മരണമടഞ്ഞ ഒരു സ്ത്രീയുടെ വിചാരണ വേദിയാണ്രംഗം. നരകത്തില്‍ ചെന്നുപെട്ട വൃദ്ധയായ ആ സ്ത്രീക്കുവേണ്ടി, കാവല്‍ മാലാഖ അവളുടെ ജീവന്റെ പുസ്തകം അരിച്ചുപെറുക്കുകയാണ്. ഒടുവില്‍ അവള് ചെയ്ത സത്കര്മ്മവുമായി കാവല്‍മാലാഖ ദൈവതിരുമുന്പിലെത്തുന്നു. വിശന്നു മരിക്കാറായ ഒരു മനുഷ്യന് ഉരുളക്കിഴങ്ങ് കൊടുത്തതാണ് അവള് ചെയ്ത ഏക സത്കര്‍മം. ആ ഉരുളക്കിഴങ്ങുമായിച്ചെന്ന് അവളെ നരകത്തില്‍നിന്നു കയറ്റാന്‍ ദൈവം മാലാഖയ്ക്ക് അനുവാദംനല്കി. അങ്ങനെ അവളുടെ കാവല്‍ മാലാഖ നീട്ടിയ ഉരുളക്കിഴങ്ങില്‍ പിടിമുറുക്കി അവള് സ്വര്‍ഗത്തിലേക്ക് ഉയരുകയാണ്. അവളുടെ അരികില്‍നിന്ന ഒരു ഭിക്ഷുവും അവളുടെ കാലില്‍ പിടി മുറുക്കുന്നുണ്ട്. അങ്ങനെ അയാളും അവളോടൊപ്പം ഉയര്‍ന്നു. അതുകണ്ട വേറൊരാളും ഭിക്ഷുവിന്റെ വസ്ത്രത്തില്‍ പിടിമുറുക്കി. അങ്ങനെ വലിയൊരു നിരതന്നെ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മരണത്തെ അതിജീവിച്ച് ഭാരരഹിതമായ ശരീരത്തോടെ, മുകളിലുള്ള സ്വര്‍ഗത്തെ മാത്രം നോക്കിക്കൊണ്ടായിരുന്നു ആ വൃദ്ധയുടെ യാത്ര. ഒടുവില്‍ അവള് ഒരുനോക്ക് താഴേക്ക് കണ്ണുകള്‍ പായിച്ചപ്പോഴാണ് തന്നോടൊപ്പം കയറിവരുന്ന വലിയൊരു നിര കണ്ടത്. ഒരു നിമിഷാര്ധത്തിനുള്ളില് കൂടുതലൊന്നും ചിന്തിക്കാതെ ‘പോ… പോ.. ഇതെന്റെ കിഴങ്ങാണ്’ എന്നു പറഞ്ഞ് അവള് ശക്തിയായി കൈകുടഞ്ഞു. ആ നിമിഷം കയ്യിലെ ഉരുളക്കിഴങ്ങ് തെറിച്ചു പോവുകയും ആ വൃദ്ധയുള്‍പ്പെടെ അവരെല്ലാവരും താഴേക്കു പതിക്കുകയും ചെയ്തു. ഫിയോദര്‍ ദസ്തയേവ്സ്കിയുടെ ‘കരമസോവ് സഹോദരന്മാര്’ എന്ന നോവലില്‍ പരാമര്‍ശിക്കുന്ന കഥയാണിത്.
സ്വര്‍ഗം എന്നത് സഹജീവികളോടൊപ്പം പങ്കുവയ്ക്കപ്പെടുന്ന മാനുഷികതയുടെ തുടര്‍ച്ചയാണ്. അഹം മരിക്കേണ്ട അകലങ്ങളില്ലാത്ത ഇടം. ദൈവത്തോടും സഹോദരങ്ങളോടും തന്നോടുതന്നെയുമുള്ള ഐക്യത്തില്‍ സമസ്ത ചരാചരങ്ങള്പോലും സ്വന്തമായിത്തീരുന്ന അവസ്ഥ. അവിടെ ‘ഞാന്‍ ഒന്നുമല്ല’ എന്ന അകക്കാഴ്ചയാണ് ഓരോരുത്തരുടെയും ലോകം വിശാലമാക്കുന്നത്. ഈ വിശാലമായ ലോകത്ത് ഏറ്റവും ലളിതമായി ജീവിച്ച ഒരു വ്യക്തിയെ ഒക്ടോബര്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. ആരാണെന്നല്ലേ? അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്!
പ്രഭുകുമാരന്റെ പ്രൗഢിയില്‍നിന്ന് രണ്ടാം ക്രിസ്തുവിലേക്കുള്ള ദൂരമായിരുന്നു ഫ്രാന്‍സിസിന് സ്വയം ശൂന്യമാക്കലിന്റേത്. ഫ്രാന്‍സിസ് അങ്ങനെ അത്യുന്നതനായവന്റെ ശൂന്യതയിലേക്ക് എത്തിച്ചേരുകയാണ്. ആ ശൂന്യതയിലാണ് പിന്നീട് പ്രപഞ്ചവും ദൈവവും മനുഷ്യനുമെല്ലാം സമ്മേളിക്കുന്നത്. ‘ഞാന്‍’ എന്ന സങ്കുചിത ചിന്ത മരണപ്പെട്ട നിമിഷം മുതല്‍ ഫ്രാന്‍സിസ് സ്വതന്ത്രനാവുകയാണ്. അങ്ങനെ അദ്ദേഹം അക്ഷരാര്‍ഥത്തില്‍ പ്രപഞ്ചത്തിന്റെ ഭാഗമായിത്തീര്‍ന്നു. ചെന്നായയും കുറുനരിയും ദാരിദ്ര്യവും മരണവുമെല്ലാം അദ്ദേഹത്തിന് സഹോദരങ്ങളായി.
ആത്മാവിലും ശരീരത്തിലും മനസ്സിലും അഹം വെടിയാന്‍ കഴിഞ്ഞ ഒരു സന്യാസികൂടിയായിരുന്നു അദ്ദേഹം. പക്ഷിമൃഗാദികളോട് സംസാരിച്ചും കുഷ്ഠരോഗികളെ ചുംബിച്ചും ഏറ്റവും ദരിദ്രനായി, നിഷ്പാദുകനായി നടന്നിരുന്ന ഫ്രാന്‍സിസിനെ സമകാലിക സമൂഹം അന്ന് ഭ്രാന്തന് എന്നുവിളിച്ചു. കാരണം, ആഢംബരങ്ങളിലും അധികാരത്തിലും മുഴുകിയിരുന്ന ഒരു കാലത്തായിരുന്നു ഫ്രാന്‍സിസ് ജീവിച്ചിരുന്നത്. തിരുസഭ പോലും പുറം മോടികളിലും ആര്‍ഭാടങ്ങളിലും അഭിരമിച്ചിരുന്നകാലം. അവിടെയാണ് സ്ഥാനമാനങ്ങളും പ്രൗഢിയുമെല്ലാം ഉപേക്ഷിച്ച ഒരു ബദല്‍ സംസ്കാരത്തിനും ജീവിതരീതിക്കും ഫ്രാന്‍സിസ് തുടക്കം കുറിക്കുന്നത്. ഒന്നാമനാകാനും ആദ്യമെത്താനും കൂടുതല്‍ മെച്ചമായത് തിരഞ്ഞെടുക്കാനുമുള്ള സ്വാഭാവിക മത്സരങ്ങളില്‍ മലിനമാക്കപ്പെടുന്ന മനസ്സിനെയും അദ്ദേഹം അതിജീവിച്ചിരുന്നു എന്നു വ്യക്തം. കാരണം, യഥാര്‍ഥ സന്തോഷം എന്താണെന്ന് സതീര്‍ഥ്യനായ ബ്രദര്‍ ലിയോ ഫ്രാന്‍സിസിനോട് ചോദിക്കുമ്പോള്‍ കുളിരുള്ള ഒരു രാത്രിയില്‍ കൊട്ടിയടയ്ക്കപ്പെടുന്ന ആശ്രമവാതിലിനു മുന്പില് തിരസ്കൃതരായി നില്‍ക്കപ്പെടുന്ന അനുഭവത്തിലാണ് യഥാര്‍ഥ സന്തോഷം അനുഭവിക്കാനാകുക എന്നാണ് ഫ്രാന്‍സിസ് പറയുന്നത്.
ഫ്രാന്‍സിസ്കന്‍ വര്‍ഷത്തില്‍ ആയിരിക്കുന്ന നമുക്ക്, ഒരു ജീവിതശൈലിയെന്നോ സംസ്കാരമെന്നോ നിലപാടെന്നോ പേരിട്ടു വിളിക്കാവുന്ന ‘ഫ്രാന്‍സിസ്’ പ്രകാശം പരത്തുന്ന ഒരു വിളക്കുമരമായി മുന്നിലുണ്ട്. സമയത്തിലും കഴിവിലും ശരീരത്തിലും പണത്തിലും അധികാരത്തിലുമെല്ലാം ‘ഞാന്‍’ എന്ന മുദ്ര ചാര്‍ത്തി സ്വയം പരമാധികാരിയാകാന്‍ ശ്രമിക്കുന്നിടത്താണ് എല്ലാ തിന്മകളും ആരംഭിക്കുന്നത്. വിശുദ്ധ പൗലോസ് ചോദിക്കുന്ന ചോദ്യം നമ്മെ ഒരാത്മവിചാരണയ്ക്ക് ക്ഷണിക്കുന്നുണ്ട്. ”നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിനു നീ അഹങ്കരിക്കുന്നു?” (1കോറി4:7). ബോധോദയംസിദ്ധിച്ചവര് എപ്പോഴും എത്ര സൗമ്യതയോടും ആദരവോടും കൂടിയാണ് സഹജീവികളോടും പ്രപഞ്ചത്തോടുമൊത്ത് വസിക്കുന്നത്!
സി. നിമിഷ റോസ് CSN
ചീഫ് എഡിറ്റര്‍




