ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സെയുടെ മനുഷ്യാവകാശ മേഖലയിലെപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ലോകം കൂടുതല്‍ അറിഞ്ഞത് അവരുടെ ‘ഞാന്‍ മലാല’ എന്ന പുസ്തകത്തിലൂടെയാണ് പാക്കിസ്ഥാനിലെ അവര്‍ ജനിച്ചു വളര്‍ന്ന മേഖലയിലെ മതാന്ധതയും ഗോത്രങ്ങളുടെ കുടിപ്പകയും ചേര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന കലാപങ്ങളുടെയും മനുഷ്യക്കുരുതികളുടെയും നേര്‍ക്കുള്ള പ്രതിഷേധം കൂടിയാണ് ഈ പുസ്തകം. ശത്രുവിനോടുള്ള പക കനല്‍ പോലെ ഉള്ളില്‍ കെടാതെ കൊണ്ടുനടക്കുന്ന താന്‍കൂടി ഉള്‍പ്പെടുന്ന ‘പഷ്തൂണ്‍’ ഗോത്രക്കാരെക്കുറിച്ച് മലാല പറയുന്നത് ഇങ്ങനെയാണ്: ശത്രുവിനോട് ക്ഷമിക്കുകയോ കരുണ കാണിക്കുകയോ ചെയ്യാത്തവരാണ് അവര്‍. ഒരിക്കല്‍ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കപ്പെട്ടാല്‍ ശത്രുവിനെയും അവരുടെ ഉറ്റവരെയും അതേ തീവ്രതയോടെ തിരിച്ച് പകരം വീട്ടുന്നതുവരെ അത് തീരാത്ത ഒരു അഭിമാനക്ഷതമായ് ഓരോ പഷ്തൂണ്‍കാരനും കരുതിയിരുന്നു. ഒരു കരം ഛേദിക്കപ്പെട്ടവന്‍ ശത്രുവിന്റെ രണ്ടു കരങ്ങളും ഛേദിക്കുന്നതുവരെ, മകനെ നഷ്ടപ്പെട്ട പിതാവ് അതിനു കാരണക്കാരനായവരുടെ മക്കളെ മുഴുവന്‍ നശിപ്പിക്കുന്നതുവരെ സ്വസ്ഥമായിരുന്നില്ല. ഇപ്രകാരം ആക്രമണവും പ്രത്യാക്രമണവുമായി അമ്മമാര്‍ക്ക് മക്കളെയും, മക്കള്‍ക്ക് പിതാവിനെയും പെണ്‍കുട്ടികള്‍ക്ക് ആങ്ങളമാരെയും നഷ്ടപ്പെടുന്ന, രക്തത്തിന്റെയും മരണത്തിന്റെയും ഭൂമിയായിരുന്നു പഷ്തൂണ്‍കാരുടേത്. കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നകിരാത നിയമം തന്റെ ഭൂമികയെ കണ്ണീരിന്റെ നാടാക്കി മാറ്റിയെന്ന് മലാല നെടുവീര്‍പ്പെടുന്നു. ആക്രമണത്തെ ആക്രമണം കൊണ്ട് നേരിടുക എന്ന സിദ്ധാന്തം ഒരിക്കലും അവസാനിക്കാത്ത കരച്ചില്‍ മാത്രമേ മനുഷ്യര്‍ക്ക് സമ്മാനിക്കുകയുള്ളൂ.
പകയുടെയും പകരം വീട്ടിലിന്റെയും തിക്താനുഭവങ്ങള്‍ ലോകം ഏറെ അനുഭവിച്ചതാണ്. മരണങ്ങളും നഷ്ടങ്ങളും സമാധാനത്തിനുള്ള പുതിയ ഉടമ്പടി രൂപപ്പെടുത്തുവാന്‍ മനുഷ്യനെ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, എല്ലാ സമാധാന സന്ധികളും ഭേദിക്കപ്പെട്ട്, അക്രമവും അസമാധാനവും മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നമായി ഇന്നും തുടരുന്നു. മനുഷ്യന്റെയും ലോകത്തിന്റെയും സമാധാനത്തിനുള്ള ഏറ്റവും ശ്രേഷ്ഠവും ശാശ്വതവുമായ പരിഹാരമാര്‍ഗമാണ് ക്രിസ്തു ലോകത്തിന്റെ മുമ്പില്‍വച്ചത്; അത് ‘ശത്രുക്കളെ സ്‌നേഹിക്കുക നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യുക. നിങ്ങളുടെ ഒരു ചെകിടത്ത് അടിക്കുന്നവന് മറു ചെകിടു കൂടി കാണിച്ചുകൊടുക്കുക’ എന്നതായിരുന്നു. ജി.കെ. ചെസ്റ്റര്‍ട്ടന്‍ പറയുന്നതുപോലെ ‘ലോകം ഇനിയും പരീക്ഷിച്ചുനോക്കാന്‍ കൂട്ടാക്കാത്ത സമാധാനത്തിന്റെ മാര്‍ഗമാണത്.
സാമാന്യ ചിന്തകളെ അതിശയിപ്പിക്കുന്നതാണ് ക്രിസ്തുവിന്റെ നീതി. സാമാന്യനീതി എന്നത് നഷ്ടത്തിനു തുല്യമായ പരിഹാരം എന്നതാണ്. സാമാന്യ നീതിക്കും മീതെ ചിന്തിക്കുന്ന ഒരാള്‍ക്ക് ചെയ്യാനാകുന്നത് സംഭവിച്ച നഷ്ടം സഹിച്ച് നഷ്ടപരിഹാരം വേണ്ട എന്നു വയ്ക്കുകയാണ്. എന്നാല്‍, ക്രിസ്തുവിന്റെ നീതി അതിനും മീതെ, നഷ്ടത്തിനു തുല്യമായത് വീണ്ടും നഷ്ടം വരുത്തിയ ആള്‍ക്ക് വാഗ്ദാനം ചെയ്യുക എന്നതാണ്. അതായത് ഒരു കാരണത്തടിച്ച മര്‍ദകനോട് ഉദാരമനസ്‌കതയോടെ ക്ഷമിക്കുന്നതല്ല; മറിച്ച് മറുകരണം കൂടി കാണിച്ചു കൊടുക്കുന്ന ആത്മീയ ഔന്നിത്യമാണത്.
പരിഷ്‌കൃതമെന്ന് യഹൂദര്‍ വിചാരിച്ചിരുന്ന നീതിയെയാണ് നീതിയുടെ പുതിയ പാഠങ്ങള്‍ കൊണ്ട് ക്രിസ്തു ചോദ്യം ചെയ്തത്. ഒരര്‍ഥത്തില്‍ കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന യഹൂദനിയമം പരിഷ്‌കൃതം തന്നെയായിരുന്നു. ഗോത്ര സംസ്‌കാരങ്ങളുടെ നീതി സര്‍വസംഹാരത്തിന്റെ നീതിയായിരുന്നു. ഒരാള്‍ മറ്റൊരു ഗോത്രക്കാരനാല്‍ മുറിവേല്പിക്കപ്പെട്ടാല്‍ അതിനോടുള്ള പ്രതികാരം ഗോത്രം ചെയ്തിരുന്നത് ശത്രുവിന്റെ ഗോത്രത്തിലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നവരെ വധിച്ചുകൊണ്ടാണ്. സന്തുലനമല്ലാത്ത പ്രാകൃത പ്രതികാരമായിരുന്നു ആദ്യ മനുഷ്യന്റേത്. മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഇത്തരത്തിലുള്ള നീതി ശാസ്ത്രം ഭീഷണിയാണെന്ന് തോന്നിയതുകൊണ്ടാണ് പ്രതികാരത്തിന് ഒരു മാനദണ്ഡം ആവശ്യമാണ് എന്ന ചിന്ത ഉണ്ടായത്. ഈ ചിന്തയില്‍ നിന്നാണ് നഷ്ടത്തിന് ആനുപാതികമായി മാത്രം ശത്രുവിനോട് പ്രതികാരം ചെയ്യുക എന്ന പുതിയ സങ്കല്പത്തിലേക്ക് എത്തിച്ചേര്‍ന്നത്. കണ്ണ് നഷ്ടപ്പെട്ട ശത്രുവിന്റെ കണ്ണിനു മാത്രമേ നഷ്ടപ്പെടുത്താന്‍ പാടുള്ളൂ; കാതു നഷ്ടപ്പെട്ടവന് കാതു മാത്രവും. ഇത്തരത്തിലുള്ള നീതി
ബോധത്തിന്റെ ആവിര്‍ഭാവം കിരാതവും ഭയാനകവുമായ മനുഷ്യക്കുരുതികള്‍ക്ക് ഒരു പരിധിവരെ നിയന്ത്രണം വരുത്തുകയുണ്ടായി. ഈ അര്‍ഥത്തില്‍ പരിഷ്‌കരിക്കപ്പെട്ടതു തന്നെയാണ് പകരത്തിനു പകരം എന്ന യഹൂദ നിയമം. അത് ആത്മസംയമനവും ദയയും മനുഷ്യരില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. യുക്തി ഭദ്രമെന്ന് കരുതിയിരുന്ന ഈ നിയമത്തെയാണ് ക്രിസ്തു സാമാന്യനീതിക്കും യുക്തിക്കും ചേരാത്ത പുതിയൊരു കാഴ്ച്ചപ്പാടുകൊണ്ട് ചോദ്യം ചെയ്യുന്നത്. ക്രിസ്തു മുന്നോട്ടു വയ്ക്കുന്ന പുതിയ നിയമം യഥാര്‍ഥത്തില്‍ യുക്തി രഹിതം തന്നെയാണ്. എന്തെന്നാല്‍, അത് മനുഷ്യന്റെ യുക്തിയില്‍നിന്ന് വരുന്നതല്ല ദൈവത്തിന്റെ യുക്തിയില്‍നിന്ന് വരുന്നതാണ്. ദൈവത്തിന്റെ നീതി നീതിരഹിതരോടും ദുഷ്ടരോടും കരുണ കാണിക്കുന്നതാണ്. മനുഷ്യന്റെ നീതിശാസ്ത്രത്തിന് അവന്റെ സ്വാര്‍ഥതയ്ക്കും ക്രൂരതയ്ക്കും നിയന്ത്രണം വരുത്തുവാന്‍ മാത്രമേ കഴിയുന്നുള്ളൂ. എന്നാല്‍, ദൈവത്തിന്റെ നീതിക്ക് മനുഷ്യന്റെ ഹിംസ വാസനങ്ങളെയും പ്രതികാര ചിന്തകളെയും പൂര്‍ണമായി ഇല്ലാതാക്കാനാകുന്നു.
ക്രിസ്തു തന്റെ കാലത്തെ മനുഷ്യരെ ക്ഷണിച്ചത് യുക്തിരഹിതവും അപ്രായോഗികവും എന്ന് തോന്നുന്ന സ്‌നേഹത്തിന്റെ പുതിയ നിയമം പിന്തുടരുവാനാണ്. ശത്രുവിനോട് ക്ഷമിക്കുകഎന്നത് എത്ര ക്ലേശകരമാണെന്ന് തിരിച്ചറിയുന്നവരാണ് നമ്മള്‍; എന്നാല്‍, അതിനെക്കാള്‍ എത്രയോ ക്ലേശകരമായ ഉപാധിയാണ് ക്രിസ്തു മുന്നോട്ടു വയ്ക്കുന്നത്. ശത്രുവിന് ആവശ്യമുള്ളത് കൊടുക്കുകയും അനുഗ്രഹിക്കുകയും അവനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക! ക്രിസ്‌വിനെ പിന്തുടരുക എന്നത് തീരെ എളുപ്പമുള്ള ജോലിയല്ല എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇത്.
ക്രിസ്തു വാഗ്ദാനം ചെയ്യുന്നത് ഒരു പുതിയഭൂമിയും പുതിയ ആകാശവുമാണ് പുതിയ ആവാസവ്യവസ്ഥയുടെ ആ നിയമം ക്ഷമയുടെയും സ്‌നേഹത്തിന്റെയുമാണ്. തീരെ പ്രായോഗികമല്ല എന്ന് തോന്നാമെങ്കിലും അത് പ്രയോഗത്തിലാക്കി വിജയിച്ചവര്‍ നമ്മുടെ കാലത്ത് തന്നെയുണ്ടായിട്ടുണ്ട്. ഗാന്ധിയും മാര്‍ട്ടിന്‍ ലൂഥറുമൊക്കെ അവരില്‍ ലോകം തിരിച്ചറിഞ്ഞ ചില പേരുകള്‍ മാത്രമാണ്. ചരിത്രനായകന്മാര്‍ പരീക്ഷിച്ചു വിജയിച്ച സമാധാനമന്ത്രത്തെ ചുരുങ്ങിയപക്ഷം ക്രിസ്തുവിന്റെ അനുയായികള്‍ എന്ന് വിളിക്കുന്നവരെങ്കിലും അപ്രായോഗികമെന്നു പറഞ്ഞ് തള്ളിക്കളയരുത്. വസ്തുനിഷ്ഠമായ ഒരു വിലയിരുത്തല്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് ഒരുപക്ഷേ, നമ്മള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്ന പകയുടെയും വിദ്വേഷത്തിന്റെയും കാര്യത്തില്‍ പ്രാചീനയുഗത്തില്‍ ജീവിച്ചിരുന്ന മനുഷ്യരുടെ കിരാതമായ നീതിശാസ്ത്രമാണ് നമ്മള്‍ പിന്തുടരുന്നത് എന്നതായിരിക്കാം. നമ്മെ മുറിവേല്പിച്ച, അപമാനിച്ച വ്യക്തികളുടെ മാത്രമല്ല അവരുടെ ഉറ്റവരുടെ വീഴ്ചകള്‍ പോലും നമുക്ക് നിഗൂഢമായ ആനന്ദം നല്‍കുന്നു. സാരമില്ല എന്ന് വയ്ക്കാവുന്ന ചെറിയ കയ്പ്പനുഭവങ്ങള്‍ പോലും ഇന്നും മറന്നു കളയാതെ നമ്മള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നു. നിസ്സാരമായ കാര്യങ്ങളുടെ പേരില്‍ രക്തബന്ധങ്ങളോടു പോലും എത്ര നാളുകളായി മിണ്ടാതെയിരിക്കുന്നു. ശത്രുവിനെ തരത്തില്‍ മുന്നില്‍ ഒത്തു കിട്ടുന്ന ഒരു ദിവസം നമ്മള്‍ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ നീതിക്ക് അടുത്തെത്താന്‍ എത്രയോ ദൂരം നമ്മള്‍ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു; പക്ഷേ, ആ നീതിബോധത്തിലേക്ക് എത്തുന്നതുവരെ ലോകം അശാന്തിയുടെ നിഴലില്‍ തുടരുക തന്നെ ചെയ്യും.

പീറ്റര്‍ തോമസ് കപ്പുച്ചിന്‍




