Wednesday, July 15, 2026

നീ കോപിച്ചിരിക്കുന്നത് എന്തുകൊണ്ട്

നിഷ്‌കളങ്കയായ ഒരു സ്ത്രീ 72 ദിവസം ജയിലില്‍ കഴിഞ്ഞു പുറത്തിറങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. കേസ്സ് നിസ്സാരമായിരുന്നില്ല. അവര്‍ നടത്തുന്ന പ്രസിദ്ധമായ ബ്യൂട്ടിപാര്‍ലറിനോടനുബദ്ധിച്ച് ലഹരി മരുന്നു വില്പന നടത്തുന്നു എന്ന് ആരോ എക്‌സൈസില്‍ അറിയിച്ചു. അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥര്‍ ആ സ്ത്രീയുടെ ബാഗ്- അതെ, ബാഗ് മാത്രം – പരിശോധിച്ച് അതിമാരകമായ എല്‍.എസ്.ഡി ലഹരി സ്റ്റാമ്പിനു സദൃശമായ സ്റ്റാമ്പുകള്‍ കണ്ടെടുക്കുന്നു. പിന്നെ അറസ്റ്റ്- ജയില്‍. സ്ഥാപനം പൂട്ടുന്നു. ഒടുവില്‍ ശാസ്ത്രീയ പരിശോധനയില്‍ അവ ലഹരി മരുന്നല്ല എന്നു തെളിയുന്നു. കേസ് റദ്ദാക്കി അവരെ വെറുതെ വിട്ടു. കൃത്യമായി ആസൂത്രണം ചെയ്ത് ആരോ ചെയ്ത ചതിയായിരുന്നു അത്. ദൈവാധീനം കൊണ്ട് മാത്രമാണവര്‍ പിടിച്ചുനിന്നത്.

വിദേശത്ത് നല്ല നിലയില്‍ കഴിഞ്ഞിരുന്ന ഒരു കുടുംബം ഉള്ളതെല്ലാം വിറ്റു പെറുക്കി അടുത്തനാളില്‍ മറ്റൊരു രാജ്യത്തേക്ക് കുടിയേറി. നിയമാനുസൃതമല്ലാതെ സ്വത്തു സമ്പാദിക്കുന്നു എന്നതായിരുന്നു അവര്‍ക്കെതിരെ സര്‍ക്കാരിനു ലഭിച്ച പരാതികള്‍. പിന്നെ അന്വേഷണം, തെളിവെടുപ്പ്. ഒടുവില്‍, നിരപരാധികള്‍ എന്നു തെളിയുന്നു. ഇത് പല തവണ ആവര്‍ത്തിച്ചതോടെ മുന്നോട്ടു പോകാനാവാതെ അവര്‍ തളര്‍ന്നു. വാസ്തവത്തില്‍ ആര്‍ഭാടമോ ധൂര്‍ത്തോ ഇല്ലാതെ മിച്ചം പിടിച്ച സമ്പത്തായിരുന്നു അത്. അതെ, വാദിയും പ്രതിയും മലയാളികള്‍ തന്നെ!

ഒറ്റപ്പെട്ട അനുഭവങ്ങളല്ല ഇത്. മനുഷ്യനിലെ അധമവികാരങ്ങളിലൊന്നായ അസൂയ തകര്‍ത്തുകളഞ്ഞ എത്രയോ ജീവിതങ്ങളുണ്ട്. ഒരുപക്ഷേ, ഈ കുറിപ്പ്  വായിക്കുന്നവര്‍ക്കും ഇത് തന്റെതന്നെ അനുഭവമായി തോന്നിയേക്കാം. മനുഷ്യനെ ഏറ്റവും അപകടകാരിയാക്കുന്ന വികാരമാണ് അസൂയ. അപരന്റെ മാത്രമല്ല, സ്വന്തം ജീവിതത്തെയും അത് അപകടത്തിലാക്കുന്നു.

എല്ലാ മനുഷ്യരിലും അസൂയയുടെ വിത്തു മയങ്ങുന്നുണ്ട്. സമ്മതിച്ചാലും ഇല്ലെങ്കിലും. ബൈബിള്‍ തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. (പ്രഭാഷകന്‍40:5). അതിന്റെ തോതിന് ഏറ്റക്കുറച്ചിലുണ്ടാകും. അത്രേയുള്ളൂ. വൃദ്ധര്‍ക്ക് ചെറുപ്പക്കാരോടോ കഴിവു കുറഞ്ഞവര്‍ക്ക് കഴിവുള്ളവരോടോ, കറുത്തവര്‍ക്ക് വെളുത്തവരോടോ, ദരിദ്രര്‍ക്ക് ധനികരോടോ, അമ്മായിയമ്മയ്ക്ക് മരുമകളോടോ, ജോലിക്കയറ്റം കിട്ടുന്നവരോട് കീഴെയുള്ളവര്‍ക്ക്… അങ്ങനെയങ്ങനെ… ഏത് മനുഷ്യരിലും അസൂയ ഉടലെടുക്കാം. അതെ, സ്വന്തം സഹോദരങ്ങള്‍ക്കിടയില്‍പ്പോലും! അടുത്തിടപെടുന്നവര്‍ക്കിടയിലേക്കാണ് ഈ വില്ലന്‍ പ്രവേശിക്കുന്നത് എന്നുകൂടി ശ്രദ്ധിക്കുക.

തനിക്കില്ല എന്നു തോന്നുന്നതോ, നേടാന്‍ കഴിയാതെ പോയതോ കൈവിട്ടുപോയതോ ആയ കാര്യങ്ങള്‍ വേറൊരാളില്‍ കാണുമ്പോള്‍ തോന്നുന്ന അസ്വസ്ഥതയാണ് അസൂയയുടെ ആദ്യരൂപം. അയാള്‍ തന്നെക്കാള്‍ അംഗീകരിക്കപ്പെടുകയോ സ്‌നേഹിക്കപ്പെടുകയോ ചെയ്യുന്നു എന്ന തോന്നല്‍ അയാളുടെ കണ്ണിന്റെ തിളക്കം കെടുത്തുന്നു. മുഖത്തിന്റെ പ്രഭമങ്ങുന്നു. അയാള്‍ തനിക്കൊരു ഭീഷണിയും എതിരാളിയുമാണെന്ന ചിന്തയാണു പിന്നെ. സ്വാഭാവികമായി അയാളെ ഒതുക്കാനുള്ള ശ്രമമായി. സൂക്ഷിച്ചില്ലെങ്കില്‍ അത് വെറുപ്പിലേക്കും വിദ്വേഷത്തിലേക്കും അയാളെ തള്ളിയിട്ടേക്കാം.

അസൂയ ഒരാളില്‍ വേരുപിടിക്കുന്നത് പലപ്പോഴും അയാള്‍ പോലും അറിയാതെയാണ്. എന്നാല്‍, പതിയെ പതിയെ ചില ലക്ഷണങ്ങള്‍ അയാള്‍ പ്രകടിപ്പിച്ചുതുടങ്ങും. നീതീകരിക്കാനാവാത്ത കാരണങ്ങളുമായി മറ്റേ വ്യക്തിയോട് ഏറ്റുമുട്ടാനാരംഭിക്കുന്നു. അതോടെ കാര്യങ്ങള്‍ പിടിവിട്ടുതുടങ്ങുന്നു. പിന്നെ ഏതു പാതാളത്തിലാണ് അയാള്‍ നിപതിക്കാന്‍ പോകുന്നതെന്ന്‌ ദൈവത്തിനേ അറിയൂ. അപവാദം മുതല്‍ കൊലപാതകം വരെ ചെയ്യിക്കാന്‍ കഴിവുള്ള മാരകമായ തിന്മയാണിത്. അസൂയയുള്ളിടത്ത് എല്ലാ ക്രമക്കേടുകളും ദുഷ്കര്‍മ്മങ്ങളും ഉണ്ടെന്നു പൗലോസ്ശ്ലീഹ പറയുന്നത് അതുകൊണ്ടാണ്.

ബൈബിളില്‍ ഒത്തിരിയിടങ്ങളില്‍ ഈ തിന്മയുടെ ഗൗരവത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അസൂയ നിറഞ്ഞ ചേട്ടന്‍ അനുജന്റെ ജീവനെടുത്തതാണ് ചരിത്രത്തിലെ ആദ്യ കൊലപാതകം. അസൂയയായിരുന്നല്ലോ ക്രിസ്തുവിനെ മരണത്തിനേല്പിച്ചതിന്റെ കാരണവും. അസൂയാലു നേരിടാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചും ബൈബിള്‍ താക്കീതു ചെയ്യുന്നുണ്ട്. അസൂയ ജീവിതത്തെ വെട്ടിച്ചുരുക്കുമെന്നും (പ്രഭാ. 30:24) അസ്ഥികളെ ജീര്‍ണിപ്പിക്കുമെന്നും (സുഭാ. 14:30) ജ്ഞാനം അയാളില്‍നിന്ന് അകന്നുനില്ക്കുമെന്നും (ജ്ഞാനം 6:23) പഴയനിയമം ഓര്‍മ്മിപ്പിക്കുമ്പോള്‍ കുറേക്കൂടി കഠിനമായ ദുരന്തത്തെക്കുറിച്ചാണ് പുതിയനിയമം മുന്നറിയിപ്പുനല്കുന്നത്. സ്വര്‍ഗകവാടം അവര്‍ക്കു മുന്നില്‍ അടഞ്ഞുകിടക്കും (ഗലാത്തിയ 5:21). പിന്നെ ജീവിച്ചിരുന്നിട്ട് എന്തുകാര്യം?

അതെ, അസൂയ നിസ്സാരമായൊരു തിന്മയല്ല. അപരന്റെ മാത്രമല്ല, നമ്മുടെതന്നെയും ജീവിതത്തെ മുച്ചൂടും നശിപ്പിക്കാന്‍ കരുത്തുള്ള മാരകമായ ഈ അര്‍ബുദത്തിനെതിരേ ജാഗ്രത പുലര്‍ത്തിയേ മതിയാവൂ. അതിനു മുമ്പ് അസൂയയുടെ വേര്  കണ്ടുപിടിക്കേണ്ടതുണ്ട്. അപകര്‍ഷതയെന്ന പഴുതിലൂടെയാണ് ഒരാളുടെയുള്ളില്‍ അത് രംഗപ്രവേശം ചെയ്യുന്നത്. ചേട്ടന്റെ പാത്രത്തില്‍ എന്തുമാത്രം വിളമ്പിയിട്ടുണ്ട് എന്ന് ഒളികണ്ണിട്ട് നോക്കുന്ന കുറുമ്പന്‍ കുട്ടിയെപ്പോലെ അവര്‍ സദാ മറ്റുള്ളവരിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കും. തന്നെക്കാള്‍ കൂടുതലാണയാള്‍ക്ക് എന്ന മിഥ്യാധാരണയാണവര്‍ക്കെപ്പോഴും. അതവരെ ദുഃഖിതരും നിരുന്മേഷരുമാക്കുന്നു. ആ ദുഃഖം വളരെ പെട്ടെന്നുതന്നെ അവരെ അസൂയയിലേക്കു തള്ളിയിടുന്നു. അപകര്‍ഷതയുളളവരുടെ മനസ്സിനെ ബാധിക്കുന്ന കാന്‍സറാണ് അസൂയ എന്നു പറയുന്നതു വെറുതെയല്ല.

ഉള്ളില്‍ അസൂയ ഉടലെടുക്കുമ്പോള്‍ത്തന്നെ തിരിച്ചറിയുക എന്നതാണ് ഇതിനെ മറികടക്കാനുള്ള ആദ്യപടി. മനസ്സിന്റെ അഗാധതയിലാണ് അത് മുളപൊട്ടുന്നത് എന്നതുകൊണ്ടുതന്നെ അവരവര്‍ക്കു മാത്രമേ അതു കണ്ടെത്താന്‍ കഴിയൂ. ആരോടെങ്കിലും അകാരണമായി കോപിക്കുന്നെങ്കില്‍, മറ്റുള്ളവരുടെ നന്മകള്‍ അംഗീകരിക്കാന്‍ മടിയുണ്ടെങ്കില്‍ നിങ്ങള്‍ അസൂയയുടെ പിടിയിലാണെന്നു കരുതേണ്ടിവരും. അപ്പോള്‍ ദൈവം കായേനോടു ചോദിച്ച ആ ചോദ്യം നമ്മോടുതന്നെ ചോദിക്കുക: നീ എന്തിനാണു കോപിച്ചിരിക്കുന്നത്? സ്വന്തം മനസ്സാക്ഷിയോട് സത്യസന്ധരായിരിക്കുക.

അവനവന്റെ കഴിവുകളും നന്മകളും കണ്ടെത്തി അംഗീകരിക്കുക എന്നതാണ് അടുത്ത പടി. മറ്റാര്‍ക്കുമില്ലാത്ത എന്തൊക്കെയോ സവിശേഷതകള്‍ ആ പരമചൈതന്യം നിന്നില്‍ നിക്ഷേപിച്ചിട്ടുണ്ട്. നിന്നെ നീയാക്കുന്ന ഘടകം അതാണ്. മറ്റുള്ളവരുടെ ജീവിതങ്ങളല്ല നിന്നെ അളക്കാനുള്ള ഏകകം. നീ നീയായിരിക്കാനുള്ളതാണ്. അതില്‍ അഭിമാനിക്കുക,  നിനക്കു മാത്രം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു നിയോഗം നിന്റെ ജീവിതത്തിനുണ്ട്. അതു കണ്ടെത്തി അതിലേക്ക് ഏകാഗ്രമാകുന്നതോടെ അപരനെക്കുറിച്ചുള്ള അസ്വസ്ഥത പതിയെ ഇല്ലാതാകുന്നു.

മറ്റുള്ളവരുടെ നേട്ടമോ വളര്‍ച്ചയോ ഒന്നും നിന്റെ മഹത്വത്തെ കുറയ്ക്കുന്നില്ല എന്ന തിരിച്ചറിവിലേക്കെത്തുകയാണ് അടുത്തത്. അപ്പോള്‍ മാത്രമേ അവസാന പടിയിലേക്കു കാലെടുത്തുവയ്ക്കാന്‍ കഴിയൂ. അപരന്റെ നേട്ടങ്ങളില്‍ സന്തോഷിക്കുവാനും ആഘോഷിക്കുവാനും കഴിയുക എന്നതാണത്. അതെ, അതാണ് അസൂയയെ വേരോടെ പിഴുതുകളയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. അപ്പോള്‍ മറ്റൊരത്ഭുതം നിന്നില്‍ സംഭവിക്കുന്നത് തിരിച്ചറിയാനാകും. ജീവിതത്തിന്റെ ഗുണമേന്മ വര്‍ധിക്കുന്നു. നോക്കിനില്‌ക്കെ നിങ്ങളുടെ ഹൃദയം വിശാലമാകുന്നതും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുതിയൊരു ലോകം നിങ്ങള്‍ക്കു ചുറ്റും രൂപപ്പെടുന്നതും നിങ്ങള്‍ അനുഭവിച്ചു തുടങ്ങുന്നു. പ്രാര്‍ത്ഥിക്കേണ്ടത് ഈ ഹൃദയ വിശാലതയ്ക്കുവേണ്ടിയാണ്. അതെ, സോളമനെപ്പോലെ കടല്‍ത്തീരം പോലെ വിശാലമായ ഒരു മനസ്സിനു വേണ്ടി. അതോടെ അസൂയപ്പെടാനാവാത്തവിധം ജീവിതം പ്രകാശഭരിതമാകുന്നു.

അസൂയയ്ക്കിരയാകുന്നവര്‍ക്കുള്ള ദൂതുകൂടിയുണ്ട്. ‘നിങ്ങളോട് അസൂയയുണ്ട് എന്നു തോന്നുന്ന ആളെ ബഹുമാനിക്കുക. കാരണം അയാള്‍ തന്നെക്കാള്‍ മികവുള്ള വ്യക്തിയായി നിങ്ങളെ പരിഗണിക്കുന്നു’- പൗലോ കൊയ്‌ലൊയുടെ വാക്കുകളാണ്. മറ്റൊന്ന് അയാളോട് സഹതാപമുള്ളവരായിരിക്കുക. കാരണം അയാള്‍ നിങ്ങളുടെ ജീവിതം തകര്‍ത്താല്‍പ്പോലും നിങ്ങള്‍ക്കൊരു ഉയിര്‍പ്പുണ്ട്; ഇന്നല്ലെങ്കില്‍ നാളെ. എന്നാല്‍, എന്നേക്കും അശാന്തിയില്‍ അലയുക എന്നതാണ് അസൂയാലുവിന്റെ വിധി… പാവം!!

Sobha
സിസ്റ്റര്‍ ശോഭ CSN 

Related Articles