Tuesday, November 24, 2026

അമ്മയ്‌ക്കൊരു ഉമ്മ

ലോകത്തിന്റെ കണക്കുകൂട്ടലുകള്‍ക്കൊത്തുയരാത്ത കുഞ്ഞുങ്ങളെ ‘വ്യത്യസ്തരെന്നോ’ ‘വൈകല്യമുള്ളവരെന്നോ’ വിളിച്ച് സമൂഹം പലപ്പോഴും മാറ്റിനിര്‍ത്താറുണ്ട്. അവിടെയൊക്കെ അത്ഭുതങ്ങള്‍ വിരിയിക്കാന്‍ കഴിവുള്ളവരാണ് അമ്മമാര്‍.

”എന്തൊരു അമ്മയാണ്! പറഞ്ഞറിയിക്കാന്‍ എനിക്ക് വാക്കുകളില്ല. ഈ അമ്മയാണ് മകനെ ചേര്‍ത്തുപിടിച്ച് അവന്റെ ഉള്ളിലെ സവിശേഷതകളെ കണ്ടെത്തി പുസ്തകരൂപത്തിലാക്കിയത്. ഈ അമ്മയുടെ മുന്‍പില്‍ വലിയൊരു നമസ്‌കാരം!” ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഓട്ടിസ്റ്റിക് എഴുത്തുകാരനായ നയന്‍ എന്ന കുട്ടിയുടെ പുസ്തക പ്രകാശന വേദിയില്‍ നമ്മുടെ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന്‍ പറഞ്ഞ വാക്കുകള്‍ കേവലം ഒരു പ്രശംസയല്ല, മറിച്ച് പ്രിയങ്ക എന്ന അമ്മയ്ക്കു നല്‍കിയ വലിയൊരു ആദരവ് കൂടിയാണ്.

ഓരോ കുഞ്ഞും ജനിക്കുന്നത് അവരുടേതായ കഴിവുകളോടും പ്രത്യേകതകളോടും കൂടിയാണ്. എന്നാല്‍, ലോകത്തിന്റെ കണക്കു കൂട്ടലുകള്‍ക്കൊത്തുയരാത്ത കുഞ്ഞുങ്ങളെ ‘വ്യത്യസ്തരെന്നോ’ ‘വൈകല്യമുള്ളവരെന്നോ’ വിളിച്ച് സമൂഹം പലപ്പോഴും മാറ്റിനിര്‍ത്താറുണ്ട്. അവിടെയൊക്കെ അത്ഭുതങ്ങള്‍ വിരിയിക്കാന്‍ കഴിവുള്ളവരാണ് അമ്മമാര്‍. സമൂഹം മാറ്റി നിര്‍ത്തുമ്പോഴും, ‘എന്റെ കുഞ്ഞ് ഒരു നിധിയാണ്’ എന്നു പറഞ്ഞ് നെഞ്ചോടു ചേര്‍ത്ത് പിടിക്കാന്‍ ആ അമ്മമനസ്സിന് മാത്രമേ കഴിയൂ.

രണ്ടാം വയസ്സില്‍ മകന്‍ ഓട്ടിസം ബാധിതനാണ് എന്നു കണ്ടെത്തുന്ന നിമിഷം മുതല്‍ തളര്‍ന്നിരിക്കാതെ അവനിലെ സാധ്യതകളെ കണ്ടെത്താനായിരുന്നു നയന്റെ അമ്മ ശ്രമിച്ചത്. സംസാരിക്കാനും എഴുതാനും പ്രയാസമുള്ള മകന്റെ കൈകളിലേക്ക് പഠിക്കണമെന്ന അവന്റെ ആഗ്രഹമറിഞ്ഞ് മാതാപിതാക്കള്‍ നല്‍കിയത് ഒരു ലാപ്‌ടോപ്പാണ്. ആല്‍ഫബെറ്റുകള്‍ മാത്രം പഠിച്ച നയന്‍, ആരും പഠിപ്പിക്കാതെ തന്നെ വ്യാകരണ തെറ്റുകളില്ലാതെ ഇംഗ്ലീഷില്‍ വാക്കുകളും വാചകങ്ങളും ലാപ്‌ടോപ്പില്‍ ടൈപ്പ് ചെയ്യുന്നത് അമ്മ അതിശയത്തോടെയും സന്തോഷത്തോടെയും നോക്കിനിന്നു.

ഉള്ളില്‍ അറിവുകളുടെ വലിയൊരു ലോകമുണ്ടെങ്കിലും, മനസ്സിന്റെ വേഗതയ്‌ക്കൊപ്പം കൈവിരലുകള്‍ ചലിപ്പിക്കാനാകാത്ത മകന്റെ നിസ്സഹായത ആ അമ്മ തിരിച്ചറിഞ്ഞു.
”അവന്‍ ദിവസവും ഒരു വരിയെങ്കിലും ടൈപ്പ് ചെയ്താല്‍ അന്നത്തെ ദിവസത്തിന് അര്‍ഥം വന്നതുപോലെ തോന്നും” എന്നായിരുന്നു ആ അമ്മയുടെ വാക്കുകള്‍. അവന്റെ ചൂണ്ടുവിരലിലെത്തിയ ആശയങ്ങളെ ചേര്‍ത്തുവച്ചാണ് അമ്മ അവന്റെ പുസ്തകരചന നടത്തിയത്. ഏഴാംവയസ്സില്‍ ‘Journey of My Soul’ എന്ന ആദ്യ പുസ്തകവും, തുടന്ന് പ്രപഞ്ചത്തിന്റെ മനോഹാരിതയെപ്പറ്റി പറയുന്ന ‘To Fine Universe’ എന്ന പുസ്തകവും പുറത്തിറക്കി. മകന്റെ മാറിമറിയുന്ന മാനസികാവസ്ഥകളില്‍ ക്ഷമയോടെ കാത്തിരുന്ന്, അമ്മ ചോദിച്ച ചോദ്യങ്ങള്‍ക്ക് ചൂണ്ടുവിരല്‍ ഉപയോഗിച്ച് ലാപ്‌ടോപ്പില്‍ ടൈപ്പ് ചെയ്ത് നയന്‍ നല്കിയ മറുപടികളെ കോര്‍ത്തിണക്കിയാണ് മൂന്നാമത്തെ പുസ്തകമായ ‘Autism in an Autistic Mind’ രൂപപ്പെടുത്തിയത്.

ചരിത്രം പരിശോധിച്ചാല്‍ ലോകത്തെ മാറ്റിയെഴുതിയ പല മഹത്‌വ്യക്തികളുടെയും ജീവിതത്തിലെ അമ്മമാരുടെ സ്ഥാനം വിസ്മരിക്കാവതല്ല. ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ തോമസ് ആല്‍വ എഡിസന്റെ ജീവിതം ആരും മറന്നു കാണില്ല. ചെറുപ്പത്തില്‍ സ്‌കൂളില്‍ നിന്ന് എഡിസനെ പുറത്താക്കിക്കൊണ്ട് അധ്യാപകന്‍ കൊടുത്തയച്ച കത്തില്‍, എഡിസന്‍ പഠനത്തില്‍ വളരെ പിന്നാക്കമാണെന്നും അവനെ പഠിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് എഴുതിയിരുന്നത്. എന്നാല്‍, കത്തില്‍ എന്താണമ്മേ എഴുതിയിട്ടുള്ളത് എന്ന് ഉത്കണ്ഠപ്പെട്ട മകനോട് അമ്മ നാന്‍സി എഡിസന്‍ പറഞ്ഞത് മറ്റൊന്നായിരുന്നു:
”എന്റെ മോന്‍ വലിയൊരു പ്രതിഭയാണെന്നും നിന്നെ പഠിപ്പിക്കാന്‍ കഴിവുള്ള അധ്യാപകര്‍ ആ സ്‌കൂളിലില്ലാത്തതിനാല്‍ വീട്ടിലിരുത്തി പഠിപ്പിക്കാനുമാണ് കത്തില്‍ പറയുന്നത്.” അമ്മ പകര്‍ന്നു നല്‍കിയ ആ വലിയ ആത്മവിശ്വാസമാണ് പിന്നീട് ഇലക്ട്രിക് ബള്‍ബു മുതല്‍ ആയിരത്തിലധികം കണ്ടുപിടിത്തങ്ങള്‍ക്ക് അടിത്തറയിട്ടത്. ”ഞാന്‍ ഇന്ന് എന്തെല്ലാം ആയിരിക്കുന്നുവോ, അല്ലെങ്കില്‍ എന്തൊക്കെ ആകാന്‍ ആഗ്രഹിക്കുന്നുവോ, അതിനെല്ലാം ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ മാലാഖയായ അമ്മയോടാണ്” എന്ന അമേരിക്കന്‍ പ്രസിഡന്റായ എബ്രഹാം ലിങ്കണിന്റെ വാക്കുകളും ശ്രദ്ധേയമാണ്.

ഗോളുകള്‍ കൊണ്ട് അര്‍ജന്റീനയെ കിരീടങ്ങളണിയിച്ച ആങ്‌ഹെല്‍ ഡി മരിയ എന്ന
കാല്പന്തുകളിക്കാരന്‍ ഗോളടിച്ചാലും കളിയില്‍ ജയിച്ചാലും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതുകാണാം. അതിനുപിന്നിലെ കാരണം തിരക്കിയപ്പോള്‍ അദ്ദേഹം തന്റെ കായികജീവിതത്തിനു പിന്നില്‍ തളരാത്ത മനസ്സുള്ള അമ്മയെക്കുറിച്ചാണ് പറഞ്ഞത്. കുട്ടിക്കാലത്ത് കോച്ചിങ്ങിനു വേണ്ടി 9 കിലോമീറ്റര്‍ അകലെയുള്ള പരിശീലന കേന്ദ്രത്തിലേക്ക് പോകാന്‍ വാഹനമില്ലാതിരുന്നപ്പോള്‍, പഴകിയ ഒരു മഞ്ഞസൈക്കിളിനുപിന്നില്‍ അദ്ദേഹത്തെയും മുന്നില്‍ അനിയത്തിയെയും ഇരുത്തി അമ്മയാണ് ദിവസവും കൊണ്ടുപോയിരുന്നത്. ഫുട്‌ബോളില്‍ ഭാവിയില്ലെന്ന് കരുതി അച്ഛന്‍ മറ്റ് ജോലികള്‍ നിര്‍ദേശിച്ചപ്പോഴും, ”നീ ആരാണെന്ന് കളിച്ചു കാണിച്ചു കൊടുക്ക്” എന്ന് മകന് ആത്മവിശ്വാസം പകര്‍ന്ന്, അച്ഛനോട് ഒരു വര്‍ഷത്തെ സാവകാശം ചോദിച്ച് നല്‍കിയത് അമ്മയുടെ ഉറച്ച തീരുമാനമായിരുന്നു. ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ അമ്മ നല്‍കിയ ഈ പിന്തുണയും തണലുമാണ് ആങ്‌ഹെലിനെ ലോകഫുട്‌ബോളിന്റെ നെറുകയില്‍ എത്തിച്ചത്.
കാലവുംലോകവും മാറുന്നുണ്ടെങ്കിലും അമ്മമനസ്സിന്റെ ഭാഷ എപ്പോഴും ഒന്നുതന്നെയാണ്. ലോകം നിന്നെ എങ്ങനെ വിലയിരുത്തിയാലും, ‘എന്റെ കണ്ണില്‍ നീ ഒരു അത്ഭുതമാണ്’ എന്ന് നെഞ്ചോടു ചേര്‍ത്തുപിടിച്ച് ഓര്‍മിപ്പിക്കുന്ന അമ്മയെന്ന ഒരൊറ്റ ഉറപ്പാണ്, ഈ ലോകത്തില്‍ അത്ഭുതങ്ങളെയും വലിയ പ്രതിഭകളെയും സൃഷ്ടിക്കുന്നത്.

സി.  നിമിഷ റോസ് CSN 

Related Articles