ട്രാവല്‍ ഏജന്‍സിയില്‍ ജോലികിട്ടിയാണ് ജിനേഷ് ഡൽഹിയില്‍ എത്തിയത്. ചെലവു
ചുരുക്കി വീട്ടിലേക്ക് എന്തെങ്കിലും കൊടുക്കാമല്ലോ എന്നോര്‍ത്ത് വളരെ പരിമിതമായ
സൗകര്യത്തില്‍ മുറിയെടുത്ത്, തനിയെ ഭക്ഷണമുണ്ടാക്കി അധികം കൂട്ടുകളൊന്നുമില്ലാതെ ഒരു ലളിതമായ ജീവിതം. അടുത്തുള്ള ഹോസ്റ്റലില്‍ ആഘോഷമായ ഡിന്നറുകളും ഉല്ലാസങ്ങളും അരങ്ങേറുമ്പോഴും ജിനേഷ് അതത്ര കാര്യമാക്കാറില്ല. കാരണം, അവനവന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ഓഫീസിലെത്തിയാല്‍ ഡ്യൂട്ടിഫുള്‍ ലൈഫാണ്. തന്റെ ലോകം തന്റേതുമാത്രമാണെന്നു വിശ്വസിക്കാനാണ് ജിനേഷിന് കൂടുതല്‍ ഇഷ്ടം. അതുകൊണ്ടുതന്നെ തന്റെ കാര്യങ്ങളൊന്നും ആരോടും പങ്കുവയ്ക്കാറില്ല. അങ്ങനെയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍. മോളു പഠിക്കുന്ന സ്‌കൂളിലെ പ്രിന്‍സിപ്പളാണ്. അത്യാവശ്യമായി സ്‌കൂളില്‍ എത്തണമെന്ന്. കേരളത്തിലെ ഒരു ഗ്രാമപ്രദേശത്തുള്ള കോണ്‍വെന്റ് സ്‌കൂളിലാണ്. LKG ക്കാരി ജിന്ന പഠിക്കുന്നത്. തനിക്ക് അവിടെ എത്താനുള്ള പ്രയോഗിക ബുദ്ധിമുട്ട് അറിയിച്ചശേഷം അമ്മയെ സ്‌കൂളിലേക്ക് പറഞ്ഞയച്ചു. ജിന്ന ഹോം വര്‍ക്ക് ചെയ്യുന്നില്ല, ഭക്ഷണം കൃത്യമായി കൊണ്ടുവരുന്നില്ല. പലപ്പോഴും യൂണിഫോം വൃത്തിയായി സൂക്ഷിക്കുന്നില്ല, തുടങ്ങിയ പരാതികളാണ് പ്രിന്‍സിപ്പള്‍ പറഞ്ഞത്. ഇങ്ങനെയൊക്കെ കാണുമ്പോള്‍ ഞങ്ങള്‍ കുട്ടിയുടെ അമ്മയെയാണ് വിളിക്കാറ്. എന്നാല്‍, സ്‌കൂളില്‍ തന്നിരിക്കുന്ന അമ്മയുടെ
ഫോണ്‍നമ്പറില്‍ വിളിക്കുമ്പോള്‍ എന്നും Switched off എന്നുകൂടി സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. പ്രായവും രോഗവും നന്നേ തളര്‍ത്തിക്കളഞ്ഞ വല്യമ്മയ്ക്ക് മറുപടിയൊന്നും പറയാന്‍ കഴിഞ്ഞില്ല. യഥാര്‍ഥപ്രശ്‌നങ്ങള്‍ എന്താണെന്ന് വ്യക്തമാകുമ്പോള്‍ നമുക്കും മറുപടിയൊന്നും ഉണ്ടാവില്ല.
ജിനേഷ് നീതുവിനെ വിവാഹം ചെയ്തത് ഏതാണ്ട് രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്. എന്നാല്‍, ഈ പ്രണയകാലത്ത് ഇരുവര്‍ക്കും പരസ്പരം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. നീതു നഴ്‌സിംഗ് പഠനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി കാത്തിരിക്കുകയാണെന്നും കുറച്ചു പണം കൊടുത്താലേ അത് കിട്ടുകയുള്ളൂവെന്നും പറഞ്ഞുധരിപ്പിച്ചതനുസരിച്ച് ജിനേഷ് തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ആ പണം കണ്ടെത്തി അവള്‍ക്കു നല്കി. പിന്നീട് പലപ്പോഴായി വിദേശത്തു പോകാനുള്ള പഠനവും ഒരുക്കവുമാണെന്നും പണം വേണമെന്നും പറഞ്ഞ് ജിനേഷിന്റെ കയ്യില്‍നിന്നു വീണ്ടും പണം വാങ്ങി. ചിലപ്പോഴൊക്കെ അവളോടു പറയാതെ അയാള്‍ കടം വാങ്ങിയാണ് പണം കൊടുത്തത്. അങ്ങനെ ഒരു സെപ്റ്റംബര്‍ മാസത്തില്‍ വിദേശത്ത് പോകാനുള്ള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി എന്നു പറഞ്ഞ് കല്യാണം നടത്താന്‍ അവള്‍ തിടുക്കം കൂട്ടി. കല്യാണം കഴിഞ്ഞ് ഒന്നരമാസത്തിനുള്ളില്‍ അവള്‍ ഗര്‍ഭം ധരിച്ചു, എന്നു മാത്രമല്ല, പഠനവും പരീക്ഷകളും വിദേശജോലിയുമെല്ലാം അവള്‍ നിരന്തരം അഭിനയിച്ചുകൊണ്ടിരുന്ന വെറും നാടകമായിരുന്നുവെന്നും അവന് മനസ്സിലായി. അവളുടെ കയ്യില്‍ സര്‍ട്ടിഫിക്കറ്റോ എന്തെങ്കിലും പഠനയോഗ്യതയോ ഉണ്ടായിരുന്നില്ല. എന്നാല്‍, തനിക്ക് സര്‍ട്ടിഫിക്കറ്റ് ഇനിയും പണം കൊടുത്താലേ കിട്ടുകയുള്ളൂവെന്നും താന്‍ വടക്കേ ഇന്ത്യയിലാണ് നഴ്‌സിംഗ് പഠിച്ചതെന്നുമാണ് നീതുവിന്റെ വാദം. ഇപ്പോള്‍ താന്‍ ഗര്‍ഭിണിയായി എന്നതാണ് വിദേശത്തു പോകാന്‍ തടസ്സമായെതെന്നു പറഞ്ഞ് അവള്‍ സദാ അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. കാണിച്ചതും പറഞ്ഞതുമെല്ലാം കള്ളത്തരങ്ങളാണെങ്കിലും തന്നെ ‘കള്ളീ’ എന്നുവിളിച്ച് അവഹേളിച്ചു എന്നു പറഞ്ഞ് അവള്‍ ജിനേഷിനോട് കയര്‍ത്തു.
പ്രശ്‌നങ്ങള്‍ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും തുടരുന്ന വഴക്കുകളായി മാറി. വീട്ടുകാര്‍ക്ക് താത്പര്യമില്ലാത്ത വിവാഹമായിരുന്നതിനാല്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ ഇവരുടെ ക്ഷേമാന്വേഷണത്തിനായി ഒരിക്കലും കടന്നുവന്നില്ല. രണ്ടു വയസ്സു മുതല്‍ ജിന്നയെ ഡേ കെയറില്‍ ആക്കിയിട്ട് നീതു ഒരു തുണിക്കടയില്‍ ജോലിക്കുപോയിത്തുടങ്ങി. താന്‍ നഴ്‌സിംഗ് പഠിച്ചതാണെന്നും വിദേശത്തു ജോലി കിട്ടിയിട്ട് ഭര്‍ത്താവ് വിടുകയില്ലെന്നും അവള്‍ കൂട്ടുകാരോടും പരിചയക്കാരോടുമൊക്കെ പറയുന്നത് ജിനേഷ് അറിയുന്നുണ്ടെങ്കിലും അയാള്‍ ചോദ്യം ചെയ്യാന്‍ പോയില്ല. താളപ്പിഴകള്‍ പരിഹരിക്കാനുള്ള ശ്രമം വിഫലമാണെന്ന് മനസ്സിലാക്കിയപ്പോള്‍ ജിനേഷ് എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് ഒരു ഡിപ്രഷന്‍ മൂഡിലേക്ക് പോയി. മിക്കവാറും പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിഞ്ഞുകൂടി. സംസാരവും ഒരുമിച്ചുള്ള ഭക്ഷണവും മാത്രമല്ല, ഒരു മുറിയിലുള്ള വാസവും ഇല്ലാതായി. ഇതിനിടയില്‍ ഒറ്റപ്പെടുന്ന കുഞ്ഞിനെ ഓര്‍ത്താണ് അമ്മയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്. തനിക്കിഷ്ടമില്ലാതെയാണ് താന്‍ ഗര്‍ഭം ധരിച്ചതെന്ന കാരണം പറഞ്ഞ് നീതു കുഞ്ഞിനെ അവഗണിക്കുമായിരുന്നു. ഏതാനും മാസം കഴിഞ്ഞാല്‍ കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കണം അതിനുള്ള വരുമാനമാര്‍ഗം കണ്ടെത്തണം, അവള്‍ ഉണ്ടാക്കുന്ന പണംകൊണ്ട് എന്റെ കുഞ്ഞിനെയും അമ്മയെയും പോറ്റാന്‍ ഇടയാകരുത് തുടങ്ങിയ ചിന്തകളാണ് ജോലി തേടി ഡല്‍ഹിയിലേക്കു പോകാന്‍ അവനെ പ്രേരിപ്പിച്ചത്. കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ക്കാനായി നാട്ടില്‍ വന്നപ്പോള്‍ നീതുവിനെക്കുറിച്ച് പരിചയക്കാരില്‍ നിന്നും കേട്ട കാര്യങ്ങള്‍ അത്ര സുഖകരമല്ലായിരുന്നു. കടയിലെ കൂട്ടുജോലിക്കാരുമായുള്ള വഴിവിട്ട ബന്ധങ്ങള്‍ വരെ ജിനേഷ് അറിയാന്‍ ഇടയായി. അവളോട് ഒന്നിനെക്കുറിച്ചും ചോദിക്കാനോ പറയാനോ അയാള്‍ ഇഷ്ടപ്പെട്ടില്ല. അവളോടൊത്തൊരു കുടുംബജീവിതം തുടരുന്നില്ല എന്ന് തീരുമാനമെടുത്താണ് അയാള്‍ തിരിച്ചു വണ്ടി കയറിയത്. ട്രെയിനിലിരുന്ന് ഗൂഗിളിന്റെ സഹായത്തോടെ അതിന്റെ നിയമവശങ്ങളെല്ലാം പഠിച്ചു മനസ്സിലാക്കി. അതനുസരിച്ച് കാര്യങ്ങള്‍ നീക്കിക്കൊണ്ടിരുന്നു.
ദമ്പതികള്‍ പരസ്പരം ക്ഷമിക്കാനും തുറന്നു സംസാരിക്കാനും കൂട്ടക്കാത്തതെന്തേ? ഒരു
കുടുംബം എന്നത് കുറേപ്പേരുടെ വാസസ്ഥലമോ എപ്പോള്‍ വേണമെങ്കിലും വിട്ടിട്ട് പോകാവുന്ന ഇടമോ അല്ല. പങ്കാളിയില്‍ പ്രതീക്ഷിക്കാത്ത കുറവുകളോ തെറ്റുകളോ ഉണ്ടാകുമ്പോള്‍, അവയ്ക്ക് കാരണമായ സാഹചര്യങ്ങള്‍ മനസ്സിലാക്കി അവരെ സ്‌നേഹത്തോടെ തിരുത്താന്‍ തയ്യാറായാല്‍ കുടുംബം സ്വര്‍ഗമാകുമല്ലോ. ഭാര്യയുടെ സ്വഭാവ വൈകല്യങ്ങള്‍ തിരുത്താവുന്നതാണെന്ന് ജിനേഷും, കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണെന്ന് നീതുവും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഇനിയും അവരുടെ കുടുംബത്തിന്റെ സുസ്ഥിതി പ്രതീക്ഷാജനകമാണ്. ജീവിതത്തെ തീര്‍ത്തും വില കുറച്ചുകാണുന്ന ഒരു തലമുറയില്‍ പെട്ടെന്നുള്ള പരിഹാരമാര്‍ഗമാണ് വിവാഹമോചനം. എന്നാല്‍, ദൈവത്തിനു മുന്‍പില്‍ ചെയ്ത പ്രതിജ്ഞ മറന്ന് അവരെടുക്കുന്ന ഈ തീരുമാനത്തില്‍, തകര്‍ന്നു പോകുന്നത് നിരപരാധിയായ ഒരു കുഞ്ഞിന്റെ ജീവിതമാണെന്ന് അവര്‍ ഓര്‍ക്കുന്നില്ല.

സി. ആനി ജോസ് സി. എസ്. എന്‍




