അമ്മയുടെ മടിയിലിരുന്ന് ഏറെ ആകാംക്ഷയോടെയായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറുവയസ്സുകാരനായ ലിജീഷ് തന്റെ ജീവിതകഥകേട്ടത്. ”എല്ലാ കുഞ്ഞുങ്ങളെയും പോലെ നിനക്കും നടക്കാനും ഓടിക്കളിക്കാനും കഴിയുമായിരുന്നു മോനേ…” എന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്കും അമ്മയുടെ വാക്കുകള്‍മുറിഞ്ഞ്, കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. എന്നാല്‍, അമ്മയുടെ കണ്ണീരിന് ലിജീഷ് നല്കിയ മറുപടി സ്വന്തം ജീവിതം കൊണ്ടായിരുന്നു; തളരാത്ത മനക്കരുത്തിന്റെ പോരാട്ടം കൊണ്ട്!
നൊമ്പരങ്ങളുടെ ആരംഭം
കളിച്ചും ചിരിച്ചും വീടിന്റെ ജീവനായിരുന്ന ലിജീഷിനെ രണ്ടുവയസ്സുള്ളപ്പോഴാണ് ഒരു അസുഖത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്. എന്നാല്‍, ഇന്നും ആ മാതാപിതാക്കള്‍ ഓര്‍ക്കാനോ പറയാനോ ഇഷ്ടപ്പെടാത്ത ഒരു ചികിത്സാപ്പിഴവിലാണ് ലിജീഷിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നുപോയത്. തെറ്റായി കുത്തിവച്ച മരുന്ന് ലിജീഷിന്റെ സംസാരശേഷിയും കവര്‍ന്നു. എങ്കിലും, ഈ ദുരന്തത്തെ ഒരു ദുര്‍വിധിയായി കണ്ട് തളര്‍ന്നിരിക്കാനല്ല, മറിച്ച് ദൈവം നല്കിയ ഒരു നിയോഗമായി ഏറ്റെടുക്കാനാണ് ലിജീഷും കുടുംബവും ഇഷ്ടപ്പെട്ടത്.
അനിശ്ചിതത്വത്തിന്റെ നാളുകള്‍
ആലുവയ്ക്കടുത്തുള്ള ചൂണ്ടിയിലെ ഒരു സാധാരണ കുടുംബത്തില്‍, ജോര്‍ജിന്റെയും (തെക്കുംതല) ലിസിയുടെയും രണ്ടാമത്തെ മകനായാണ് ലിജീഷ് ജനിച്ചത്. അപ്രതീക്ഷിതമായി കടന്നുവന്ന ശാരീരിക പരിമിതികള്‍ ലിജീഷിന്റെ ജീവിതത്തെ മാത്രമല്ല, ആ കുടുംബത്തെയാകെ മാനസികമായും സാമ്പത്തികമായും വലിയ അനിശ്ചിതത്വങ്ങളിലേക്ക് തള്ളിവിട്ടു. എങ്കിലും, നിരന്തരമായ ചികിത്സകളുടെ ഫലമായി നഷ്ടപ്പെട്ടുപോയ സംസാരശേഷി തിരിച്ചുപിടിക്കാനും ഒരു പലകയിലിരുന്ന് നിരങ്ങി നീങ്ങാനാകും വിധം ശരീരത്തിന്റെ ചലനശേഷി ഭാഗികമായി വീണ്ടെടുക്കാനും കഴിഞ്ഞത് ആ കുടുംബത്തിന് ചെറിയൊരു ആശ്വാസമായി. അന്നന്നത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന ആ മാതാപിതാക്കള്‍, മകന്റെ പഠനം ലക്ഷ്യം വച്ച് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി കോതമംഗലത്ത് എസ്.ഡി സിസ്റ്റേഴ്സ് നടത്തുന്ന ‘പ്രതീക്ഷ’ എന്ന സ്ഥാപനത്തിലേക്ക് അവനെ അയയ്ക്കാന്‍ വേദനയോടെയാണെങ്കിലും തീരുമാനിച്ചു.
‘പ്രതീക്ഷ’യെന്ന സ്നേഹതീരം
അഗതികളുടെ സന്യാസിനീ സമൂഹത്തിലെ (എസ്.ഡി) സിസ്റ്റര്മാര് നടത്തുന്ന ‘പ്രതീക്ഷ’ ലിജീഷിന് സ്വന്തം വീടിന്റെ അനുഭവം തന്നെയാണ് സമ്മാനിച്ചത്. ശാരീരിക പരിമിതികളെ ഉള്‍ക്കൊണ്ടുകൊണ്ട്, തനിക്ക് സാധിക്കുന്ന കാര്യങ്ങളെല്ലാം തനിയെ ചെയ്യാനുള്ള ആത്മവിശ്വാസം പകരുന്നതായിരുന്നു അവിടത്തെ ഓരോ ദിനങ്ങളും. ”പ്രതീക്ഷയില്‍ എനിക്കുശേഷം വന്ന കുട്ടികളുടെ കാര്യങ്ങള്‍ ചെയ്തു കൊടുക്കാനും
പൊതു കാര്യങ്ങളില്‍ ശ്രദ്ധിക്കാനും എനിക്കും ചുമതലയുണ്ടായിരുന്നു. നടക്കാന്‍ കഴിയാത്തതോ കൈകുത്തി നടക്കേണ്ട അവസ്ഥയോ ഒന്നും അവിടെ ഒരു പരിമിതിയായി ആരും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ എന്റെ പരിമിതികളില്‍ സങ്കടപ്പെടാതെ, എന്നിലുള്ള സാധ്യതകളില്‍ അഭിമാനിക്കാനും അവ ഉപയോഗപ്പെടുത്തി ജീവിക്കാനുമുള്ള കലയാണ് ഞാന്‍ ‘പ്രതീക്ഷ’യില്‍ നിന്നു പഠിച്ചത്.” ലിജീഷ് തന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു.
കാഴ്ചയില്‍ നിന്ന് കലയിലേക്ക്
ആലുവ സെന്റ് മേരീസ് സ്കൂളില്‍ ലിജീഷ് പഠിച്ചിരുന്ന കാലം. ഇടവേളകളില്‍ മറ്റു കുട്ടികളെല്ലാം കളിക്കാനായി ക്ലാസ് മുറിക്ക് പുറത്തേക്ക് ഓടുമ്പോള്‍, ശാരീരിക പരിമിതികള്‍ കാരണം ക്ലാസ്റൂമില്ത്തന്നെ ഇരിക്കേണ്ടി വന്ന ലിജീഷിന് ജനാലയിലൂടെയോ വാതിലിലൂടെയോ കാണാവുന്ന പുറം കാഴ്ചകള്‍ മാത്രമായിരുന്നു സാധ്യമായിരുന്നത്. ക്ലാസ്മുറിയില്‍ നിന്ന് കാണാവുന്ന വര്‍ക്ക്ഷോപ്പിലെത്തുന്ന പലതരത്തിലുള്ള വണ്ടികളിലായിരുന്നു അവന്റെ കണ്ണ് ഉടക്കിനിന്നിരുന്നത്. ”എനിക്ക് വണ്ടികള്‍ വളരെ ഇഷ്ടമായിരുന്നു. എനിക്കൊരിക്കലും സ്വന്തമായി ഒരു വണ്ടി ഓടിക്കാനോ വാങ്ങാനോ കഴിയില്ലെന്ന് അറിയാമായിരുന്നതുകൊണ്ട്, ഞാന്‍ കാണുന്ന പലതരത്തിലുള്ള വണ്ടികള്‍ പഴയ കാര്‍ഡ്ബോര്‍ഡും തെര്‍മോകോളും ഉപയോഗിച്ച് ഉണ്ടാക്കാന്‍ തുടങ്ങി. അതായിരുന്നു എന്റെ പ്രധാന വിനോദം,” ലിജീഷ് പറയുന്നു. വലിയ കണ്ടെയ്നര്‍ ലോറികള്‍ മുതല്‍ ചെറിയ കാറുകള്‍ വരെ അതിമനോഹരമായി നിര്‍മ്മിച്ച വലിയൊരു വാഹനശേഖരം തന്നെ ഇന്ന് ലിജീഷിന് സ്വന്തമായുണ്ട്.
വിരല്‍ത്തുമ്പിലെ വിസ്മയങ്ങള്‍
ആറാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ലിജീഷിന് ചികിത്സയ്ക്കായി കുറച്ചു നാളത്തേക്ക് മദ്രാസിലേക്ക് പോകേണ്ടി വന്നു. അതോടെ തുടര്‍പഠനത്തിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതായി. എങ്കിലും, തന്നില്‍ ദൈവം നിക്ഷേപിച്ച കഴിവുകളിലൂടെ സ്വന്തമായി ഒരു വരുമാനം കണ്ടെത്താന്‍ ലിജീഷിന് കഴിഞ്ഞു. അപ്പനും അമ്മയും ജോലിക്കായും ചേച്ചി പഠനത്തിനായും പോയിക്കഴിഞ്ഞാല്‍, രാവിലെ മുതല്‍ വൈകുന്നേരം വരെ ലിജീഷ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. ആ ഏകാന്തതയുടെ മണിക്കൂറുകളില്‍, ചലനശേഷി കുറഞ്ഞ തന്റെ കൈകള്‍ കൊണ്ട് അവന് മനോഹരമായ ചിത്രങ്ങള്‍ വരച്ചുതുടങ്ങി. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശലവസ്തുക്കള്‍ നിര്‍മ്മിച്ചും ചിത്രങ്ങള്‍ വരച്ചും ലിജീഷ് മുന്നേറി. വൈകാതെ, ആ വിരല്‍ത്തുമ്പിലെ വിസ്മയം തിരിച്ചറിഞ്ഞ നാട്ടുകാര്‍ തങ്ങളുടെ കുട്ടികളെ ചിത്രരചന പഠിക്കുന്നതിനായി ലിജീഷിന്റെ അടുക്കലേക്ക് അയച്ചു തുടങ്ങി.
തോറ്റുകൊടുക്കാത്തവന്
പഠനം മുടങ്ങിയെങ്കിലും പ്രതിസന്ധികളോട് പൊരുതി സ്വന്തമായി ഉപജീവനം കണ്ടെത്താന്‍ ലിജീഷിനു കഴിഞ്ഞു. 1998-ല്‍, തന്റെ പന്ത്രണ്ടാമത്തെ വയസ്സു മുതല്‍ ലിജീഷ് ജോലികളില്‍ വ്യാപൃതനായിരുന്നു. സയന്‍സ് റെക്കോര്‍ഡുകള്‍ വരച്ചുകൊടുത്തും, ടി.ടി.സി (TTC) വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ പഠിപ്പിക്കുന്നതിന് ആവശ്യമായ ചാര്‍ട്ടുകളും പ്രോജക്റ്റുകളും നിര്‍മ്മിച്ചു നല്‍കിയുമായിരുന്നു തുടക്കം. ഒപ്പം ചിത്രങ്ങള്‍ വരച്ചും അലങ്കാരവസ്തുക്കള്‍ നിര്‍മ്മിച്ചും ലിജീഷ് എപ്പോഴും തിരക്കിലായിരുന്നു. എന്നാല്‍, 2018-ലുണ്ടായ മഹാപ്രളയം ലിജീഷിന്റെ ജീവിതത്തിലേക്കും ജോലികളിലേക്കും അപ്രതീക്ഷിതമായ പ്രതിസന്ധിയുടെ കരിനിഴല്‍ വീഴ്ത്തി.
ക്രെഡിറ്റ് ദൈവത്തിനുതന്നെ
ചിത്രകാരന്മാര് തങ്ങളുടെ കാന്‍വാസുകളില്‍ വരച്ചിട്ട ചിത്രങ്ങള്‍ക്കു താഴെ സ്വന്തം പേരോ ഒപ്പോ രേഖപ്പെടുത്തി അത് തങ്ങളുടേതാണെന്ന് അടയാളപ്പെടുത്തുമ്പോള്‍, ലിജീഷ് തികച്ചും വ്യത്യസ്തനാണ്. താന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ അദ്ദേഹം കുറിക്കുന്നത് ‘By my God’ എന്നാണ്. തന്റെ വിരല്‍ത്തുമ്പിലൂടെ വിരിയുന്ന ഓരോ വിസ്മയത്തിനുപിന്നിലും സ്വന്തം കഴിവല്ല, മറിച്ച് തന്നെ വഴിനടത്തുന്ന ദൈവത്തിന്റെ കരങ്ങളാണെന്ന വലിയ തിരിച്ചറിവാണ് ഇതിലൂടെ ലിജീഷ് പ്രഖ്യാപിക്കുന്നത്. തന്നെ വഴിനടത്തുന്ന ദൈവത്തെ ഓര്‍ക്കാനും ആ സ്നേഹം ലോകത്തോട് വിളിച്ചുപറയാനും ലിജീഷ് മുന്‍പന്തിയിലുണ്ട്
പ്രത്യാശയോടെ മുന്നോട്ട്
അപ്പനും അമ്മയും നടത്തിയിരുന്ന ചെറിയൊരു കച്ചവടവും ലിജീഷിന് ലഭിക്കുന്ന വരുമാനവും കൊണ്ടായിരുന്നു ആ കുടുംബം മുന്നോട്ടുപോയിരുന്നത്. വലിയ സാമ്പത്തിക നീക്കിയിരിപ്പുകള്‍ ഒന്നുമില്ലാത്ത ആ കുടുംബത്തെ വീണ്ടും തളര്‍ത്തിയത് അമ്മയ്ക്ക് ബാധിച്ച കാന്‍സര്‍ രോഗമായിരുന്നു. അപ്പന്റെ വലം കൈയായി നിന്ന് കച്ചവടം നോക്കിനടത്തിയിരുന്ന അമ്മ രോഗബാധിതയായപ്പോഴും അവര്‍ തളരാതെ
പ്രാര്‍ഥനയോടെ മുന്നോട്ടുപോയി. അങ്ങനെ അമ്മ അപകടനില തരണം ചെയ്ത് വൈകാതെതന്നെ, അപ്പന് മരണമടഞ്ഞു. അതോടെ കച്ചവടം എന്ന പ്രധാന വരുമാനമാര്‍ഗം പൂര്‍ണമായും നിലച്ചു. എന്നാല്‍, അവിടെയും പ്രത്യാശ കൈവിടാതെ ലിജീഷും അമ്മയും പരസ്പരം തണലായി ജീവിച്ചു.
മുന്നോട്ടുള്ള യാത്രയില്‍ തനിക്കൊരു ജീവിതപങ്കാളി വേണമെന്നത് ലിജീഷിന്റെ വലിയൊരു സ്വപ്നമായിരുന്നു. സ്വന്തമായി സ്ഥിരവരുമാനമില്ലാത്ത, ഒപ്പം ശാരീരിക പരിമിതികള്‍ കൂടിയുള്ള ലിജീഷിന്റെ ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവരാന്‍ സാധ്യതയില്ലെന്ന് ചുറ്റുമുള്ളവര്‍ ചിന്തിച്ചു. എങ്കിലും, തനിക്കായി ഒരാള്‍ വരുമെന്ന വലിയ പ്രതീക്ഷ ലിജീഷിനുണ്ടായിരുന്നു. ‘അപ്പന് കാഞ്ഞൂരിലെ ദേവാലയത്തില്‍ പോയി പ്രാര്‍ഥിക്കുന്ന വ്യക്തിയായിരുന്നു. കാഞ്ഞൂരില്‍നിന്ന് ദൈവം നിനക്ക് കൂട്ടിനായി ഒരു മകളെ നല്‍കുമെന്ന് അപ്പന് എപ്പോഴും പറയാറുണ്ടായിരുന്നു,’ അപ്പന്റെ ആ വാക്കുകള്‍ ഒരു പ്രവചനം പോലെയാണ് സ്വന്തം ജീവിതത്തില്‍ നിറവേറിയതെന്ന് ലിജീഷ് ഓര്‍ക്കുന്നു.
കൂട്ടിനെത്തിയ ‘ഹീറോയിന്’
അപ്പന്റെ പ്രാര്‍ഥനകള്‍ക്ക് ഉത്തരമെന്നോണം കാഞ്ഞൂരില്‍ നിന്നും ലിജീഷിന്റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും കടന്നുവന്ന ദൈവ നിയോഗമാണ് ജോല്‍സി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഒരാളെ വിവാഹം കഴിക്കാന്‍ കുടുംബത്തില്‍ നിന്നും ആദ്യമൊന്നും പൂര്‍ണ പിന്തുണ ലഭിച്ചില്ലെങ്കിലും, തന്റെ ജീവിതം ലിജീഷിനും അമ്മയ്ക്കുമായി സമര്‍പ്പിക്കാന്‍ അവള് ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. ഒരു നഴ്സ് കൂടിയായ ജോല്‍സി ഇന്ന് കീഴ്മാട് പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ജോലി ചെയ്യുന്നു. ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായി ‘നോവ മരിയ’ എന്ന കുഞ്ഞതിഥി കൂടി ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ട്.
സര്‍പ്രൈസ് ഗിഫ്റ്റ്
സ്വന്തമായി ഒരു വീല്‍ചെയര്‍ വേണമെന്നത് ലിജീഷിന്റെ മറ്റൊരു വലിയ സ്വപ്നമായിരുന്നു. എന്നാല്‍, പഞ്ചായത്തില്‍ നിന്നും ഒരു വീല്‍ചെയര്‍ സംഘടിപ്പിക്കാനായി നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്. അങ്ങനെയിരിക്കെയാണ് ഒരു ദിവസം ലിജീഷിനെ തേടി ആ അപ്രതീക്ഷിത ഫോണ്‍കോള്‍ എത്തുന്നത്. ‘വീട്ടിലേക്ക് റോഡ് സൗകര്യമുണ്ടോ? വീടിനകത്തേക്ക് കയറാന്‍ റാമ്പ് ഉണ്ടോ?’ തുടങ്ങി മൂന്നാല് ചോദ്യങ്ങള്‍. ഒടുവില്‍, കൊച്ചി കോര്പ്പറേഷന് വഴി ലിജീഷിന് ഒരു ഇലക്ട്രിക് വീല്‍ചെയര്‍ അനുവദിച്ചിട്ടുണ്ടെന്ന സന്തോഷ വാര്‍ത്ത അവര്‍ അറിയിച്ചു! അത് ലിജീഷിന്റെ ജീവിതത്തിലേക്ക് വന്ന രണ്ടാമത്തെ വലിയ ‘സര്‍പ്രൈസ് ഗിഫ്റ്റ്’ ആയിരുന്നു. ലിജീഷ് പോലും അറിയാതെ ആവശ്യമായ രേഖകളെല്ലാം സംഘടിപ്പിച്ച്, അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത് അദ്ദേഹത്തെ ഏറെ സ്നേഹിക്കുന്ന ഷീല ടീച്ചറായിരുന്നു.
‘ഇതും കടന്നുപോകും’
ഒരു ദിവസം പതിവുപോലെ ഭക്ഷണം കഴിക്കുകയായിരുന്നു ലിജീഷ്. എന്നാല്‍, വിചാരിച്ചതുപോലെ ഭക്ഷണം കൈയിലെടുക്കാന്‍ കഴിയാതെ അതുമടിയിലേക്ക് വീഴുന്നത് ശ്രദ്ധിച്ചാണ് ജോല്‍സി അടുത്തേക്കു വന്നത്. കുറച്ചെങ്കിലും ചലന ശക്തിയും ബലവുമുള്ള ലിജീഷിന്റെ ഇടതുകൈ തളര്ന്നുപോകുകയാണെന്ന് നഴ്സ് കൂടിയായ ജോല്‍സി തിരിച്ചറിഞ്ഞു. ഒട്ടും സമയം കളയാതെ ജോല്‍സി ലിജീഷിനെ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധ പരിശോധനയിലാണ് രണ്ട് ഹൃദയാഘാതങ്ങളും ഒപ്പം സ്ട്രോക്കും (Stroke) വന്നിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കൃത്യസമയത്ത് ലഭിച്ച മികച്ച ചികിത്സകൊണ്ട് വലിയൊരു അപകടാവസ്ഥയെ അവര്‍ അതിജീവിച്ചു.
”കുറച്ചെങ്കിലും ചലനശേഷിയുണ്ടായിരുന്ന ഇടതുകൈ കൂടി തളര്‍ന്ന അവസ്ഥയിലേക്ക്
പോയപ്പോള്‍, സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ ഇനി ഏതു വഴി കണ്ടെത്തണം എന്ന ചിന്തയിലായിരുന്നു ഞാന്‍. ദുഃഖിച്ചിരുന്നതുകൊണ്ട് കാര്യമില്ലല്ലോ, പുതിയ വഴികള്‍ കണ്ടെത്തുകയല്ലേ വേണ്ടത്?” രോഗാവസ്ഥയെക്കുറിച്ച് ലിജീഷ് പറഞ്ഞു.. ”നമ്മളിതൊക്കെ പ്രതീക്ഷിക്കണമല്ലോ. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ദൈവം തന്നെയാണ് പ്രചോദനമേകിയതും വഴി നടത്തിയതും” എന്നു പറഞ്ഞ ജോല്സിയുടെ വാക്കുകളിലും മുഖത്തും പ്രതിസന്ധികളെ നേരിടാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുണ്ടായിരുന്നു. വിവാഹമേ വേണ്ടെന്ന് തീരുമാനിച്ചിരുന്ന ജോല്‍സി, ലിജീഷിനെ കണ്ടുമുട്ടിയ ശേഷമാണ് പ്രതിസന്ധികളെ നേരിടാനുള്ള വലിയ ഉള്‍ക്കരുത്തോടെ അദ്ദേഹത്തിനൊപ്പം ഇറങ്ങിത്തിരിച്ചത്.
ചില ചികിത്സാപ്പിഴവുകള്‍ സമ്മാനിച്ച ശാരീരിക പരിമിതികളെ ഓര്‍ത്ത് പരിഭവിക്കാനോ വിധിക്ക് കീഴടങ്ങാനോ ലിജീഷ് തയ്യാറായില്ല. തന്റെ പരിമിതികളെക്കാള്‍ ശക്തമാണ് തന്റെ മനസ്സെന്ന് തെളിയിച്ച്, മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന ലിജീഷിന്റെ ജീവിതയാത്ര തുടരുകയാണ്..
സി. നിമിഷ റോസ് CSN




