Tuesday, November 24, 2026

പുഞ്ചിരിക്കുന്ന വിഷാദമോ?

കുട്ടികള്‍ക്ക് എയ്ഞ്ചല്‍ ചേച്ചിയായിരുന്നു, മുതിര്‍ന്നവര്‍ക്ക്‌ സ്വന്തം മകളെപ്പോലെ പ്രിയപ്പെട്ടവളും. സണ്‍ഡേ സ്‌കൂളിലെ കലാപരിപാടികളിലും, ഇടവകയിലെയും സ്‌കൂളിലെയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലുമെല്ലാം എയ്ഞ്ചല്‍ മുന്നിലുണ്ടായിരുന്നു. എയ്ഞ്ചലിനോട് ഒരു തവണയെങ്കിലും സംസാരിച്ചിട്ടുള്ളവര്‍ അവളെ അത്രപെട്ടെന്ന് മറക്കാനിടയില്ല. മാതാപിതാക്കളുടെ ഏകമകളായ അവള്‍ പഠനത്തിലും മിടുക്കിയാണ്. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി ഉപരിപഠനത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ്, നാടിനെയും പ്രിയപ്പെട്ടവരെയും നടുക്കിക്കൊണ്ട് ആ വാര്‍ത്ത എത്തിയത് -എയ്ഞ്ചലിന്റെ ആത്മഹത്യാശ്രമം! എല്ലാവരെയും സന്തോഷിപ്പിച്ചു നടന്ന എയ്ഞ്ചലിന് എന്തുപറ്റിയെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള മാതാപിതാക്കളുടെ യാത്രയിലാണ് ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. അടുത്ത കൂട്ടുകാരെല്ലാം ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയതോടെ അനുഭവപ്പെട്ട കടുത്ത ഒറ്റപ്പെടലും, മറ്റുള്ളവരുടെ മുന്നില്‍ താന്‍ മാത്രം പിന്നിലായിപ്പോകുമോ എന്ന ഭയവുമായിരുന്നു അവള്‍ തന്റെ പുഞ്ചിരിക്കു പിന്നില്‍ ഒളിപ്പിച്ചിരുന്നത്.

നമുക്ക് ചുറ്റും എപ്പോഴും ഓടിനടക്കുന്ന, എല്ലാവരിലും സന്തോഷം വിതറുന്ന ചില ആളുകളുണ്ട്. കൂട്ടായ്മകളില്‍ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നവര്‍, കുടുംബത്തിലെയും
സൗഹൃദങ്ങളിലെയും ഏതു പ്രശ്‌നത്തിലും ഓടിയെത്തുന്നവര്‍, ‘എല്ലാം പെര്‍ഫെക്റ്റായി’ കൊണ്ടുപോകുന്നവര്‍. പുറമെനിന്ന് നോക്കുന്ന ഏതൊരാള്‍ക്കും അവരുടെ ജീവിതം തികച്ചും സന്തോഷഭരിതമാണെന്ന് തോന്നും. പക്ഷേ, ആരും അറിയാതെ ഉള്ളിലൊതുക്കുന്ന അവരുടെ ഈ സംഘര്‍ഷം പരിധി വിടുമ്പോള്‍, അത് ആ വ്യക്തിയെ കടുത്ത നിശ്ശബ്ദതയിലേക്കും ആരും പ്രതീക്ഷിക്കാത്ത പെട്ടെന്നുള്ള സ്വയംഹത്യാശ്രമങ്ങളിലേക്കും നയിക്കുന്നു.

എന്താണ് Gen Z കുട്ടികളിലെ സ്‌മൈലിങ് ഡിപ്രഷന്‍?

പുറമെ തികച്ചും സന്തോഷവാന്മാരായി കാണുകയും എന്നാല്‍, ഉള്ളില്‍ കടുത്ത വിഷാദം അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്കാണ് മനഃശാസ്ത്രത്തില്‍ ‘സ്‌മൈലിങ് ഡിപ്രഷന്‍’ (Smiling Depression) അഥവാ പുഞ്ചിരിക്കുന്ന വിഷാദം എന്നുപറയുന്നത്.

പുതിയ തലമുറയിലെ (Gen Z – 1990- കളുടെ അവസാനത്തിലും 2010-കളുടെ തുടക്കത്തിലും ജനിച്ചവര്‍) കുട്ടികളില്‍ ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നുണ്ട്. പുറമെ നോക്കുമ്പോള്‍ അവര്‍ പഠനത്തിലോ ജോലിയിലോ മിടുക്കരായിരിക്കും, കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചു സംസാരിക്കും, സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കും. എന്നാല്‍, അവരില്‍ പലരും കടുത്ത മാനസിക സങ്കടങ്ങളും ശൂന്യതയും അനുഭവിക്കുന്നവരാണ്.

എന്തുകൊണ്ട് Gen Z- ൽ  ഇത് കൂടുതലായി കാണപ്പെടുന്നു?

സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന വ്യാജ ലോകം: സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സന്തോഷവും വിജയങ്ങളും മാത്രം കാണിക്കുന്ന സാഹചര്യത്തില്‍ മറ്റുള്ളവരുടെ ‘പെര്‍ഫെക്റ്റ്’ ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നതിലൂടെ ഇവരില്‍ വലിയ മാനസിക സമ്മര്‍ദം ഉണ്ടാക്കുന്നു.

പെര്‍ഫെക്ഷനിസം: പഠനം, കരിയര്‍, സൗഹൃദങ്ങള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ‘പെര്‍ഫെക്റ്റ്’ ആയിരിക്കണം എന്ന ചിന്ത. തോല്‍വികളോ പരാജയങ്ങളോ അംഗീകരിക്കാന്‍ ഇവരെ പ്രാപ്തമാക്കുന്നില്ല.

സങ്കടങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഭയം: ‘എനിക്ക് സങ്കടമുണ്ട്, ബുദ്ധിമുട്ടുണ്ട്’ എന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍ തങ്ങളെ കളിയാക്കുമോ എന്ന ഭയം ഉള്ളിലെ സങ്കടങ്ങള്‍ ചിരിക്കുള്ളില്‍ ഒളിപ്പിക്കാന്‍ ഇവരെ നിര്‍ബന്ധിക്കുന്നു.

ലക്ഷണങ്ങള്‍

സാധാരണ വിഷാദം അനുഭവിക്കുന്നവരെപ്പോലെ ഇവര്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുകയോ എപ്പോഴും കരയുകയോ ചെയ്യില്ല. എങ്കിലും ചില സൂചനകള്‍ ശ്രദ്ധിച്ചാല്‍ ഇവരെ അറിയാം.

പെട്ടെന്നുള്ള സ്വഭാവമാറ്റങ്ങള്‍: എപ്പോഴും സജീവമായിരിക്കുന്ന കുട്ടികള്‍ ചില സമയങ്ങളില്‍ പെട്ടെന്ന് നിശ്ശബ്ദനാവുകയോ പെട്ടെന്ന് ദേഷ്യപ്പെടുകയോ ചെയ്യുക. ഒരുപക്ഷേ, സമയദൈര്‍ഘ്യം ഇല്ലായിരിക്കാം എങ്കിലും വളരെപ്പെട്ടെന്ന് അവരുടെ സ്വഭാവങ്ങള്‍ മാറുന്നു.
ഒറ്റപ്പെടല്‍ ആഗ്രഹിക്കുക: എല്ലാവരോടുമൊപ്പം സന്തോഷിച്ചു നടക്കുമ്പോഴും പെട്ടെന്ന് തന്റെ ലോകത്തേക്ക്, മുറിയിലേക്ക് മാറി തനിച്ചായിരിക്കാന്‍ ഇഷ്ടപ്പെടുക.
താത്പര്യക്കുറവ്: മുന്‍പ് ഇഷ്ടപ്പെട്ടിരുന്ന പല വിനോദങ്ങളോടും ഹോബികളോടും താത്പര്യക്കുറവ് പ്രകടിപ്പിക്കുക.
ശ്രദ്ധക്കുറവ്: ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും കാര്യങ്ങള്‍ ഓര്‍മിക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ബുദ്ധിമുട്ട്.
ഉറക്കത്തിലും ഭക്ഷണത്തിലുമുള്ളമാറ്റങ്ങള്‍: ഭക്ഷണം കഴിക്കുന്നതിന്റെ അളവ് പതിവില്‍ കുറയുകയോ കൂടുകയോ ചെയ്യുക. രാത്രികളില്‍ അമിത ചിന്തകളില്‍ പെട്ട് ഉറക്കം നഷ്ടപ്പെടുക.
ക്ഷീണം: പകല്‍ മുഴുവന്‍ ആക്ടീവായി അഭിനയിച്ച് തീര്‍ക്കുന്നതുകൊണ്ട് വൈകുന്നേരമാകുമ്പോഴേക്കും കടുത്ത മാനസിക-ശാരീരിക ക്ഷീണം അനുഭവപ്പെടുക.

കാരണങ്ങള്‍

  1. താരതമ്യം ചെയ്യല്‍
  2. മാതാപിതാക്കളുടെയുംസമൂഹത്തിന്റെയും ഉയര്‍ന്ന പ്രതീക്ഷകള്‍
  3. കൂട്ടുകാരില്‍ നിന്നുള്ള ഒറ്റപ്പെടല്‍
  4. സോഷ്യല്‍ മീഡിയ സ്വാധീനം
  5. പഠന സമ്മര്‍ദം

രക്ഷിതാക്കള്‍ ശ്രദ്ധിക്കാന്‍

  • സഹപാഠികളുടെ വിജയങ്ങളുടെയോ മാര്‍ക്കുകളുടെയോ പേരില്‍ മക്കളെ താരതമ്യം ചെയ്യരുത്.
  • എല്ലാ കാര്യങ്ങളിലും ‘പെര്‍ഫെക്റ്റ്’ ആയിരിക്കണം എന്ന നിര്‍ബന്ധമില്ലാതെ, പരാജയങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്നും തോല്‍വികളില്‍നിന്നു പഠിക്കുകയാണ് വേണ്ടതെന്നും കുട്ടികളെ ബോധ്യപ്പെടുത്തുക.
  • കുട്ടികള്‍ അവരുടെ സങ്കടങ്ങളോ അസ്വസ്ഥതകളോ പറയുമ്പോള്‍ ‘ഇതൊക്കെ നിന്റെ
    തോന്നലാ’, ‘നിനക്ക് എന്തിന്റെ കുറവാണ് ഉള്ളത്’ എന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്ക
    രുത്.
  • ഉപദേശിക്കുന്നതിനെക്കാള്‍ അവരെ കേള്‍ക്കാന്‍ സമയം കണ്ടെത്തുക.
    എപ്പോഴും സജീവമായിരിക്കുന്ന കുട്ടി പെട്ടെന്ന് കൂടുതല്‍ സമയം മുറിക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുകയോ,ഉറക്കത്തിലും ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തുകയോ ചെയ്താല്‍ സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുക.
  • രാത്രികാലങ്ങളില്‍ മൊബൈല്‍ ഉപയോഗം പരിമിതപ്പെടുത്താനും, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം കൂട്ടാനും പ്രോത്സാഹിപ്പിക്കുകയും മാതൃകയാവുകയും ചെയ്യുക.
  • നിങ്ങളുടെ കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലാക്കിയാല്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയോ കൗണ്‍സിലറുടെയോ സഹായം തേടാന്‍ വൈകരുത്.

എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നത് സന്തോഷത്തിന്റെ ലക്ഷണമാകണമെന്നില്ല; ചിലപ്പോള്‍ അത് സഹായത്തിനായുള്ള നിശ്ശബ്ദമായ നില വിളിയുമാകാം. നീറ്റ് (NEET) പോലുള്ള മത്സരപ്പരീക്ഷകളിലെ പരാജയഭയം കൊണ്ടോ, കൂട്ടുകാര്‍ക്കിടയില്‍ താന്‍ ഒറ്റപ്പെട്ടുപോകുമോ എന്ന ചിന്തകൊണ്ടോ ജീവനൊടുക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നാം തിരിച്ചറിയേണ്ട ഒന്നുണ്ട് – അവരാരും ജീവിതത്തോട് തോറ്റവരല്ല, സ്വന്തം സങ്കടങ്ങള്‍ പുറത്തുപറയാന്‍ കഴിയാതെ ഉള്ളിലൊതുക്കിയവരാണ്.

വിഷാദമെന്നത് ഒരു വ്യക്തിയുടെ മാനസിക ബലഹീനതയല്ല, മറിച്ച് പരിചരണവും പിന്തുണയും കൊണ്ട് ഭേദമാക്കാവുന്ന ഒരു അവസ്ഥയാണ്. ഒരു റാങ്കോ പരീക്ഷയോ സ്വന്തം ജീവനെക്കാള്‍ വലുതല്ലെന്നും, ‘എനിക്ക് വിഷമമുണ്ട്’ എന്ന് തുറന്നുപറയുന്നത് തോല്‍വിയല്ലെന്നും നമ്മുടെ കുട്ടികളെ പഠിപ്പിക്കാം.
Ph: 7558057318


സി. ഡോ. പ്രീത CSN 
സൈക്കോതെറാപ്പിസ്റ്റ്,
ജീവന സൈക്കോ
സ്പിരിച്വല്‍ സെന്റര്‍,
ചൊവ്വര

 

 

 

Related Articles