Tuesday, November 24, 2026

സന്ദര്‍ശനവും സാനിധ്യവും

വി. ഗ്രന്ഥം നമ്മുടെ മുമ്പില്‍ വയ്ക്കുന്ന രക്ഷാകരചരിത്രം മുഴുവന്‍ സന്ദര്‍ശനത്തിന്റെയും പ്രതിസന്ദര്‍ശനത്തിന്റെയും കഥയാണ്. ദൈവം മനുഷ്യനെ സന്ദര്‍ശിക്കുന്നു. പിന്നീട് മനുഷ്യനെ ദൈവം തന്നെ സന്ദര്‍ശിക്കുവാന്‍, പ്രതിസന്ദര്‍ശനത്തിനു ക്ഷണിക്കുന്നു.

ദൈവം മനുഷ്യന്റെ ജീവിതത്തിലേക്ക്‌ നിരന്തരം ഇറങ്ങി വരുന്നുണ്ട്. ”പൂര്‍വകാലങ്ങളില്‍ ദൈവം പ്രവാചകന്‍മാര്‍ വഴി വിവിധ ഘട്ടങ്ങളിലും, വിവിധ രീതികളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴിയായി അവിടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു” (ഹെബ്രാ. 1:1-2). ആദിമസഭയില്‍ പരിശുദ്ധാത്മാവ് ഇറങ്ങി വന്നപ്പോള്‍, പന്തക്കുസ്താനുഭവം, ‘സന്ദര്‍ശനത്തിന്റെ’ പുതിയ അധ്യായം തുറക്കുകയായി. സഭയില്‍ പ്രത്യേകിച്ച് പരി. കുര്‍ബാനയില്‍ സന്ദര്‍ശകനാകുന്ന ഈശോയുടെ സാന്നിധ്യം ഇന്നും തുടര്‍ന്നുപോകുന്ന ദൈവികസന്ദര്‍ശനമാണ്. ഓരോ കൂദാശയും ഈ സന്ദര്‍ശനത്തിന്റെ നവ്യാനുഭവങ്ങളിലേക്ക് നമ്മെ നയിക്കുന്നു.

ഈ സന്ദര്‍ശനത്തിന് ഒരു മറുപുറമുണ്ട്. ദൈവം സന്ദര്‍ശിക്കുന്ന ഓരോ വ്യക്തിയും, സന്ദര്‍ശനത്തെ ഒരു ദാനമായും ദൗത്യമായും ഏറ്റെടുക്കുന്നു. ‘ദൈവസാന്നിധ്യത്തെ’ ഈ വ്യക്തികളോരോരുത്തരും പിന്നീട് ദൈവജനത്തെ, സഹോദരങ്ങളെ സന്ദര്‍ശിച്ചുകൊണ്ട് തങ്ങള്‍ക്കു ലഭിച്ച ദാനത്തെ തുടര്‍ന്ന് പങ്കുവയ്ക്കുകയാണ്. അങ്ങനെ ‘സന്ദര്‍ശനം’ ഒരു തുടര്‍പ്രക്രിയ ആവുകയും, ‘സാന്നിധ്യം’ പങ്കുവയ്ക്കപ്പെടുകയും ചെയ്യുകയാണ്.

എല്ലാറ്റിനും ഒടുവില്‍ ഒരു മടക്കയാത്രയുണ്ട്. തങ്ങളെ സന്ദര്‍ശിച്ച ദൈവത്തെ കാണുവാനുള്ള മടക്കയാത്ര. ഈ അന്ത്യസന്ദര്‍ശനത്തിനുള്ള ഭാഗ്യമാണ്‌ നിത്യഭാഗ്യത്തിലേക്കുള്ള പുണ്യകവാടം. അത് നയിക്കുന്നതോ നിത്യം ദൈവിക ‘സാന്നിധ്യ’ത്തിലായിരിക്കുക എന്ന പരമഭാഗ്യത്തിലേക്കും.

ചുരുക്കത്തില്‍, ക്രിസ്തീയ ജീവിതത്തിന്റെ ആത്മീയ രഹസ്യം മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ആത്മീയ സങ്കല്പങ്ങളാണ് ‘സന്ദര്‍ശനവും,’ ‘സാന്നിധ്യവും.’

ഈ ആത്മീയ സങ്കല്പങ്ങളുടെ ഏറ്റവും ഉദാത്തമായ ഉദാഹരണമാണ്, പരി. കന്യകമറിയത്തിന്റെ ജീവിതം.

വി.ലൂക്കായുടെ സുവിശേഷം മാത്രമെടുത്താല്‍ ഈ സങ്കല്പം ബൈബിളിലെ ഒരു പ്രമേയം ആണെന്ന് മനസ്സിലാവും.

1. ലൂക്കാ 1:11-25 – സഖറിയായ്ക്ക് ലഭിക്കുന്ന സന്ദര്‍ശനം.

2. ലൂക്കാ 1:26-38 – മറിയത്തിനു ലഭിക്കുന്ന സന്ദര്‍ശനം.

3. ലൂക്കാ 1:39-56 – മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നു.

4. ലൂക്കാ 2:9-14 – ആട്ടിടയന്മാര്‍ക്കു ലഭിക്കുന്ന സന്ദര്‍ശനം.

5. ലൂക്കാ 2:15-20 – ആട്ടിടയന്മാര്‍ ഉണ്ണീശോയെ സന്ദര്‍ശിക്കുന്നു.

ഈ വേദഭാഗങ്ങളെല്ലാം ഒരു സന്ദേശമാണ് നല്കുന്നത്. എങ്കിലും, പരി. മറിയത്തിന്റെ ജീവിതാനുഭവവും പിന്നീട് യേശുവിന്റെ പരസ്യജീവിതകാലം മുഴുവന്‍ അതിന്റെ അനുരണനങ്ങള്‍ തുടരുന്നതിനാലും ഈ വിചിന്തനം മറിയത്തിന്റെ ജീവിതാനുഭവത്തിലേക്ക് മാത്രമായി ചുരുക്കുകയാണ്. നാലു സുവിശേഷങ്ങളും പറയുന്ന മറിയത്തിന്റെ ജീവിതത്തിലെ സന്ദര്‍ശനാനുഭവങ്ങള്‍ ചേര്‍ത്തുവച്ച് നാം ഒന്ന് വിശകലനം ചെയ്യുകയാണ്.

ഗബ്രിയേല്‍ മാലാഖ മറിയത്തെ സന്ദര്‍ശിക്കുമ്പോള്‍ മറിയം പരിശുദ്ധാത്മാവിനാല്‍ നിറയുന്നു, അവള്‍ ദൈവപുത്രനെ ഗര്‍ഭം ധരിക്കുന്നു. അനന്തരം ദൈവമാതാവായ മറിയത്തിന്റെ ആദ്യപ്രവൃത്തി തന്റെ ശുശ്രൂഷ ആവശ്യമായുള്ള എലിസബത്തിനെ സന്ദര്‍ശിക്കുകയാണ്. ആ സന്ദര്‍ശനം എലിസബത്തില്‍ മാത്രമല്ല, ഉദരത്തിലുള്ള ശിശുവിനും ദൈവികാനുഭവം സമ്മാനിക്കുന്നു. ആറുമാസത്തോളം മറിയത്തിന്റെ സാന്നിധ്യം അവരുടെ ജീവിതത്തെ ധന്യമാക്കുന്നു. ഇത് ഒരു വലിയ ആത്മീയ പാഠമാണ്.

ജീവിതത്തില്‍ നാം എത്രയോ സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. അത്  സന്ദര്‍ശിക്കപ്പെടുന്നവരില്‍ എന്ത് അനുഭവമാണ് സൃഷ്ടിക്കുക. മറിയം ഒരു ജീവിക്കുന്ന സക്രാരിയായിട്ടാണ് കടന്നുചെല്ലുന്നത്. നമ്മുടെ സന്ദര്‍ശനങ്ങള്‍ അതനുഭവിക്കുന്നവരില്‍ അനുഗ്രഹമാണോ സമ്മാനിക്കുന്നത്, അതോ വേദനയുടെ നിമിഷങ്ങളാണോ. ഒരാളുടെ ജീവിതത്തിന്റെ നന്മയുടെ അളവുകോലായി മാറ്റാവുന്ന ഒരു ആത്മപരിശോധനയാണിത്. ഓരോ സന്ദര്‍ശനവും, സമ്മാനമായി നല്കുന്നത് ഈശോയുടെ സാന്നിധ്യം കൂടിയാണ്. മറിയത്തിന്റെ സന്ദര്‍ശനം തന്നെ ‘ഭാഗ്യവതി’ ആക്കി എന്നാണ് എലിസബത്ത് പ്രഘോഷിക്കുന്നത്. നമ്മുടെ സന്ദര്‍ശനങ്ങളും മറ്റുള്ളവരുടെ ജീവിതത്തിന്റെ ഭാഗ്യമായി മാറണം.

കാനായിലെ കല്യാണവീട്ടില്‍ മറിയത്തിന്റെ സന്ദര്‍ശനവും സാന്നിധ്യവും ആ വീടിന്റെ ഭാഗ്യമായി മാറുന്നു. എലിസബത്ത് പറഞ്ഞതുപോലെ ‘അപമാനത്തെ നീക്കിക്കളയുന്നു.’ കാല്‍വരിയിലേക്കുള്ള മകന്റെ കുരിശും വഹിച്ചുള്ള യാത്രയില്‍ അമ്മയുടെ സാന്നിധ്യം മകന്റെ ഒറ്റപ്പെടലിനെ അകറ്റിക്കളയുകയും, ആശ്വാസമായി മാറുകയും ചെയ്യുന്നു. കുരിശിന്‍ ചുവട്ടിലെ അമ്മയുടെ സാന്നിധ്യവും മകന്റെ സഹനത്തിലെ ആശ്വാസമാകുന്നു. മാത്രമല്ല, അനാഥനായിപ്പോയ ഒരു ക്രിസ്തുശിഷ്യനെ (യോഹന്നാനെ) അമ്മയുടെ സാന്നിധ്യം സനാഥമാക്കുന്നുണ്ട്.

ഈ സന്ദര്‍ശന-സാന്നിധ്യത്തിന്റെ നാള്‍വഴി പിന്നീട് പന്തക്കുസ്താദിനം വരെ നീളുകയാണ് (നടപടി 1:14). പരിശുദ്ധാത്മാവിന്റെ വരവിനായി പ്രാര്‍ഥിക്കുന്ന ശിഷ്യസമൂഹം അമ്മയുടെ സാന്നിധ്യത്തിലാണ് ബലപ്പെട്ട് ഒന്നിച്ചുകൂടിയത്.

ക്രിസ്തീയ ജീവിതത്തിന് ഉദാത്തമായ മാതൃകയായി പരിശുദ്ധ മറിയത്തിന്റെ സന്ദര്‍ശന- സാന്നിധ്യങ്ങള്‍ നിലകൊള്ളുന്നുണ്ട്.

ഈശോയുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട നിമിഷങ്ങളിലെല്ലാം മറിയത്തിന്റെ സന്ദര്‍ശനവും സാന്നിധ്യവും ഉണ്ട്. യേശുവിന്റെ ജനനത്തിനുശേഷം ഈജിപ്തിലേക്കുള്ള പലായനത്തില്‍, ദേവാലയ സമര്‍പ്പണവേളയില്‍, ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിക്കുന്ന കാനായിലെ കല്യാണവീട്ടില്‍, ഗാഗുല്‍ത്തായിലേക്കുള്ള കുരിശും വഹിച്ചുള്ള യാത്രയില്‍, കുരിശിന്‍ ചുവട്ടില്‍, പന്തക്കുസ്താ ദിനത്തില്‍… പക്ഷേ, ഒരിക്കല്‍ മാത്രം മറിയം ശ്രദ്ധിക്കപ്പെടുന്നത് ആ അമ്മയുടെ അസാന്നിധ്യം കൊണ്ടാണ്. ഉയിര്‍പ്പിന്റെ വേളയില്‍. ഉയിര്‍പ്പ് ഞായറാഴ്ച എല്ലാവരും കല്ലറയിലേക്കുള്ള ഓട്ടമാണ്. മഗ്ദനലമറിയവും, യോവാന്നയും, യാക്കോബിന്റെ അമ്മയായ മറിയവും, പത്രോസും (ലൂക്കാ24:10-12) സലോമിയും (മര്‍ക്കോസ് 16:1) യോഹന്നാനും എല്ലാം കല്ലറയിങ്കലേക്ക് പോവുന്നുണ്ട്. എന്നാല്‍, യേശുവിന്റെ അമ്മയായ മറിയം അവരുടെ കൂടെയില്ല. ആ സാന്നിധ്യം നാം ഏറെ പ്രതീക്ഷിക്കുന്നത് അപ്പോഴല്ലേ. പിന്നെ എന്തുകൊണ്ടായിരിക്കാം അമ്മ അവിടെ എത്താഞ്ഞത്?

കാരണം, ഒരമ്മയ്ക്കും മക്കള്‍ മരിച്ചു പോവുന്നില്ല, അമ്മമാരുടെ ഹൃദയത്തില്‍ അവര്‍ തുടര്‍ന്നും ജീവിക്കുകയാണ്.

ജീവിച്ചിരിക്കുന്ന, നമ്മുടെ സാന്നിധ്യവും സഹായവും ആവശ്യമുള്ള സഹോദരങ്ങളുടെ അടുക്കലേക്കുള്ള സന്ദര്‍ശനങ്ങളായി നമ്മുടെ ജീവിതം പരിണമിക്കണം.

വി.മത്തായിയുടെ സുവിശേഷം 24-ാം അധ്യായം 31-46 വരെയുള്ള ഭാഗത്ത് അവസാന വിധിയെക്കുറിച്ച് പറയുന്ന ഭാഗത്ത് യേശു വളരെ വ്യക്തമായി പറയുന്ന കാര്യവും ഇതുതന്നെ. താന്‍ വിശന്നിരുന്നപ്പോഴും ദാഹിച്ചിരുന്നപ്പോഴും നഗ്നനായിരുന്നപ്പോഴും രോഗിയായിരുന്നപ്പോഴും കാരാഗൃഹത്തിലായിരുന്നപ്പോഴും തന്നെ സന്ദര്‍ശിച്ചവര്‍ക്കായി സ്വര്‍ഗം തീറെഴുതിക്കൊടുക്കുന്ന നീതിയുടെ വിധി ഇതേ ഓര്‍മ്മപ്പെടുത്തലാണ്. ചുരുക്കത്തില്‍, യേശുവിന്റെ പ്രബോധനങ്ങളുടെ ഉദാത്തമാതൃകയായ പരിശുദ്ധ മറിയത്തിന്റെ സന്ദര്‍ശന സാന്നിധ്യങ്ങള്‍ നിലകൊള്ളുന്നു.

നമ്മുടെ ജീവിതത്തില്‍ നാം എത്രയോ സന്ദര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. എവിടെയെല്ലാം നമ്മുടെ സാന്നിധ്യവും ഉണ്ടാകുന്നുണ്ട്. എന്നാല്‍ അതെല്ലാം ക്രിസ്തുസാന്നിധ്യത്തെ സമ്മാനിക്കുന്ന സന്ദര്‍ശനങ്ങളാവുന്നുണ്ടോ? അപരന് വേദനയും അസ്വസ്ഥതയും ഇടര്‍ച്ചയും നല്കുന്ന സന്ദര്‍ശനങ്ങളായി നമ്മുടെ സന്ദര്‍ശനങ്ങള്‍ മാറാതിരിക്കട്ടെ എന്നതാണ് പരി. കന്യകമറിയം നമ്മള്‍ക്കു നല്കുന്ന പാഠം.

അപ്രകാരം സന്ദര്‍ശനങ്ങളുടെ വി. കാവ്യം ജീവിതംകൊണ്ട്‌ രചിക്കുന്നവര്‍ക്ക്‌ സ്വര്‍ഗം സന്ദര്‍ശിക്കുവാനുള്ള ക്ഷണം ലഭിക്കുന്നതാണ് മരണാനന്തരഭാഗ്യം, നിത്യജീവന്‍. പരി. കന്യക മറിയത്തിന്റെ സ്വര്‍ഗാരോപണത്തിരുനാള്‍ നമ്മുക്കു നല്കുന്ന പരമമായ സന്ദേശവും അതുതന്നെ.

 

ഫാ. ജോസ്
മരിയദാസ് ഒ. ഐ. സി.

 

Related Articles