Wednesday, July 15, 2026

സൗമ്യ പർവം

ഒറ്റുകൊടുക്കലിനും ക്രൂരപ്രഹരങ്ങള്‍ക്കും തള്ളിപ്പറയലുകള്‍ക്കുമൊടുവില്‍ ഒന്നും സംഭവിക്കാത്തവനെപ്പോലെ ഇത്ര പ്രകാശമുള്ളവനായി നില്‍ക്കാന്‍ ക്രിസ്തുവിനെപ്പോലെ ആര്‍ക്കാണ് കഴിയുക! വിത്തും വലയും മുന്തിരിത്തോട്ടവും വിവാഹവിരുന്നും പ്രമേയമാക്കി ക്രിസ്തു മൂന്നു വര്‍ഷം പറഞ്ഞു പഠിപ്പിച്ച കഥകളെക്കാള്‍ എത്രയോ സാന്ദ്രമായാണ് അവന്‍ പെസഹാരാവു മുതല്‍ നിശ്ശബ്ദമായി കഥ പറഞ്ഞത്. നശ്വരമായ ശരീരത്തെക്കുറിച്ച് പറയാന്‍ ക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുതങ്ങളെക്കാള്‍ ആഴമുണ്ടായിരുന്നു ഉത്ഥാനപുലരിയിലെ ആദ്യ ദര്‍ശനത്തിന്. സ്വര്‍ഗമെന്ന പ്രത്യാശയുടെ ലോകത്തിലേക്കുള്ള ഒരു പുതിയ പുലരിയായിരുന്നു ക്രിസ്തുവിന്റെ ഉത്ഥാനം.

‘ഉത്ഥിതനായ ക്രിസ്തുവിന്റെ സ്ഥാനത്ത് നിങ്ങളായിരുന്നുവെങ്കില്‍ എന്തുചെയ്യുമായിരുന്നു?’ എന്ന വികാരിയച്ചന്റെ ചോദ്യത്തിന് ആദ്യം പൂര്‍ണ നിശ്ശബ്ദതയായിരുന്നെങ്കിലും പെട്ടെന്നാണ് ഒരു മിടുക്കന്‍ മറുപടി പറഞ്ഞത്. ‘ഞാനായിരുന്നുവെങ്കില്‍, ഉയര്‍ത്തെഴുന്നേറ്റ ഉടനെതന്നെ ആ പ്രത്തോറിയത്തിലൂടെ അങ്ങോട്ടു മിങ്ങോട്ടും നെഞ്ചുവിരിച്ചൊന്നുനടക്കും. പറ്റുവാണേല്‍ പീലാത്തോസിനെയും ഒന്നുപോയികാണും. പ്രത്യേകിച്ചൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല.’ പിന്നെ ക്ലാസില്‍ കൂട്ടച്ചിരിയായിരുന്നു. നമ്മുടെ ചിന്തകളൊക്കെ ക്രിസ്തുവില്‍നിന്നും എത്രയോ അകലെയാണ്. നീതി നിഷേധിക്കപ്പെട്ട വേളകളിലൊക്കെ അതിനു കാരണക്കാരായവരോട് തക്കം കിട്ടിയാല്‍ മറുപടി പറയാന്‍ നാം എത്ര കണക്കുകൂട്ടലുകളോടെയാണ് മനസ്സില്‍ കുറിക്കുകൊള്ളാവുന്ന വാചകങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. നിഷ്കളങ്കനായ കുഞ്ഞിനെപ്പോലെ പ്രത്യേകിച്ചൊന്നും പറയാനില്ലെങ്കിലും ഒരുനോട്ടം കൊണ്ടെങ്കിലും നമ്മുടെ അതൃപ്തി ഒന്നറിയിക്കണം എന്ന്ചിന്തിക്കുന്നവരാകാം നമ്മള്‍. ഇവിടെയാണ് ക്രിസ്തു ഉത്ഥാനത്തിന്റെ പുതിയ മാനങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നത്.

നമ്മെ മരണത്തോളം താഴ്ത്തുന്നവരോട് മറുപടി പറയാന്‍ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നാല്‍ നാം ഉത്ഥാനത്തിന്റെ പ്രകാശത്തിലേക്ക് എങ്ങനെ പ്രവേശിക്കും? ക്രിസ്തുവിനെ തന്നില്‍നിന്നും തിരിച്ചെടുത്തവരെയും ആ സഹനനിമിഷങ്ങളെയും ഓര്‍ത്ത് മറിയം കഠിന ദുഃഖത്തിലായിരുന്നു ഉത്ഥാന പുലരിയിലും. ക്രിസ്തു അവളെ ‘മറിയം’ എന്നു പേരു ചൊല്ലി വിളിക്കുന്നു. തന്റെ ഗുരുവിനെ തിരിച്ചറിഞ്ഞ നിമിഷം അവള്‍ പ്രകാശിതയാവുകയാണ്. വ്യക്തിപരമായി നമ്മെ സ്‌നേഹിക്കുന്ന ക്രിസ്തു നമ്മുടെ ജീവിതത്തിലെ ഓരോ അനുഭവത്തിനു നടുവിലും നിന്നുകൊണ്ട് നമ്മെ ഉത്ഥാനത്തിന്റെ മഹത്വത്തിലേക്കും പ്രകാശത്തിലേക്കും പേരുചൊല്ലി വിളിക്കുന്നുണ്ട്.

മരണത്തിന്റെ കല്ലറയെ അതിജീവിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെപ്പോലെ തിരസ്‌കരണങ്ങളുടെ ‘ഡഗ് ഔട്ട്’ ല്‍ നിന്ന് ചരിത്രവിജയത്തിന്റെ ഉയിര്‍പ്പിലേക്ക് സൗമ്യമായി കുതിച്ചുയര്‍ന്ന സഞ്ജു സാംസണിനെ നമ്മള്‍ ആരും മറന്നുകാണില്ല. പത്തൊമ്പതാംവയസ്സില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായെങ്കിലും തുടക്കത്തിലെ ചില പരാജയങ്ങളുടെയും പ്രതീക്ഷിച്ച മികവ് പുലര്‍ത്താന്‍ കഴിയാത്തതിന്റെയും പേരില്‍ വര്‍ഷങ്ങളോളം സഞ്ജു തഴയപ്പെട്ടവനായിരുന്നു. ”എന്റെ കരിയറില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കളി കണ്ടത് ‘ഡഗ് ഔട്ടി’ല്‍ ഇരുന്നുകൊണ്ടായിരുന്നു.” എന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പങ്കുവയ്ക്കുന്നുമുണ്ട്. 2026 ലെ ഈ ലോകകപ്പിന്റെ തുടക്കത്തിലും അദ്ദേഹം ‘പകരക്കാരുടെ ഇരിപ്പിടം’ എന്ന് ലളിതമായി വിശേഷിപ്പിക്കാവുന്ന ‘ഡഗ്
ഔട്ടില്‍’ തന്നെയായിരുന്നു. തിരസ്‌കരണത്തിന്റെയും തഴയപ്പെടലിന്റെയും 12 വര്‍ഷങ്ങള്‍! പക്ഷേ, അദ്ദേഹം നിശ്ശബ്ദതയില്‍ തന്റെ ലക്ഷ്യത്തിനായി സ്വയം പാകപ്പെടുത്തിക്കൊണ്ടിരുന്നു. കാത്തിരിപ്പിനൊടുവില്‍ അനുവദിക്കപ്പെട്ട അവസരത്തില്‍ അദ്ദേഹം ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ഉദിച്ചുയര്‍ന്നു. വിജയത്തിന്റെ അത്യുന്നതിയില്‍ നില്‍ക്കുമ്പോഴും തന്നെ മാറ്റിനിര്‍ത്തിയവരോട് പരിഭവമില്ലാതെ തന്റെ വിജയത്തിന്റെ അവകാശം സര്‍വശക്തനായ ദൈവത്തിനും തന്നെ പിന്തുണച്ചവര്‍ക്കും നല്‍കുന്ന സഞ്ജുവിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്.

കടന്നുവന്ന വഴികളെ പഴിക്കാതെ, തന്നെ നിലം പതിക്കാന്‍ അനുവദിച്ചവരോട് പരിഭവിക്കാതെ എല്ലാവരെയും ഒരേ ഹൃദയത്തോടെ സൗമ്യമായി നോക്കിക്കാണാന്‍ ഒരാള്‍ക്ക് എപ്പോഴാണോ കഴിയുക അപ്പോഴാണ് അയാള്‍ ഉത്ഥാനശോഭയിലാകുന്നത്. ജീവിതം പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്ന വഴിയിലൂടെയല്ല സഞ്ചരിക്കാറുള്ളത്. ചിലപ്പോഴൊക്കെ നാം ഏറ്റെടുത്ത ത്യാഗങ്ങളോ കഷ്ടപ്പാടുകളോ നമ്മുടെ സത്യസന്ധതയോ വകവയ്ക്കാതെ പലരും നമ്മെ ‘ഡഗ് ഔട്ടി’ലേക്ക് മാറ്റിനിര്‍ത്താറുണ്ട്. നമ്മുടെ ശരികള്‍ കാലം തെളിയിക്കുന്ന അവസരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കേണ്ടിവരുന്ന നിമിഷങ്ങള്‍. എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തിന്റെ വാഗ്ദാനത്തിലാകട്ടെ നമ്മുടെ പ്രത്യാശ. കൂടുതല്‍ ശോഭയോടെ ഉദിച്ചുയരാന്‍ ചില കാത്തിരിപ്പുകളും പിന്‍വാങ്ങലുകളുമൊരുക്കുന്ന ദൈവപരിപാലനയുടെ കരത്തിന്‍ കീഴില്‍ താഴ്മയോടെ നിന്ന് ഏറ്റവും സൗമ്യമായി ഉത്ഥാനശോഭയിലേക്ക് നടന്നടുക്കാന്‍ നിങ്ങള്‍ക്കും
കഴിയട്ടെ.

സി. നിമിഷ റോസ് CSN

 

Related Articles