പെയ്ന്റ് കമ്പനിയിലെ ഗോഡൗണില്‍ ജോലിക്കാരിയായിരുന്നു മിനി. ഭര്‍ത്താവ് ഒരു അപകടത്തെത്തുടര്‍ന്ന് കിടക്കയിലായതു മുതല്‍ക്കാണ് കുടുംബം നോക്കിനടത്താന്‍ അവള്‍ ജോലിക്കു പോയിത്തുടങ്ങിയത്. ഏതുവിധേനയെങ്കിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള അവളുടെ ശ്രമത്തിനിടയിലാണ് അപ്രതീക്ഷിതമായി ആ സംഭവം നടന്നത്. ഗോഡൗണില്‍ അവള്‍ മാത്രമായിരുന്ന സമയത്ത് കമ്പനിയുടെ ഉടമകളിലൊരാള്‍ അവളുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. കൃത്യമായ ലൈംഗികാക്രമണം തന്നെയായിരുന്നു അത്. മിനിക്കാവട്ടെ അപ്രതീക്ഷിതമായ ആക്രമണത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. ഒരു പ്രതിമ കണക്കെ നില്ക്കാന്‍ മാത്രമേ അവള്‍ക്ക് സാധിച്ചുള്ളൂ. ഒന്നുറക്കെ കരയാനോ കൈ തട്ടിമാറ്റാനോ പോലും കഴിയാത്തവിധം അവള്‍ നിശ്ചലയായി പോയിരുന്നു. പിന്നീട് ഏറെ സമയം കഴിഞ്ഞാണ് അവള്‍ക്ക് പരിസരബോധം ഉണ്ടായത്. അവളപ്പോള്‍ ഒറ്റയ്ക്കിരുന്നു കരഞ്ഞു. തന്റെ ദയനീയതയും നിസ്സഹായതയും എതിര്‍ക്കാനുള്ള ചങ്കുറപ്പില്ലായ്മയു മോര്‍ത്തായിരുന്നു ആ കരച്ചില്‍. തിരികെ വീട്ടിലെത്തിയിട്ടും അവള്‍ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞില്ല. രോഗിയായ അയാള്‍ക്ക് ഇത് താങ്ങാന്‍ കഴിയുമോയെന്ന ചിന്ത ഒരു ഭാഗത്ത്. പുറത്തറിഞ്ഞാല്‍ തനിക്ക് ജോലി നഷ്ടമാകുമോയെന്ന ഭീതി മറ്റൊരു ഭാഗത്ത്. പക്ഷേ, അവളുടെ ഉള്ളില്‍ ദഹിക്കാതെ ഈ സംഭവം കിടക്കുകയായിരുന്നു. ആരോടെങ്കിലും തുറന്നു പറഞ്ഞ് മനസ്സ് സ്വതന്ത്രമാക്കുക എന്ന ഒറ്റ ലക്ഷ്യത്താടെയായിരുന്നു അവള്‍ എന്റെ അടുക്കലെത്തിയതും മനസ്സ് തുറന്നതും.
ആയിരത്തില്‍ ഒരുവള്‍
തൊഴിലിടങ്ങളില്‍ പലതരത്തിലുള്ള വിവേചനങ്ങളും പീഡനങ്ങളും അതിക്രമങ്ങളും നേരിടുന്ന ആയിരക്കണക്കിന് സ്ത്രീകളില്‍ ഒരുവള്‍ മാത്രമാണ് മിനി. പുരുഷന്മാര്‍ തൊഴില്‍ ദാതാക്കളാകുന്ന ഇക്കാലത്ത് സ്ത്രീകള്‍ അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കേണ്ടിവരുന്ന അത്യന്തം ശോചനീയാവസ്ഥ പലയിടങ്ങളിലും
കണ്ടുവരുന്നുണ്ട്. തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമത്തിന് ഇരകളാകുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടാണിരിക്കുന്നത്.
ലൈംഗികാതിക്രമം
വാക്കുകൊണ്ടോ ലൈംഗികമായ ശാരീരിക നടപടികൊണ്ടോ മറ്റൊരു വ്യക്തിയുടെ ജോലിയില്‍ അന്യായമായി ഇടപെടുന്നതോ സമ്മര്‍ദം ചെലുത്തി വിരോധം തോന്നിക്കുന്ന രീതിയില്‍ കുറ്റപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ അതിക്രമപരമായ പ്രവര്‍ത്തനന്തരീക്ഷം സൃഷ്ടിക്കുകയോ ചെയ്യുന്നതിനെയാണ് ലൈംഗികാതിക്രമമെന്നു പറയുന്നത്. ശാരീരികമായ ഉപദ്രവവും സമീപനവും ലൈംഗികതാത്പര്യ ങ്ങള്‍ക്കായുള്ള ആജ്ഞാപനവും അഭ്യര്‍ഥനവും ലൈംഗികപരാമര്‍ശങ്ങള്‍, അശ്ലീലം കാണിക്കുക, ലൈംഗിക സ്വഭാവമുള്ള വാക്കുകള്‍, ആംഗ്യങ്ങള്‍, സ്പര്‍ശനങ്ങള്‍ ഇതെല്ലാം ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരുന്നതാണ്. താത്പര്യമില്ലാത്ത പ്രവൃത്തികള്‍ ചെയ്യാനുള്ള സമ്മര്‍ദം നേരിട്ടോ അല്ലാതെയോ നല്കുന്നതും ലൈംഗികാതിക്രമമാണ്. ഇതിനു പുറമെ ജോലിയില്‍ ഉയര്‍ച്ച വാഗ്ദാനം ചെയ്ത് മോശമായ രീതിയില്‍ സമീപിക്കുക, നേരിട്ടോ അല്ലാതെയോ ഉള്ള ഭീഷണി, പരാതിക്കാരിയുടെ നിലവിലുളളതോ അല്ലെങ്കില്‍ ഭാവിയിലെ ജോലി സാഹ
ചര്യങ്ങളെക്കുറിച്ചോപറഞ്ഞ്ഭീഷണിപ്പെടുത്തല്‍, ജോലിയില്‍ ഇടപെടുകയോ പ്രതികൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയോ ചെയ്യുക, ആരോഗ്യത്തെയോ സുരക്ഷയെയോ ബാധിക്കുന്ന തരത്തിലുള്ള അപമാനകരമായ പെരുമാറ്റം ഇവയും ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്നതാണ്.
എന്തു ചെയ്യും?
തൊഴിലിടങ്ങളില്‍ ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ അനേകരാണെന്ന് പറഞ്ഞുവേല്ലാ. പക്ഷേ, ഇവരില്‍ പലര്‍ക്കും ഇതിനോട് എങ്ങനെ യാണ് പ്രതികരിക്കേണ്ടതെന്നോ നിയമപരമായി ഈ വിഷയം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നോ അറിയില്ല.ജോലിസ്ഥലത്ത്‌സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികപീഡന നിരോധന നിയമം 2013ലാണ് പാസാക്കിയത്. PoSH ആക്ട് (Prevention of Sexual Harrassment) എന്നാണ് ഇത് അറിയപ്പെടുന്നത്. 1992 ല്‍ രാജസ്ഥാന്‍ കാരിയായ ഒരു സാമൂഹികപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായ സാഹചര്യത്തെത്തുടര്‍ന്ന് 1997 ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ന്യായത്തിലുണ്ടായിരുന്ന മാര്‍ഗനിര്‍ദേ ശങ്ങളാണ് PoSH ആക്ടിന് പിന്നിലുള്ളത്. വിശാഖാ എന്ന വനിതാസംഘടനയുള്‍പ്പടെ യുള്ള സ്ത്രീകളുടെ കൂട്ടായ്മകളുടെ ഫലമായിട്ടാണ് ലൈംഗികാതിക്രമം തടയുന്ന നിയമം പ്രാബല്യത്തില്‍ വന്നത്. പത്തോ അതിലധികമോ ജീവനക്കാരുള്ള ഓരോ തൊഴിലിട ത്തിലും നിര്‍ബന്ധമായി ആഭ്യന്തര പരാതിപരിഹാരക്കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിയമം. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയോഅവിടെസന്ദര്‍ശിക്കുകയോ ചെയ്യുന്ന എല്ലാ സ്ത്രീകളുടെയും അവകാശങ്ങള്‍ ഈ നിയമം ഉറപ്പുവരുത്തുന്നുണ്ട്.
എങ്ങനെ പരാതി നല്കും?
ആഭ്യന്തര പരാതിപരിഹാരസമിതിയെയാണ് പരാതിയുമായി സമീപിക്കേണ്ടത്. ഇനി പരാതിക്കാരി നേരിട്ടു പരാതി നല്കുന്നില്ലെങ്കില്‍ പരാതി ലഭിക്കാതെതന്നെ ആഭ്യന്തര പരാതിപരിഹാരസമിതിക്ക് നടപടിക്രമങ്ങള്‍ ആരംഭിക്കാവുന്നതാണ്. സംഭവം നടന്ന മൂന്നു മാസത്തിനുള്ളില്‍ പരാതി നല്കണമെ ന്നാണ് പൊതുനിയമം, എന്നാല്‍, ചില കേസുകളിലെങ്കിലും ഇതിനു കഴിയാതെവരുന്ന സാഹചര്യമുണ്ടാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആഭ്യന്തര പരാതിപരിഹാരസമിതിക്ക് സമയപരിധി കൂട്ടാനുള്ള അവകാശവുമുണ്ടായിരിക്കും. സമിതിക്ക് വേണമെങ്കില്‍ പരാതി നേരിട്ട് പൊലീസിനും കൈമാറാവുന്നതുമാണ്. സ്ത്രീയുടെ ഐഡന്റിറ്റി, ആരോപണവിധേയന്‍, സാക്ഷി, അന്വേഷണം, ശിപാര്‍ശ, സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്യമാക്കാന്‍ പാടില്ലെന്നും നിയമമുണ്ട്. ലൈംഗികപീഡന ആരോപണങ്ങള്‍ തെളി
യിക്കപ്പെട്ടാല്‍ കമ്പനിയുടെ തൊഴില്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ അനുസരിച്ച് നടപടിയെടുക്കാന്‍ സമിതിക്ക് തൊഴിലുടമയോട് ശിപാര്‍ശ നടത്താവുന്നതുമാണ്.
കൗണ്‍സലിംഗ് മാത്രം പോരാ
മിനിയുടേതിന് സമാനമായ സംഭവം മറ്റു പലയിടങ്ങളിലും അരങ്ങേറുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. എവിടെയൊക്കെ സ്ത്രീകള്‍ പെരുമാറുന്നുണ്ടോ അവിടെയെല്ലാം അവള്‍ക്കുനേരെ ലൈംഗികാതിക്രമം ഉണ്ടാകാറുണ്ട്. ഒരു സംഭവം പറയാം. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ഒരു കോളേജ്. അതിന്റെ സമീപത്തായുള്ള കടയില്‍ സാധനം മേടിക്കാന്‍ ചെന്നതായിരുന്നു ആ ഡിഗ്രി വിദ്യാര്‍ഥിനി. വൃദ്ധനായ
ഒരാളായിരുന്നു കടയുടമ. കടയില്‍ അവിടവിടെയായി മറ്റുപലരുമുണ്ടായിരുന്നു. എന്നിട്ടും അയാള്‍ അവളുടെ ശരീരത്തില്‍ അശ്ലീലമായി സ്പര്‍ശിച്ചു. അവള്‍ പ്രതികരിച്ചിട്ടും അവിടെയുണ്ടായിരുന്ന ആരും അവള്‍ക്ക് പിന്തുണയുമായി
എത്തിയില്ല എന്നതാണ് എന്നെ ഏറെ ഞെട്ടിച്ചത്. കടക്കാരനാകട്ടെ അവള്‍ പറഞ്ഞത് നുണയാണെന്നമട്ടില്‍ ചിരിച്ചുകൊണ്ടുമിരുന്നു. മിനി അനുഭവിച്ചതുപോലെയുളള മനഃക്ഷോഭത്തിലായി ആ പെണ്‍കുട്ടി. എങ്കിലും അവള്‍ ചെന്ന് പ്രിന്‍സിപ്പലിനെ ഇക്കാര്യം അറിയിച്ചു. എന്നാല്‍, പ്രിന്‍സിപ്പല്‍ പറഞ്ഞത് ഇതു പുറത്തു പറയണ്ടാ എന്നാണ്. അവളുടെ മനസ്സിനേറ്റ ആഘാതം പരിഹരിക്കാനായി കൗണ്‍സലിംഗ്
ഏര്‍പ്പാടാക്കിക്കൊടുക്കുകയാണ് പ്രിന്‍സിപ്പല്‍ ചെയ്തത്. ഇത്തരം സാഹചര്യങ്ങളില്‍ കൗണ്‍സലിംഗ് നല്ലതുതന്നെയാണ്. പക്ഷേ, അവിടംകൊണ്ട് കാര്യങ്ങള്‍ തീരരുത്. ഇത്തരക്കാര്‍ക്കെതിരെ പരാതികൊടുക്കണം. ഇവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം. എങ്കില്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളൂ.
മിനിയോട് പറഞ്ഞത്
കുടുംബം പുലര്‍ത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന പല സ്ത്രീകളും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളോട് പ്രതികരിക്കാതെ പോവുകയാണ് പതിവ്. അധികാരികളെ ഭയന്നും സമൂഹത്തിലുണ്ടാകുന്നമാനക്കേടോര്‍ത്തുമൊക്കെയാണ് അവര്‍ നിയമ നടപടികള്‍ക്ക് മുതിരാത്തത്. മിനിക്കും തുടക്കത്തില്‍ ഈ പേടികളൊക്കെയുണ്ടാ യിരുന്നു. താന്‍ സമൂഹത്തില്‍ വല്ലാതെ ഒറ്റപ്പെടും, കുറ്റക്കാരിയാകും എന്നൊക്കെ യായിരുന്നു അവളുടെ പേടി. പക്ഷേ, ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവല്‍ക്കരണവും ധൈര്യവും പിന്തുണയും നല്കിയപ്പോള്‍ മിനിയുടെ പേടി അകന്നു, അവള്‍ക്ക് എങ്ങനെയോ ധൈര്യം കൈവന്നു. അതനുസരിച്ച് നിയമത്തിന്റെ വഴിയേ തന്നെ അവള്‍ സഞ്ചരിച്ചു. അവളുടെ പോരാട്ടം അത്ര എളുപ്പമൊന്നുമായിരുന്നില്ല. പക്ഷേ, ശക്തമായ നിയമസംവിധാനത്തിന്റെ പിന്തുണ നല്കിയതുകൊണ്ട്‌വിജയംവരിക്കാന്‍അവള്‍ക്ക്
സാധിച്ചു.
തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീ അതിനോട് പ്രതികരിക്കാ
തെവരുമ്പോള്‍ വീണ്ടും അവള്‍ അതേ അക്രമത്തിന് ഇരയാകുന്നുവെന്ന് മാത്രമല്ല അവളുടെ നിശ്ശബ്ദത കൂടുതല്‍ ഇരകളെ സൃഷ്ടിക്കാന്‍ വേട്ടക്കാര്‍ക്ക് പ്രോത്സാഹനം നല്കുകകൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ സ്ത്രീകള്‍ മൗനം പാലിക്കരുത്. തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പലതരം അവഗണനകള്‍ക്കെതിരെ ഉറക്കെ സംസാരിച്ചുകൊണ്ട് സ്ത്രീകള്‍ മുന്നോട്ടുവരുമ്പോള്‍ അവരെ പ്രോത്സാഹിപ്പിച്ചി
ല്ലെങ്കിലും കല്ലെറിയാതിരിക്കാനുള്ള സന്മനസ്സെങ്കിലും സമൂഹവും കാണിക്കേണ്ടതുണ്ട്.
ആത്മാഭിമാനവും ശരീരവും അടിയറവു വച്ച് ജോലി ചെയ്യേണ്ടവരല്ല സ്ത്രീകള്‍. അവള്‍ക്ക് അന്തസ്സോടെ, അഭിമാനത്തോടെ ജോലി ചെയ്യാനുള്ള അവകാശമുണ്ട്. അവരുടെ അവകാശം ഉറപ്പുവരുത്താന്‍ സമൂഹം പ്രതിജ്ഞാബദ്ധവുമാണ്. അതുകൊണ്ട് ലൈംഗികാതിക്രമം ഒളിച്ചുവയ്ക്കാതെ സധൈര്യം തുറന്നു പറഞ്ഞ് കുറ്റവാളികളെ വെളിച്ചത്തുകൊണ്ടുവരാന്‍ ശ്രമിക്കുക.

സി. ഡോ. അര്‍പ്പിത CSN
സെന്റ് ജ്യൂഡ് കൗൺസലിംഗ് സെന്റർ
അങ്കമാലി




