ഏതാനും ദിവസം മുന്‍പ് അരുണാചലില്‍ വച്ച് മൂന്നു മലയാളികള്‍ ആത്മഹത്യ ചെയ്തു. ആയുര്‍വേദ ഡോക്ടര്‍മാരായ ദമ്പതികളും അവരുടെ സുഹൃത്തായ അധ്യാപികയും. വിചിത്രമായ കാരണങ്ങളായിരുന്നു അഭ്യസ്തവിദ്യരായ ഈ ചെറുപ്പക്കാരുടെ സ്വയഹത്യയ്ക്കു പിന്നില്‍: അധികം വൈകാതെ പ്രളയമുണ്ടാകും, ഭൂമി മുങ്ങും. തങ്ങള്‍ക്ക് അതില്‍നിന്നു രക്ഷപ്പെടണം. രണ്ടു സാധ്യതകളാണ് അവര്‍ കണ്ടത്. ഒന്നുകില്‍ എവറസ്റ്റിനുമുകളില്ക്കയറി രക്ഷപ്പെടുക! അല്ലെങ്കില്‍ മറ്റേതെങ്കിലും ഗ്രഹത്തില്‍ ചെന്നുപാര്ക്കുക!! എവറസ്റ്റ് നടക്കാത്ത ആശയമാണെന്നു മനസ്സിലായി. അന്യഗ്രഹത്തില്‍ പാര്‍ക്കണമെങ്കില്‍ ഭൂമിയിലെ ജീവിതം വേണ്ടെന്നുവയ്ക്കണം. അവരതു സന്തോഷപൂര്‍വം തിരഞ്ഞെടുത്തു!
വിശ്വാസ രാഹിത്യത്തെക്കാള് തെറ്റായ വിശ്വാസങ്ങള്‍ എത്രമേല്‍ അപകടകരമാണെന്നതിന് ഒരു തെളിവുകൂടി. അന്ധവിശ്വാസങ്ങള്‍ നരബലിപോലുള്ള വലിയ കുറ്റകൃത്യങ്ങളിലേക്കുപോലും മനുഷ്യരെ എത്തിക്കുന്ന കാലം കൂടിയാണിത്. പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യക്കുറവും എളുപ്പത്തില്‍ കാര്യം നേടാമെന്നുമുള്ള പ്രതീക്ഷയുമാണ് മനുഷ്യരെ അന്ധവിശ്വാസങ്ങളിലെത്തിക്കുന്ന ഒരു പ്രധാനഘടകം. ഉന്നതവിദ്യാഭ്യാസമുള്ളവരില്പോലും ഇത്തരത്തിലുള്ള മനോനിലയുള്ളവരുണ്ട് എന്നത് ഭയപ്പെടുത്തുന്നു.
ഇത്രയും മാരകമല്ലെങ്കിലും ഒട്ടേറെ തെറ്റായ വിശ്വാസങ്ങള്‍ നമുക്കിടയില്‍ത്തന്നെയുണ്ട്. അങ്ങനെ സ്വന്തജീവിതവും മറ്റുള്ളവരുടെ ജീവിതവും അസാധ്യമാക്കുന്ന എത്രയോ സംഭവങ്ങള്‍. ഭര്‍ത്താവിന്റെ വിയോഗത്തിനുശേഷം വല്ലാതെ ഒറ്റപ്പെട്ടുപോയ ഒരു പെണ്‍കുട്ടിയോടു സംസാരിക്കുകയായിരുന്നു. വിവാഹത്തിന്റെ അടുത്തനാളുകളിലൊന്നില് ഭര്‍ത്താവിന്റെ അമ്മമരിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഭര്‍ത്താവും. അത് അവളൊരു ദുഃശകുനമായതു കൊണ്ടാണെന്ന് നാത്തൂന്മാര് കണ്ടെത്തി! പിന്നെ അവളെയവര്‍ അകറ്റിനിര്‍ത്തി. തുടര്‍ന്ന് അവള് വിഷാദത്തിനടിപ്പെട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇങ്ങനെ വീട്ടിലുണ്ടാകുന്ന ഓരോരോ ദുരന്തങ്ങള്‍ക്കുള്ള കാരണം വന്നുകയറുന്ന പെണ്‍കുട്ടികളുടെ ശിരസ്സില്‍ വച്ചുകൊടുക്കുമ്പോള്‍ ഈ പെണ്‍കുട്ടികളുടെ കണ്ണുനീര് വീണു പൊള്ളാന്‍ പോകുന്നത് തങ്ങളുടെ കുടുംബംതന്നെയാണെന്ന് ഇവര്‍ അറിയുന്നുണ്ടാകുമോ?
വീടുമായി ബന്ധപ്പെട്ടാണ് മറ്റു ചില വിശ്വാസങ്ങള്‍. ഈയിടെ വായിച്ച ഒരനുഭവക്കുറിപ്പാണ്. ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് ഒരാള്‍ മനോഹരമായ ഒരു വീടുപണിതു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മകള്‍ക്ക് ചില മാനസികാസ്വാസ്ഥ്യങ്ങള്‍. ഒരു ഡോക്ടറെ കാണിക്കുന്നതിനുപകരം പോയത് ഏതോ സിദ്ധന്റെയടുത്ത്. പിന്നെ പല സിദ്ധന്മാര്. ഒടുവിലൊരാള്‍ വീടിന്റെ കന്നിമൂലയുടെ പ്രശ്നമാണെന്നു കണ്ടെത്തി. അങ്ങനെ ആദ്യം അടുക്കള പൊളിച്ചു, പിന്നെ കിണര്‍മൂടി, കായ്ച്ച തെങ്ങുകള്‍ മുറിപ്പിച്ചു. എന്നിട്ടും പ്രശ്നം തീരാതായപ്പോള്‍ വീടുതന്നെ പൊളിച്ച് വേറൊന്നു പണിയുകയോ അല്ലെങ്കില്‍ കിട്ടുന്ന വിലയ്ക്ക് ആര്‍ക്കെങ്കിലും വിറ്റുകളയുകയോ ചെയ്യുക എന്നായി നിര്‍ദേശം. അങ്ങനെ നിസ്സാരവിലയ്ക്ക് വീടുവിറ്റു. ഇതിനകം സിദ്ധന്മാര്‍ക്കു കൊടുത്ത് ഉള്ള പണമെല്ലാം തീര്‍ന്നു. ഒടുവില്‍ ഒരു കുഞ്ഞുവീട് വാങ്ങി നിരാശയും ദുഃഖവുമായി കഴിയുമ്പോള്‍ കുട്ടിയെ ഡോക്ടറെ കാണിച്ചു.പക്ഷേ, അപ്പോഴേക്ക് സുഖപ്പെടുത്താനാവാത്ത വിധം രോഗം ഗുരുതരമായിക്കഴിഞ്ഞിരുന്നു.
കഴിഞ്ഞദിവസം സന്ദര്‍ശിക്കാനിടയായ മറ്റൊരുവീട്. ചെറിയൊരു കുന്നിന് ചെരുവിലാണ്. താഴോട്ട് ചെരിവുള്ള ഭാഗത്ത് മണ്ണിട്ട് വീടിന്റെ തറനിരപ്പില്‍ കെട്ടിപ്പൊക്കിയിട്ടുണ്ട്. അതൊരു സ്വാഭാവികയുക്തിയായേ തോന്നിയുള്ളൂ. പക്ഷേ, വീട്ടമ്മ പറഞ്ഞത്, അങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കു മുകളിലേക്കൊരു ഗതിയുണ്ടാകില്ലെന്നു സ്ഥാനക്കാരന് പറഞ്ഞതുകൊണ്ട് കെട്ടിയതാണെന്ന്. അയാള്‍ പറഞ്ഞത് ഒരു യുക്തി മാത്രമാണ്. അല്ലെങ്കില്‍ മണ്ണൊലിച്ചുപോയി വീട് നിലംപൊത്തും. പിന്നെ പുതിയ വീട് പിന്നെയും പണിയണം. എങ്ങനെ ഗതിയുണ്ടാകും! ഇനിയുമുണ്ട്, നമുക്കിടയില്‍ അന്ധവിശ്വാസത്തിന്റെ മറ്റു പതിപ്പുകള്‍. പൂച്ച, പല്ലി, ഓന്ത്, പട്ടി തുടങ്ങിയ സാധു ജീവികള്‍ക്ക് നമ്മുടെ ജീവിതത്തിന്റെമേല്‍ എന്തോ ചിലനിയന്ത്രണമുണ്ടെന്ന മട്ടിലുള്ള ഭയങ്ങള്‍..
ശരിയാണ്. വിശ്വാസത്തെ എപ്പോഴും യുക്തിയുടെ അരിപ്പയില്‍ അരിച്ചു നോക്കാനാവില്ല. ബുദ്ധിക്കും യുക്തിക്കും അതീതമായ പലകാര്യങ്ങളും വിശ്വാസത്തില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, വിശ്വാസവും ശാസ്ത്രവും തമ്മില്‍ എതിര്‍ക്കുന്നില്ല എന്നുകൂടി അറിയണം. മലയില്‍ നിന്നു താഴേക്കുചാടി ദൈവത്വം തെളിയിക്കാന്‍ ക്രിസ്തുവിനോട് പിശാച് ആവശ്യപ്പെടുമ്പോള്‍ അവിടുന്നതിന് തയ്യാറാകാഞ്ഞത് താഴോട്ടു ചാടിയാല്‍ കാലൊടിയുമെന്ന സാമാന്യയുക്തികൊണ്ടു കൂടിയാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്ത് ദൈവത്തെ പരീക്ഷിക്കരുത് എന്നുകൂടി അവിടുന്ന് പറയുന്നു. വിശ്വാസത്തിനും അന്ധവിശ്വാസത്തിനുമിടയിലെ അതിര് തീരെ നേര്‍ത്തതാണ്. മറ്റുള്ളവരുടെയോ അവനവന്റെയോ ജീവിതത്തെ സമ്മര്‍ദത്തിലാക്കുന്ന നിലപാടുകള്‍, ഏതു പുണ്യത്തിന്റെ രൂപത്തില്‍ പൊതിഞ്ഞാലും അത് അന്ധവിശ്വാസമാണ്. ഭക്തി മൂത്ത്, ഭാര്യയെയോ മക്കളെയോ ഒരുല്ലാസയാത്രയ്ക്കോ, എന്തിന് ഒരു സിനിമപോലും കാണാനനുവദിക്കാത്ത മനുഷ്യന് തികച്ചും അന്ധവിശ്വാസിതന്നെ. സുവിശേഷത്തിലെ യേശുവിനെ മനസ്സിലാകാത്ത വിശ്വാസികള്‍.
പ്രതിസന്ധികളെ വ്യാഖ്യാനിക്കുന്നിടത്താണ് നമുക്കു പിഴവ് സംഭവിക്കുന്നത്. ഓരോ മനുഷ്യനെയും വ്യക്തിപരമായും അനന്തമായും സ്നേഹിക്കുന്ന ആ പരമചൈതന്യമാണ് നമ്മുടെ ജീവിതം നിയന്ത്രിക്കുന്നത്. ഈ വിശ്വാസം കുറയുന്നിടത്ത് അന്ധവിശ്വാസങ്ങള്‍ ഉടലെടുക്കും. ദുരിതങ്ങള്‍ ഒഴിവാക്കി ജീവിക്കാനല്ല, സ്നേഹപൂര്‍വം സ്വീകരിക്കാനാണ് അവിടുന്നു പഠിപ്പിക്കുന്നത്. എല്ലാകാലവും കൂടെയുണ്ടാവും എന്നാണവിടുത്തെ വാഗ്ദാനം. എല്ലാം നമുക്ക് നല്ലതായിരിക്കുമെന്നോ, എന്നും ഒരുപോലെയിരിക്കുമെന്നോ അതിനര്‍ഥമില്ല. അവിടുന്നു കൂടെയുണ്ടെന്ന ഉറപ്പില്‍ മുന്നോട്ടുപോവുകയാണു വേണ്ടത്. നാളെ കുറേക്കൂടി മെച്ചമാകും എന്ന പ്രതീക്ഷയോടെ.
അതിജീവനത്തിന്റെ കഥ പറയുന്ന ‘ആടുജീവിത’ത്തിന്റെ സംവിധായകന് ബ്ലെസിയോട് മാധ്യമപ്രവര്‍ത്തകനായ ജോണി ലൂക്കോസ് ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. നജീബിനെ ദുരിതത്തിനു വിട്ടുകൊടുത്തതും ഒടുവില്‍ അത്ഭുതകരമായി രക്ഷിക്കുന്നതും ദൈവത്തിന്റെ ഇടപെടലാണ്. ബ്ലെസി ആരുടെ പക്ഷത്താണെന്നാണു ചോദ്യം. നാം ആഗ്രഹിക്കുന്നതെല്ലാം അപ്പപ്പോള്‍ നല്കുന്ന ഒരാള്‍ എന്ന വിധത്തിലല്ല, പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വരുമ്പോള്‍ അതിനെ അതിജീവിക്കാനുള്ള കരുത്തു നല്കുന്ന ഒരാളായി അവിടുത്തെ കാണണമെന്നാണ് ബ്ലെസിയുടെ മറുപടി. അതാണ് വിശ്വാസം നമ്മെ എത്തിക്കേണ്ട തലം.
‘ദി ചോസണി’ല്‍ നഥാനയേലിനെ ക്രിസ്തു വിളിക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു രംഗമുണ്ട്. അതിനും ഏതാനും ദിവസം മുന്‍പ് തന്റെ സ്വപ്നങ്ങള്‍ കത്തിച്ചുകളഞ്ഞ് ആ ചാരമെടുത്ത് തലയില്‍ പൂശി ഒരു അത്തിമരച്ചോട്ടില്‍ ഒറ്റയ്ക്കിരുന്നു കരയുന്നുണ്ട് നഥാനയേല്‍. ദൈവമേ, എന്റെ കഷ്ടതയുടെ ദിനങ്ങളില്‍ അങ്ങ് എന്നില്‍ നിന്ന് മുഖം മറയ്ക്കരുതേയെന്നാണ് ആകാശത്തേക്കു നോക്കി നഥാനയേല്‍ വിലപിക്കുന്നത്. പീലിപ്പോസ് നഥാനയേലിനെ യേശുവിന്റെയടുത്തേക്ക് കൊണ്ടുചെല്ലുമ്പോള്‍ ആ കരച്ചിലിനു മറുപടിയെന്നോണമാണ് യേശുവിന്റെ സംസാരം. പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ് അത്തിമരത്തിന്റെ ചുവട്ടിലായിരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടുവെന്നും ആ കരച്ചിലില്‍ ഞാന്‍ മുഖം മറച്ചിരുന്നില്ലെന്നും അവിടുന്നു വെളിപ്പെടുത്തുന്നു. അതു മതിയായിരുന്നു നഥാനയേലിന്.
അതെ, ഒരു പ്രതിസന്ധിയിലും അവിടുത്തെ മുഖം നമ്മില്‍നിന്നു മറഞ്ഞിരിക്കുന്നില്ല. കാസ്റ്റിംഗ് ക്രൗണ്‍സ് പാടുന്നതുപോലെ ….. അല്പം കൂടെ കാത്തിരിക്കുക. അവിടുന്ന് ഒരു വഴിയുണ്ടാക്കും. കാരണം നീ തനിച്ചല്ല. One more day, He will make a way, because you are not alone….

സിസ്റ്റര്‍ ശോഭ CSN
ചീഫ് എഡിറ്റര്‍
[email protected]




