Tuesday, November 24, 2026

പതിമൂന്നാം നൂറ്റാണ്ടിന്റെ സൂര്യന്‍

ഫ്രാന്‍സിസ് എന്നത് ഒരു പേരല്ല ഒരാശയമാണ്. ലോകം മാനിക്കുന്ന ഏറെ സവിശേഷമായ ഒത്തിരി മൂല്യങ്ങളെ മനസ്സിലേക്കെത്തിക്കാന്‍ ആ പേരിനാകും. ഫ്രാന്‍സിസ് എന്ന ഒരു നാമം സ്വീകരിക്കുക വഴി ജോര്‍ജ്ജ് മരിയോ ബര്‍ഗോളിയോ എന്ന കര്‍ദിനാളിന്റെ സഭാഭരണത്തിന്റെ മുന്‍ഗണനാക്രമം എന്തായിരിക്കും എന്ന് ലോകത്തിന് ഒരു നിമിഷം കൊണ്ട് ആലോചിച്ചെടുക്കാന്‍ കഴിഞ്ഞു. വര്‍ത്തമാനകാലത്തിന്റെ കലര്‍പ്പില്ലാത്ത ആദരവും ബഹുമാനവും ഏറ്റുവാങ്ങി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഫ്രാന്‍സിസ് പാപ്പയെ കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്. തന്റെ സഭാദര്‍ശനത്തെയും കാഴ്ചപ്പാടിനെയും ലോകത്തിന് വ്യക്തമാക്കി കൊടുക്കുവാന്‍ ഫ്രാന്‍സിസ് എന്ന ഒരു പേരിലൂടെ അദ്ദേഹത്തിന് സാധിച്ചു. അതായിരുന്നു ആ പേരിന്റെ ശക്തി. അസീസ്സിയിലെ ഫ്രാന്‍സിസ് എന്ന നാമത്തിന്റെ പ്രസക്തി ഒരിക്കല്‍ക്കൂടി ഏറ്റു പറയുകയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയായ ലെയോ പതിനാലാമന്‍ പാപ്പ. കത്തോലിക്കാസഭ ഈ വര്‍ഷം പ്രത്യേകമായിഫ്രാന്‍സിസ്‌കന്‍വര്‍ഷമായി ആചരിക്കുന്നു എന്ന പ്രഖ്യാപനത്തിലൂടെ ഫ്രാന്‍സിസിന്റെ 800-ാം ചരമവാര്‍ഷികത്തോടനു ബന്ധിച്ചാണ്‌ ലെയോ പാപ്പ ഇങ്ങനെ ഒരു പ്രത്യേക വര്‍ഷത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വളരെ വിരളമായിട്ടാണ് വിശുദ്ധരുടെ നാമത്തില്‍ ഇത്തരം പ്രത്യേക വര്‍ഷങ്ങള്‍ ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ആഞ്ചലോ ഡി ഡോന്‍ദിസ് പുറപ്പെടുവിച്ച ഡിക്രിയില്‍ ഫ്രാന്‍സിസിനെ വിശേഷിപ്പിക്കുന്നത് 13-ാം നൂറ്റാണ്ടില്‍ തെളിഞ്ഞ സൂര്യന്‍ എന്നാണ്. ആ കാലത്തെ പ്രകാശിപ്പിച്ച സൂര്യനെ ഇന്നത്തെ കാലത്തിന് അധികമായി ആവശ്യമുണ്ട് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഈ ജൂബിലി പ്രഖ്യാപനമായി ബന്ധപ്പെട്ട് ലെയോ പതിനാലാം പാപ്പ ഫ്രാന്‍സിസ്‌കന്‍ ജനറല്‍മാര്‍ക്ക് എഴുതിയ കത്തില്‍ വി. ഫ്രാന്‍സിസിനെ വിശേഷിപ്പിക്കുന്നത് ലോകത്തിനാവശ്യമായ സമാധാനത്തിന്റെ ഉപകരണമായിട്ടാണ്. അസീസ്സിയിലെ ദരിദ്രന്‍ എന്നാണ് വിശുദ്ധ ഫ്രാന്‍സിസിന് പോപ്പ് ലെയോ നല്‍കുന്ന മറ്റൊരു വിശേഷണം. ഈ രണ്ട് വിശേഷണങ്ങള്‍ തന്നെയാണ് ഇന്നത്തെ ലോകത്തില്‍ അദ്ദേഹത്തെ പ്രസക്തനാക്കുന്നത്. മധ്യ പൂര്‍വദേശങ്ങളില്‍ ഉരുണ്ടുകൂടുന്ന യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ മൂന്നാം ലോക യുദ്ധത്തിനു തന്നെ കാരണമാകുമോയെന്ന് ലോകം ഭയപ്പെടുമ്പോള്‍ സമാധാനത്തിന്റെ സ്‌നേഹഗായകന്‍ എന്നറിയപ്പെടുന്ന ഫ്രാന്‍സിസിന്റെ സമാധാനത്തിന്റെ വഴികളെക്കുറിച്ച് മനുഷ്യര്‍ കുറേക്കൂടി ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

വി. ഫ്രാന്‍സിസ് തന്റെ ജീവിത ശൈലി ചിട്ടപ്പെടുത്തിയത് ദാരിദ്ര്യം എന്ന ആശയത്തിലാണ്. സങ്കുചിതമായ അര്‍ഥത്തില്‍ അത് ഒരു ആത്മീയ പുണ്യം മാത്രമായി കണക്കിലെടുത്തേക്കാമെങ്കിലും വിശാലമായ അര്‍ഥത്തില്‍ ലോകത്തിന്റെ നിത്യ നിലനില്പിനായുള്ള ഒരു മന്ത്രം കൂടിയാണത്. മിതത്വം എന്ന ആശയമാണ് അതിന്റെ അന്തസ്സത്ത. മിതമായ സൗകര്യങ്ങളിലും മനുഷ്യന് ഏറ്റവും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയും എന്നാണ് ഫ്രാന്‍സിസ് തന്റെ ലളിതമായ ജീവിതത്തിലൂടെ ലോകത്തോട് പറയാന്‍ ശ്രമിച്ചത്. ആഗ്രഹങ്ങള്‍ക്ക് പരിധിവയ്ക്കാന്‍ കഴിയാതെ വരുമ്പോള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ക്കുവേണ്ടി സഹജീവിയെയും പ്രകൃതിയെയും ഒരാള്‍ക്ക് ചൂഷണം ചെയ്യേണ്ടി വരുന്നു. പ്രകൃതിവിഭവങ്ങളുടെ ദൗര്‍ലഭ്യം മൂലം ലോകത്തിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാകുന്ന ഒരു ഘട്ടത്തിലേക്ക് എത്തിയാല്‍ അതിനു കാരണം മനുഷ്യന്റെ ആര്‍ത്തി മാത്രമായിരിക്കും. ഒന്നും മതിയാകാതെയും തികയാതെയും വരുന്ന അവസ്ഥയാണത്. സൗകര്യത്തിനും സമ്പത്തിനും വേണ്ടിയുള്ള അടക്കാനാവാത്ത ആഗ്രഹം അവനെ പ്രകൃതിയുടെ ചൂഷണത്തിനും വിഭവങ്ങള്‍ കരസ്ഥമാക്കാനായുള്ള പരസ്പര സംഘര്‍ഷത്തിലേക്കും നയിക്കും. ഭൂമിയിലെ പുഴകളും വനങ്ങളും ജീവസമ്പത്തുകളും മലനിരകളും നാശത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നത് മനുഷ്യന്റെ പരിധിയില്ലാത്ത ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള വാസനയില്‍ നിന്നാണ്. പ്രകൃതിയുടെ മേലുള്ള കടന്നുകയറ്റം ഭൂമിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറുന്നത് നാശത്തിന്റെ ഒരു വശമാകുമെങ്കില്‍ അതിന്റെ മറുവശം പ്രകൃതി വിഭവങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ മനുഷ്യര്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷമായിരിക്കും. ഇന്ന് നടക്കുന്ന യുദ്ധങ്ങളുടെയെല്ലാം അടിസ്ഥാന കാരണം വിഭവങ്ങളുടെ മേലുള്ള അവരുടെ ആധിപത്യം ഉറപ്പിക്കാനുള്ള ലോകരാജ്യങ്ങളുടെ രഹസ്യ അജണ്ടയാണെന്ന് ആര്‍ക്കാണ് അറിയാത്തത്? ചുരുക്കത്തില്‍ മനുഷ്യനും രാജ്യങ്ങള്‍ക്കു മിടയിലുള്ള സമാധാനത്തിന്റെ മന്ത്രം മിതത്വം എന്ന ആശയമാണ്. ഫ്രാന്‍സിസ് എന്ന നാമം ഒരാളില്‍ ആദ്യം എത്തിക്കുന്ന ചിന്ത തന്റെ കാലത്ത് സമാധാനത്തിന്റെ ഒരു ഉപകരണമായി വര്‍ത്തിച്ചയാള്‍ എന്നായിരിക്കും. എന്നാല്‍, ആ സമാധാനത്തിന്റെ പേര് അദ്ദേഹം ഉറപ്പിച്ചിരുന്നത് ദാരിദ്ര്യം എന്ന് അദ്ദേഹം വിശേഷിപ്പിച്ച മിതത്വം എന്ന ആശയത്തിലാണ്. അത് കത്തോലിക്കാസഭയില്‍ മാത്രമല്ല അതിനു പുറത്തുള്ള വിശാലമായ ലോകത്തിനും കൂടിയുള്ള സന്ദേശമാണ്. അത് ലോകത്തിന്റെ സമാധാനവും നിലനില്‍പ്പും സാധ്യമാവുക വി. ഫ്രാന്‍സിസ് ജീവിതശൈലിയായി സ്വീകരിച്ച മിതത്വം എന്ന ആശയം എല്ലാ മനുഷ്യരുടെയും ജീവിത ശൈലിയായി മാറുമ്പോഴായിരിക്കും എന്നതാണ്.

Peeter

പീറ്റര്‍ തോമസ് കപ്പുച്ചിന്‍

Related Articles