Tuesday, June 23, 2026

എനിക്ക് OCD ഉണ്ടോ?

സൈക്കോളജിസ്റ്റാണ് ആ യുവദമ്പതികളെ പറഞ്ഞുവിട്ടത്. ചെറിയൊരു കുഞ്ഞുണ്ട് അവര്‍ക്ക്. ഇരുവരും ഉദ്യോഗസ്ഥരാണ്. അവരെ തത്കാലം രോഹിത് എന്നും മിനി എന്നും വിളിക്കാം. കുഞ്ഞുണ്ടാകുന്നതുവരെ പ്രത്യേക പ്രശ്‌നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോയ ജീവിതം ആയിരുന്നു അവരുടേത്. കുഞ്ഞ് ജനിച്ചതോടെ കുഞ്ഞിന്റെ പരിചരണവുമായി ബന്ധപ്പെട്ട് രോഹിത് ചില ശാഠ്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. കൈ കഴുകാതെ കുഞ്ഞിനെ എടുക്കാന്‍ പാടില്ല. ഭക്ഷണം കൊടുക്കുന്ന പാത്രം എത്ര വൃത്തിയാക്കിയാലും രോഹിത്തിന് തൃപ്തി വരില്ല. ഭക്ഷണം വയ്ക്കുന്ന മേശ മൊത്തം ക്ലീനാക്കിയാലേ കുഞ്ഞിന്റെ ഭക്ഷണം മേശപ്പുറത്തു വയ്ക്കാവൂ. തറ, വസ്ത്രം ഇതൊക്കെ അങ്ങേയറ്റം ക്ലീനായിരിക്കണം. ചെറിയൊരു അപാകത കണ്ടാല്‍ രോഹിത് വഴക്കിടും.

കുഞ്ഞിന്റെ പരിചരണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അമ്മ എന്ന നിലയില്‍ മിനിക്കാണ് എന്നതാണ് അവന്റെ നിലപാട്. ഇതെല്ലാം തീര്‍ത്തിട്ടുവേണം അവള്‍ക്കു ജോലിക്കുപോകാന്‍. തിരികെ വന്നാലും ഇതുതന്നെ ഗതി. അങ്ങനെ മടുത്തിട്ടാണ് അവര്‍ സൈക്കോളജിസ്റ്റിനെ കാണാനെത്തിയത്. ചികിത്സ വേണ്ട കേസായതിനാല്‍ അവര്‍ ഇങ്ങോട്ടു പറഞ്ഞുവിടുകയായിരുന്നു. ഏതായാലും രോഹിത് ചികിത്സയോടു സഹകരിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍, വീട്ടിലിപ്പോള്‍ സമാധാനമായെന്നു പറഞ്ഞാണ് ആ ദമ്പതികള്‍ എത്തിയത്. ഒരു പക്ഷേ, ഇത്തരം പ്രശ്‌നങ്ങളോ സമാനമായ മറ്റെന്തെങ്കിലും ദുശ്ശാഠ്യങ്ങളോ മൂലം അവനവന്റെയും മറ്റുള്ളവരുടെ സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ പലര്‍ക്കും ഉണ്ടാകും. ചികിത്സ ആവശ്യമുള്ള ഈ വൈകല്യത്തിനു മനശ്ശാസ്ത്രത്തില്‍ Obsessive compulsive disorder (OCD) എന്നാണ് പറയുന്നത്.

എന്താണ് Obsessive Compulsive Disorder?

അനാവശ്യമായ, അല്ലെങ്കില്‍ യാതൊരു ലോജിക്കുമില്ലാത്ത ചിന്തകള്‍, ഭാവനകള്‍, ഉത്കണ്ഠകള്‍ അല്ലെങ്കില്‍ സംശയങ്ങള്‍ ഒരു മനസ്സില്‍ ആവര്‍ത്തിച്ചു വരുകയും മനസ്സിനെ വല്ലാതെ അലട്ടുകയും ചെയ്യുന്നു. ആ മാനസികാവസ്ഥയാണ് obsession  എന്നു വിളിക്കുന്നത്. മനസ്സിലനുഭവപ്പെടുന്ന ആ സമ്മര്‍ദം പ്രവൃത്തിയിലേക്കു നയിക്കുന്ന വിധം ശക്തമായ പ്രേരണയാകുന്നു. അതിനെ compulsion എന്നും വിളിക്കാം. ചുരുക്കത്തില്‍ obsession എന്നു പറഞ്ഞാല്‍ അനാവശ്യമായ ചില തോന്നലുകള്‍ ഒരാളുടെ മനസ്സിനെ കീഴ്‌പ്പെടുത്തുന്ന അവസ്ഥയാണ്. അയാളത് ഒഴിവാക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ആ ചിന്ത അയാളെ അടിമപ്പെടുത്തുന്നു. ഒടുവില്‍ അത് പ്രവൃത്തിയിലേക്കെത്തിക്കുന്ന അവസ്ഥയാണ് compulsion. ഉദാഹരണത്തിന് വൃത്തിയാണ് ഒരാളുടെ obsession എങ്കില്‍ അയാള്‍ ഒരു മേശയ്ക്കു മുന്നില്‍ ഇരിക്കുമ്പോള്‍ പൊടിയുണ്ടോ പതുക്കെ തൊട്ടുനോക്കും. പൊടിയില്ലെങ്കില്‍ത്തന്നെ അയാള്‍ക്കു ഉറപ്പുപോരാ. പിന്നെ മേശയില്‍ തൊടാതെ അകന്നിരിക്കാന്‍ ശ്രദ്ധിക്കുന്നു. അല്ലെങ്കില്‍ കൈകഴുകുന്നു. വൃത്തിയായില്ല എന്ന തോന്നലില്‍ വീണ്ടും വീണ്ടും കൈകഴുകും. ഇതാണ് compulsion. ഇവിടെ അഴുക്കുണ്ട് എന്ന തോന്നലാണ് obsession എങ്കില്‍ ക്ലീനിംഗ് ആണ് compulsion.

ഒബ്‌സെഷന്‍ എത്ര വിധമുണ്ട്?

ഒബ്‌സെഷന്‍ പലവിധത്തില്‍ പ്രകടമാകാം. മുന്‍പുസൂചിപ്പിച്ചതുപോലെ ഒരു പ്രധാനപ്പെട്ട ലക്ഷണം അമിതമായ വൃത്തിബോധമാണ്. അതു വസ്ത്രമാകാം,തറയാകാം, സ്വന്തം ശരീരമാകാം…. അങ്ങനെ എന്തും. മറ്റു ചിലര്‍ക്ക് ചില സംശയങ്ങളും ആശങ്കകളുമായിരിക്കും. പുറത്തേക്കിറങ്ങുമ്പോഴോ, രാത്രി കിടക്കുന്നതിനു മുമ്പോ, വാതില്‍ പൂട്ടിയോ, ഗ്യാസ് ഓഫാക്കിയോ തുടങ്ങിയ ആശങ്കകള്‍. പലവട്ടം പോയി നോക്കിയാലേ സമാധാനമാവുകയുള്ളൂ. വേറെ ചിലര്‍ക്ക് എണ്ണിയത് ശരിയായോ എന്ന ആശങ്കയാണ്.

മറ്റുചിലര്‍ക്ക് ചില കാഴ്ചകള്‍, ഭാവനകള്‍ എല്ലാം ഒബ്‌സെഷനായി മാറാം. ചിലര്‍ക്ക് എന്തു കണ്ടാലും സെക്‌സുമായി ബന്ധപ്പെടുത്തി മാത്രം ചിന്തിക്കുന്ന അവസ്ഥയാണ്. എന്റെയടുത്തു വന്ന ഒരു പെണ്‍കുട്ടിയെ ഓര്‍ക്കുന്നു. അവള്‍ക്ക് ക്രിസ്തുവിന്റെ ക്രൂശിതരൂപം കാണുന്നത് ഒരു അശ്ലീല കാഴ്ചയാണ്! ഒരു പുരുഷന്റെ നഗ്നശരീരം എന്നതുപോലെ മാത്രമേ അവള്‍ക്കതു കാണാന്‍ സാധിക്കുന്നുള്ളൂ. അതിനാല്‍ പള്ളിയില്‍ കയറാന്‍ മടി, പ്രാര്‍ത്ഥിക്കാന്‍ മടി… ക്രൂശിതരൂപത്തിലേക്ക് നോക്കാന്‍ കഴിയാത്ത അവസ്ഥ. ക്രൂശിതരൂപത്തിലേക്ക് നോക്കാന്‍ കഴിയാത്ത ഒരു ക്രൈസ്തവന്റെ ഗതികേട് ഒന്നോര്‍ക്കുക. ഇത്രയും ഗുരുതരമായ അവസ്ഥയിലെത്തുന്നതിനു മുന്‍പ് അവള്‍ക്ക് വേറെ ചില ചെറിയ ലക്ഷണങ്ങ ളുണ്ടായിരുന്നു. അതായത് ഞാന്‍ പരീക്ഷയെഴുതിയാല്‍ ജയിക്കുമോ എന്ന അമിതമായ ആശങ്ക. പക്ഷേ, ആ പരീക്ഷ(പോസ്റ്റ്ഗ്രാജുവേഷന്‍) ഡിസ്റ്റിംക്ഷനില്‍ പാസ്സായി!

ചിലര്‍ക്ക് ചില ഓര്‍മ്മകള്‍ വിടാതെ പിന്തുടരുന്നു. ഒരു നഴ്‌സിനെ ഓര്‍ക്കുന്നു, അവര്‍ക്ക് താന്‍ രോഗികള്‍ക്ക് മരുന്നു മാറിക്കൊടുക്കുമോ, മരുന്നു മാറ്റി കുത്തുമോ, കറിയില്‍ ഉപ്പിനു പകരം പഞ്ചസാരയിടുമോ, പഞ്ചസാരയ്ക്കു പകരം ഉപ്പുചേര്‍ക്കുമോ… എന്നിങ്ങനെ തീരാത്ത ഉത്കണ്ഠകളായിരുന്നു. ചിലര്‍ കയ്യിലുള്ള നോട്ടുകള്‍, ചില്ലറകള്‍, വസ്തുക്കള്‍ ഇതൊക്കെ ഇടയ്ക്കിടയ്ക്ക് എണ്ണിനോക്കി ഉറപ്പിച്ചുകൊണ്ടിരിക്കും. ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് കുളിക്കാന്‍ ആവശ്യത്തിലേറെ സമയം വേണം. സ്വന്തം ചിട്ടവട്ടങ്ങളനുസരിച്ച് മാത്രമേ അവര്‍ക്കു കുളിച്ചിറങ്ങാന്‍ കഴിയൂ.

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണാം. 2-4 പ്രായത്തില്‍ ത്തന്നെ അതായത് ടോയ്‌ലറ്റ് ട്രെയ്‌നിംഗ് നല്കുന്ന അവസരത്തില്‍ ചില കുട്ടികള്‍ അതു പ്രകടിപ്പിച്ചു തുടങ്ങും. അമിതവൃത്തിബോധമുള്ള കുട്ടികള്‍ മലം പുറത്തുവിടാതെ പിടിച്ചുനിര്‍ത്തും. കാരണം അത് അഴുക്കാണ് എന്നതിനാല്‍.

സംശയരോഗവും ഒബ്‌സെഷനും

സംശയരോഗവും ഒബ്‌സെഷനും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ഒരുപക്ഷേ, വായനക്കാര്‍ ചിന്തിക്കുന്നുണ്ടാകും. സംശയരോഗമുള്ള ഒരു വ്യക്തിക്ക് തന്റെ സംശയം ശരിയല്ല എന്നോ അല്ലെങ്കില്‍ അസ്ഥാനത്താണ് എന്നോ ഉള്ള അവബോധം ഉണ്ടാവില്ല. അയാള്‍ തന്റെ ചിന്തകള്‍ ശരിയാണെന്നുതന്നെയാണ് വിശ്വസിക്കുന്നത്. എന്നാല്‍, ഒബ്‌സെഷന്‍ ഉള്ള വ്യക്തിക്ക് തന്റെ ചിന്തകളും തോന്നലുകളും അസ്ഥാനത്താണെന്നും അനാവശ്യമാണെന്നും അറിയാം. പക്ഷേ, അതിനെ മറികടക്കാന്‍ കഴിയാത്ത നിസ്സഹായത അയാള്‍ക്കുഭവപ്പെടുന്നു. ഇതാണ് ഇവ തമ്മിലുള്ള വ്യത്യാസം.

എന്നാല്‍, ഒബ്‌സെഷന്‍ വളരെ കൂടുതല്‍ ഉള്ളയാളുകള്‍ ചിലപ്പോള്‍ തങ്ങളുടെ നിസ്സഹായതയോര്‍ത്ത് ഉത്കണ്ഠയിലകപ്പെടുകയും അത് വിഷാദത്തിലെത്തിക്കുകയും ചെയ്യാം. ഇത്തരം അവസ്ഥയിലുള്ളവരെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ സമയമെടുക്കും. എന്നാല്‍, തുടക്കത്തില്‍ അതായത്, അനാവശ്യമായ തോന്നലുകള്‍ തനിക്കുണ്ടെന്ന് അവബോധം ഉള്ള ഘട്ടത്തില്‍ വളരെവേഗം സുഖമാകാനുള്ള സാധ്യത കൂടുതലാണ്.

ഒബ്‌സെഷനുള്ള വ്യക്തികള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ചെറിയ കാര്യങ്ങളിലുള്ള അനാവശ്യമായ ശ്രദ്ധയും ഉത്കണ്ഠയും മൂലം പ്രധാനപ്പെട്ട കാര്യങ്ങളിലേക്കും ചെയ്യാന്‍ കടപ്പെട്ട കാര്യങ്ങളിലേക്കും ശ്രദ്ധ ചെലുത്താന്‍ കഴിയാതെ പോകുന്നു എന്നതാണ്. ഉദാഹരണത്തിന് വൃത്തിബോധം കൂടുതലുള്ള ഒരു വ്യക്തിയാണെങ്കില്‍ അയാള്‍ ഒരു പാത്രം കഴുകുന്നതിനോ മേശ വൃത്തിയാക്കുന്നതിനോ അല്ലെങ്കില്‍ കുളിക്കുന്നതിനോ ആവശ്യത്തിലേറെ സമയം എടുക്കുമല്ലോ. അങ്ങനെ സ്വാഭാവികമായും അതിനെക്കാള്‍ പ്രാധാന്യമുള്ള ഉത്തരവാദിത്വങ്ങള്‍ ചെയ്യാന്‍ അയാള്‍ക്കു സമയമില്ലാതെ പോകുന്നു.

ഈ ഘട്ടത്തില്‍ തീര്‍ച്ചയായും അയാള്‍ക്ക് ചികിത്സ ആവശ്യമുണ്ട്. ഇന്ത്യയില്‍ വര്‍ഷത്തില്‍ 10 ലക്ഷം പേര്‍ക്കെങ്കിലും ഈ മാനസിക വൈകല്യമുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ചുരുക്കത്തില്‍ വ്യക്തിയുടെയും അയാളുടെ ബന്ധപ്പെട്ടവരുടെ സാധാരണ ജീവിതത്തിനു തടസ്സമാകുന്ന തരത്തില്‍ ഒബ്‌സെഷന്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വിദഗ്ദ്ധസഹായം തേടണം. സൈക്കോളജിസ്റ്റിനെ മാത്രം സമീപിച്ചതുകൊണ്ടോ സൈക്യാട്രിസ്റ്റിനെ മാത്രം കണ്ടതുകൊണ്ടോ കാര്യമില്ല. ഇരുകൂട്ടരുടെയും സഹായം ഇവര്‍ക്ക് ആവശ്യമുണ്ട്. കൗണ്‍സലിംഗും തെറാപ്പിയും ഒപ്പം ചികിത്സയും ഉണ്ടെങ്കിലേ ഈ രോഗത്തില്‍നിന്നു മുക്തിനേടാന്‍ കഴിയൂ.

Dr. Sr. Mary Therese
സി. ഡോ. മേരി തെരേസ് CSN
സൈക്യാട്രിസ്റ്റ്
സ്റ്റെല്ല മാരിസ് ആശുപത്രി,
എടക്കുന്ന്

 

 

Related Articles