Tuesday, November 24, 2026

ക്യാമറ കണ്ണുകള്‍

പുതിയൊരു ഉത്തരവാദിത്വത്തെക്കുറിച്ച്‌ സംസാരിക്കാനായിരുന്നു കമ്പനിയിലെ മേലുദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകയെ തന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചത്. മറ്റാരും ക്യാബിനിലേക്ക് വരാന്‍ സാധ്യതയില്ലെന്ന് ഉറപ്പായപ്പോള്‍ അദ്ദേഹത്തിന്റെ ഭാവത്തിനും ഭാഷയ്ക്കും മാറ്റം വന്നു. ഉടനെതന്നെ അവര്‍ക്കു മുകളിലുള്ള ക്യാമറ ചൂണ്ടിക്കാണിച്ചാണ് അവള്‍ അവിടെനിന്ന് രക്ഷപ്പെട്ടത്.

ചേട്ടനും അനുജനും ചേട്ടന്റെ ഭാര്യയും അവരുടെ നാലു മക്കളുമായി സ്‌നേഹവും സൗഹൃദവും പങ്കുവച്ചുകഴിയുന്ന ഒരു കുടുംബം. ആ വീട്ടിലെ എട്ടുവയസ്സുവരുന്ന ഇളയ പെണ്‍കുട്ടിയുടെ ആത്മഹത്യ അവരുടെ കുടുംബത്തെ മാത്രമല്ല; അവരുടെ നാടിനെത്തന്നെയും പിടിച്ചുലച്ച ഭയപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു. പതിവുള്ള പദംപറച്ചിലുകാരുടെയും മീഡിയാ കണ്ണുകളുടെയും പരദൂഷകരുടെയും ഊഹാപോഹങ്ങളും സംസാരങ്ങളും അവിവാഹിതനായി അന്നവരോടൊപ്പമുണ്ടായിരുന്ന യുവാവായ ബന്ധുവെന്ന ഏക ദിശയിലേക്കായിരുന്നു. എല്ലാവരും പലതും കൂട്ടിവായിക്കുമ്പോഴും ആ യുവാവിന്റെ നിരപരാധിത്വത്തിനും രക്ഷയ്ക്കും ഏക കാരണമായിത്തീര്‍ന്നത് അവരുടെ വീട്ടില്‍ ഘടിപ്പിച്ചിരുന്ന ക്യാമറക്കണ്ണുകള്‍തന്നെ.

‘നിങ്ങള്‍ ക്യാമറയുടെ നിരീക്ഷണത്തിലാണ്’ എന്ന ബോര്‍ഡുകളും ക്യാമറക്കണ്ണുകളും നമ്മുടെ രക്ഷയ്‌ക്കെത്തുന്നതുപോലെതന്നെ നമ്മെ കുടുക്കാറുമുണ്ട്. കണ്ണില്‍ പെടാത്ത ക്യാമറക്കണ്ണുകളില്‍പ്പെട്ട്‌ ഹെല്‍മെറ്റില്ലാത്ത യാത്രകള്‍ക്കും അമിതവേഗത്തിനും പിഴ അടച്ചവരായിരിക്കാം നമ്മില്‍ പലരും. അക്കാര്യത്തില്‍ നമ്മള്‍ ബോധവാന്മാരാണ് എന്നതിന് ഉദാഹരണമാണല്ലോ ക്യാമറ തിരിച്ചുവച്ചും കല്ലെറിഞ്ഞ് തകര്‍ത്തും സ്‌പ്രേപെയിന്റ് അടിച്ചും മോഷണം നടത്തിയെന്ന പത്രവാര്‍ത്തകള്‍.

എന്നാല്‍, ക്യാമറക്കണ്ണുകള്‍ക്കപ്പുറം നമ്മെ നിരന്തരം കാണുന്ന രണ്ടു കണ്ണുകളുണ്ട്. ആ കണ്ണുകള്‍ക്കു മുമ്പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. ”അവിടുത്തെ കണ്‍മുമ്പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കുബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്” (ഹെബ്ര. 4:13). നാം ദൈവത്തിന്റെ കണ്ണുകള്‍ക്കു കീഴിലാണെന്ന ഓര്‍മ്മ നമുക്കുണ്ടെങ്കില്‍ നാം എത്രയോ സുതാര്യരായിരിക്കും. ഈ തിരിച്ചറിവിലേക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ വളരാന്‍ ആഗ്രഹിക്കുന്നതു കൊണ്ടാകാം അമ്മയായ സഭ പരിശുദ്ധാത്മാവിലൂടെ ‘ഞാന്‍ ഈശോയുടെ നിരീക്ഷണത്തിലാണ്’ എന്ന ഓര്‍മ്മപ്പെടുത്തലായി മതബോധന വിദ്യാര്‍ഥികളിലേക്കെത്തുന്നത് (2026- 27 അധ്യയന വര്‍ഷത്തിലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മതബോധന വിഭാഗത്തിന്റെ മുദ്രാവാക്യം).

നമ്മെ കാണുന്ന ഒരു ദൈവമുണ്ട് എന്ന അവ ബോധമാണ് നമ്മെ സത്യസന്ധരും സുതാര്യരുമാക്കി മാറ്റുന്നത് എന്നതില്‍ സംശയമില്ല. നാം ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും ഒരു വാക്ക് നമ്മുടെ നാവില്‍ എത്തുന്നതിനു മുന്‍പേ അറിയുന്നവനുമായ ഒരു ദൈവത്തെക്കുറിച്ച് സങ്കീര്‍ത്തകന്‍ (139:24) വാചാലനാകുന്നു. ഏകദേശം ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു രോഗവുമായി ബന്ധപ്പെട്ട് വല്ലാതെ വേദനിച്ചിരുന്ന കാലം. അന്ന് ബാത്‌റൂം ഭിത്തിയില്‍ കൈകള്‍ താങ്ങിക്കൊണ്ട് നോവ് തീരുംവരെ കരയുന്നത് പതിവായിരുന്നു. ആ നാളുകളിലൊന്നില്‍ അന്ന് വലിയ പരിചയമൊന്നുമില്ലാതിരുന്ന ഒരു സിസ്റ്ററിനൊപ്പം കുറച്ചു നേരം പ്രാര്‍ഥിച്ചതോര്‍ക്കുന്നു. പ്രാര്‍ഥനയ്‌ക്കൊടുവില്‍ ആ സിസ്റ്റര്‍ ചോദിച്ചു: ”ബാത്‌റൂം ഭിത്തിയില്‍ കൈകള്‍ താങ്ങി ഇയാള്‍ കരയുന്നുണ്ടല്ലോ! അടുത്തുതന്നെ ഈശോ ഇയാളുടെ തോളില്‍ കൈകള്‍ വച്ച് ആശ്വസിപ്പിക്കുന്നുമുണ്ട്. എന്താണ് സംഭവം?” എനിക്കു മാത്രം അറിയാവുന്ന ആ നിമിഷങ്ങളെക്കുറിച്ചു വിവരിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ള ദൈവത്തിന്റെ കണ്ണുകള്‍ മനുഷ്യന്റെ എല്ലാ മാര്‍ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു (പ്രഭാ. 23 : 19) എന്ന ഉറപ്പു നല്‍കുന്നതായിരുന്നു ആ സംഭവം. നമ്മിലെ പാകപ്പിഴകളെ മാത്രമല്ല നമ്മുടെ നൊമ്പരങ്ങളും ക്ലേശങ്ങളും ചിന്തകളും നിശ്ശബ്ദ സങ്കടങ്ങളും നമ്മള്‍ എന്തായിരിക്കുന്നുവോ അതു മുഴുവനും കാണുന്നവനാണ് ദൈവം.

നമ്മുടെ ബാഹ്യമായ ഭക്തി പ്രകടനങ്ങള്‍ക്കപ്പുറം ദുഷ്ടരെയും ശിഷ്ടരെയും ഉറ്റുനോക്കുന്ന ദൈവം (സുഭാ.15: 3) നീ ബലിപീഠത്തില്‍ കാഴ്ചയര്‍പ്പിക്കുമ്പോള്‍ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെവച്ച് ഓര്‍മ്മ വന്നാല്‍ ആദ്യം സഹോദരനോട് രമ്യതപ്പെടാന്‍ ആവശ്യപ്പെടുന്നുണ്ട്.

ലോകത്തിന്റെ ക്യാമറക്കണ്ണുകള്‍ക്ക് നമ്മുടെ ശരീരത്തിന്റെ ചലനങ്ങള്‍ മാത്രമേ പകര്‍ത്താനാകൂ; എന്നാല്‍, ദൈവത്തിന്റെ കണ്ണുകള്‍ നമ്മുടെ കാഴ്ചയുടെ ആഴങ്ങളെപ്പോലും കൃത്യമായി സ്‌കാന്‍ ചെയ്യുന്നു (മത്താ. 5:28). വിശുദ്ധ ഗ്രന്ഥത്തിലെ സീറോ-ഫിനീഷ്യന്‍ സ്ത്രീയെക്കുറിച്ച് ഒരു വിശദീകരണം കേട്ടതോര്‍ക്കുന്നു. തന്നെ സമീപിക്കുന്നവളുടെ ഹൃദയവിചാരങ്ങളെ നന്നായി അറിയുന്ന യേശുവിന്, അവളിലേക്കു കടന്നുകൂടാനിടയുള്ള പാപാവസ്ഥയുടെ വാതില്‍ ‘അഹങ്കാര’മാണെന്ന് തിരിച്ചറിയാന്‍ അധികം സമയം വേണ്ടി വന്നില്ല. ആ അഹങ്കാരത്തിന്റെ കടുപ്പത്തെ ലഘൂകരിക്കാനും അവളുടെ ആത്മാവിനെ സുതാര്യമാക്കാനുമായിരുന്നു മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല എന്ന് ക്രിസ്തു പറയുന്നത്. എന്നാല്‍, ആ വാക്കുകളില്‍ അവള്‍ പരിഭവപ്പെടുകയോ അവളുടെ ആത്മാവ് മുറിപ്പെടുകയോ ചെയ്തില്ല. കാരണം,തന്നെയറിയുന്ന ദൈവത്തിനു മുന്‍പിലായിരുന്നു അവള്‍ തന്റെ ആവശ്യം അറിയിച്ചത്.

ആത്മാവോടും ശരീരത്തോടും കൂടെ സ്വര്‍ഗത്തിലേക്ക് ദൈവം കൂട്ടിക്കൊണ്ടുപോയ ഒരാളെക്കൂടി ഈ മാസം നമ്മള്‍ അനുസ്മരിക്കുന്നുണ്ട്. സ്വര്‍ഗാരോപിതയായ പരിശുദ്ധ മറിയമാണത്. മറിയത്തെപ്പോലെ ആരുമറിയാതെ നമ്മള്‍ ഏറ്റെടുക്കുന്ന നൊമ്പരങ്ങളും മക്കളെക്കുറിച്ചും ജീവിതപങ്കാളിയെക്കുറിച്ചും ഉള്ളില്‍ പേറുന്ന നിശ്ശബ്ദ സങ്കടങ്ങളും മരണങ്ങളും രോഗങ്ങളും സമ്മാനിക്കുന്ന ശൂന്യതയും ഒരുപക്ഷേ, ലോകം കാണുന്നില്ലായിരിക്കാം. എന്നാല്‍, മറിയത്തെ നോക്കിയ അതേ സ്‌നേഹത്തോടെ ദൈവത്തിന്റെ കണ്ണുകള്‍ ആ നിമിഷങ്ങളിലൊക്കെ നമ്മെ ഉറ്റുനോക്കുന്നുണ്ട്.

സ്‌നേഹപൂര്‍വം
സി. നിമിഷ റോസ് CSN

Related Articles