‘ഇങ്ങനെയൊരു കുറിപ്പ് എഴുതേണ്ട സാഹചര്യമുണ്ടായതില്‍ എനിക്ക് അങ്ങേയറ്റം ലജ്ജയുണ്ട്. ഒന്നാലോചിച്ചുനോക്കൂ, കലാജീവിതം കൊണ്ട് നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കിയ ഒരു കലാകാരനെപ്പറ്റിയാണ് സൈബര്‍ലോകത്ത് തെറിപ്പൂരം അരങ്ങേറിയത്. എനിക്ക് ഇവിടെ ഉദ്ധരിക്കാനോ ഓര്ത്തെഴുതാനോ അറപ്പുതോന്നുന്ന മട്ടിലുള്ള ശാപവാക്കുകളും ശകാരങ്ങളും കൊണ്ട് അവര്‍ നിറഞ്ഞാടി. നമ്മുടെ കാലത്തെ മര്ദനരീതികളില് പ്രധാനമായ സൈബര്‍ ആക്രമണം. ഏതെങ്കിലും മനുഷ്യനെപ്പറ്റി ആരെങ്കിലും ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ? നമുക്കൊക്കെ നാണക്കേടല്ലേ? ഇതിന്റെ കാരണം ആലോചിക്കുമ്പോഴാണ് മലയാളികളുടെ തല ഒന്നുകൂടി താണുപോവുക.
കോണ്ഗ്രസുകാരന് ആയതുകൊണ്ടാണ് ഗുരുതരമായ രോഗാവസ്ഥയില്‍ എന്ന പോലെ മരണാനന്തരവും അസഭ്യവര്‍ഷത്തിന് ഇരയായത്. ഭാഗ്യവശാല്‍ അദ്ദേഹം ഇതൊന്നുമറിഞ്ഞില്ല.
പക്ഷേ, മലയാളികള്‍ ഇതറിയുന്നു. അവരുടെ നാട്ടില്‍ ഒരുപറ്റം ആളുകളുടെ രാഷ്ട്രീയപ്രവര്‍ത്തനം ഇത്രയേറെ കണ്ണില്‍ച്ചോരയില്ലാതെ പെരുമാറലാണ്. അപകടം, വാര്‍ധക്യം, രോഗം, മരണം തുടങ്ങിയ നിസ്സഹായാവസ്ഥകളുടെ നടുവില്‍ പൂര്‍വ വൈരാഗ്യമെല്ലാം മറന്ന് ഓടിക്കൂടുകയും പരസ്പരം സഹകരിക്കുകയും ചെയ്യുക എന്നതാണ് നാട്ടുനടപ്പ്. അതാണ് നമ്മുടെ സംസ്കാരം. ഈ സന്ദര്‍ഭത്തില്‍ ഇത്തരം തെറി പറയുന്നത് എന്തു സംസ്കാരമാണ്; എന്തുതരം രാഷ്ട്രീയമാണ്?’
ആഴ്ചകള്‍ക്കുമുമ്പ് അന്തരിച്ച മലയാളത്തിന്റെ അതുല്യനടന് സലിംകുമാറിന്റെ അന്ത്യദിനങ്ങളിലും മരണശേഷവും സൈബറിടങ്ങളില്‍ കണ്ട അതീവ നിന്ദ്യമായ കാഴ്ചകളെക്കുറിച്ച് എഴുത്തുകാരനും പ്രഭാഷകനുമായ എം എന്‍ കാരശ്ശേരിയുടെ കുറിപ്പില്നിന്നുള്ള വരികളാണ് മുകളില്‍ ചേര്‍ത്തത്. വയോവൃദ്ധനും ജ്ഞാനവൃദ്ധനുമായ കാരശ്ശേരിയെപ്പോലൊരാളുടെ ഹൃദയവേദനയോടെയുള്ള വാക്കുകള്‍ മലയാളികളുടെ മനസ്സില്‍ തട്ടേണ്ടതാണ്.
ഇത്തരം ക്രൂരതയാര്‍ന്ന പ്രവൃത്തികള്‍ ചെയ്യുന്നത് ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് എന്നതിന് അവരുടെ പക്കല്‍ ഉത്തരം ഉണ്ടായേക്കും. അതേതായാലും മനസ്സാക്ഷിയുടെ സ്വരം അനുസരിച്ചാവില്ല; കാരണം, മനസ്സാക്ഷിയുള്ളവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളല്ല അതൊന്നും. കൃത്യമായ കാര്യലാഭത്തിനുവേണ്ടി മറ്റാരെങ്കിലും ഏല്‍പ്പിച്ചിട്ട് ചെയ്യുന്നതാണെങ്കിലും മരണത്തെപ്പോലും ദുരുപയോഗിക്കാനുള്ള ദുഷ്ടമനസ്സിനെ എന്തു പേരിട്ടു വിളിക്കാനാകും?
സോഷ്യല്‍ മീഡിയയില്‍ എന്തുമാകാം, അവിടം അങ്ങനെയാണ് എന്ന് നിസ്സാരവല്‍ക്കരിച്ച് കടന്നുപോകുന്ന ഒരുകാലത്ത് അവിടം അങ്ങനെയാകരുത്, അവിടെയും പാലിക്കേണ്ട ധാര്‍മികതയുണ്ട് എന്നു പറയാന്‍ ഒരാള്‍ ഉണ്ടാവുന്നത് വലിയ കാര്യമല്ലേ? അത് ഏറ്റുപറയാന്‍ നമുക്കും കടമയില്ലേ?
****** ****** ******
നടന് സലിംകുമാറിന്റെ മരണത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കേരളത്തിലെ ഒരു കത്തോലിക്കാവൈദികന് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. മാധ്യമരംഗത്ത് ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച അദ്ദേഹത്തിന്റെ മരണവേളയില്‍ സൈബറിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട അപമാനകരമായ പോസ്റ്റുകള്‍ ആര്‍ക്കും ലജ്ജയുളവാക്കുന്നതായിരുന്നു. അത് ചെയ്തത് നിരീശ്വരരോ അകത്തോലിക്കരോ പുരോഗമനവാദികളോ ഒന്നുമായിരുന്നില്ല. കത്തോലിക്കാ പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും നേതൃസ്ഥാനങ്ങളില്‍ ഉള്ളവരാണ് എന്നതാണ് അത്യന്തം ഖേദകരമായ വസ്തുത. ബൈബിള്‍ വചനങ്ങളും കത്തോലിക്കാ പഠനങ്ങളും അസ്ഥാനത്ത് തിരുകിക്കയറ്റിയാണ് അച്ചനെ ആക്ഷേപിക്കാനുള്ള പണികളത്രയും ചെയ്തത്. ആമോദത്തോടെ അവയെ പിന്തുണച്ചവരെക്കുറിച്ച് എന്താണ് പറയേണ്ടത്?
പോരാളികള്‍ എന്ന വിശേഷണമണിഞ്ഞ് പലരും പോരാടുന്നത് ആരോടാണെന്ന് ഇടയ്ക്കിടെ ചിന്തിക്കുന്നത് നല്ലതല്ലേ? പൊതുസ്ഥലത്തുനിന്ന് തെറി വിളിക്കുന്നതുപോലെയല്ല അതിനെക്കാള്‍ എത്രയോ ഏറെ വിപുലമാണ് സൈബര്‍ പോരുകള്‍ എന്നോര്ക്കേണ്ടതല്ലേ? നമ്മുടെ പേരില്‍ നിലനില്‍ക്കേണ്ടത് നാം കുറിക്കുന്ന ശാപവാക്കുകളാണോ അതോ അനുഗ്രഹ വചസ്സുകളാണോ?

ഷാജി മാലിപ്പാറ




