തളര്‍ത്തുന്ന ചിന്തകളോടു പൊരുതാന്‍ വെറുതെ ഇരിക്കില്ലെന്ന് തീരുമാനിച്ചുറച്ച് എന്തു ജോലിയും ചെയ്യാന്‍ തയ്യാറുള്ള ജെഫിന്‍ എന്ന 27 കാരന്റെ കഥയാണിത്. ഭാഗികമായ ചലനം മാത്രമുള്ള കാലുകളോടെ ജീവിതത്തിലേക്കു പ്രവേശിച്ച ജെഫിന്‍ വിധിയുടെ ചുവരെഴുത്തുകളെ മനോധൈര്യത്തിന്റെ ഉള്‍ക്കരുത്തില്‍ മാറ്റിയെഴുതി ക്കൊണ്ടിരിക്കുകയാണ്. പരിമിതികളില്‍ പതറിപ്പോകാതെ മുന്നേറാന്‍ ദൈവം അനുവദിച്ച അനുഭവങ്ങളെ ജെഫിന്‍ പങ്കുവയ്ക്കുന്നു.
‘കുട വേണ്ടവര്‍ ഈ നമ്പറില്‍ വിളിക്കുക. കൊറിയറായും അയച്ചുതരുന്നതാണ്’ എന്ന അറിയിപ്പോടെ വാട്‌സാപ്പില്‍ പങ്കുവച്ച ചെറിയ കുറിപ്പ് കണ്ടാണ് ജെഫിനെ പരിചയപ്പെടുന്നത്. കൂടുതല്‍ സംസാരിച്ചപ്പോഴാണ് ജെഫിന്‍ എന്ന യുവാവിന്റെ ജീവിതത്തോടും നിലപാടുകളോടും ആദരവു തോന്നിയത്. കണ്ണീരിന്റെ ഒരു ബാല്യകാലം കൂട്ടിനുണ്ടായിരുന്നപ്പോഴും അവന്‍ തന്റെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍ ക്കുവേണ്ടി പരിമിതികളില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു. അങ്കമാലിക്കടുത്തുള്ള കിടങ്ങൂര്‍ സ്വദേശിയായ ജെഫിന്‍ പാറയ്ക്ക ഇട്ടീച്ചന്‍ – റീത്ത ദമ്പതികളുടെ രണ്ടുമക്കളില്‍ മൂത്തമകനാണ്.
കുഞ്ഞു സ്വപ്നത്തിന്റെ കരുത്തില്‍
‘വീട്ടിലൊരു അടുക്കളയും ബാത്‌റൂമും പണിയണം’ എന്നതായിരുന്നു കുഞ്ഞു ജെഫിന്റെ ആദ്യത്തെ സ്വപ്നം. ഓര്‍മ്മവച്ച നാള്‍ മുതല്‍ വീടിനരികിലുള്ള ബാത്ത്‌റൂമിലേക്ക് അമ്മ വാരിയെടുത്തു കൊണ്ടുപോകുന്ന ഓര്‍മ്മയാണ് ജെഫിനുള്ളത്. കൂലിപ്പണി ചെയ്ത് അന്നന്നപ്പത്തിനു വക കണ്ടെത്തുന്ന അപ്പനും സൂപ്പര്‍മാര്‍ക്കറ്റിലെ ജോലികൊണ്ട് അപ്പന് കൈത്താങ്ങാകുന്ന അമ്മയ്ക്കും വീട്ടുചെലവുകള്‍ക്കൊപ്പം ജെഫിന്റെ ചികിത്സയ്ക്കുള്ള വക കണ്ടെത്താന്‍ മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. നീക്കിയിരിപ്പുകള്‍ ബാക്കിയാക്കാനില്ലാത്ത മാതാപിതാ ക്കള്‍ക്ക് ഒരു തുണയാകണം എന്ന ചിന്തയായിരുന്നു ജെഫിനുണ്ടായിരുന്നത്. മുന്നോട്ടു നോക്കുമ്പോള്‍ ഒരുപാട് അവ്യക്തതകള്‍ നിറഞ്ഞു നില്‍ക്കുമ്പോഴും ഒരു അടുക്കളയും ബാത്‌റൂമും ഉള്ള ഒരു കുഞ്ഞുവീട് ജെഫിന്‍ ദിവസവും സ്വപ്നം കണ്ടിരുന്നു.
കണ്ണീരണിഞ്ഞ ബാല്യം
ജെഫിന് രണ്ടു വയസ്സുള്ളപ്പോഴാണ് അവന്റെ ഇരു കാലുകള്‍ക്കും ഭാഗികമായ ചലനം മാത്രമേ ഉള്ളൂവെന്നും അവനൊരിക്കലും നടക്കാന്‍ കഴിയില്ലെന്നും മാതാപിതാക്കള്‍ മനസ്സിലാക്കുന്നത്. അപ്രതീക്ഷിതമായെത്തിയ പനിയെത്തുടര്‍ന്നുള്ള ചികിത്സയി ലാണ് തങ്ങളുടെ ആദ്യ കുഞ്ഞിന്റെ വൈകല്യത്തെക്കുറിച്ചുള്ള വിവരം ആ മാതാപി താക്കള്‍ അറിയുന്നത്. എല്ലാ മാതാപിതാക്കളെയും പോലെ വലിയ വേദനയോടെ തന്നെ മകന്റെ വൈകല്യത്തെ അവര്‍ സ്വീകരിച്ചു. ദാരിദ്ര്യത്തിന്റെയും വീട്ടിലെ പരിമിതമായ സാഹചര്യങ്ങളുടെയും നടുവില്‍ കുഞ്ഞിനു വേണ്ട ഫിസിയോ തെറാപ്പിയും ചികിത്സകളും ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥ ആ മാതാപിതാക്കളെ കൂടുതല്‍ തളര്‍ത്തിയിരുന്നു. ഒടുവില്‍ അഞ്ചു വയസ്സായ ജെഫിനെ പ്രേഷിതാരാം സിസ്‌റ്റേഴ്‌സ് നടത്തുന്ന ‘ഹോം ഓഫ് ഫെയ്ത്ത്’ എന്ന സ്ഥാപനത്തില്‍ താമസിപ്പി ക്കാന്‍ വലിയ വേദനയോടെയാണെങ്കിലും അവര്‍ തീരുമാനമെടുത്തു.
”അവധികഴിഞ്ഞ്‌വീട്ടില്‍നിന്നുതിരിച്ചു പോകുമ്പോഴെല്ലാം വാവിട്ടു കരഞ്ഞാണ് ഞാന്‍ ഇറങ്ങുക. എന്നെ സങ്കടപ്പെടുത്താതിരിക്കാന്‍ അടക്കിപ്പിടിച്ചു തേങ്ങുന്ന അപ്പന്റെയും അമ്മയുടെയും അനിയന്റെയും മുഖം എനിക്കിന്നും ഓര്‍മ്മയുണ്ട്.” എട്ടാം ക്ലാസുവരെയും ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന സ്ഥാപനത്തില്‍ വളര്‍ന്ന ജെഫിന്റെ അനുഭവമാണിത്.
”ഒപ്പം ഉണ്ടായിരുന്നവരെല്ലാം പരിമിതികള്‍ ഉള്ളവരായിരുന്നതുകൊണ്ടുതന്നെ എന്റെ പരിമിതിയെക്കുറിച്ച് അമിതമായി സങ്കടപ്പെടാന്‍ ഇടവരുത്താതിരിക്കാനാണ് ദൈവം എന്നെ അവിടെ ആക്കിയത് എന്ന് തോന്നിയിട്ടുണ്ട്” ദൈവം അനുവദിച്ചവയൊന്നും പരിഭവമില്ലാതെ സ്വീകരിക്കുന്ന ജെഫിന്റെ ജീവിതമാണ് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.
ഹോം ഓഫ് ഫെയ്ത്തിലെ അമ്മമാര്‍
”അന്നെന്റെ കൂടെയുണ്ടായിരുന്ന എന്റെ കൂട്ടുകാരില്‍ മിക്കവരുംതന്നെ ഇന്ന് വീല്‍ചെയറിലാണ്. എന്നാല്‍, ഞാന്‍ അത്യാവശ്യങ്ങളില്‍ മാത്രമേ വീല്‍ചെയര്‍ ഉപയോഗിക്കാറുള്ളൂ. ഇപ്പോഴും കൈകള്‍ കുത്തി തന്നെയാണ് ഞാന്‍ നടക്കാറുള്ളത്. പള്ളിയില്‍ പോകുന്നതും വണ്ടിയില്‍ നിന്നിറങ്ങി കൈകള്‍ കുത്തിക്കൊണ്ടുതന്നെ. നടക്കാന്‍ കഴിയാത്ത എന്നെ അന്തസ്സോടെ കൈകള്‍ കുത്തി നടക്കാന്‍ പഠിപ്പിച്ചത് ഹോം ഓഫ് ഫെയ്ത്തിലെ അമ്മമാരായിരുന്നു” എന്ന് ജെഫിന്‍ പങ്കുവയ്ക്കുമ്പോള്‍ തന്റെ പരിമിതികളെ അഭിമുഖീകരിക്കുവാന്‍ പഠിപ്പിച്ച ആ സന്യാസിനിമാരോടുള്ള നന്ദിയും സ്‌നേഹവും അവന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. ആ അമ്മമാ രുടെ പേരുകള്‍ എന്താണെന്ന് ചോദിച്ചപ്പോഴാണ് ജെഫിന്‍ തന്റെ മറ്റു പരിമിതികളെ കൂടി പങ്കുവയ്ക്കുന്നത്. എട്ടാം ക്ലാസുവരെ പഠിച്ചെങ്കിലും വായിക്കാനും എഴുതാനും സഹായകമായ ഓര്‍മ്മ ജെഫിനില്ല.
”അക്ഷരങ്ങള്‍പഠിച്ചിട്ടുണ്ടെങ്കിലുംഅവയൊന്നും എനിക്ക് ഓര്‍മ്മയില്ല. അവരുടെ പേരുകള്‍ എന്റെ ഓര്‍മ്മയില്‍ ഇല്ല. പക്ഷേ, അവരെന്റെ മനസ്സിലുണ്ട്” എന്നായിരുന്നു ജെഫിന്റെ ആദ്യ മറുപടി. എങ്കിലും തന്റെ എല്ലാക്കാര്യങ്ങളും കൃത്യമായി ചെയ്തു തന്നിരുന്ന സി. അനിലയുടെ പേര് കുറച്ചുസമയമെടുത്താ ണെങ്കിലും ജെഫിന്‍ ഓര്‍ത്തെടുത്തു. കാരണം, ഒരമ്മയെപ്പോലെ അനില സിസ്റ്ററായിരുന്നു അവനെ സ്‌കൂളില്‍ കൊണ്ടുപോയിരുന്നതും അവന്റെ കാര്യങ്ങള്‍ ചെയ്തിരുന്നതും കാലിപ്പെറുകള്‍ (caliper) ഉപയോഗിച്ച് നടക്കാന്‍ പരിശീലിപ്പിച്ചി രുന്നതും. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ഹോം ഓഫ് ഫെയ്ത്തിലെ അമ്മമാര്‍ ജെഫിനെ എട്ടുവര്‍ഷത്തോളം വളര്‍ത്തി. പഠിക്കാനുള്ള വൈകല്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ജെഫിനെ എല്ലാതരത്തിലും അവര്‍ പഠിപ്പിച്ചു. അവനിലെ കഴിവുകളെ കണ്ടെത്താന്‍ സഹായിച്ചു. പരിമിതികള്‍ പരാജയമല്ല എന്ന ബോധ്യത്തിലേക്ക് ജെഫിനെ നയിച്ചു. ജെഫിന്റെ കാലുകള്‍ക്ക് സര്‍ജറി ചെയ്തതും തുടര്‍ന്ന് നടക്കാന്‍ സഹായകമായ രീതിയില്‍ കാലുകള്‍ ബലപ്പെടാന്‍ ഫിസിയോതെറാപ്പി ചെയ്തതും കാലിപ്പെറുകള്‍ ധരിച്ച് വാക്കറില്‍ നടക്കാന്‍ പരിശീലിപ്പിച്ചതും ആ അമ്മമാര്‍ തന്നെ.
വീട്ടിലെ ദിനങ്ങള്‍
എട്ടാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് ജെഫിന്‍ വീട്ടിലെത്തിയത് പുതിയ ചികിത്സകള്‍ക്കായാണ്. കാര്യമായ ഫലമൊന്നും അതുകൊണ്ട് ഉണ്ടായില്ല. അപ്പോഴും ജെഫിന്റെ കുഞ്ഞു സ്വപ്നം മനസ്സില്‍ സൂക്ഷിച്ചിരുന്നു. സഹോദരനായ ജെറിന്‍ പഠനത്തിനും മാതാപിതാക്കള്‍ ജോലിക്കും പോയിക്കഴിഞ്ഞാല്‍ പിന്നെ ജെഫിന്‍ വീട്ടില്‍ തന്നെയായിരുന്നു ചെലവഴിച്ചത്. ”വീട്ടില്‍ ഒറ്റയ്ക്കിരിക്കുന്ന ആ സമയങ്ങള്‍ വളരെ ഭയാനകമായിരുന്നു. തളര്‍ത്തിക്കളയുന്ന ഒരുപാട് ചിന്തകള്‍ എന്നെ വേട്ടയാടി ക്കൊണ്ടിരുന്നു. എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല എന്ന ചിന്ത എന്റെ ഉള്ളില്‍ അലയടിച്ചു കൊണ്ടിരുന്നു.” മനസ്സിനെ തളര്‍ത്തിയിരുന്ന നിഷേധചിന്തകളുടെ വേലിയേറ്റങ്ങളെക്കുറിച്ച് ജെഫിന്‍ പങ്കുവച്ചതിങ്ങനെയായിരുന്നു.
കൊച്ചു കൊച്ചു സമ്പാദ്യങ്ങള്‍ കൂട്ടിവച്ച്
വീട്ടിലിരുന്ന ആദ്യ നാളുകളില്‍ ഏകാന്തതയെ അതിജീവിക്കാന്‍ ജെഫിന്‍ കണ്ടെത്തിയ വഴിയായിരുന്നു കാലിെപ്പറുകള്‍ ധരിച്ച് വാക്കറില്‍ നടക്കാന്‍ പോകുക എന്നത്. ഒരിക്കല്‍ അനിയന്‍ ജെറിന്റെ കൂട്ടുകാരന്‍ സമ്മാനിച്ചകുറച്ച് മൊബൈല്‍ പൗച്ചും നടക്കാനിറങ്ങിയപ്പോള്‍ ജെഫിന്‍ തന്റെ കയ്യില്‍ കരുതി. ഒരു നേരമ്പോക്കിന് ആരംഭിച്ച മൊബൈല്‍ പൗച്ചിന്റെ വില്‍പ്പന ജെഫിന്റെ ആദ്യ സമ്പാദ്യമായി. ‘കുടുംബത്തിന് ഒരുതാങ്ങാകണം’ എന്നതുതന്നെയായിരുന്നു കഷ്ടപ്പാടുകളുടെ നടുവില്‍ വളര്‍ന്ന ജെഫിന്റെ ആഗ്രഹം. മൊബൈല്‍ പൗച്ച് വിറ്റു തീര്‍ന്നശേഷം ജെഫിന്‍ പുതിയ കാര്യങ്ങ ളിലേക്ക് മനസ്സു തിരിച്ചു. ”നടക്കാന്‍ പോകുമ്പോള്‍ ഒരു പ്ലാസ്റ്റിക് കൂടും കയ്യിലെടുക്കും. എന്നിട്ട് കപ്പേളയില്‍ പ്രാര്‍ഥിക്കാന്‍ കയറുമ്പോള്‍ പഴയ മെഴുകെല്ലാം കുത്തിയെടുത്ത് വീട്ടിലേക്കു കൊണ്ടുവരും. പിന്നീട് അവ ഉരുക്കി പുതിയ മെഴുതിരികള്‍ ഉണ്ടാക്കും. നടക്കാനിറങ്ങുന്ന സമയങ്ങളില്‍ വണ്ടികള്‍ക്ക് കൈ നീട്ടി അവ വില്‍ക്കും.” കൊച്ചു കൊച്ചു സമ്പാദ്യങ്ങളിലൂടെ മാതാപിതാക്കളെ സഹായിക്കാനുള്ള ജെഫിന്റെ രണ്ടാമത്തെ പരിശ്രമമായി രുന്നു അത്. പിന്നീട് കോഴികളെ വളര്‍ത്തി മുട്ട വിറ്റും ലോട്ടറിവിറ്റും ജെഫിന്‍ തന്നാലാവും വിധം സമ്പാദ്യങ്ങള്‍ കൂട്ടിവയ്ക്കാന്‍ തുടങ്ങി. ഫിസിയോതെറാപ്പി ദിവസവും ചെയ്യാന്‍ സാധ്യത ഇല്ലാതിരുന്നതിനാല്‍ ക്രമേണ കാലിപ്പെര്‍ ധരിച്ച് വാക്കറില്‍ നടക്കുക എന്നത് തീര്‍ത്തും സാധിക്കാതെയായിത്തീര്‍ന്നു. വീണ്ടും വീട്ടില്‍ ഒറ്റയ്ക്കിരിക്കേണ്ടി വരുമല്ലോ എന്ന ചിന്തയിലിരിക്കുമ്പോഴാണ് മാതാപിതാക്കള്‍ ജെഫിനെ ‘ഫെയ്ത്ത് ഇന്ത്യ’ എന്ന സ്വയംതൊഴില്‍ പരിശീലനത്തിനായുള്ള സ്ഥാപനത്തില്‍ പഠിക്കാന്‍ അയയ്ക്കുന്നത്.
കാഴ്ചയില്ലാത്ത ഗീത ടീച്ചറിന്റെ ആദ്യ സമ്മാനം
സ്വയംതൊഴില്‍ പരിശീലനത്തിനായി ഫെയ്ത്ത് ഇന്ത്യയിലെത്തിയ ജെഫിന്‍ എല്ലാവരെക്കാളും വേഗത്തില്‍ എല്ലാം പഠിച്ചെടുത്തു. കുടകള്‍ നിര്‍മ്മിക്കാനും സോപ്പു പൊടിയും സോപ്പും ലോഷനും എല്ലാം ഉണ്ടാക്കാനും ചവിട്ടികള്‍ നെയ്യാനും പേപ്പര്‍ കവറുകള്‍ നിര്‍മ്മിക്കാനുമുള്ള പരിശീലനം ജെഫിന്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു നേടി. ജെഫിനെ പഠിപ്പിച്ച ഗീത ടീച്ചറിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അവരുടെ ഇരു കണ്ണുകള്‍ക്കും കാഴ്ചയില്ലായിരുന്നു. എങ്കിലും തന്റെ അരികിലെത്തുന്ന വിദ്യാര്‍ഥികളെ പ്രത്യാശയുടെ വെളിച്ചത്തിലേക്കു നയിക്കാന്‍ ആ അധ്യാപി കയ്ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏതാനും ദിവസങ്ങള്‍ കൊണ്ട് ജെഫിനെ മനസ്സിലാക്കിയ ഗീത ടീച്ചര്‍ ജെഫിനോട് പറഞ്ഞു ”നീയെന്നെ സഹായിക്കണം. മറ്റു പിള്ളേരെ പഠിപ്പിക്കണം.” അങ്ങനെ ഒരു വര്‍ഷത്തെ അവിടത്തെ പഠനനാളുകളില്‍ ജെഫിന്‍ ആയിരുന്നു ഗീത ടീച്ചറിന്റെ വലംകൈ. പഠനത്തിനിടയില്‍ കുടകള്‍ ഉണ്ടാക്കി വില്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്ന ജെഫിന് ഗീത ടീച്ചര്‍ കുടനിര്‍മ്മാണം ആരംഭിക്കാനുള്ള മെറ്റീരിയല്‍ എടുക്കാന്‍ ആയിരം രൂപ സമ്മാനിച്ചു. ”കഷ്ടപ്പാടുകളുടെ ആ നാളുകളില്‍ ആയിരം രൂപ എനിക്ക് വലിയ ആശ്വാസവും പ്രചോദനവും ആയിരുന്നു.” ഫെയ്ത്ത് ഇന്ത്യയിലെ പഠനനാളുകളില്‍ ജെഫിനെ സഹായിച്ചിരുന്ന ബാലു സാറിനെയും ഇന്നും ജെഫിന്‍ നന്ദിയോടെ അനുസ്മരിക്കുന്നു – ”അവധി ദിനങ്ങളില്‍ വണ്ടി വിളിച്ച് എന്നെ വീട്ടില്‍ കൊണ്ടുപോകാന്‍ എന്റെ മാതാപിതാക്കള്‍ക്ക് സാധിക്കുമായിരുന്നില്ല. അപ്പോഴെല്ലാം സാര്‍ എന്റെ ആഗ്രഹം മനസ്സിലാക്കി എന്നെ വീട്ടില്‍ കൊണ്ടുചെന്നാക്കുമായിരുന്നു. സാറാണ് എനിക്ക് സ്വന്തമായി വീല്‍ചെയര്‍ വാങ്ങിത്തന്നത്.” അങ്ങനെ ടീച്ചര്‍ സമ്മാനിച്ച 1000 രൂപയും ബാലുസാര്‍ സമ്മാനിച്ച വീല്‍ചെയറുമായി ജെഫിന്‍ ഫെയ്ത്ത് ഇന്ത്യയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തി.
എന്തിനും തയ്യാര്‍
ഗീത ടീച്ചര്‍ നല്‍കിയ സംഭാവനയില്‍ നിന്നുമാണ് ജെഫിന്‍ ആദ്യമായി കുടകള്‍ ഉണ്ടാക്കി വിറ്റു തുടങ്ങിയത്. ലാഭം കിട്ടിയ തുക കൊണ്ട് ജെഫിന്‍ കുടകള്‍ നിര്‍മ്മിക്കാനുള്ള മെറ്റീരിയല്‍ വാങ്ങി പണികള്‍ ആരംഭിച്ചു. ഫെയ്ത്ത് ഇന്ത്യയില്‍ നിന്നും അവധിക്കായി എത്തുമ്പോഴും തിരിച്ചു വന്നതിനു ശേഷവും ജെഫിന്‍ വീടിന്റെ ഉമ്മറത്ത് വീല്‍ചെയറില്‍ ഇരുന്ന് കുടകള്‍ നിര്‍മ്മിച്ച് വില്‍ക്കുമായിരുന്നു. ഒപ്പം മെഴുകുതിരിയും ഫിനോയിലും ഹാര്‍പ്പിക്കും ഉണ്ടാക്കി വില്‍ക്കും. പരിമിതികളില്‍ അടയിരിക്കാതെ അവയെ അതിജീവിക്കാന്‍ ഉറച്ച ജെഫിന് മൂന്നു വര്‍ഷത്തിനു ശേഷം ജില്ലാപഞ്ചായ ത്തില്‍നിന്ന് ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി നല്‍കുന്ന ഒരു വാഹനവും കിട്ടി. അതുവരെയും വീട്ടിലിരുന്ന് എല്ലാം ചെയ്തിരുന്ന ജെഫിന്‍ വീട്ടില്‍ ഒതുങ്ങിക്കൂടാതെ കുടകളുമായി മറ്റു വീടുകളിലേക്ക് ഇറങ്ങിത്തിരിച്ചു.
”എല്ലാ വീടുകളിലും കയറാന്‍ പറ്റില്ല. കാരണം ഗേറ്റ് ഉള്ള വീടുകള്‍ തുറക്കാന്‍ എനിക്ക് കഴിയില്ലല്ലോ. എത്ര തവണയാണെന്നോ പട്ടികള്‍ എന്നെ ഓടിച്ചിട്ടുള്ളത്.” എങ്കിലും ജെഫിന്‍ തന്റെ ഉദ്യമത്തില്‍ നിന്ന് പിന്മാറിയില്ല. ”എല്ലായിപ്പോഴും കുട വിറ്റു പോവുകയില്ല. കുടയുടെ സീസണ്‍ കഴിയുമ്പോള്‍ ഞാന്‍ ലോട്ടറി വില്‍ക്കും.” എന്തിനും തയ്യാറുള്ള ജെഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൊറോണയുടെ സമയത്താണ് ചെറിയ ഇടിവുവന്നത്. എങ്കിലും കൊറിയര്‍ ആയി കുടകള്‍ എത്തിച്ചു നല്‍കാനുള്ള പുതിയ വഴികളും ജെഫിന്‍ കണ്ടെത്തി. അങ്ങനെ പലനിറത്തിലും വലിപ്പത്തിലുമുള്ള കുടകള്‍ ജെഫിന്‍ ആവശ്യക്കാരുടെ വീട്ടിലെത്തിക്കും. സമയം പാഴാക്കാതെ ദിവസവും 12 കുടയോളം ഉണ്ടാക്കുന്ന ജെഫിന് എല്ലാതരത്തിലും കുടുംബത്തിന്റെ പിന്തുണയുണ്ട്. ”കൊറിയര്‍ അയയ്ക്കാന്‍ എനിക്ക് അഡ്രസ്സ് എഴുതിത്തരുന്നത് എന്റെ സഹോദരനും എന്റെ കസിന്‍ ചേച്ചിമാരുമെല്ലാമാണ്.” അങ്ങനെ ജെഫിന്‍ കൂട്ടിവച്ച സമ്പാദ്യങ്ങളില്‍
നിന്ന് അടുക്കളയും അടിസ്ഥാന സൗകര്യങ്ങളും ഉള്ളഒരുകൊച്ചുവീട്‌നിര്‍മ്മിക്കുകഎന്ന സ്വപ്നം ഫലമണിഞ്ഞു. അതോടൊപ്പംതന്നെ ജെഫിന്‍ മനസ്സില്‍ സൂക്ഷിച്ച മറ്റൊരു ആഗ്രഹമായിരുന്നു വൈകല്യങ്ങളോടെ സ്ഥാപനങ്ങളില്‍ കഴിയുന്നവര്‍ക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണം കൊടുക്കുക എന്നത്. തന്റെ അധ്വാനത്തില്‍നിന്നു ലഭിച്ച ലാഭവിഹിതംകൊണ്ട് ജെഫിന്‍ തന്റെ രണ്ടാമത്തെ ആഗ്രഹവും നിറവേറ്റി. കൂടാതെ തന്റെ അനിയന്റെ പഠനത്തിനും ഒരു കൈത്താങ്ങാകാന്‍ ജെഫിനു കഴിഞ്ഞു.
‘ഒന്നും കാണാതെ ദൈവം നമ്മെ സൃഷ്ടിക്കില്ല’
”എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നും ഞാന്‍ കൊള്ളാത്തവനാണെന്നും ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് ദൈവം എന്നിലൂടെ ചെയ്യുന്ന വലിയ കാര്യങ്ങളെക്കുറിച്ച് എനിക്ക് അത്ഭുതമാണ്. ദൈവം ഒന്നും കാണാതെ ആരെയും സൃഷ്ടിച്ചു വിടില്ല. കാലുകള്‍ വേണമെന്ന് ഞാനിപ്പോള്‍ ആഗ്രഹിക്കാറേയില്ല” എന്ന ജെഫിന്റെ വാക്കുകളില്‍ പരിമിതികളെ പൂര്‍ണ്ണമനസ്സോടെ ഉള്‍ക്കൊണ്ട നിര്‍വൃതിയുടെ കരുത്തുണ്ട്. ഈ കരുത്തിലാണ് ജെഫിന്‍ വിധിയുടെ ചുവരെഴുത്തുകളെ ദൈവത്തോടൊപ്പം തിരുത്തിയെഴുതികൊണ്ടിരിക്കുന്നത്.
എത്തിപ്പിടിക്കാത്ത സ്വപ്നങ്ങള്‍
”എനിക്ക് യാത്രകള്‍ പോകണം. കുടകള്‍ കൊണ്ടുനടന്നു വില്‍ക്കാതെ ഒരു ചെറിയ മുറിയില്‍ ഇരുന്ന് കുട ഉണ്ടാക്കിവില്‍ക്കണം. സീസണ്‍ അല്ലാത്തപ്പോള്‍ അവിടെ സോപ്പുപൊടിയും മറ്റും ഉണ്ടാക്കിവിറ്റ് മാതാപിതാക്കളെ സഹായിക്കണം” എന്നാണ് ജെഫിന്റെ ആഗ്രഹം. ആനുകൂല്യങ്ങളെക്കാളും ഔദാര്യങ്ങളെക്കാളും ജെഫിന് ജോലിചെയ്ത് സമ്പാദിക്കാനാണിഷ്ടം.
‘കുട വേണ്ടവര്‍ ഈ നമ്പറില്‍ വിളിക്കുക +91 8075456925‘. പരിമിതികളില്‍ അതിജീവനത്തിന്റെ കരുത്തോടെ മുന്നേറുന്ന ജെഫിന് നമുക്കും കൈത്താങ്ങാകാം.
സി. നിമിഷ റോസ് CSN




