Tuesday, November 24, 2026

അനാഥത്വത്തിൽ നിന്ന് ആൾത്താരയിലേക്ക്

വിധിയുടെ വഴിയോരത്തെപ്പോഴോ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരു ആറു വയസ്സുകാരന്‍. പേരൊഴികെ മറ്റൊന്നും കൂട്ടിനില്ലാതെ, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ തനിച്ചായിപ്പോയ അണ്ണാമലൈ എന്ന ആ ബാലന്‍ വിവേക് മാര്‍ട്ടിന്‍ പുരോഹിതനായ കഥ. ഇതൊരു അതിജീവനകഥ മാത്രമല്ല; ചോര്‍ന്നുപോയ പ്രതീക്ഷകളില്‍ ക്രിസ്തുവിന്റെ ഹൃദയം കൊണ്ട് ശക്തിപകര്‍ന്ന് ജീവന്‍ പകര്‍ന്ന കൂട്ടായ്മയുടെ അത്ഭുതഗാഥ കൂടിയാണ്!

ഭൂമിയില്‍ തന്റേതെന്ന് പറയാന്‍ മറ്റാരുമില്ലാത്ത ഒരു കാലമുണ്ടായിരുന്നു അണ്ണാമലൈ എന്ന ആ ബാലന്. പകല്‍ വെളിച്ചത്തിനോ ഇരുട്ടു വീഴുമ്പോള്‍ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ തെളിയുന്ന വലിയ വിളക്കുകള്‍ക്കോ അവന്റെ ജീവിതത്തെ പ്രകാശിപ്പിക്കാനായില്ല.യാത്രക്കാരുടെ ബഹളങ്ങള്‍ക്കും പാഞ്ഞോടുന്ന തീവണ്ടികളുടെ ഒച്ചകള്‍ക്കും നടുവില്‍ ആ ബാലന്റെ സങ്കടം കേള്‍ക്കാന്‍ ആരുമുണ്ടായില്ല. അനാഥമായിപ്പോയ ആ ബാലന്റെ ജീവിതതുരുത്തിലേക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു ആ മാലാഖയുടെ വരവ്.

ചിറകുമായൊരു മാലാഖ

‘ചേട്ടാ, എനിക്ക് പഠിക്കണം…’ ഷൊര്‍ണൂര്‍ പ്ലാറ്റ്ഫോമില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ അണ്ണാമലൈ റെക്‌സി എന്ന ചെറുപ്പക്കാരനോട് ആദ്യം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു. ഒരു ജീസസ് യൂത്ത് പ്രവര്‍ത്തകനായ റെക്‌സിക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവരുടെ ജീവിതങ്ങള്‍ക്ക് പ്രത്യാശയുടെ ചിറകുകള്‍ നല്‍കി അവരുടെ ജീവിതം തിരിച്ചുപിടിക്കാന്‍ സഹായിക്കുക എന്നതായിരുന്നു പ്രധാന ദൗത്യം. ക്രിസ്തുവിന്റെ കരുതല്‍ ഉള്ളിലൊതുക്കി, തകര്‍ന്നുപോയ ജീവിതങ്ങളെ ചേര്‍ത്തുപിടിക്കാന്‍, തെരുവില്‍ അനാഥരാകുന്ന കുട്ടികള്‍ക്ക് താങ്ങാകാന്‍ അട്ടപ്പാടിയില്‍ ‘രക്ഷാ വില്ല’ എന്ന പ്രസ്ഥാനത്തിന് അവര്‍ തുടക്കമിട്ടു. റെക്‌സിയും സുഹൃത്തുക്കളും കുടുംബമായി താമസിച്ച് ഈ കുട്ടികളെ സ്വന്തം മക്കളെപ്പോലെ പരിചരിച്ചുപോന്നു. അത്തരമൊരു ദൗത്യത്തിനിടയിലാണ് റെക്‌സി അണ്ണാമലൈയെ കണ്ടുമുട്ടുന്നത്. പഠിക്കണമെന്ന ആ കുഞ്ഞു ബാലന്റെ ആഗ്രഹം കേട്ട റെക്‌സി പിന്നെ അവന്റെ കൈ വിട്ടില്ല; അവനെയും ചേര്‍ത്തുപിടിച്ച് അട്ടപ്പാടിയിലെ ‘രക്ഷാവില്ല’യിലേക്ക് യാത്ര തിരിച്ചു.

സ്‌നേഹം തണലായ വീട്
അട്ടപ്പാടിയിലെ ‘രക്ഷാവില്ല’ അണ്ണാമലൈയ്ക്ക് വെറുമൊരു അഭയകേന്ദ്രം മാത്രമായിരുന്നില്ല, മറിച്ച് സ്‌നേഹം നിറഞ്ഞ സ്വന്തം കുടുംബമായിരുന്നു. റെക്‌സിയും സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും ഒരുമിച്ച്, തെരുവില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന കുട്ടികളെ സ്വന്തം മക്കളെപ്പോലെയാണ് സ്‌നേഹിച്ചത്. അനാഥത്വത്തിന്റെ വേദനയൊന്നും അറിയിക്കാതെ, ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചും ഒരുമിച്ച് കളിച്ചും പഠിച്ചും അണ്ണാമലൈ അവിടെ വളര്‍ന്നു. ”രക്ഷാവില്ലയില്‍ എത്തിയപ്പോഴാണ് ഞാന്‍ ആദ്യമായി പ്രാര്‍ഥിക്കാന്‍ പഠിച്ചതും ദൈവത്തെ അറിഞ്ഞതും. ആരുമില്ലാത്തവനെന്ന് കരുതിയ എനിക്ക് എന്റേതെന്ന് പറയാന്‍ ദൈവം തന്ന വലിയൊരു കുടുംബമായിരുന്നു അത്. സ്‌നേഹംകൊണ്ട് എന്നെ ചേര്‍ത്തുപിടിച്ച എന്റെ വീടായിരുന്നു എനിക്കത്”ഫാദര്‍ വിവേക്മാര്‍ട്ടിന്റെ വാക്കുകളില്‍ തന്നെ വളര്‍ത്തിയ ഇടത്തോടുള്ള കടപ്പാടും ആര്‍ദ്രതയും തെളിഞ്ഞു നില്‍ക്കുന്നുണ്ട്.

വളര്‍ച്ചയുടെ പുതിയ വഴികള്‍

അട്ടപ്പാടിയിലെ രണ്ടുവര്‍ഷത്തെ ജീവിതത്തിനു ശേഷം അണ്ണാമലൈയുടെ പഠനം കൊച്ചിയിലേക്ക് മാറി. കൊച്ചി മുണ്ടംവേലിയിലെ സെന്റ് ലൂയിസ് സ്‌കൂളില്‍ എട്ടാം ക്ലാസുവരെ പഠിച്ച അവന്‍, തുടര്‍ന്ന് പച്ചാളം സെന്റ് ജോസഫ്സ് ഹൈസ്‌കൂളിലാണ് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത്. കുട്ടിക്കാലത്ത് തെരുവില്‍ തനിച്ചായിപ്പോയ ആ പഴയ അണ്ണാമലൈ ആയിരുന്നില്ല അവന്‍. ‘രക്ഷാവില്ല’ നല്‍കിയ ആത്മവിശ്വാസവും സ്‌നേഹവും അവനെ സ്‌കൂളിലെ എല്ലാവരുടെയും പ്രിയങ്കരനാക്കി; പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. അനാഥത്വത്തിന്റെ ഇരുട്ടില്‍നിന്നും നേതൃത്വപാടവമുള്ള ഒരു മിടുക്കനായ വിദ്യാര്‍ഥിയിലേക്കുള്ള അവന്റെ വളര്‍ച്ച, അവനെ സ്‌നേഹിച്ചവരുടെയെല്ലാം പ്രാര്‍ഥനയുടെ ഫലമായിരുന്നു.

അണ്ണാമലൈ വിവേക് മാര്‍ട്ടിനായ കഥ

കൊച്ചിയിലേക്ക് പഠനത്തിനായി വന്നപ്പോഴാണ് അണ്ണാമലൈയ്ക്ക് ‘വിവേക് മാര്‍ട്ടിന്‍’ എന്ന പുതിയ പേര് ലഭിക്കുന്നത്. കൊച്ചി രൂപതയിലെ വൈദികനായ ഫാ. സണ്ണി ആട്ടപ്പറമ്പിലാണ് ആ പേരില്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തത്. എന്നാല്‍, ‘മാര്‍ട്ടിന്‍’ എന്ന പേരിന് പിന്നില്‍ മനോഹരമായ മറ്റൊരു പശ്ചാത്തലം കൂടിയുണ്ടായിരുന്നു.

അതിനെക്കുറിച്ച്  ഫാ.വിവേക്മാര്‍ട്ടിന്‍ ഓര്‍ത്തെടുക്കുന്നത് ഇപ്രകാരമാണ്: ”വിശുദ്ധ
മാര്‍ട്ടിന്‍ ഡി പോറസിന്റെ ജീവിതം വായിച്ചപ്പോള്‍ വിശുദ്ധന്റെ ജീവിതത്തോട് എന്റെ ജീവിതവുമായി ഒരുപാട് സാമ്യം തോന്നിയിരുന്നു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും മിണ്ടാപ്രാണികളോടുപോലുമുള്ള വിശുദ്ധന്റെ കാരുണ്യവും സ്‌നേഹവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ ആ വിശുദ്ധനോടു തോന്നിയ ആത്മബന്ധത്തില്‍ നിന്നാണ് മാര്‍ട്ടിന്‍ എന്ന പേര് തിരഞ്ഞെടുത്തത്.” അന്നുമുതല്‍ അദ്ദേഹം വിവേക് മാര്‍ട്ടിന്‍ എന്ന പേരിലാണ് അറിയപ്പെടാന്‍ തുടങ്ങിയത്.

കനലായ ആഗ്രഹം

‘എനിക്ക് ക്രിസ്തുവിന്റെ പുരോഹിതനായി ശുശ്രൂഷ ചെയ്യണം’ എന്ന തന്റെ ഉള്ളിലെ ആഗ്രഹം പത്താം ക്ലാസ് പൂര്‍ത്തിയായ ശേഷമാണ്‌ വിവേക് മാര്‍ട്ടിന്‍ റെക്‌സി ഡാഡിയോട് പങ്കുവയ്ക്കുന്നത്. എന്നാല്‍, അവന്‍ അല്പം കൂടി വളരട്ടെ, ജീവിതാനുഭവങ്ങളിലൂടെ ലോകത്തെ കുറച്ചുകൂടി കണ്ടുമനസ്സിലാക്കട്ടെ എന്നു
കരുതി തുടക്കത്തില്‍ അവര്‍ ആ ആഗ്രഹത്തിന് കൂട്ടൂനിന്നില്ല. തുടര്‍ന്ന് വരാപ്പുഴ
രൂപതയിലെ വിദ്യാനികേതനില്‍ വിവേകിനെ പ്ലസ്ടുപഠനത്തിനായി അയച്ചു.

പഠനത്തിനുശേഷവും അവന്‍ തന്റെ ദൈവവിളിയെക്കുറിച്ച്  ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍, ഒന്നുകൂടി ആലോചിച്ചുറപ്പിക്കാന്‍ പറഞ്ഞ് അവനെ ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിന് അയച്ചു. അതിനുശേഷം രണ്ടു വര്‍ഷത്തോളം വിവേക് വിവിധ ജോലികള്‍ ചെയ്തു. എങ്കിലും വൈദികനാകണമെന്ന ആഗ്രഹം ഒരു കനലായി ഉള്ളില്‍ എരിഞ്ഞുകൊണ്ടിരുന്നു. പിന്നീട് ഫാ. വിന്‍സെന്റ് വാരിയത്തുമായി സംസാരിച്ചപ്പോഴാണ്‌ ദൈവവിളിയെക്കുറിച്ചും തന്റെ ആഗ്രഹത്തെക്കുറിച്ചും വിവേകിന് കൂടുതല്‍ വ്യക്തത ലഭിക്കുന്നത്. തുടര്‍ന്ന്, ഝാന്‍സി രൂപതാ വൈദികനും റെക്‌സിയുടെ സുഹൃത്തുമായ ഫാ. വിന്‍സെന്റ് പെരേര വഴി ഝാന്‍സി രൂപതാ മെത്രാന് വിവേക് വൈദികനാകാനുള്ള ആഗ്രഹം അറിയിച്ച് അപേക്ഷ നല്‍കി. എങ്കിലും സെമിനാരി പ്രവേശനത്തിനായി വീണ്ടും ഒരു വര്‍ഷത്തെ കാത്തിരിപ്പ് അവന് മുന്നിലുണ്ടായിരുന്നു.

കാത്തിരിപ്പിന്റെ സ്‌നേഹതീരം

ആ കാത്തിരിപ്പിന്റെ ഒരു വര്‍ഷക്കാലം വിവേക് വെറുതെയിരുന്നില്ല. ആലുവ പാനായിക്കുളത്ത് കമില്യന്‍സ് വൈദികര്‍ നടത്തുന്ന ‘സ്‌നേഹതീരം’ കെയര്‍ സെന്ററിലായിരുന്നു അവന്‍ തന്റെ സമയം ചെലവഴിച്ചത്. അവിടെയുള്ള രോഗികളെ പരിചരിച്ചും ആംബുലന്‍സ് ഓടിച്ചുമെല്ലാം അവന്‍ അവിടത്തെ ഒരു ശുശ്രൂഷകനായി മാറി. പൗരോഹിത്യത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതിന് മുന്‍പ്,
ക്രിസ്തുവിന്റെ കരുണയും സ്‌നേഹവും മറ്റുള്ളവര്‍ക്ക് പങ്കുവച്ചുനല്‍കാനുള്ള അവന്റെ ആഗ്രഹത്തിന് അവിടെ നല്ലൊരു അവസരം ലഭിക്കുകയായിരുന്നു.

പൗരോഹിത്യ സ്വപ്നവുമായി ഝാന്‍സിയിലേക്ക്…

നീണ്ട കാത്തിരിപ്പുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ഒടുവില്‍ ഝാന്‍സി രൂപതയില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചതോടെ, വിവേക് തന്റെ പൗരോഹിത്യ പരിശീലനത്തിനായി യാത്ര തിരിച്ചു. സ്‌നേഹം നിറഞ്ഞ ചുറ്റുപാടുകളും പ്രിയപ്പെട്ടവരെയും വിട്ട് തീര്‍ത്തും അപരിചിതമായ അന്തരീക്ഷത്തിലേക്കുള്ള ആ പോക്ക് അവന്റെയുള്ളില്‍ വലിയ നോവ് സമ്മാനിച്ചെങ്കിലും, പൗരോഹിത്യമെന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു കരുത്തായാണ് അവന്‍ ആ സങ്കടങ്ങളെ സ്വീകരിച്ചത്.

”സങ്കടങ്ങളും തഴയപ്പെടലുകളും എന്നെ പിടിച്ചുലച്ചപ്പോഴൊക്കെ ഞാന്‍ സക്രാരിക്ക് മുന്നിലിരുന്ന്ഏറെനേരം കര്‍ത്താവിനോട് കരഞ്ഞു പ്രാര്‍ഥിക്കുമായിരുന്നു. ആ നിമിഷങ്ങളില്‍ ക്രിസ്തു നല്‍കിയ ആത്മീയ ശക്തിയും ആശ്വാസവുമാണ് എന്നെമുന്നോട്ട്‌ നയിച്ചത്,” ഫാ. വിവേക് പങ്കുവയ്ക്കുന്നു.

മറ്റുള്ളവര്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും പകര്‍ന്നു നല്‍കാനുള്ള നിരവധി അവസരങ്ങള്‍ ആ പരിശീലന കാലയളവില്‍ ലഭിച്ചത് ഉള്ളിലെ ദൈവവിളിയെ കൂടുതല്‍ ദൃഢമാക്കാന്‍ വിവേകിനെ സഹായിച്ചു. ഒടുവില്‍ എല്ലാ പ്രതിസന്ധികളെയും ദൈവകൃപയാല്‍ അതിജീവിച്ച്, താന്‍ സ്വപ്നം കണ്ട ആ വലിയ ദൗത്യമായ പൗരോഹിത്യത്തിലേക്ക് അവന്‍ നടന്നടുത്തു.

ക്രിസ്തുവിന്റെ പകരക്കാരനായ അത്ഭുതം

ക്രിസ്തുവിനു പകരക്കാരനായി വിശുദ്ധ അള്‍ത്താരയില്‍ ബലിയര്‍പ്പിക്കാന്‍ താന്‍ ഉയര്‍ത്തപ്പെട്ടു എന്ന വലിയ ബോധ്യത്തോടെയും, ദൈവം തന്റെ ജീവിതത്തില്‍ ചെയ്ത മഹാത്ഭുതങ്ങളെക്കുറിച്ചുള്ള ഹൃദയം നിറഞ്ഞ നന്ദിയോടെയുമായിരുന്നു ഫാ. വിവേക് മാര്‍ട്ടിന്‍ പൗരോഹിത്യ സ്വീകരണം എന്ന പവിത്ര നിമിഷത്തില്‍ പങ്കുകൊണ്ടത്. 2026 ഓഗസ്റ്റ് 16-ന് ബിഷപ്. വില്‍ഫ്രെഡ് മോറിസില്‍ നിന്നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 24ന് വരാപ്പുഴ തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ് ദൈവാലയത്തില്‍ വച്ച് അദ്ദേഹം തന്റെ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു.

”നവവൈദികന്റെ കരങ്ങള്‍ ചുംബിക്കാന്‍ എല്ലാവരും വരിവരിയായി മുന്നോട്ടു വരുന്നതുകണ്ടപ്പോള്‍ ഞാന്‍ എന്റെ ബാല്യവും ദൈവം ഇന്നുവരെ വഴിനടത്തിയ വഴികളും ഒരു നിമിഷം ഓര്‍ത്തു. അയോഗ്യനെങ്കിലും ദൈവം എന്നെ എടുത്തുയര്‍ത്തിയ ആ നിമിഷത്തിനു മുന്‍പില്‍ ഞാന്‍ എന്നെത്തന്നെ ഒരിക്കല്‍ക്കൂടി സമര്‍പ്പിച്ചുകൊണ്ടാണ് ആ പുണ്യനിമിഷത്തില്‍ പങ്കുചേര്‍ന്നത്.” പുത്തന്‍ കുര്‍ബാന അനുഭവങ്ങളെക്കുറിച്ച് ആ വൈദികന്‍ പങ്കുവച്ചു.

പ്രത്യാശയുടെ ഐക്കണ്‍

രോഗികളെയും ആരുമില്ലാത്തവരെയും ചേര്‍ത്തുപിടിച്ചും അനാഥര്‍ക്ക് തണലായി നിന്നുമുള്ള ഒരു ശുശ്രൂഷാജീവിതമാണ് ഫാ. വിവേക് മാര്‍ട്ടിന്‍ സ്വപ്നം കാണുന്നത്. സ്വന്തം ജീവിതാനുഭവങ്ങള്‍ കൊണ്ടുതന്നെ അങ്ങനെയുള്ളവരുടെ വേദനകള്‍ മറ്റാരേക്കാളും ആഴത്തില്‍ മനസ്സിലാക്കാന്‍ തനിക്ക് കഴിയുമെന്ന ഉറപ്പ് അദ്ദേഹത്തിനുണ്ട്.

”ഒന്നുമല്ലാതിരുന്ന, ആരുമില്ലാതിരുന്ന എന്നെ ദൈവം ഇത്രത്തോളം ഉയര്‍ത്തിയെങ്കില്‍, അവിടുന്ന് നിങ്ങളെയും കൈവിടില്ല; ദൈവത്തിന് ഒന്നും അസാധ്യമല്ല എന്നതിനുള്ള വലിയ സാക്ഷ്യമാണ് എന്റെ ജീവിതം” എന്നാണ് ഫാ. വിവേക് മാര്‍ട്ടിന്‍ ലോകത്തോടു പങ്കുവയ്ക്കുന്നത്.

സി. നിമിഷ റോസ് CSN 

 

Related Articles