Tuesday, November 24, 2026

‘പൈക്ക’ എന്ന ഈറ്റിംഗ് ഡിസോര്‍ഡര്‍

സ്വന്തം തലമുടി പറിച്ചെടുത്ത് കഴിക്കുന്ന ശീലവുമായാണ് നാല്പതുകാരനായ ഒരു യുവാവിനെ അമ്മയും പെങ്ങളും കൂടി ആശുപത്രിയില്‍ എത്തിക്കുന്നത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഏതാനും നാളുകള്‍ക്കു മുന്‍പ് ഓപ്പറേഷന് വിധേയനാകേണ്ടിവന്ന ആ യുവാവിന്റെ വയറില്‍ നിന്ന് കണ്ടെടുത്തത്, ദഹിക്കാതെ അടിഞ്ഞുകൂടിയിരുന്ന തലമുടിയുടെ വലിയൊരു ഗോളമായിരുന്നു!

തലമുടി തിന്നുന്ന അസുഖമോ?

തലമുടി, ചോക്ക്, മണ്ണ്, കല്ല്, പേസ്റ്റ് തുടങ്ങി ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിക്കുന്ന രോഗാവസ്ഥയാണ് ‘പൈക്ക’ (Pica). ഇത് ഒരു ശാരീരിക രോഗാവസ്ഥ എന്നതിനെക്കാള്‍ ഒരു മാനസികാരോഗ്യ പ്രശ്‌നമായാണ് കണക്കാക്കപ്പെടുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കണ്ടുവരുന്ന ‘പൈക്ക’ ഒരു ‘ഈറ്റിംഗ് ഡിസോര്‍ഡര്‍’ (Eating disorder) ആണ്. മനുഷ്യമനസ്സിനോടും ശരീരത്തോടും ഇഴ ചേര്‍ന്നു കിടക്കുന്ന രോഗാവസ്ഥയായതിനാല്‍ത്തന്നെ ഇതിന്റെ കാരണങ്ങളും അവയുമായി ബന്ധപ്പെട്ടവയാണ്.

1. ശാരീരിക കാരണങ്ങള്‍

പോഷകാഹാരക്കുറവ്: ഗര്‍ഭിണിയായതിനുശേഷം മണ്ണു തിന്നുന്ന ശീലമുണ്ടെന്ന ആശങ്കയുമായാണ് ഒരു യുവതി ചികിത്സയ്ക്കെത്തിയത്. രക്തപരിശോധനകള്‍ക്കൊടുവില്‍ യുവതിയുടെ ശരീരത്തിലെ അയണിന്റെ അമിതമായ കുറവാണ് ഇത്തരം ഈറ്റിങ് ഡിസോര്‍ഡറിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് പൈക്ക എന്ന ഈ രോഗാവസ്ഥ കണ്ടുവരുന്നതിന്റെ ഒരു കാരണം അയണ്‍, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ കുറവാണ്.

2. മാനസിക കാരണങ്ങള്‍

  • മാനസിക സമ്മര്‍ദവും ഉത്കണ്ഠയും: കടുത്ത മാനസിക സമ്മര്‍ദം, അമിതമായ ഉത്കണ്ഠ, വിരസത എന്നിവയെ മറികടക്കാന്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിക്കുന്ന ശീലം ചിലരില്‍ കണ്ടുവരാറുണ്ട്. അമിതമായ ഉത്കണ്ഠയുള്ള സമയങ്ങളില്‍ പേപ്പര്‍ തിന്നുന്ന കുട്ടികളും, നഖം കടിച്ചെടുത്ത് വിഴു ങ്ങുന്നവരും ചികിത്സ തേടിയെത്താറുണ്ട്.
  • മറ്റു മാനസിക വൈകല്യങ്ങള്‍: ഒബ്സസീവ് കംപള്‍സിവ് ഡിസോര്‍ഡര്‍ (OCD), ഓട്ടിസം, ബുദ്ധിവികാസവുമായി ബന്ധപ്പെട്ട തകരാറുകള്‍, സ്‌കീസോഫ്രീനിയ പോലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളവരിലും പൈക്ക കൂടുതലായി കണ്ടുവരാറുണ്ട്.

ശാരീരിക പ്രത്യാഘാതങ്ങള്‍

  • ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ ശരീരത്തിനുള്ളില്‍ ചെല്ലുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും:
  • ദഹിക്കാത്ത വസ്തുക്കള്‍ കുടലില്‍ അടിഞ്ഞുകൂടി തടസ്സമുണ്ടാകാനും കുടല്‍ പൊട്ടാനും കാരണമാകുന്നു.
  • മണ്ണ്, കല്ല് തുടങ്ങിയ വസ്തുക്കളിലുള്ള വിരകളും ബാക്ടീരിയകളും കടുത്ത അണുബാധയ്ക്ക് (Infection) കാരണമാകുന്നു.
  • ലെഡ് അടങ്ങിയിട്ടുള്ള പെയിന്റ്, മഷി പോലുള്ള വസ്തുക്കള്‍ കഴിക്കുന്നത് കടുത്ത വിഷബാധയ്ക്ക് കാരണമാകുന്നു.

പരിഹാരങ്ങളും ചികിത്സയും

  • കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി വഴിയും കൃത്യമായ കൗണ്‍സലിംഗിലൂടെയും ഈ ശീലം മാറ്റിയെടുക്കാന്‍ സാധിക്കും.
  • പോഷകാഹാരക്കുറവുമൂലമുണ്ടാകുന്ന പൈക്ക അയണ്‍, സിങ്ക് പോലുള്ള സപ്ലിമെന്റുകളിലൂടെയോ അല്ലെങ്കില്‍ മറ്റു മരുന്നുകള്‍ വഴിയോ ഭേദമാക്കാം.

Dr. Sr. Mary Therese

സി. ഡോ. മേരി തെരേസ് CSN
സൈക്യാട്രിസ്റ്റ്

 

Related Articles