമായപ്പോള്‍ എല്ലാം പതിര്. അയാള്‍ പിന്നെയും ദൈവത്തോടു പരാതിപ്പെട്ടു. ദൈവം പറഞ്ഞു: നീ എന്തേ, കാറ്റിനെ തടഞ്ഞത്? കാറ്റല്ലേ, ചെടിയുടെ വേരുറപ്പിക്കുന്നതും ശക്തി പകരുന്നതും. ഇടിയും മിന്നലും വേണ്ടെന്നുവച്ചതെന്താണ്? അതല്ലേ മണ്ണിനു വളക്കൂറു നല്‍കുന്നതും ചെടികളുടെ വളര്‍ച്ചയെ സഹായിക്കുന്നതും. കര്‍ഷകന്‍ പിന്നെ ജോബിനെപ്പോലെ നിശ്ശബ്ദനായി ദൈവത്തിന് ആ അധികാരം തിരികെ നല്‍കി എന്നാണ് കഥ.

നല്ല കാര്യങ്ങള്‍ക്ക് വേണ്ടിത്തന്നെയായിരിക്കാം നമ്മള്‍ ദൈവത്തോട് കരഞ്ഞു പ്രാര്‍ഥിക്കുന്നത്. എന്നാല്‍, പലപ്പോഴും അക്കാര്യത്തില്‍ ദൈവത്തിന്റെ തീരുമാനം എന്താണെന്ന് അന്വേഷിക്കാന്‍ മെനക്കെടാറില്ല എന്നതാണ് വാസ്തവം. അമേരിക്കയിലുണ്ടായ ഒരു സംഭവമാണിത്. നാട്ടിലെ അബോര്‍ഷന്‍ ക്ലിനിക്ക് അടച്ചുപൂട്ടാന്‍ കുറേ നല്ല മനുഷ്യര്‍ ഉള്ളുരുകി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഉപവസിച്ചും പരിഹാരം ചെയ്തും രാത്രി ഉറങ്ങാതെയും ദീര്‍ഘനാള്‍ പ്രാര്‍ഥിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ അവരിലൊരാള്‍ ദൈവത്തോടാലോചന ചോദിച്ചു. ക്ലിനിക്ക് അടച്ചു പൂട്ടാനല്ല അത് നടത്തുന്ന ഡോക്ടറുടെ മനസ്സു മാറാനും അങ്ങനെ അതൊരു പ്രൊലൈഫ് സ്ഥാപനമായി രൂപാന്തരപ്പെടാനുമാണ് അവിടുന്ന് ആഗ്രഹിക്കുന്നതെന്നു മനസ്സിലായി. പിന്നെ പ്രാര്‍ഥന അതിനുവേണ്ടിയായി. അത് നിറവേറുകയും ചെയ്തു.

ദൈവത്തിന്റെ തീരുമാനങ്ങളെ നമ്മുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കുന്നത് ആത്മീയ പക്വതയല്ല. മാത്രമല്ല, നമുക്ക് അത് ഒരിക്കലും നല്ലതിനാവില്ല. നമ്മുടെ ജീവിതത്തിന്റെ മുന്‍പും പിന്‍പും അനന്തതയോളം ദര്‍ശിക്കുന്ന അവിടുത്തേക്ക് നമുക്കു നല്ലതെന്തെന്ന് കൃത്യമായറിയാം. നമ്മുടെ വഴിയിലേക്ക് അവിടുത്തെ വലിച്ചിഴച്ചു കൊണ്ടുവന്നാല്‍ ചിലപ്പോള്‍ നമുക്കു മാത്രമല്ല, പിന്‍തലമുറയ്ക്കും അത് ആപത്തായി പരിണമിക്കാം.

ഹെസക്കിയ രാജാവിനെ വീണ്ടും ഓര്‍മിക്കുകയാണ്. ഇസ്രായേലിലെ തങ്കപ്പെട്ട രാജാവായിരുന്നു. 39-ാം വയസ്സില്‍ രോഗിയായി മരണത്തോടടുത്തു. ദൈവം പറഞ്ഞു: നീ മരിക്കും അതിനാല്‍ വീട്ടുകാര്യങ്ങള്‍ ക്രമപ്പെടുത്തുക. അതുകേട്ട് ഹെസക്കിയ നെഞ്ചു നീറി കരഞ്ഞു.തന്റെ ജീവന്‍ തിരികെ എടുക്കരുതെന്ന് യാചിച്ചു. ദൈവത്തോടുള്ള തന്റെ ആത്മാര്‍ഥതയും വിശ്വസ്തതയും ഉയര്‍ത്തിപ്പിടിച്ചായിരുന്നു ആ കരച്ചില്‍. അയാളുടെ സങ്കടത്തിനുമുന്നില്‍ ദൈവത്തിനു പിടിച്ചു
നില്ക്കാനായില്ല.15വര്‍ഷംകൂടിആയുസ്സ് നീട്ടിക്കൊടുത്തു. നിഴല്‍ പത്തടി പുറകോട്ടു മാറ്റിക്കൊണ്ട് ദൈവം തന്റെ വാഗ്ദാനം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, നീട്ടിക്കിട്ടിയ ആ ആയുസ്സിനിടയില്‍ അയാള്‍ ഇസ്രായേലിന്റെ ദുരന്തത്തിന് കാരണമാവുന്നു. കാരണം ദൈവം തനിക്കുവേണ്ടി ചെയ്ത വന്‍ കാര്യങ്ങളോര്‍ത്ത് അയാള്‍ അഹങ്കരിച്ചു പൊങ്ങച്ചക്കാരനുമായി. അയാളുടെ അവിവേകമാണ്  ബാബിലോണ്‍ അടിമത്തത്തിനു തന്നെ കാരണമായത്. നീട്ടിക്കിട്ടിയ ആ ആയുസ്സിനിടയില്‍ അയാള്‍ക്ക് പിറന്ന മനാസെ എന്ന മകന്‍ ഇസ്രായേലിനെ കൊടിയ തിന്മയിലേക്കും അരാജകത്വത്തിലേക്കും നയിച്ചു. അയാളുടെ തിന്മയ്ക്ക് ഇസ്രായേല്‍ ജനത തന്ന  കനത്ത വിലയായിരുന്നു ബാബിലോണ്‍ അടിമത്തം.

വിശുദ്ധരെ രൂപപ്പെടുത്തുന്ന രാസവിദ്യ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഒറ്റക്കാര്യമാണ്. ദൈവത്തിന്റെ തീരുമാനത്തിന് അവര്‍ നിരന്തരം കീഴ്‌വഴങ്ങി. എല്ലാ അനുഭവങ്ങളിലും ‘ഇതാ ഞാന്‍’ എന്നതായിരുന്നു ദൈവത്തോടുള്ള തന്റെ നിലപാട് എന്നും ഒരു ചെറിയ രീതിയില്‍പ്പോലും പ്രതികരിക്കാതെ സഹനങ്ങളെ സ്വീകരിച്ചുവെന്നും വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ എഴുതി വച്ചിട്ടുണ്ട്. എളുപ്പമല്ലത് സാക്ഷാല്‍ കുരിശുമരണംതന്നെയായിഅനുഭവപ്പെടാം. രക്തം ചിന്തുന്നില്ല എന്നേയുള്ളൂ.

എല്ലാ വിശുദ്ധരും അങ്ങനെ ആയിരുന്നു. അവര്‍ ഭാഗ്യാഭാഗ്യങ്ങളെ ഒന്നുപോലെ സ്വീകരിച്ചു എന്ന് ജ്ഞാനഗ്രന്ഥത്തിലെ വചനം അവരില്‍ പൂര്‍ത്തിയാകുന്നുണ്ട്. അവര്‍ പരാതിയില്ലാതെ ജീവിച്ചു എന്നു സാരം. അവരില്‍ രാജാക്കന്മാര്‍ മുതല്‍ യാചകര്‍ വരെയുണ്ട്. കുഞ്ഞുങ്ങളും മുതിര്‍ന്നവരുമുണ്ട്. മാര്‍പാപ്പമാരും വൈദികരും സന്ന്യസ്തരുമുണ്ട്. നാം ആരാണെന്നോ എന്താണെന്നോ എന്നത് വലിയ കാര്യമല്ല. ദൈവത്തിന്റെ തീരുമാനത്തിനു നിരക്കുന്ന ജീവിതമാണോ എന്നതാണ് കാര്യം.

നോക്കൂ, ഒരേയൊരു പ്രാര്‍ഥന പഠിപ്പിച്ചപ്പോള്‍ യേശു അത് ഉള്‍പ്പെടുത്തി: അങ്ങയുടെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും നിറവേറണം. എന്താണീ ദൈവഹിതം? നിരന്തരം പ്രാര്‍ഥിക്കുന്നതോ നല്ല കാര്യങ്ങള്‍ ചെയ്യുന്നതോ ആണെന്നു കരുതരുത്. ഒറ്റവാക്കില്‍ അതിനുത്തരമില്ല എന്നു തോന്നുന്നു. ഓരോരുത്തര്‍ക്കും ഓരോ വിധത്തിലാണ്. ജീവിതം ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ ദൈവോചിതമായി ചെയ്യുവാനും അത് നമ്മില്‍ നിന്ന് ആവശ്യപ്പെടുന്ന ത്യാഗങ്ങള്‍ സന്തോഷപൂര്‍വം ഏറ്റെടുക്കുവാനും നിങ്ങള്‍ക്കു കഴിയുന്നുണ്ടെങ്കില്‍ ഉറപ്പായും നിങ്ങള്‍ ആ പാതയിലാണ്. കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുന്നവരല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ്‌ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക എന്ന് എത്ര കൃത്യമായാണ് യേശു പറഞ്ഞു തന്നിട്ടുള്ളത് (മത്ത. 7:21).

നമ്മുടെ തെറ്റുകൊണ്ടല്ലാതെ ജീവിതത്തില്‍ വന്നു ചേരുന്ന പ്രതിസന്ധികളെ ചോദ്യം ചെയ്യാതെ സ്വീകരിക്കാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ആത്മീയ പക്വതയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

പ്രതിസന്ധികളില്‍ പ്രാര്‍ഥിക്കേണ്ട എന്നൊന്നുമല്ല പറഞ്ഞുവരുന്നത്. പ്രാര്‍ഥനയില്‍ നമ്മള്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ്. യേശുവിനെക്കാള്‍ മനോഹരമായ ഒരുപമ ചൂണ്ടിക്കാണിക്കാനില്ല. മരണത്തില്‍നിന്ന് തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് അപാരമായ ഹൃദയവ്യഥയോടെ ഗദ്‌സെമനില്‍ പ്രാര്‍ഥിക്കുമ്പോഴും അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്ന തീരുമാനത്തോടെയാണ് പ്രാര്‍ഥന അവസാനിപ്പിക്കുന്നത്. തുടര്‍ന്ന് ഒരു വരികൂടി സുവിശേഷത്തില്‍ ലൂക്കാ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു. പിന്നെ എത്ര സമാധാനത്തോടെയാണ് ആ സഹനവഴിയിലേക്ക് അവിടുന്നു നടന്നുപോയത്. അത് നമുക്കുള്ള ഒരു വാഗ്ദാനമാണ്. ദൈവമേ, അങ്ങയുടെ ഹിതം പോലെ ആകട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ധൈര്യപ്പെടുമ്പോള്‍ ആ പ്രതിസന്ധി മാറിപ്പോകില്ലായിരിക്കും. എന്നാല്‍, അതേറ്റെടുക്കാന്‍ ഉന്നതത്തില്‍ നിന്നുള്ള ശക്തി നമ്മുടെമേല്‍ ആവസിക്കും. അതില്‍ കൂടുതല്‍ നമുക്ക് എന്തു വേണം?
എച്ച്. എസ്.

Related Articles