Wednesday, June 24, 2026

ചോരകൊണ്ട് മുറിവേറ്റവൻ

ഈശോയുടെ പീഡാനുഭവം ഗത്‌സെമന്‍ തോട്ടത്തില്‍ ആരംഭിച്ചു. ഏദന്‍ തോട്ടത്തില്‍ തുടക്കമിട്ട പാപങ്ങള്‍ക്കുള്ള പരിഹാരം മറ്റൊരു തോട്ടത്തില്‍ ആരംഭിക്കുന്നത്‌ ദൈവിക യുക്തിയാണ്. പറുദീസാ അനുസരണക്കേടിന്റെ തോട്ടമായിരുന്നു. ഗത്‌സെമനാകട്ടെ, അപാരമായ വിധേയപ്പെടലിന്റെ തോട്ടമായി മാറുകയാണ്. എല്ലാ സുപ്രധാനമായ കാര്യങ്ങളും പ്രാര്‍ത്ഥനയില്‍ ആരംഭിച്ച ഈശോ തന്റെ പീഡാസഹ നങ്ങള്‍ക്കും പ്രാര്‍ത്ഥനയില്‍ തുടക്കമിട്ടു. ഗത്‌സെമന്‍ തോട്ടത്തിലെ പ്രാര്‍ത്ഥനാ മണിക്കൂറില്‍ ആരംഭിച്ച് കാല്‍വരിയിലെ ഒരു പ്രാര്‍ത്ഥനാമാത്രയില്‍ അവസാനിക്കു ന്നതാണ് അവന്റെ പീഡാനുഭവം. ഈശോയുടെ അന്ത്യഅത്താഴം നടന്നത്‌ സെഹി യോന്‍ മാളികമുറിയിലായിരുന്നു. അത്താഴത്തിനുശേഷം ആ മുറിയില്‍ത്തന്നെ അവന്‍ പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ ഈശോയുടെ അറസ്റ്റ് അവിടെ നടക്കുമായിരുന്നു. പക്ഷേ, മാളികമുറി വിട്ടുതന്ന ആ ഗൃഹനാഥന് അതൊരു ആഘാതമാകുമായിരുന്നു. അയാളെക്കുറിച്ചുള്ള ഈശോയുടെ കൃതജ്ഞതാപൂര്‍വകമായ ജാഗ്രതയായിരുന്നു

ഗത്‌സെമനില്‍ പ്രാര്‍ത്ഥിക്കാനുള്ള തീരുമാനത്തിനു പിന്നില്‍. ഈശോയുടെ ഗത്‌സെമന്‍ പ്രാര്‍ത്ഥന ജറുസലം നഗരത്തിനു വെളിയിലാണ് നടന്നത്. അവന്റെ പീഡാനുഭവം ആരംഭിക്കുന്നതും അവസാനിക്കുന്നതും ജറുസലെമിനു പുറത്താണ്. അവന്റെ മരണവിധിയും തുടര്‍ന്നുള്ള പീഡകളുമേ നഗരത്തില്‍ നടന്നുള്ളൂ. അവന്‍ മരിക്കുന്നത് വിശുദ്ധ നഗരത്തിനുവേണ്ടിയല്ല.ലോകംമുഴുവനും വേണ്ടിയാണ്. ഇത് അവന്റെ മരണത്തോടെ കൂടുതല്‍ വ്യക്തമായി സ്ഥിരീകരിക്കപ്പെടും.

ഗത്‌സെമനിലെ തന്റെ പീഡാനുഭവ രംഗത്തേക്ക് ഈശോ അപ്പസ്‌തോലന്മാരെ കൂടെക്കൂട്ടി. അയയ്ക്കപ്പെടാനുള്ളവര്‍ തന്റെ പീഡാനുഭവത്തിനു സാക്ഷികളാകണം എന്നവന്‍ നിശ്ചയിച്ചിരുന്നു. മൂന്നുപേരെ അവന്‍ പ്രത്യേകമായി തിരഞ്ഞെടുത്ത് ഒരു കല്ലേറു ദൂരത്തില്‍ അടുത്തിരുത്തി. ഈ മണിക്കൂറിനുവേണ്ടി അവന്‍ അവരെ ഒരുക്കിയിരുന്നതാണ്. ഗത്‌സെമന്‍ തോട്ടത്തിലെ തന്റെ ഇരുണ്ട നിസ്സഹായത അവരുടെ മുമ്പില്‍ വെളിപ്പെടുത്തുന്നതിനുമുമ്പ് ഈശോ തന്റെ വെട്ടിത്തിളങ്ങുന്ന മഹത്വം അവരുടെ മുമ്പില്‍ അനാവരണം ചെയ്തതാണ്.

മൂന്നുപേരെ പന്ത്രണ്ടുപേരില്‍നിന്ന് വേര്‍തിരിച്ച് അടുപ്പിച്ചുനിര്‍ത്തിയത്, അവര്‍ക്കു കൊടുത്ത ഒരു അംഗീകാരം മാത്രമായിരുന്നില്ല; അതവരുടെ പരിശീലനഭാഗമായി രുന്നു. തന്റെ കരുത്തുറ്റ സാക്ഷികളാകാന്‍അവന്‍അവരെഒരുക്കുകയായിരുന്നു. അതിന് തന്റെ ആന്തരികഖേദങ്ങള്‍ക്ക് അവര്‍ ദൃക് സാക്ഷികളാകണം എന്നാണവന്‍ ആഗ്രഹിച്ചത്. മൂന്നാം നൂറ്റാണ്ടിലെ വേദപണ്ഡിതനായ ഒരിജന്‍ പറയുന്നു, കൂട്ടത്തിലെ ദുര്‍ബലരെ അവന്‍ പരിക്ഷീണമായ ഈ മണിക്കൂറിലേക്ക് കടത്തിവിട്ടില്ല; അവരെ അവന്‍ ഒഴിവാക്കി.

ഈശോ തന്റെ ആന്തരികസഹനങ്ങളോട് അടുപ്പിച്ചുനിര്‍ത്തിയ ഈ മൂന്നുപേരുടെ യോഗ്യത അവരുടെ പെരുമാറ്റത്തിന്റെ മികവാണെന്ന് നാം തെറ്റിദ്ധരിക്കേണ്ട. അവരുടെ വാഗ്ദാനങ്ങളുടെ ആവേശത്തിനായിരിക്കണം ഈശോ വിലയിട്ടത്. ഈ മൂന്നു പേരും ശക്തമായ വാഗ്ദാനങ്ങള്‍ കര്‍ത്താവിനു കൊടുത്തിരുന്നു. ”നിന്നോടു കൂടെ മരിക്കേണ്ടിവന്നാല്‍ പോലും ഞാന്‍ നിന്നെ നിഷേധിക്കുകയില്ല” എന്നായിരുന്നു പത്രോസിന്റെ വാഗ്ദാനം (മത്താ 26:35). നിന്റെ പാനപാത്രം ഞങ്ങള്‍ കുടിക്കും എന്നതായിരുന്നു സെബദീപുത്രന്മാരുടെ ഉറപ്പ് (മത്താ20:22). മനുഷ്യരുടെ വാഗ്ദാനപൂര്‍ ത്തീകരണം ഗൗനിക്കാതെ അവരുടെ വാക്കുകള്‍ ഗൗരവത്തിലെടുക്കുന്ന ഈശോ!

രണ്ടാം പ്രാവശ്യം വന്നപ്പോഴും അവര്‍ ഉറങ്ങുന്നത് ഈശോ കണ്ടു. പക്ഷേ, ഇപ്രാവശ്യം, ശകാരമില്ല; കുറ്റപ്പെടുത്തലുമില്ല. സാധാരണക്കാരനായ ഒരാള്‍ക്ക് ദേഷ്യപ്പെടാനുള്ള അധികസാധ്യത ഈ സന്ദര്‍ഭത്തിലുണ്ട്. ഞാന്‍ ഒരിക്കല്‍ പറഞ്ഞിട്ടും… നിങ്ങള്‍… എന്ന മട്ടില്‍. പക്ഷേ, ഈശോക്കറിയാം ഇപ്രാവശ്യം അവരെ കുറ്റപ്പെടുത്തുന്നത് നിഷ്‌ഫലമാണ്. കാരണം, അവന്റെ ഹൃദയഗതങ്ങള്‍ സ്വീകരിക്കാനുള്ള ഉണര്‍വ് അവരുടെ കാതുകള്‍ക്കില്ല.

ഗത്‌സെമന്‍ തോട്ടത്തില്‍വച്ച്‌ ലോകത്തിന്റെ പാപങ്ങള്‍ ഈശോയിലേക്ക് പ്രവേശിച്ചു. പാപം അതിന്റെ സംഹാര രൂപമെടുത്ത് അവനെ ആക്രമിക്കാന്‍ തുടങ്ങി. പാപമറി യാത്ത അവന്റെ ശരീരവും ആത്മാവും മനസ്സും പാപത്തിന്റെ നുകത്തിനടിയിലായി. ആഴമുള്ള അര്‍ത്ഥം ഇതിനുണ്ട്. നിത്യനാശമടയുന്ന ആത്മാക്കളുടെ വേദന അവന്റെ ഹൃദയത്തില്‍ സംഭ്രമമായി. കുരിശിലെ ആണികള്‍ അവന്റെ മാംസം തുളച്ചു; അതിനു മുമ്പേ ലോകത്തിന്റെ പാപം അവന്റെ ആത്മാവിനെ കീറിമുറിച്ചു.

ലോകത്തിന്റെ പാപങ്ങള്‍ ആ ബലിക്കുഞ്ഞാടിന്റെ ചുമലിലും ഹൃദയത്തിലും പതിച്ചു. പാപം ദൈവത്തിന്റെ മഹത്വത്തിനേല്പിക്കുന്ന ആഘാതം ഈശോ തന്റെ ഹൃദയത്തില്‍ വഹിച്ചു. ലോകം മുഴുവനിലുമുള്ള എല്ലാ മനുഷ്യരുടെയും പാപത്തിന്റെ ദാരുണഫലങ്ങള്‍ അതുളവാക്കുന്ന ദൈവക്രോധം, പാപഫലമായി മനുഷ്യരില്‍ ഉണ്ടാകുന്ന ആന്തരിക ക്ഷോഭങ്ങള്‍, പാപം ജനിപ്പിക്കുന്ന എല്ലാ നാരകീയതകളും, ദൈവകൃപയുടെ നഷ്ടവും ബന്ധനങ്ങളും ദൈവത്തിന്റെ ഈ ബലിമൃഗം ഏറ്റുവാങ്ങി.

താന്‍ അനുഭവിക്കുന്ന നിഷ്ഠൂരമായ യാതനകള്‍ കുറച്ചെങ്കിലും മനുഷ്യചരിത്രത്തില്‍ പാഴായിപ്പോകുന്നത് അവന്‍ കണ്ടു; താന്‍ നേടിയെടുത്ത കൃപയുടെ മുത്തുകള്‍ പന്നികള്‍ക്ക് മുന്നിലേക്ക് എറിയപ്പെടും. അവന്റെ ഉള്ളം പിടഞ്ഞു. തന്റെ കുരിശു മരണത്തിനു രക്ഷിക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കള്‍ അവന്റെ സങ്കടം പതിന്മടങ്ങാക്കി. അങ്ങനെയുള്ളവരുടെ പ്രതിനിധിയായി
യൂദാസ്‌ സ്വന്തം ഹൃദയം കഠിനമാക്കി വീണ്ടെടുപ്പിന്റെ തോട്ടത്തില്‍ ഉടനെത്തുമെന്ന് ഈശോ അറിഞ്ഞു.

രക്ഷാകര പദ്ധതി അതിന്റെ വിജയഘട്ടത്തോടടുക്കുമ്പോള്‍ സാത്താന്‍ വെറുതെ കാഴ്ച്ചക്കാരനായി മാറിനിന്നു എന്നു സങ്കല്പിക്കുന്നത് സാത്താന്റെ കൗടില്യത്തെ നിരാകരിക്കലാവും. ഈശോയുടെ പരസ്യ ജീവിതത്തിന്റെ തുടക്കത്തില്‍ അവനെ മരുഭൂമിയില്‍ വെല്ലുവിളിച്ചവന്‍ പരസ്യജീവിതത്തിന്റെ വിജയകരമായ സമാപനത്തില്‍ അവിടുത്തെ വെല്ലുവിളിച്ചിരിക്കാനാണ് കൂടുതല്‍ സാധ്യത. സാത്താന്റെ അധികാരം കുരിശില്‍ ഈശോ തകര്‍ക്കുമെന്ന് അവനറിയാം. അതു തടയലോ വൈകിപ്പിക്കലോ അവന്റെ ആത്യന്തിക ലക്ഷ്യമാണ്. ഈശോയെ പിന്തിരിപ്പിക്കാന്‍ സാത്താന്‍ പതിവുപോലെ ഒരു വാദമുഖം ഉന്നയിച്ചുകാണും. നിന്റെ ഈ സഹനവും കുരിശുമരണവും വെറുതെയാണ്. നീ മരിച്ചാലും അനേകര്‍ നശിക്കും. നിന്റെ ശിഷ്യരില്‍ ഒരുവന്‍തന്നെ നാശത്തിലേക്ക് നീങ്ങും. നിന്റെ കുരിശു മുഴുവന്‍ കിരീടമായി മാറില്ല. ഈ പൈശാചിക പ്രസ്താവനകള്‍ അവിടുത്തെ സംഘര്‍ഷം വര്‍ധിപ്പിക്കുന്ന പ്രലോഭനമായി മാറിയിട്ടുണ്ടാകണം. പക്ഷേ, ഏദന്‍തോട്ടത്തില്‍ വിജയിച്ച സാത്താന്‍ ഗത്‌സെമന്‍ തോട്ടത്തില്‍ പരാജപ്പെടുകയേയുള്ളൂ. കാരണം, ഇതു രണ്ടാം ആദമാണ്. സര്‍പ്പത്തിന്റെ തല തകര്‍ക്കുന്നവനാണിവന്‍ (ഉത്പ 3:15), സര്‍പ്പത്തിന്റെ തല തകര്‍ക്കും എന്നാല്‍, പൈശാചിക യുക്തികളും തകര്‍ക്കപ്പെടും എന്നര്‍ത്ഥം. പ്രവചനപ്രകാരം ഇവന്റെ കുതികാലില്‍ പരിക്കേല്പിക്കാനേ സാത്താനു കഴിയൂ. അതാണിപ്പോള്‍ അരങ്ങേറുന്നത്.

ഈശോയുടെ ഗത്‌സെമന്‍ പ്രാര്‍ത്ഥനയില്‍ മൂകത മുന്നിട്ടുനിന്നു. അവിടെ പിതാവില്‍നിന്നു മറുപടിയില്ല. അപ്പസ്‌തോലന്മാരുടെ മധ്യസ്ഥ പ്രാര്‍ത്ഥനയില്ല. ശിഷ്യസമൂഹത്തിന്റെ പിന്തുണയില്ല. മാലാഖമാരുടെ ഗീതങ്ങളില്ല. അന്തരീക്ഷം പോലും നിശ്ശബ്ദതയില്‍ കനംവച്ചുനിന്നു. എന്നാല്‍, ഈശോ മാത്രം സ്വര്‍ഗത്തോടു മിണ്ടിക്കൊണ്ടിരുന്നു. ”പിതാവേ അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്ന് അകറ്റേണമേ. എങ്കിലും എന്റെ ഹിതമല്ല. അവിടുത്തെ ഹിതം നിറവേറട്ടെ” (ലൂക്കാ 22:42). തന്റെ എല്ലാ ഹൃദയഗതങ്ങളും അവന്‍ ഈ ഒറ്റക്കാര്യത്തിലേക്ക് ഒതുക്കി. ഈ പ്രാര്‍ത്ഥനയില്‍ ഒരു യാചനയുണ്ട്. അതിനെക്കാള്‍ വലിയ ഒരു നിശ്ചയ മുണ്ട്. അവിടുന്ന് അത് ആവര്‍ത്തിച്ച് ഉരുവിട്ടു. അങ്ങനെ ഏറ്റവും കടുപ്പമേറിയതും എന്നാല്‍, ഹ്രസ്വവുമായ പ്രാര്‍ത്ഥനയായി അതുമാറി. അങ്ങനെ പ്രാര്‍ത്ഥനയെ അവന്‍ പുതിയ പരിമാണത്തിലേക്ക് ഉയര്‍ത്തി. തിരുവചനഗ്രന്ഥത്തില്‍ സ്ഥാനംപിടിച്ച എല്ലാ വിലാപകീര്‍ത്തനങ്ങളുടെയും ആത്മാവ് ഈ പ്രാര്‍ത്ഥനയിലുണ്ട്.

ഗത്‌സെമന്‍ പ്രാര്‍ത്ഥനയുടെ ഒടുവില്‍ ഈശോ തന്റെ അപ്പസ്‌തോലന്മാരോട് പറഞ്ഞു: ‘എഴുന്നേല്ക്കുവിന്‍, നമുക്ക് പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവന്‍ അടുത്തെത്തിയിരിക്കുന്നു’ (മത്താ 26:46). നമുക്ക് പോകാം എന്നതിന്റെ അര്‍ത്ഥം തന്റെ ശത്രുക്കളുടെ അടുത്തേക്ക് പോകാം എന്നാണ്, അതായത്, കുരിശിന്റെ വഴിയിലേക്ക് പോകാം എന്ന്. എങ്ങോട്ടെങ്കിലും ഓടിപ്പോകാം എന്നല്ല. തന്റെ ഈ
പോക്ക് പാപികളുടെ കൈകളിലേക്കാണെന്ന് ഈശോക്ക് അറിയാമായിരുന്നു. ക്രൂശിതന്റെ കല്ലറയിങ്കല്‍ അവന്റെ ഉത്ഥാനത്തിനു സാക്ഷ്യം പറഞ്ഞ ദൂതന്മാര്‍ ഈശോയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. മനുഷ്യപുത്രന്‍ പാപികളുടെ കൈകളില്‍ ഏല്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും… (ലൂക്കാ 24:7). ഞാന്‍ യഹൂദപ്രമാണികളുടെ ദുഷ്ടതയ്ക്ക് ഇരയാകാന്‍ പോകുന്നു എന്നോ ശിഷ്യന്റെ വഞ്ചനയ്ക്ക് നിന്നുകൊടുക്കാന്‍ പോകുന്നു എന്നോ അല്ല ഈശോ പറയുന്നത്. തന്റെ മരണത്തിന്റെ ആത്യന്തികമായ ഉത്തരവാദി പാപമാണെന്ന് അവന്‍ പ്രഖ്യാപിക്കുകയാണ്. അതായത്, അവന്റെ കുരിശുമരണം നടക്കുന്നത് പാപത്തിന്റെ ഭരണഫലമായാണ്; ലോകത്തെ വിഴുങ്ങിയ അന്ധകാരത്തിന്റെ അധീശത്വം മൂലമാണ്. എന്നാല്‍, ഈശോ തന്റെ മരണത്തിനുത്തരവാദികളായ വ്യക്തികളുടെ നേരെവിരല്‍ ചൂണ്ടുന്നില്ല. പക്ഷേ, അവന്റെ മരണത്തിലേക്കുള്ള അന്ധകാര ത്തിന്റെ ആദ്യ നടപടിയാണ് യൂദാസിലൂടെ നിറവേറ്റിയത്. അതു നേരിടാന്‍ അഗാധമായ തന്റെ കദനങ്ങളുടെ കൈപിടിച്ച് അവന്‍ ഒറ്റുകാരന്റെ നേരെ നടന്നു. പരീക്ഷണങ്ങളുടെ ഇരുട്ടില്‍നിന്നും ഇറങ്ങിവരുന്ന ഈ രൂപം ഇപ്പോള്‍ നമ്മില്‍ ജനിപ്പിക്കുന്നത് ഉള്ളുലയ്ക്കുന്ന ദയനീയതയല്ല, വിശുദ്ധവും ധീരവുമായ സൗന്ദര്യം തന്നെയാണ്.


ഫാ. മാത്യു ഇല്ലത്തുപറമ്പിൽ  

 

 

Related Articles

Next article